Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിലുണ്ട് ഈ രസകരമായ കാര്യങ്ങൾ

eyes

എല്ലാ ഇന്ദ്രിയങ്ങളിലും വെച്ച് ഏറ്റവും മനോഹരമായത് കണ്ണുകളാണ്. അംഗപരിമിതികളെ മറികടന്ന് ജീവിത വിജയം കരസ്ഥമാക്കിയ ഹെലൻ കെല്ലറിന്റെ വാക്കുകളാണിത്. നാം ജീവിക്കുന്ന പ്രകൃതിയുടെ മനോഹാരിതയും ഋതുഭേദങ്ങളൊരുക്കുന്ന വർണക്കാഴ്ചകളും ആസ്വദിക്കാൻ നമുക്ക് കണ്ണുകൾ വേണം. കാഴ്ച നഷ്ടപ്പെടുമ്പോഴാണ് കണ്ണ് തരുന്ന വെളിച്ച ത്തിന്റെ വില നാം അറിയുന്നത്. 

നമുക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുവിനെ നാം കണ്ണിലെ കൃഷ്ണമണി പോലെയാണ് സംരക്ഷിക്കുന്നത്. അതുപോലെ നമ്മുടെ കണ്ണുകളെയും സംരക്ഷിക്കണം. പ്രമേഹം ഉൾപ്പെടെ യുള്ള ലൈഫ് സ്റ്റൈൽ രോഗങ്ങളെ നിയന്ത്രിച്ചും, കമ്പ്യൂട്ടർ, ടി.വി. കാഴ്ചകൾ പരിമിതപ്പെടുത്തിയും കാഴ്ചയുടെ വെളിച്ചം കെടാതെ സൂക്ഷിക്കാം. 

മാറ്റി വയ്ക്കുന്നത് കണ്ണല്ല

കണ്ണിന്റെ മുൻഭാഗത്ത് വൃത്താകൃതിയിൽ ഒരു വാച്ചുഗ്ലാസ് പോലെ കാണപ്പെടുന്ന ഭാഗമാണ് കോർണിയ. നേത്രദാനം െചയ്യുമ്പോൾ കണ്‍കുഴിയിൽ നിന്ന് കണ്ണ് മുഴുവനായി എടുത്തു മാറ്റുകയില്ല. മറിച്ച് ഏറ്റവും സുതാര്യമായ കോർണിയ മാത്രമാണ് നേത്രദാതാവിൽ നിന്നും നീക്കം ചെയ്ത് സ്വീകരി ക്കുന്ന ആളിലേക്ക് വച്ചു പിടിപ്പിക്കുന്നത്. കോർണിയായുടെ ഏറ്റവും പ്രധാന പ്രത്യേകത കോർണിയായിലേക്ക് സ്വന്തമായി രക്തപ്രവാഹമില്ല എന്നതാണ്. പ്രാണ വായു ലഭിക്കാനായി കോർണിയായിലെ കോശങ്ങൾ അന്തരീ ക്ഷ വായുവിലെ ഓക്സിജനെ നേരിട്ട് വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. 

കണ്ണൊന്നടച്ച് തുറന്നപ്പോഴേക്കും കാര്യം കഴിഞ്ഞു  

പെട്ടെന്നു സംഭവിച്ച കാര്യങ്ങളെപ്പറ്റി നാം ഇങ്ങനെയാണ് പറയാറുള്ളത്. ദിവസവും എത്രതവണയാണ് നമ്മൾ കണ്ണു ചിമ്മാറുള്ളത്. ഒരു മിനിറ്റിൽ ഏകദേശം 17 തവണ കണ്ണട യ്ക്കുന്നുണ്ട്. അങ്ങനെയാകുമ്പോൾ ഒരു ദിവസം പതിനായി രത്തിലേറെ തവണ. ഇനിയും മിനക്കെട്ട് ഒരു വർഷത്തെ കണ ക്കെടുത്താലോ 5 ദശലക്ഷത്തിലേറെ തവണയാണ് കണ്ണു ചിമ്മുന്നത്. ഒരു തവണ കണ്ണുചിമ്മാൻ ഒരു സെക്കന്‍ഡിന്റെ പത്തിലൊന്നു സമയം മാത്രം മതി. ഏതായാലും ഈ കണ്ണട യ്ക്കൽ പരിപാടി ഉണർന്നിരിക്കുന്ന സമയത്തിന്റെ പത്തു ശതമാനവും അപഹരിക്കുന്നുണ്ട്. 

നാം ഒരുകാരണമില്ലാതെ കണ്ണടയ്ക്കുകയല്ല ചെയ്യുന്നത്. കണ്ണിന് ആവശ്യത്തിന് വിശ്രമം ലഭിക്കാനാണീ കണ്ണുചിമ്മൽ. കൂടാതെ കണ്ണുകൾ അടച്ച് തുറക്കുമ്പോഴാണ് കൃഷ്ണമണി കണ്ണീരിൽ നനഞ്ഞ് കുതിരുന്നത്. കൂടുതൽ തെളിമയോടെ പ്രവർത്തിക്കാൻ ഇതു കൊണ്ട് സാധിക്കുന്നു. കമ്പ്യൂട്ടറിലും മറ്റും ഏറെ നേരം നോക്കിയിരിക്കുമ്പോൾ കണ്ണിന് ക്ഷീണം തോന്നുന്നത് ചുമ്മാതല്ല, കണ്ണൊന്നു ചിമ്മുകകൂടി ചെയ്യാതെ മോനിറ്ററിലേക്ക് തുറിച്ച് നോക്കി ഒറ്റയിരുപ്പല്ലേ.....

ചെറുക്കന്റെ ഒരു കള്ളക്കരച്ചിൽ

കുഞ്ഞുങ്ങൾ നിർത്താതെ വാശിപിടിച്ച് കരയുന്നത് മറ്റുള്ള വരുടെ ശ്രദ്ധ പിടിച്ചു പറ്റാനാണല്ലോ. സങ്കടപ്പെട്ട് കണ്ണുനീർ ചാലുകള്‍ ഒഴുക്കിക്കൊണ്ടുള്ള കുഞ്ഞിന്റെ കരച്ചിൽ കണ്ടാൽ ഏതൊരമ്മയുടെയും ഉളള് പിടയും. ഉടൻ തന്നെ കുഞ്ഞു കാര്യവും റെഡി. എന്നാൽ നവജാത ശിശുക്കൾ കരയുമ്പോൾ കണ്ണീർ വരാറില്ല. കാരണം ജനനശേഷം 6 ആഴ്ച കഴിയും വരെ കണ്ണുനീർ ഗ്രന്ഥികൾ ശരിയായി പ്രവർത്തിച്ചു തുടങ്ങുകയില്ല. ചില കുട്ടികളിൽ കണ്ണുനീർ ഗ്രന്ഥിയുടെ പ്രവർത്തനം വീണ്ടും വൈകി എന്നും വരാം. കണ്ണുനീരില്ലാത്ത കുഞ്ഞു കരച്ചിൽ കള്ളക്കരച്ചിലാണെന്ന് തെറ്റിദ്ധരിക്കാനും ഇടയുണ്ട്. 

ആളെ തിരിച്ചറിയാൻ ഐ സ്കാനിംഗ്

വിമാനത്താവളത്തിൽ സെക്യൂരിറ്റി പരിശോധനയുടെ ഭാഗമായി കണ്ണ് സ്കാൻ ചെയ്ത് പരിശോധിക്കുന്നത് കണ്ടിരിക്കും. ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഏറ്റവും നൂതനമായ സ്ക്രീനിംഗ് പരിശോധനാമാർഗമാണിത്. കണ്ണിലെ കൃഷ്ണ മണിക്ക് ചുറ്റുമായി കാണുന്ന ഐറിസും കണ്ണിലെ നേത്രപടല മായ റെറ്റിനയും ഓരോ വ്യക്തിയിലും സവിശേഷമാണ്. ഒരു വ്യക്തിയുടെ ഫിംഗർ പ്രിന്റിന് നാൽപതോളം പ്രത്യേകതകളു ണ്ടെങ്കിൽ ഐറിസിന് 256 ഏറെ സവിശേഷതകൾ ഉണ്ട്. അതുപോലെ തന്നെ റെറ്റിനയിലെ രക്തക്കുഴലുകളുടെ ഘടനയും ഓരോ വ്യക്തിയിലും സവിശേഷമായിരിക്കും. സദൃശ്യ ഇരട്ടകളിൽ പോലും ഈ വ്യത്യാസം കാണാം. ഇതാണ് റെറ്റിനൽ സ്കാനിംഗിന്റെ അടിസ്ഥാനം.

നിറങ്ങൾ തിരിച്ചറിയാത്ത ഡ്രൈവർ

ഒപ്പം ഇതേ പ്രശ്നമുള്ള ട്രാഫിക് പൊലീസ് കൂടിയായാലോ? ഇടി ഉറപ്പല്ലേ. തമ്മിലുള്ള കയ്യാങ്കളി മാത്രമല്ല ട്രാഫിക് സിഗ്നൽ തെറ്റിച്ചു വരുന്ന വണ്ടികളുടെ കൂട്ട ഇടിയും കാണേണ്ടതായി വന്നേക്കാം. വർണങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലാത്ത അവസ്ഥയാണ് വർണാന്ധത. പ്രധാനമായും ചുവപ്പ്, പച്ച, നീല എന്നിങ്ങനെ മൂന്ന് പ്രാഥമിക നിറങ്ങളാണുള്ളത്. നമുക്ക് അനുഭവവേദ്യമാകുന്ന മറ്റ് എല്ലാ നിറങ്ങളും ഈ പ്രഥമിക നിറങ്ങളുടെ സങ്കലനങ്ങളാണ്. സാധാരണ കാഴ്ചശക്തി യുള്ള ഒരു വ്യക്തിക്ക് വയലറ്റിന്റെയും ചുവന്ന നിറത്തിന്റെയും ഇടയ്ക്ക് തരംഗദൈർഘ്യമുള്ള എല്ലാ നിറങ്ങളും കാണുവാൻ സാധിക്കും. എന്നാൽ വയലറ്റിനെക്കാളും കുറഞ്ഞ തരംഗ ദൈർഘ്യമുള്ള നിറം അൾട്രാവയലറ്റ് ആകുന്നതു കൊണ്ട് നഗ്നനേത്രങ്ങള്‍കൊണ്ട് കാണുവാൻ കഴിയുകയില്ല. അതു പോലെ തന്നെ ചുവപ്പു നിറത്തേക്കാൾ കൂടുതൽ തരംഗദൈർ ഘ്യമുള്ള നിറം ഇൻഫ്രാറെഡ് ഗണത്തിൽ പെടുന്നവയായതു കൊണ്ട് അവയും കാണുവാൻ സാധിക്കുകയില്ല.

റെറ്റിനയിലെ കോൺ കോശങ്ങളുടെ പ്രവർത്തനം മൂലമാണ് നമുക്ക് നിറങ്ങൾ തിരിച്ചറിയാൻ കഴിയുന്നത്. ജന്മനാ ഉള്ള തകരാറുകള്‍‌ കൊണ്ടോ കണ്ണിലേക്കുള്ള നാഡികളുടെ തക രാറുകൾ മൂലമോ വർണാന്ധത ഉണ്ടാകാം. വർണാന്ധത ഉള്ള വരിൽ നീല, പച്ച, ചുവപ്പ് തുടങ്ങിയ പ്രാഥമിക നിറങ്ങൾ തിരി ച്ചറിയാനുള്ള കഴിവ് ഒരു പോലെ നഷ്ടപ്പെട്ടെന്നും വരാം. നാവികരിലും ഡ്രൈവർമാരിലും പൊലീസ് സേനാംഗങ്ങളിലും വർണാന്ധത ഉണ്ടായാൽ നിരവധി ജീവനുകളായിരിക്കും അപകടത്തിൽ പെടുന്നത്. അതുകൊണ്ടാണ് ഇങ്ങനെയുള്ള തൊഴിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുമ്പോൾ വർണാന്ധത ഉള്ളവരെ ഒഴിവാക്കുന്നത്. പ്രായമേറും തോറും നീല നിറം തിരിച്ചറിയാനുള്ള കഴിവും കുറഞ്ഞെന്നു വരാം. വാർധക്യത്തിൽ കണ്ണിലെ ലെൻസിന്റെ കട്ടി കൂടുന്നതിനെ തുടർന്ന് നീല നിറം കൂടുതലായി ആഗിരണം ചെയ്യപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 

ഇരുട്ടത്ത് തപ്പിത്തടയുമ്പോൾ

നല്ല വെളിച്ചമുള്ള ഒരു മുറിയിൽ നിന്ന് പെട്ടെന്ന് ഇരുട്ടുമുറിയിലേക്ക് കടക്കുമ്പോൾ ആദ്യമൊന്നും വ്യക്തമായി കാണാൻ കഴിഞ്ഞെന്നു വരികയില്ല. എന്നാൽ ഏതാനും മിനിറ്റുകൾ കഴിയുമ്പോൾ കാഴ്ച പതിയെ തെളിഞ്ഞു വരുന്നു. റെറ്റിനയുടെ അപാരമായ പ്രതികരണശേഷി മൂലമാണ് ഇരുട്ടിലും കാഴ്ച തെളിഞ്ഞുവരുന്നത്. ഇരുട്ടു മുറിയിൽ കടന്ന് ഒരു മിനിറ്റ് കഴിയുമ്പോൾ തന്നെ റെറ്റിനയുടെ സംവേദനശേഷി 10 മടങ്ങ് വർധിക്കുന്നു. 20 മിനിറ്റ് കഴിയുമ്പോൾ 6000 മടങ്ങും, 40 മിനിറ്റ് കഴിയുമ്പോൾ 25,000 മടങ്ങുമാണ് സംവേദനവർധന ഉണ്ടാകുന്നത്. കൂടാതെ കണ്ണിലെ കൃഷ്ണമണി വികസിക്കുന്നതും കൂടുതൽ പ്രകാശരശ്മികൾ കണ്ണിനുള്ളിലേക്ക് എത്തുവാൻ സാഹയകമാകും. 

ഇരുട്ടുമുറിയിൽ നിന്നും നല്ല വെട്ടവും വെളിച്ചവുമുള്ള മറ്റൊരിടത്തേക്ക് കടക്കുമ്പോഴും കണ്ണിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കൃഷ്ണമണി സങ്കോചിക്കുന്നതിനെ തുടർന്ന് കണ്ണിനുള്ളിലേക്ക് കടക്കുന്ന പ്രകാശ രശ്മികളുടെ തീവ്രത കുറയുന്നു. ഏതായാലും ഇരുട്ടിൽ നിന്ന് പ്രകാശമുള്ള മുറിയിലേക്ക് കടക്കുന്ന വ്യക്തിക്ക് 5 മിനിറ്റിനുള്ളിൽതന്നെ കാഴ്ച പൂർണമായും തെളിഞ്ഞ് പ്രകാശിക്കുന്നു.