Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴുത്തു വേദനയ്ക്കു പിന്നിലുണ്ട് ഈ കാരണങ്ങൾ

neck-pain

ബസിലിരുന്ന് ഉറക്കം തൂങ്ങുന്ന സമയത്തു ഡ്രൈവർ സഡൻ ബ്രേക്കിട്ടാൽ യാത്രക്കാരന്റെ കഴുത്തൊന്ന് ഉലഞ്ഞ്, ഉളുക്കിയെന്നുവരാം. ചിലപ്പോഴതു മാറാത്ത കഴുത്തുവേദനയ്ക്കു കാരണമായിത്തീരാം. ശരീരഭാരത്തിന്റെ ഏതാണ്ട് 10–12 ശതമാനം തൂക്കം വരുന്ന തല, ഉടലിനോടു യോജിപ്പിക്കുന്ന കഴുത്തിനുണ്ടാകുന്ന ഏതുലച്ചിലും പ്രശ്നമാകാം. നാം കഴുത്ത് സൂക്ഷിക്കുകതന്നെ വേണം. 

നട്ടെല്ലിലേതുപോലുള്ള ഏഴു കശേരുക്കളാണു കഴുത്തിൽ തലയെ താങ്ങിനിർത്തുന്നത്. അന്നനാളവും ശ്വാസനാളവും പോകുന്നതു കഴുത്തിലൂടെയാണല്ലോ. ഹൃദയത്തിൽനിന്നു തലച്ചോറിലേക്കും തിരിച്ചു തലച്ചോറിൽ നിന്നു ഹൃദയത്തിലേക്കും പോകുന്ന രക്തധമനികളും ഇതുവഴിതന്നെ കടന്നുപോകുന്നു. തീരുമാനമെടുക്കുന്ന തലയും ആ തീരുമാനം നടപ്പാക്കുന്ന ഉടലുമായി ബന്ധിപ്പിക്കുന്ന കഴുത്ത് ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ പ്രശ്നം ഗുരുതരം തന്നെ. 

ശരീരത്തിലെ പലവിധ പ്രശ്നങ്ങൾക്കും കാരണക്കാരനായ തൈറോയ്ഡ് ഗ്രന്ഥി കഴുത്തിലാണല്ലോ. എന്റെ ചികിൽസാലയത്തിൽ തന്നെ കഴുത്തു വേദനയുമായി വരുന്നവർ ഒട്ടേറെയാണ്. കഴുത്തിന്റെയും കണ്ണിന്റെയും ചലനം ഏകോപിപ്പിച്ചാൽ പുറകുവശം ഒരു പരിധിവരെ നമുക്കു കാണാനാവും. ഈ ചലനാവസ്ഥയിൽ താളംതെറ്റിയാൽ കഴുത്തുവേദന ഉറപ്പല്ലേ? കഴുത്തിന്റെ എല്ലിനു തേയ്മാനം വന്നാലും എല്ലിനു ക്ഷതം വന്നാലും കഴുത്തുവേദനയുണ്ടാകും. കഴുത്തിലെ രക്തക്കുഴലുകൾ അടയുകയോ ക്ഷതം സംഭവിക്കുകയോ ചെയ്താലും കഴുത്തുവേദന വരും. അമിതമായി തലയിലോ കയ്യിലോ ഭാരം ചുമന്നാലും കഴുത്തുവേദനയുണ്ടാകും.

അധികനേരം വിശ്രമമില്ലാതെ ജോലി ചെയ്താൽ, ബൈക്കിലോ മറ്റു വാഹനങ്ങളിലോ കുറേനേരം ഒരേയിരുപ്പിരുന്നാൽ, നീരിറക്കം വന്നാൽ, ഡിസ്ക്മൂലമുള്ള പ്രശ്നങ്ങളുണ്ടായാൽ, കഴുത്തിലെ മാംസപേശികളുടെ ബലം കുറഞ്ഞാൽ, കുനിഞ്ഞിരുന്നു ദീർഘനേരം ഓഫിസ് ജോലി ചെയ്താൽ, കംപ്യൂട്ടറിനു മുന്നിൽ സ്ഥാനം തെറ്റി ഏറനേരം ഇരുന്നാൽ, തണുപ്പു കഴുത്തിലടിച്ചാൽ, വാംഅപ് ചെയ്യാതെ കഠിന വ്യായാമം ചെയ്താൽ എല്ലാം കഴുത്തുവേദനയുണ്ടാകും. ഉറങ്ങുമ്പോൾ തലയണ ശരിക്കു വച്ചില്ലെങ്കിലും കഴുത്തുവേദന വരും. മലർന്നു കിടന്നുറങ്ങുന്നതാണ് ഏറ്റവും സുഖകരം. അപ്പോൾ തല ശരീരഭാഗത്തിന് ഒപ്പം ഉയർന്നു നിൽക്കാവുന്ന തരത്തിലുള്ള തലയണ മതി. ചെരിഞ്ഞു കിടക്കുമ്പോൾ ആ ഭാഗത്ത് അൽപംകൂടി ഉയരംകൂടിയ തലയണയാകാം. തോളിനും ചെവിക്കുമിടയിലുള്ള അകലം തിട്ടപ്പെടുത്തിയ തലയണയായാൽ ഉത്തമം. തലയണയുടെ ഉയരവ്യത്യാസം ചിലപ്പോൾ കഴുത്തുവേദനയ്ക്കു കാരണമാകും. രക്തസമ്മർദം കൂടുതലുള്ളവർക്കും ചിലപ്പോൾ കഴുത്തുവേദനയുണ്ടാകാം. 

തണുപ്പുകൊണ്ടുള്ള കഴുത്തുവേദന വന്നാൽ നല്ല മഫ്ളറോ ഷോളോകൊണ്ടു കഴുത്തിൽ കെട്ടിയാൽ ശമനമുണ്ടാകും. 60 വയസ്സിനു മുകളിലുള്ളവർക്ക് കഴുത്തുവേദന വന്നാൽ എല്ലു തേയ്മാനം ഉണ്ടോയെന്നു പരിശോധിക്കണം. കുട്ടികൾക്ക് അമിതമായ കഴുത്തുവേദനയുണ്ടെങ്കിൽ ബലക്ഷയമാണോയെന്നു നോക്കണം. ഡിസ്കിന്റെ തകരാറുമൂലമാണെങ്കിൽ അത്തരം ചികിൽസയ്ക്കു വൈകേണ്ട. കഴുത്തുവേദനയോടൊപ്പം പനിയും കഴലയും വന്നാ‍ൽ ക്ഷയരോഗത്തിന്റെ സൂചനയാണോയെന്നു പരിശോധിപ്പിക്കണം. 

കഴുത്തിനു വണ്ണക്കൂടുതലുള്ളവർക്കു കഴുത്തുവേദനയും കൂർക്കംവലിയും സ്വാഭാവികമായും വരാം. അവർ ഉറങ്ങാൻ മലർന്നു കിടക്കണം.

സ്ത്രീകളിൽ ചിലരുടെ കഴുത്തുവേദനയ്ക്കും തലവേദനയ്ക്കും കാരണം നനഞ്ഞമുടി വേണ്ടത്ര തോർത്താതെ കെട്ടിവയ്ക്കുന്നതുകൊണ്ടുകൂടിയാവാം. എണ്ണ തേച്ചുള്ള കുളി നല്ലതാണ്. പക്ഷേ, തേക്കുന്നതു തലയ്ക്കും ശരീരത്തിനും പറ്റിയ എണ്ണയാവണം. അസമയങ്ങളിൽ ഉറങ്ങരുത്. ദീർഘമായ ബസ് യാത്രയോ ബൈക്ക് യാത്രയോ കഴിഞ്ഞുവന്ന് തൈലമോ എണ്ണയോ പുരട്ടി ഇളം ചൂടുവെള്ളത്തിൽ നന്നായി കുളിച്ചശേഷം 20 മിനിറ്റ് മലർന്നു കിടന്നു നോക്കിയിട്ടുണ്ടോ? അതിന്റെ സുഖം ഒന്നുവേറെ.