Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പനിയെ പേടിക്കുന്ന കുട്ടി; കാരണം കൂട്ടുകാരിക്കുവന്ന പെരുമാറ്റ വൈകല്യം

fever

പത്തിൽ പഠിക്കുന്ന മകളുടെ സഹപാഠിക്ക് ഒരു പനി ബാധിച്ചു. തലച്ചോറിനെ ബാധിക്കുന്ന അസുഖമായതുകൊണ്ട് ആ കുട്ടിയുടെ ഓർമ പോയി. രോഗം മാറിയപ്പോൾ പ്രകൃതം തന്നെ മാറിപ്പോയി. അക്രമ സ്വഭാവമായി. സ്കൂളിൽ വരാതെയുമായി. ഇത് എന്റെ മകളെ വല്ലാതെ ബാധിച്ചു. ഇത്തരം പനി വരുമോയെന്നാണ് അവളുടെ ഭയം. ഏതെങ്കിലും പകർച്ചപ്പനി വ്യാപിക്കുന്നുവെന്നു കേട്ടാൽ ഇവൾ പള്ളിക്കൂടത്തിൽ പോവില്ല. ചെറിയ പനി വന്നാലും വലിയ വെപ്രാളമാണ്. വഴക്കുപറഞ്ഞു നോക്കി, രക്ഷയില്ല. ഇതുപോലെയായിട്ട് മൂന്നു മാസമായി. ഇതു മാറില്ലേ? 

മാനസികമായി നല്ല അടുപ്പമുള്ള ഒരാൾ പനി ബാധിച്ച് ഇങ്ങനെയൊരു അവസ്ഥയിലാകുന്നതു കാണുമ്പോൾ ആർക്കായാലും വിഷമം തോന്നും. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതുകൊണ്ടാണ് ആ കുട്ടിക്ക് പെരുമാറ്റ വൈകല്യങ്ങളുണ്ടായത്. സ്വാഭാവികമായും സങ്കടമുണ്ടാകും. ഈ ഗുരുതര ഘട്ടം ഏതു പനിയുടെയും ഫലമായി എനിക്കുമുണ്ടാകുമെന്നൊരു ആധി വളർത്തിയെടുക്കുകയും അതുമൂലം ഇവൾ പഠനമുൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പറ്റാത്ത സ്ഥിതിയിലെത്തുകയും ചെയ്തിരിക്കുകയാണ്. 

രോഗമുണ്ടാകുമെന്ന അകാരണമായ ഉത്കണ്ഠ പ്രധാന ലക്ഷണമായി വരുന്ന ഒരു മാനസികാസ്വാസ്ഥ്യത്തിന്റെ പിടിയിലാണ് ഈ പെൺകുട്ടി. തൊട്ടു തലോടി പോകുന്ന പനികൾ സർവസാധാരണമാണ്. ഡോക്ടർ പരിശോധിക്കുകയും ഭയപ്പെടേണ്ടതില്ലെന്നു വിധിക്കുകയും ചെയ്താൽ സമാധാനിക്കണം. എല്ലാ പനിയും കൂട്ടുകാരിക്ക് വന്ന തരത്തിലുള്ളതാണെന്നും എന്റെയും തലച്ചോറിനെ ബാധിക്കുമെന്ന വേവലാതി പാടില്ല. എന്തു മണ്ടത്തരമാണിതെന്ന് ചൂണ്ടിക്കാട്ടി വഴക്കു പറഞ്ഞാൽ ഈ പേടി പോകില്ല. ചിലപ്പോൾ വർധിച്ചേക്കും. ഒരു അനുഭവത്തിൽ നിന്നാണ് ഇളംമനസ്സിൽ ഈ ഭയം രൂപപ്പെട്ടിട്ടുള്ളത്. 

പ്രസരിപ്പോടെയും കളിചിരിയോടെയും ഒപ്പം നടന്ന കൂട്ടുകാരിയുടെ ദൈന്യത അവൾ നേരിൽ കണ്ടിട്ടുണ്ട്. ആ നൊമ്പരം ഉള്ളിലുണ്ട്. രോഗഭീതികൾ മുളപൊട്ടുന്നത് ഈ മാനസികാവസ്ഥയിൽ നിന്നാണ്. അതു തുറന്നു പ്രകടിപ്പിക്കാൻ അവസരം നൽകണം. വസ്തുതകളെ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ഈ നിഷേധ വികാരം കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ പെൺകുട്ടി ഉൾക്കൊള്ളണം. ആധിയാണവളുടെ വ്യാധിയെന്ന ഉൾക്കാഴ്ച ലഭിക്കണം. മനസ്സിനെ ശാന്തമാക്കാനുള്ള വൈഭവങ്ങളുണ്ടാകണം.

പനിയുടെ സങ്കീർണതകൾ നേരിടുന്നത് ഒരു നേരിയ ശതമാനം മാത്രമാണെന്നും രോഗപ്രതിരോധ ശക്തി ഭൂരിപക്ഷത്തിനും തുണയാകാറുണ്ടെന്നതും അവൾ മനസ്സിലാക്കണം. സ്കൂൾ കാലഘട്ടത്തിൽ എത്രയോ പ്രാവശ്യം ഇവൾക്ക് പനി വന്നിട്ടുണ്ട്. എത്രയോ സഹപാഠികൾക്കും പനിയുണ്ടായിട്ടുണ്ട്. ഒരു കൂട്ടുകാരിക്കു മാത്രമല്ലേ ഇങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടായിട്ടുള്ളൂ? ചെറുത്തു നിൽക്കാനും ആരോഗ്യം നിലനിർത്താനും അസുഖങ്ങൾ ഉതകാമെന്നതും അറിയണം. 

ജീവിതത്തിലെ പ്രതിസന്ധികൾക്കും സമാന ഗുണങ്ങളുണ്ട്. പ്രയോജനപ്പെടുത്തിയാൽ അതും അതിജീവിക്കാനുള്ള ശക്തിയേകുന്ന അവസരങ്ങളാണ്. ഇടയ്ക്കൊക്കെ ഒരു പനിയൊക്കെ വന്നില്ലെങ്കിൽ പിന്നെ എന്തു രസമെന്ന് ചിന്തിക്കാൻ പറ്റണം. ഗുരുതരങ്ങളായ അസുഖങ്ങൾ തടയാനുള്ള ശാസ്ത്രീയ വഴികൾ ചിട്ടയായി പാലിക്കുകയും വേണം. ദേഹത്ത് ഇത്തിരി ചൂട് വരുമ്പോഴൊക്കെ ഞാനിതാ ഗുരുതര രോഗത്തിലേക്കു പോകുന്നുവെന്ന മട്ടിലുള്ള ഒരു പേടി ഉണർത്തിയെടുക്കുന്നത് ഒഴിവാക്കാൻ പോന്ന ആത്മധൈര്യം ഉണരട്ടെ. ഭീതിയുടെ പേരിൽ പള്ളിക്കൂടം പോക്കിന് ഇളവ് നൽകരുത്. അത് ദോഷം ചെയ്യും.

ഇതുപോലൊരു സാഹചര്യത്തിൽ നിന്നുണ്ടാകുന്ന രോഗപേടികൾ‌ ആഴ്ചകൾക്കുള്ളിൽ ശമിക്കാറുണ്ട്. പക്ഷേ, ഈ ശൈലി തുടരുകയാണെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടണം.