Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോൾവേദന അലട്ടുന്നുവോ; കാരണങ്ങൾ ഇവയാകാം

shoulder-pain

മുപ്പതു വയസ്സു കഴിഞ്ഞാൽ പലർക്കും തോൾസന്ധി, ഒരു ‘പ്രതിസന്ധി’ തന്നെയാണ്. പലതരം വേദനകളും ബുദ്ധിമുട്ടുകളും തോൾസന്ധിയിൽ വന്നുകൂടും. ചിലർക്കതു മാറാത്ത തോൾവേദനയായിത്തീരും. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ചലനം വേണ്ടിവരുന്നതു തോൾസന്ധിക്കാണല്ലോ. കൈയുടെ ചലനങ്ങൾ വിവിധ ഡിഗ്രികളിലും കോണുകളിലും തിരിക്കേണ്ടിവരുമ്പോൾ അതിന്റെ ഭാരം മുഴുവൻ തോൾസന്ധിക്കാകും. മാത്രവുമല്ല, നാം കൈയിലെടുക്കുന്ന വിവിധ ഭാരങ്ങൾ താങ്ങേണ്ടതും ഈ സന്ധി തന്നെ.

കൈയുടെ മുകൾഭാഗത്തെ അസ്ഥിയും തോൾപലകയും തോളെല്ലും ഇവയെല്ലാം പൊതിഞ്ഞുവച്ച മാംസപേശികളും കൊണ്ടാണു തോൾസന്ധി രൂപപ്പെടുത്തിയിരിക്കുന്നത്. ഒരേസമയം ദൃഢവും അതേസമയം ധാരാളം ചലനസ്വാതന്ത്ര്യവുമുള്ള ഒരു സന്ധിയാണിത്. തീർന്നില്ല, തലച്ചോറിൽനിന്നു ഹൃദയത്തിലേക്കും തിരിച്ചുമുള്ള രക്തധമനികളും ഇതുവഴിയാണു കടന്നുപോകുന്നത്.

തോൾസന്ധി പിണങ്ങുന്നത് എപ്പോഴൊക്കെയാണെന്നു നോക്കാം: അധികം ആയാസമുള്ള ജോലികൾ ചെയ്താൽ, അധിക ഭാരമുള്ള സാധനങ്ങൾ ഏറെനേരം തൂക്കിപ്പിടിച്ചാൽ, തോൾ എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താൽ, ആരെങ്കിലും പെട്ടെന്നു കൈപിടിച്ചു വലിച്ചാൽ, ബസിൽ കമ്പിയിൽ തൂങ്ങിനിന്നു യാത്ര ചെയ്യുമ്പോൾ സഡൻബ്രേക്കിട്ടാൽ, ബസിന്റെ സൈഡ് സീറ്റിൽ തണുത്ത കാറ്റടിച്ചു ദീർഘദൂരം യാത്ര ചെയ്താൽ, ബൈക്കിന്റെയോ സ്കൂട്ടറിന്റെയോ വേണ്ടവണ്ണം ഓയിലിടാതെ മുറുകിയ ക്ലച്ചും ആക്സിലറേറ്ററും ശക്തിയായി ഉപയോഗിച്ചാൽ, ബസ്, ലോറി തുടങ്ങിയ ഹെവി വെഹിക്കിളുകളുടെ സ്റ്റിയറിങ് ശക്തിയായി തിരിച്ചാൽ, തണുപ്പത്ത് ഉറച്ച വാതിലുകൾ ശക്തിയോടെ വലിച്ചുതുറന്നാൽ, രാത്രി ഉറങ്ങുമ്പോൾ സ്ഥിരമായി ചെരിഞ്ഞുകിടന്നാൽ, കുളിച്ചു തല വേണ്ടവിധം തോർത്താത്തതിനാൽ തലനീരിറക്കം വന്നാൽ, പ്രമേഹം കൂടിയാൽ, പല്ലിനു തകരാറുണ്ടായാൽ, ചെവിയിൽ നീരൊലിപ്പു വന്നാൽ, കൈയുടെ കുഴ തെറ്റിയാൽ, ഫാനിന്റെയോ എസിയുടെയോ കാറ്റ് ദീർഘനേരം ശരീരത്തിന്റെ പിന്നിൽ അടിച്ചാൽ, തോളിലെ രക്തക്കുഴലുകൾക്കു തകരാറു വന്നാൽ, വെയിലുകൊണ്ടു നീരിറക്കം വന്നാൽ, തൊണ്ടയിൽ പഴുപ്പു വന്നാൽ...!

വലിയ തലയണവച്ച് ഉറങ്ങിയാലും തോൾവേദന വരാം. വേനൽക്കാലത്ത് കുടങ്ങളിൽ വെള്ളം ദീർഘദൂരം കൊണ്ടുവരുന്നവർക്കും തോൾവേദന വരാം. കൂടുതൽ നേരം തലയിൽ ഭാരം വച്ചാലും അധികനേരം എഴുതിയാലും തോൾവേദനയുണ്ടാകും. കൈമുട്ടിനു മുകളിലുള്ള അസ്ഥിക്കും കഴുത്തിന്റെ താഴെയുള്ള അസ്ഥിക്കും കൈപ്പലകയ്ക്കും ക്ഷതം വന്നാലുമുണ്ടാകും തോൾവേദന. കളിച്ചുകൊണ്ടിരിക്കേ ഷോൾഡർ കുത്തി വീഴുന്നവർക്കും ഈ വേദനയുണ്ടാകാം. ചെറിയ തോൾവേദനയാണെങ്കിൽ, ഒരു ദിവസത്തെ വിശ്രമംകൊണ്ടു മാറും. മാറുന്നില്ലെങ്കിൽ വിദഗ്ധരെ കാണിക്കണം. തൈലം പുരട്ടി ഉഴിഞ്ഞുനോക്കാം. ഉഴിയുന്നതു താഴോട്ടാകണം. പ്രമേഹം മൂലമാണെങ്കിൽ തൈലം മാത്രം പോരാ, തൈലംകൊണ്ടു ധാര ചെയ്തു നവരക്കിഴി കൂടി വേണം. തൂക്കിയിടുമ്പോഴാണു വേദനയെങ്കിൽ സ്ട്രിങ്ങിട്ടു കഴുത്തിൽ കൈ തൂക്കിയിടണം. അങ്ങനെ കിടക്കുമ്പോൾ തലയണത്താങ്ങ് നല്ലതാണ്. വേദനസംഹാരി എണ്ണ പഞ്ഞിയിൽ മുക്കി ആ ഭാഗം കവർ ചെയ്തു സൂക്ഷിച്ചാൽ വേദന കുറയും.