Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗമാരക്കാരുടെ പ്രശ്നങ്ങൾ നിസ്സാരമാക്കരുത്

937786912

പതിനഞ്ചു വയസ്സുള്ള മകൾ പല ഉൽസവ പറമ്പുകളിൽനിന്നു വാങ്ങിയ കുപ്പിവളകളുടെ ഒരു ശേഖരമുണ്ടായിരുന്നു. പ്രളയത്തിൽ അത് നഷ്ടപ്പെട്ടുപോയി. അവൾ ഭയങ്കര സങ്കടത്തിലായി. ഞങ്ങളുടെ വീട്ടിലെ പല ഉപകരണങ്ങളും നശിച്ചുപോയി. വീട്ടിൽ ചെളിയടിഞ്ഞു. ഒക്കെ ഒന്നു ശരിയാക്കാൻ ചക്രശ്വാസം വലിക്കുമ്പോഴാണ് ഈ നിസ്സാര കാര്യം പറഞ്ഞുള്ള അവളുടെ കരച്ചിൽ. ദേഷ്യം വന്നപ്പോൾ രണ്ടടി വച്ചുകൊടുത്തു. അവൾ കൈമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. എന്തുകൊണ്ടാണ് ഇവൾ ഈ വിഷമഘട്ടത്തിൽ ഇങ്ങനെ പെരുമാറിയത്?

നഷ്ടങ്ങൾ ദുഃഖമുണ്ടാക്കും. സ്നേഹിക്കുന്നവർ മരണത്തിലൂടെ നഷ്ടമാകുമ്പോഴും, വ്യക്തിബന്ധങ്ങൾ മുറിഞ്ഞുപോകുമ്പോഴും, പ്രിയപ്പെട്ട വസ്തുക്കൾ കൈവിട്ടു പോകുമ്പോഴുമൊക്കെ ഒരു ശൂന്യതയുണ്ടാകും. അതു വിഷാദത്തെ ഉണർത്തുകയും ചെയ്യും. മറ്റേതെങ്കിലുമൊക്കെയായി ജീവിതത്തെ കണ്ണിചേർക്കുമ്പോഴാണ് നഷ്ടബോധത്തിന് അയവു വരുന്നത്. നഷ്ടപ്പെട്ടത് എത്രകണ്ടു മൂല്യവത്താണെന്നു നിശ്ചയിക്കുന്നതു വ്യക്തിയുടെ മനസ്സാണ്. വർഷങ്ങളായി ശേഖരിച്ചുവച്ച കുപ്പിവളകൾ ഈ പെൺകുട്ടിക്കു വിലപ്പെട്ടതായിരുന്നു. 

ഉറുപ്പികയുടെ അളവുകോൽ വച്ചുമാത്രം നോക്കുന്നവർക്കതു മനസ്സിലാകില്ലെന്നു മാത്രം. ഓരോ വിശേഷവേളകളിലും അവളതു മാറിമാറി അണിഞ്ഞിട്ടുണ്ടാകും. ഇതു കൊള്ളാമല്ലോയെന്നു മറ്റുള്ളവർ പറഞ്ഞതു മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടാകും. മലവെള്ളത്തിൽ അത് എങ്ങോട്ടോ ഒലിച്ചുപോയപ്പോൾ വല്ലാത്ത വിഷമമുണ്ടായി. വരാൻ പോകുന്ന ഉൽസവങ്ങളിലൂടെ ഇതൊക്കെ വാങ്ങാമെന്ന യുക്തിവിചാരം നഷ്ടബോധത്തിന്റെ പ്രളയത്തിൽ ഉണ്ടായിട്ടുണ്ടാവില്ല. 

ഈ കൗമാരപ്രായക്കാരിയുടെ പെരുമാറ്റങ്ങൾ മാതാപിതാക്കൾക്ക് ഉൾക്കൊള്ളാനായില്ല. വലിയ നഷ്ടങ്ങൾക്കിടയിൽ ഇവളുടെ ഈ കുപ്പിവളക്കേസ് നിസ്സാരമെന്നു കരുതി. അതുകൊണ്ട് അവളുടെ തേങ്ങലുകൾ കോപമുണർത്തി. വിഷമം കേൾക്കാൻ തയാറാകാതെ തല്ലിയൊതുക്കാൻ ശ്രമിക്കുകയും ചെയ്തു. എനിക്കെത്ര വിലപ്പെട്ടതാണു നഷ്ടപ്പെട്ടതെന്ന് ഇവർ മനസ്സിലാക്കുന്നില്ലല്ലോയെന്ന വലിയ നൈരാശ്യത്തിലേക്ക് അതു നയിച്ചു. എന്നാൽ പിന്നെ ജീവിച്ചിരുന്നിട്ട് എന്തു കാര്യമെന്നവൾ കരുതി. കൈ മുറിച്ചു. ഇളം മനസ്സിന്റെ വിങ്ങലറിയാതെ, അവളുടെ സങ്കടത്തെ ഇങ്ങനെ കൈകാര്യം ചെയ്തതിൽ അപാകതയുണ്ട്. സ്വയം ഉയിരെടുക്കാൻ ഇവൾ ശ്രമിച്ചതിലെ പാകതയില്ലായ്മയും ചൂണ്ടിക്കാണിക്കപ്പെടണം. രണ്ടും തെറ്റായ മാതൃകകൾ. 

വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ കുപ്പിവളകൾ മകൾക്കു മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതെന്ന് അംഗീകരിച്ചുകൊടുക്കാം. അതു നിസ്സാരമെന്നു തള്ളിക്കളയേണ്ട. നഷ്ടം മൂലമുള്ള സങ്കടവും ഉൾക്കൊള്ളണം. ഇത്രയും ചെയ്താൽതന്നെ അവളുടെ കരച്ചിലടങ്ങിയേക്കും. പല നിറത്തിലുള്ള കുപ്പിവളകൾ ഇനിയും വാങ്ങി ശേഖരിക്കാമെന്നൊരു പ്രത്യാശകൂടി ഉണർത്തിയെടുത്താൽ അവൾ ഈ നഷ്ടബോധത്തെ അതിജീവിച്ചേക്കും. അച്ഛനും അമ്മയ്ക്കും എന്തൊക്കെ നഷ്ടമായി എന്ന് മോളൊന്ന് അന്വേഷിക്കാവോന്നൊരു ആവശ്യംകൂടി അപ്പോൾ സ്നേഹത്തോടെ മുന്നോട്ടുവയ്ക്കാം. സ്വന്തം സങ്കടത്തോടൊപ്പം മറ്റൊരാളുടെ വിഷമതകൾകൂടി തിരിച്ചറിയാനുള്ള പാഠം ഇങ്ങനെയൊക്കെയല്ലേ നൽകേണ്ടത്? നിന്റെയും ഞങ്ങളുടെയും സങ്കടങ്ങൾ ലഘൂകരിക്കാൻ ഒത്തൊരുമിച്ചു ശ്രമിക്കാമെന്ന വിചാരം അപ്പോഴുണ്ടാകും. ദുഃഖങ്ങളെ അകറ്റാൻ പോന്ന ശക്തിയുള്ള കൂട്ടായ്മകൾ അപ്പോഴുണ്ടാകും. കുട്ടികൾ അവരുടെ പ്രായത്തിനനുസരിച്ചാണു പ്രതിസന്ധികളെ വിലയിരുത്തുന്നത്. മുതിർന്നവർക്കു നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾ അവർക്കു ഗൗരവമുള്ളതാകും. അതു തിരിച്ചറിഞ്ഞു സാന്ത്വനമേകുമ്പോഴാണ് ഇളംമനസ്സിലെ മുറിവുകൾ കരിയുന്നത്. ഇവളുടെ കുപ്പിവള സങ്കടങ്ങൾ ഈ തത്വം ഓർമപ്പെടുത്തുന്നു.