Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയഡിന്റെ കുറവുകൊണ്ട് ഉണ്ടാകാം ഈ പ്രശ്നങ്ങൾ

Thyroid

തൊണ്ടയിൽ മുഴയുള്ള ഗർഭിണിയായ സ്ത്രീ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നു. തുടർന്ന് അയഡൈസ്ഡ് ' നമക്ക് ' ( ഉപ്പ് ) ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തക കടന്നു വരുന്നു. മുൻപ് ദൂരദർശനിൽ സ്ഥിരമായി വന്നു കൊണ്ടിരുന്ന പരസ്യമാണ്. അയഡിൻ എന്ന പോഷകത്തിന്റെ പ്രാധാന്യം, അതിന്റെ കുറവ് കൊണ്ട് മനുഷ്യ ശരീരത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ, ഗർഭിണികളിലും ഗർഭസ്ഥ ശിശുക്കളിലുമുള്ള അയഡിന്റെ പ്രാധാന്യം, അയഡിൻ അടങ്ങിയ ഭക്ഷ്യ സ്രോതസ്സുകൾ ഏതൊക്കെ, എന്നീ കാര്യങ്ങളെ പറ്റി ജനങ്ങളിൽ അവബോധം വളർത്തുക എന്നതാണ് ഇത്തരം പരസ്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

അയഡിൻ
പ്രകൃതിയിൽ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിൻ. 1811 ൽ ബർണാഡ് ക്യൂർട്ടോയ്‌സ് എന്ന ഫ്രഞ്ച് രസതന്ത്രജ്ഞനാണ് അയഡിൻ ആദ്യമായി കണ്ടെത്തുന്നത്. അയഡിൻ മൂലകം അടങ്ങിയിട്ടുള്ള ഉപ്പിനെയാണ് അയഡൈസ്ഡ് ഉപ്പ് എന്ന് പറയുന്നത്.

നല്ല ആരോഗ്യത്തിനും മനുഷ്യ ശരീരത്തിന്റെ കൃത്യമായ പ്രവർത്തനങ്ങൾക്കും പോഷകധാതുക്കളുടെ കൃത്യമായ അളവിലുള്ള ലഭ്യത അനിവാര്യമാണ്. 

പോഷകധാതുക്കളുടെ അപര്യാപ്തതയെ കുറിച്ചു പഠിക്കുമ്പോൾ, ഇന്ത്യൻ ജനതയിൽ പ്രധാനമായും കണ്ടു വരുന്ന കുറവ് ഇരുമ്പ് സത്തിന്റേതും അയഡിന്റേതും വൈറ്റമിൻ എ യുടേതുമാണ്. ഇന്ത്യയിലെ 235 ഓളം ജില്ലകളിൽ ഇന്നും സ്ഥിരമായി അയഡിൻ അപര്യാപ്തത കണ്ടു വരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തെ മൊത്തം നോക്കുകയാണെങ്കിൽ ഏതാണ്ട് ഒരു ബില്യണിൽ കൂടുതൽ ആൾക്കാരിൽ അയഡിന്റെ അപര്യാപ്തത കണ്ടു വരുന്നുണ്ട്. അയഡിന്റെ ആവശ്യകതയെ കുറിച്ചു അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഒക്ടോബര് 21 ലോക അയഡിൻ അപര്യാപ്തത ദിനമായി ആചരിക്കുന്നത്.

മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ അയഡിൻ പ്രധാന പങ്കു വഹിക്കുന്നു. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം, ഉപാപചയം എന്നിവയാണ് അവയിൽ പ്രധാനം. നമ്മുടെ ശരീരത്തിലെ രക്തത്തിൽ അയഡിന്റെ അളവ് 5–10 മൈക്രോഗ്രാം /ഡെസിലിറ്റർ ആണ്. ഈ അളവ് നിലനിർത്തുവാൻ ദിവസവും 150 മുതൽ 200 മൈക്രോഗ്രാം വരെ ആവശ്യമാണ്. ഗർഭകാലം, മുലയൂട്ടൽ എന്നീ അവസരങ്ങളിൽ കൂടുതൽ അളവ് അയഡിൻ ആവശ്യമായി വരുന്നു. മൊത്തം അയഡിന്റെ തൊണ്ണൂറു ശതമാനവും നമുക്ക് ലഭിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. പത്ത് ശതമാനം കുടിക്കുന്ന വെള്ളത്തിലൂടെയും.

അയഡൈസ്ഡ് ഉപ്പ്, കടൽ മത്സ്യങ്ങൾ, കടലോരത്ത് വളരുന്ന സസ്യങ്ങൾ, കടൽപ്പായലുകൾ എന്നിവയിലൊക്കെയാണ് അയഡിന്റെ അളവ് കൂടുതലായും കണ്ടു വരുന്നത്. ഇത് കൂടാതെ പാലിലും ധാന്യങ്ങളിലും മാംസ്യത്തിലും ചെറിയ അളവിൽ അയഡിൻ കണ്ടു വരുന്നു. ഒരു പ്രദേശത്തെ വെള്ളത്തിലെയും മണ്ണിലെയും അയഡിന്റെ അളവ് അവിടുത്തെ ഭക്ഷണത്തിലെ അയഡിന്റെ അളവിനെയും സ്വാധീനിക്കാറുണ്ട്. പർവത പ്രദേശങ്ങളിലും ഇടയ്ക്കിടെ വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശങ്ങളിലും താരതമ്യേന അയഡിന്റെ അളവ് കുറഞ്ഞ നിലയിൽ കാണപ്പെടുന്നു.

അയഡിൻ അപര്യാപ്തതയുടെ പ്രധാന പ്രശ്നങ്ങൾ
ഇവയെ മൊത്തത്തിൽ അയഡിൻ ഡെഫിഷ്യൻസി ഡിസോർഡേഴ്‌സ് (Iodine deficiency disorders) എന്നു വിളിക്കുന്നു. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഈ പ്രശ്നങ്ങൾ കൂടുതലായും കണ്ടു വരുന്നത്.

അയഡിൻ എന്ന വാക്കു കേൾക്കുമ്പോൾതന്നെ മനസ്സിൽ ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. തൊണ്ടയുടെ കീഴ്ഭാഗത്തു വലിയ മുഴകൾ ഉള്ള ഒരു മധ്യവയസ്കയായ സ്ത്രീയുടെ. അയഡിൻ എന്ന ധാതുവിന്റെ കുറവും ഈ മുഴയുമായി എന്ത് ബന്ധം എന്ന ചോദ്യം സ്വാഭാവികമാണ്. അതിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

തൈറോയ്ഡ് ഗ്രന്ഥി ഉണ്ടാക്കുന്ന ഹോർമോണുകളുടെ ഒരു പ്രധാന ഘടകം ആണ് അയഡിൻ എന്ന് പറഞ്ഞുവല്ലോ. ഒരു കാര്യം പറയാൻ വിട്ടു. തൈറോയ്ഡ് ഗ്രന്ഥിയെ നിയന്ത്രിക്കുന്ന ഒരു യജമാനൻ ഉണ്ട് മേലെ. അദ്ദേഹം ഈയൊരാളെ മാത്രമല്ല മറ്റൊരുപാട് ഗ്രന്ഥികൾക്കു കൂടി യജമാനൻ ആണ്. കേട്ടുകാണും, കയ്യും കലാശവും കാട്ടി സംഗീത വിദ്വാന്മാരെ ആകെ ഒരു മനസ്സായി ഒരു കയ്യായി കോർക്കുന്നയാൾ. പിറ്റ്യൂട്ടറി ഗ്ലാൻഡ് അഥവാ പീയൂഷ ഗ്രന്ഥി.

അയഡിൻ കുറയുന്നത് കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് പുറത്തേക്കു വരുന്ന ഹോർമോണിന്റെ അളവ് എത്ര എന്ന് ഇദ്ദേഹം കണിശമായി മണത്തറിയും. അങ്ങനെ അങ്ങ് കുറയാൻ വിടുമോ മൂപ്പർ. കയ്യിൽ ഒരു ചാട്ടവാറുമായി തൈറോയ്ഡ് ഗ്രന്ഥിയെ ഒരു അടിമയെപ്പോലെ അത്യധ്വാനം ചെയ്യിക്കും. തൈറോയ്ഡ് ഗ്രന്ഥി ഇത്തിരി കൂടി വലിപ്പം വെക്കാൻ വേണ്ട ചില ഘടകങ്ങൾ ഇങ്ങേരുണ്ടാക്കും. ഈ നിർബന്ധത്തിനു വഴങ്ങി ആണ്, നമ്മൾ കാണുന്ന വിധത്തിൽ തൈറോയ്ഡ് ഗ്രന്ഥി വളർന്നു മുഴകൾ അഥവാ ഗോയിറ്റർ ആയി മാറുന്നത്.

ഈ വളർച്ച ഒക്കെ ഉണ്ടായിട്ടെന്ത് കാര്യം.  ഹോർമോണുകൾ ഉണ്ടാക്കാൻ വേണ്ട അയഡിൻ കുറവുള്ളപ്പോ ഇത് കൊണ്ടൊന്നും ഫലം കാണില്ല. തൈറോയ്ഡ് ഗ്രന്ഥി വീർത്തും, ഹോർമോൺ ലെവൽ കുറഞ്ഞു തന്നെ ഇരിക്കും. അങ്ങനെ ഹൈപ്പോതൈറോയ്ഡിസത്തിനു കാരണമാകുന്നു.

കൂടാതെ,

∙ ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുണ്ടാവുക

∙ അബോർഷൻ സാധ്യതകൾ വർധിക്കുക

∙ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങൾ മരിക്കുക എന്നിങ്ങനെ പല സങ്കീർണതകൾക്കും വഴിയൊരുക്കുന്നു.

കുട്ടികളിൽ

∙ ക്രെറ്റനിസം ( cretinism )– ശാരീരികവും മാനസികവുമായ വളർച്ചക്കുറവ്

∙ ബധിരതയ്ക്കുള്ള ഉയർന്ന സാധ്യത

∙ സംസാരവൈകല്യങ്ങൾ

∙ പഠനവൈകല്യങ്ങൾ

∙ തലച്ചോറിനേയും, നാഡീവ്യവസ്ഥയെയും ബാധിക്കുന്ന മറ്റു തകരാറുകൾ എന്നിവയ്ക്കും കാരണമാകുന്നു.

തടയുന്നതെങ്ങനെ ?

∙ പാചകത്തിന് അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുക

∙ കടൽജന്യ ഭക്ഷ്യ വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

∙ പാൽ, ധാന്യം, മാസ്യം എന്നിവ ഉൾക്കൊള്ളുന്ന ഭക്ഷണരീതി പിന്തുടരുക

കൂടിയ അളവിൽ അയഡിൻ അപര്യാപ്തതയും  ക്രെറ്റനിസവും ഒക്കെ കണ്ടു വരുന്ന മേഖലകളിൽ അയഡിൻ ഇഞ്ചക്ഷനുകൾ, അയഡിൻ എണ്ണകൾ എന്നിവയുടെ ഉപയോഗം എങ്ങനെ കൂടുതൽ ഫലപ്രദമാക്കാം എന്ന വിഷയത്തിൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്.