Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗി മരിച്ചുപോയാൽ ഡോക്ടർ എന്തു ചെയ്യും?

postmortem

ഒരു ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളോട് പറയാനുള്ള ഏറ്റവും മോശം വാർത്തകളിലൊന്നാണ് മരണം. ഒരുപക്ഷേ ഒരിക്കലും ഡോക്ടർ പറയാൻ ആഗ്രഹിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ വാർത്ത.

മരണം കാണാത്ത ഡോക്ടർമാരുണ്ടാവില്ല. നീണ്ട കരിയറിന്റെ തുടക്കത്തിലെ ഹൗസ് സർജൻസിയിൽ തന്നെ ആവശ്യത്തിലധികം മരണങ്ങൾ കണ്ടിട്ടുണ്ടാകും മിക്കവരും..എന്നിട്ടും മോശം വാർത്ത അറിയിക്കാൻ പ്രത്യേക ട്രെയിനിങ്ങ് ഒന്നും തന്നെ മിക്കപ്പോഴും കിട്ടാറില്ല ഭൂരിഭാഗത്തിനും.

സ്ഥിതി മോശമാകുന്നത് അറിയിക്കുന്നത് കുറച്ചുകൂടി എളുപ്പമാണ്. എത്ര മോശമാണെന്ന് പറയുമ്പൊഴും, നമ്മൾ ഇനി രക്ഷയില്ലെന്ന് ഉറപ്പ് പറഞ്ഞാലും മിക്കപ്പൊഴും ഒരു നേരിയ പ്രതീക്ഷയെങ്കിലും കാണും കൂട്ടിരിപ്പുകാർക്ക്. പക്ഷേ മരണം അതുപോലെയല്ലല്ലോ..

അപ്പുറത്തേക്കുണ്ടാകുന്നത് ഒരു ശൂന്യതയാണ്. അപ്പുറത്തേക്കെന്താണെന്നറിയാത്ത, ഇനി പ്രതീക്ഷിക്കാനൊന്നുമില്ലാത്ത ഒരു ശൂന്യത. അവസ്ഥ മോശമാകുമ്പൊ അത് ബന്ധുക്കളെ അറിയിച്ച മരണങ്ങളിലും ഒരുപാടുകാലം കിടപ്പിലായിരുന്നവരുടെ കാര്യത്തിലും മാരകരോഗങ്ങളുണ്ടെന്ന് അറിയാവുന്നവരുടെ കാര്യത്തിലുമൊക്കെ മരണം കുറച്ചുകൂടി സമചിത്തതയോടുകൂടി സ്വീകരിക്കപ്പെടാറുണ്ട്. "കഴിഞ്ഞു" എന്ന ഒരു വാക്ക് മതിയാവും, അല്ലെങ്കിൽ ഒരു തലയാട്ടൽ...

പക്ഷേ എപ്പോഴും അത് പോരാതെ വരും.

ആക്സിഡന്റുകൾ എപ്പൊഴും പ്രശ്നമാണ്. ലൂസിഡ് ഇന്റർവൽ എന്ന് പറയും. ഇടിച്ച് വീഴുന്ന വഴിക്ക് ബോധം പോകും. അല്പ നേരം കഴിയുമ്പൊ എണീക്കും. ആൾ കുഴപ്പമൊന്നും കാണിക്കില്ല. പക്ഷേ തലയ്ക്കുള്ളിൽ രക്തസ്രാവം തുടങ്ങിയിട്ടുണ്ടാകും. ആശുപത്രിയിൽ ഡോക്റ്റർ കണ്ടുകൊണ്ടിരിക്കുമ്പൊഴോ ഇഞ്ചക്ഷൻ കൊടുക്കാൻ തുടങ്ങുമ്പൊഴോ ബോധം കെട്ട് വീഴും..അങ്ങനെയായിരുന്നു ടെക്നിക്കൽ ഫെസ്റ്റ് ക്ഷണിക്കാൻ വന്ന കോളേജ് വിദ്യാർഥിയുടേത്. ഹെല്മറ്റ് ബൈക്കിന്റെ ഹാൻഡിലിലുണ്ടായിരുന്നു...

ചിലരോട് , ചില അടുത്ത ബന്ധുക്കളോട് രോഗം മൂർച്ഛിക്കുന്നത് മറച്ചുവയ്ക്കാറുണ്ട്. നമ്മൾ സ്ഥിരം സംസാരിക്കുന്നതും വസ്തുതകൾ വിശദമാക്കുന്നതും ഒരു ബന്ധുവിനോടും മരണസമയത്ത് അടുത്തുണ്ടായത് മറ്റൊരാളും.. അങ്ങനെയുള്ളവർക്ക് മരണം ഒരു ഷോക്ക് ആയിരിക്കും. സ്വഭാവികമായി മരണവാർത്ത സ്വീകരിക്കാൻ അവർക്ക് മടിയുണ്ടാകും... പ്രതികരണങ്ങളുണ്ടാകും..

ഹൗസ് സർജൻസിയുടെ ആദ്യത്തെ ദിവസം തന്നെ മരണം അറിയിക്കേണ്ടിവന്നു. വൈകിട്ട് റൗണ്ട്സ് എടുക്കാൻ ചെന്ന സമയത്ത് മൂന്ന് ബെഡ് കടന്നില്ല, അതിനു മുൻപ് സിസ്റ്റർ വിളിച്ചു.. ഒരു പ്രായമായ അപ്പച്ചനാണ്...ശ്വാസമില്ല..ഹൃദയമിടിപ്പ് കേൾക്കുന്നില്ല. കൃഷ്ണമണികൾ വികസിച്ചിരിക്കുന്നു. മരിച്ചെന്ന് ഉറപ്പാണ്..പക്ഷേ അതെങ്ങനെ ചുറ്റും കൂടിനിൽക്കുന്നവരോട് പറയും? പി.ജിയെ വിളിച്ചു..അന്ന് കൂടെയുണ്ടായിരുന്ന പി.ജി സഹായിച്ച് രക്ഷപ്പെട്ടു...

ഇതേപോലൊരു പനിക്കാലത്തായിരുന്നു മെഡിസിൻ വാർഡിൽ ഹൗസ് സർജൻസി. ഇടതും വലതും മുകളിലും താഴെയും മരണം ഒളിച്ചുകളിക്കുന്ന വാർഡുകൾ...പല തരത്തിൽ ...പനി മാത്രമല്ല. കുടിച്ചുകുടിച്ച് കരളിൽ ഇനിയൊന്നും ബാക്കിയില്ലാത്തവർ, പകുതിവഴിക്ക് വച്ച് ഹൃദയം പണിമുടക്കിയവർ, വലിച്ചുവലിച്ച് ശ്വാസകോശം ടാർ നിറച്ചവർ, വിഷം കഴിച്ചവർ, പാമ്പ് കടിച്ചവർ...മരണങ്ങൾ പല പ്രായത്തിലുള്ളവരെ കൊണ്ടുപോകുന്നത് കണ്ടു..

കാഷ്വൽറ്റിയിൽ വച്ച് കണ്ട് അഡ്മിറ്റ് ചെയ്ത അപ്പച്ചനെ വെറുതെ രാത്രി വാർഡിൽ കാണാൻ ചെന്നതാണ്. ഡയഗ്നോസിസ് കറക്റ്റായിരുന്നോ എന്നറിയാൻ.. ശ്വാസമെടുക്കുന്നതിൽ ചെറിയൊരു വ്യത്യാസം... കൂടെ ഒരു പെൺകുട്ടി മാത്രം..അതൊരു നഴ്സിങ്ങ് സ്റ്റുഡൻ്റാണ്....ഉടനേ സിസ്റ്ററെ വിളിച്ചു..ആംബു ബാഗും ട്രോളിയുമായി സിസ്റ്റർ ഓടി വന്നു..കുട്ടിയോട് ആണുങ്ങൾ ആരുമില്ലേ എന്ന് ചോദിച്ചപ്പോൾ രാത്രി എല്ലാവരെയും ഇറക്കിവിട്ടതാണ്... വിളിക്കാൻ പറഞ്ഞു...നാലോ അഞ്ചോ സെക്കൻഡ്...അതിൽ കൂടുതൽ....സി.പി.ആറിനൊന്നും തിരിച്ച് വിളിക്കാൻ പറ്റിയില്ല.

എല്ലാവരെയും രക്ഷിക്കാൻ പറ്റില്ലെന്ന് അന്ന് മനസിലാക്കിയിരുന്നില്ല. ഒരു മാസത്തിനു മുകളിൽ മരണങ്ങൾ കണ്ടു...മനസ് മടുത്തു. രോഗികളെ രക്ഷിക്കാൻ പറ്റുന്നില്ലെങ്കിൽ ഡോക്ടറായിരുന്നിട്ട് എന്തിനാണ്? പണി നിർത്തിപ്പോകാൻ കാര്യമായിത്തന്നെ ആലോചിച്ചതാണ്..മെഡിസിൻ വാർഡിൽ നിന്ന് കൃത്യ സമയത്ത് എ.സി.ആർ ഹൗസ് സർജനായിട്ട് മാറ്റം കിട്ടിയില്ലായിരുന്നെങ്കിൽ ചിലപ്പൊ അതും നടന്നേനെ..

ചില മരണങ്ങൾ ഒരു സംശയം മനസിൽ അവശേഷിപ്പിക്കും....എന്തെങ്കിലും കൂടുതൽ ചെയ്യാമായിരുന്നോ എന്ന്.. ഒന്നും ഉണ്ടായിരിക്കില്ലെങ്കിലും..അപ്പൊ മനസിൽ തന്നോട് തന്നെ പല തവണ ചോദിക്കും...ഓരോന്നോരോന്നായി സ്റ്റെപ്പുകൾ അനലൈസ് ചെയ്ത് നോക്കും...ചിലപ്പൊ കൂടെയുള്ളവരോട് കഥ പല തവണ ആവർത്തിച്ച് പറഞ്ഞുനോക്കും...എവിടെയെങ്കിലും എന്തെങ്കിലും വിട്ടുപോയോ എന്നറിയാൻ..ഇനി എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നോ എന്ന്...

ചിലർ മരണത്തിലും പിടിച്ച് കുലുക്കിക്കളയും. അങ്ങനെ ഒന്നായിരുന്നു ഹൃദയസ്തംഭനം വന്ന അമ്മയുടെ മകൾ വന്ന് ഡെത്ത് സർട്ടിഫിക്കറ്റ് കൈപ്പറ്റിയതിനു ശേഷം അമ്മയെ ശുശ്രൂഷിച്ചതിനു നന്ദി പറഞ്ഞിട്ട് പോയത്.. അവരുടെ അമ്മയുടെ ശുശ്രൂഷയിൽ വളരെ ചെറിയൊരു ഭാഗമാണ് ഞാൻ ചെയ്തത്..അതും തോറ്റുപോയെന്ന് തോന്നിക്കുന്ന...പിന്നെ എന്തിനാണ് നന്ദിയെന്ന് പലവട്ടം ആലോചിച്ച് നോക്കിയിട്ടുണ്ട്..

വിഡിയോയിലെ ഡോക്ടറുടെ മൗനത്തെ കുറ്റസമ്മതമായി വ്യാഖ്യാനിച്ചവരുണ്ട്. സാധാരണ ഗതിയിൽ ഒരു ഡോക്ടറും അപ്പോൾ ന്യായവാദം നടത്താൻ മുതിരില്ല. രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, മരിച്ചയാളുടെ ബന്ധു കടന്നുപോകുന്ന അവസ്ഥയുടെ ഏകദേശ ധാരണ ഉള്ളിലുള്ളതുകൊണ്ട്..രണ്ട്, മരണവും മറ്റ് ഏത് രോഗാവസ്ഥയും പോലെ ഒരു കൃത്യതയുള്ള ഡയഗ്നോസിസ് ആവശ്യപ്പെടുന്ന ഒരവസ്ഥയാണ്.

എന്തുകൊണ്ടാണ് രോഗി മരിച്ചതെന്ന ചോദ്യത്തിന് മിക്കപ്പൊഴും ചില സാദ്ധ്യതകൾ മാത്രമേ പറയാനാവൂ. പ്രത്യേകിച്ച് ആദ്യമായി കാണുന്നതോ പെട്ടെന്നുള്ളതോ ആയ മരണങ്ങളിൽ. കൂടുതൽ വ്യക്തമാക്കണമെങ്കിൽ പോസ്റ്റ് മോർട്ടമടക്കമുള്ള പരിശോധനകൾ ചെയ്യേണ്ടിവരും. അതുകൊണ്ട് വെറും നിസാരമെന്ന് തോന്നുന്ന.... " എന്നാ നീ പറയെടാ അവൻ/അവൾ എങ്ങനാ മരിച്ചതെന്ന് " എന്ന ചോദ്യത്തിനും മൗനമാവും മറുപടി..

ഒരു മരണം ഡോക്ടർക്കും അത്ര സുഖമുള്ള കാര്യമല്ല. കാരണം അതും ഒരു തോല്വിയാണ്. മരണം അറിയിക്കാൻ ചെല്ലുമ്പൊ എത്ര തന്നെ തയാറെടുത്താലും മിക്കപ്പൊഴും ഒക്കെ ബ്ലാങ്ക് ആവുകയാണ് പതിവ്. വിഷാദം അല്ലെങ്കിൽ നിർവികാരത മുഖത്തുവരുത്തി, പറയാനുള്ളത് പെട്ടെന്ന് പറഞ്ഞിട്ട് കരച്ചിൽ കാണാൻ നിൽക്കാതെ തിരിഞ്ഞ് നടക്കും.

ഒരിക്കലും ഇഷ്ടമില്ലെങ്കിലും ചെയ്യുന്ന, ഇനിയും ചെയ്യേണ്ടിവരുന്ന ജോലിയാണത്..

ഒരു ഒക്യുപ്പേഷണൽ ഹസാഡ്..