Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

53-ാം വയസ്സിൽ എംബിബിഎസ് സ്വന്തമാക്കിയ ഡോക്ടർ

doctor ഡോ.തോമസ് മാത്യു

യുഎസിലെ നല്ല വരുമാനമുള്ള ജോലി കളഞ്ഞാണു പത്തനംതിട്ട ചിറയിറമ്പ് സ്വദേശി തോമസ് മാത്യു തമിഴ്നാട് ഏലഗിരിയിൽ എത്തിയത്; ആദിവാസികൾക്കിടയിൽ പ്രവർത്തിക്കാൻ. അവിടെ വേണ്ടത്ര ഡോക്ടർമാരില്ല. താൻ പഠിച്ച ഫിസിയോതെറപ്പിക്ക് അത്രയ്ക്കൊന്നും ചെയ്യാനുമില്ലെന്ന കാര്യം തോമസ് ഒരിക്കൽ  പുതുച്ചേരി ശ്രീ മണക്കുള വിനായക മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ഡി. രാജഗോവിന്ദനോടു സൂചിപ്പിച്ചു. അപ്പോൾ രാജഗോവിന്ദിന്റെ ചോദ്യം, ‘‘താങ്കൾക്ക് എംബിബിഎസ് എടുത്തുകൂടേ?’’ പഠിക്കാൻ പ്രായപരിധിയില്ലെന്നും തയാറാണെങ്കിൽ പ്രവേശനത്തിനു സഹായിക്കാമെന്നുമായി അദ്ദേഹം. എങ്കിൽപിന്നെ ഒരു കൈ നോക്കാമെന്നായി തോമസ് മാത്യു. വീട്ടുകാരുടെ പൂർണ പിന്തുണ കിട്ടി. യുഎസിലെ സഹപ്രവർത്തകയുടെ അമ്മ 78-ാം വയസിൽ ഡോക്ടറായല്ലോ എന്നതും ധൈര്യമായി. അങ്ങനെ, 47ാം വയസ്സിലെടുത്ത ആ തീരുമാനത്തിനൊടുവിൽ ഇപ്പോൾ 53-ാം വയസ്സിൽ എംബിബിഎസ് സ്വന്തം. ഡോക്ടറായിട്ടു സേവനം നടത്തണമെന്നാഗ്രഹിക്കുന്നവർക്കിയിടയിൽ, സേവനം നടത്താനായി മാത്രം അദ്ദേഹം ഡോക്ടറായി.

ക്ലാസിലെത്തിയപ്പോൾ സഹപാഠികൾ എഴുന്നേറ്റു

വൈകിയ പ്രായത്തിൽ കോഴ്‌സ് ചെയ്യാൻ പോയതിന്റെ ചില്ലറ പ്രശ്‌നങ്ങൾ പ്രവേശന പരീക്ഷ എഴുതാൻ ചെന്നപ്പോഴേ തുടങ്ങി. രക്ഷിതാവാണെന്നു കരുതി ഹാളിൽ നിന്നു മാറിയിരിക്കാൻ പറഞ്ഞു ജീവനക്കാരി ചൂടായി. ആദ്യമായി ക്ലാസിൽ ചെന്നപ്പോഴാകട്ടെ അധ്യാപകനാണെന്നു കരുതി സഹപാഠികൾ എഴുന്നേറ്റു നിന്നു. വിദ്യാർഥിയാണെന്നറിയാതെ അധ്യാപകരും എഴുന്നേറ്റ സംഭവങ്ങളുമുണ്ട്. പരീക്ഷയുടെ ഭാഗമായുള്ള വൈവയ്ക്കായിരുന്നു വലിയ പ്രശ്‌നം. തോറ്റു തോറ്റാണ് ഈ പ്രായത്തിൽ വൈവയ്ക്ക് വന്നതെന്നായിരുന്നു അവരുടെ ധാരണ. അല്ലെന്നു ബോധ്യപ്പെടുത്താൻ അരമണിക്കൂറെങ്കിലും വേണ്ടിവന്നു.

തലമുറ വിടവിന്റെ തോളിൽ കയ്യിട്ടു

മക്കളുടെ പ്രായത്തിലുള്ളവരോടൊപ്പം പഠിക്കുന്നതു തുടക്കത്തിൽ വലിയ പ്രശ്നമായിരുന്നു. കോഴ്‌സ് ഉപേക്ഷിച്ചാലോ എന്നാലോചിച്ചതാണ്. അവിടെയും വന്നു ഡോ. രാജഗോവിന്ദന്റെ ട്വിസ്റ്റ്. ‘‘ഈശ്വരൻ നല്ലൊരവസരമാണു തന്നത്. കളഞ്ഞുകുളിക്കരുത്. നിങ്ങൾ അവരിൽ ഒരാളായി പെരുമാറി നോക്കൂ. ശരിയാകും’’. ഉപദേശം ഏറ്റു. സഹപാഠികളുടെ തോളിൽ കയ്യിട്ടും കൂടെക്കൂടിയും യൗവനം തിരിച്ചു പിടിച്ചു. അതുവരെ അങ്കിൾ എന്നു വിളിച്ചിരുന്ന പെൺകുട്ടികളെ തിരിച്ചു തമാശയ്ക്ക് 'ആന്റി' എന്നു വിളിച്ചുതുടങ്ങിയതോടെ അവർ വിളി നിർത്തി. ക്ലാസ് അവസാനിക്കുമ്പോഴേക്കും എല്ലാവരുമായി 'എടാ പോടാ '' ബന്ധം. പഠിച്ചത് ഓർമിച്ചെടുക്കുക എന്നതായിരുന്നു അടുത്ത കടമ്പ.  പ്രധാന പോയിന്റുകളെല്ലാം കാർഡ് രൂപത്തിലാക്കി കൊണ്ടു നടന്നു പഠിച്ചു. തടിച്ച പുസ്തകങ്ങളൊക്കെ ഇങ്ങനെ കാർഡുകളാക്കി സൂക്ഷിച്ചിട്ടുണ്ട്, വരും തലമുറയ്ക്കും പഠിക്കാവുന്ന പാഠമായി...ഇളയ മകൻ ജേക്കബ് ഫിലിപ്പീൻസിലും തോമസ് മാത്യു പോണ്ടിച്ചേരിയിലും മെഡിസിന് ചേർന്നത് ഒരേ സമയത്താണ്. രണ്ടു വർഷം കഴിഞ്ഞപ്പോൾ മകൻ വൈദിക പഠനത്തിലേക്കു തിരിഞ്ഞു. 

ജീവിതത്തിന്റെ അർഥം തേടിയുള്ള യാത്ര

ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ വിധി തിരിച്ചുവിട്ടത് ഫിസിയോതെറപ്പിയിലേക്കാണ്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നിന്ന് ഫിസിയോ തെറപ്പിയിൽ ബിരുദം. തുടർന്നു ബിരുദാനന്തര ബിരുദവും നേടി യുഎസിലേക്ക്. അവിടെ 16 വർഷത്തെ കഠിനാധ്വാനം. പിന്നെയാണ് ഏലഗിരിയിലെത്തിയത്. ചില ആരോഗ്യപ്രശ്നങ്ങളും വായനയുമാണ് ജീവിതത്തിന്റെ അർഥം തേടിയുള്ള യാത്രയിലേക്കു തിരിയാനിടയാക്കിയതെന്ന് ഡോ. തോമസ് മാത്യു പറയുന്നു. തമിഴ്നാട് സർക്കാരുമായി കരാറുണ്ടാക്കിയായിരുന്നു ഏലഗിരിയിലെ പ്രവർത്തനം. സർക്കാർ സഹായങ്ങൾക്കു പുറമെ ഗ്രാമങ്ങൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു ദൗത്യം. 

'നീറ്റ് '...

ഫെബ്രുവരിയിലാണ് പഠനം പൂർത്തിയാക്കിയത്. വൈദ്യസേവനം തൊഴിൽ ആയി എടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഗ്രാമവാസികളെ സേവിക്കുകയാണു ലക്ഷ്യം. പിജി പ്രവേശന പരീക്ഷയ്ക്കുള്ള (നീറ്റ്) തയാറെടുപ്പും തുടങ്ങിക്കഴിഞ്ഞു.

ഏലഗിരി സ്കൂൾ ചാംപ്യന്മാർ

ഏലഗിരി സർക്കാർ ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളും ഹോസ്റ്റലും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങളുടെ തുടക്കം. കുട്ടികളിൽ ഭീകരമാം വിധം വിളർച്ചയും വിവിധ രോഗങ്ങളും. അയൺ ഗുളിക കൊടുത്തിട്ടും ഫലമില്ല. തുടർന്നാണ് വിരശല്യമാണു വിളർച്ചയ്ക്കു കാരണമെന്നും വെളിയിട വിസർജനത്തിലൂടെയാണിതു പകരുന്നതെന്നും ഡോ. തോമസ് മാത്യു കണ്ടെത്തിയത്. നഖം വെട്ടാനുള്ള ബോധവൽക്കരണത്തിൽ തുടങ്ങി. കേന്ദ്ര സർക്കാർ പദ്ധതിയുടെയും സന്മനസ്സുള്ളവരുടെയും സഹായത്തോടെ  ശുചിമുറി നിർമിച്ചു. വിരമരുന്നുകൾ നൽകി. കുട്ടികൾ പഠനം നിർത്തുന്നതും മാതാപിതാക്കളുടെ മദ്യപാനവും ആത്മഹത്യാപ്രവണതയും കുറയ്ക്കാനുള്ള ശ്രമങ്ങൾ കൂടിയായതോടെ മാറ്റങ്ങൾ കണ്ടുതുടങ്ങി. വിളർച്ച കണ്ടെത്തിയ 130 കുട്ടികളും രണ്ടു കൊല്ലം കൊണ്ട് ആരോഗ്യം വീണ്ടെടുത്തു. അതോടെ, അവർ പഠനത്തിൽ മിടുക്കരായി. കായികഇനങ്ങളിൽ മികവു കാട്ടി. അങ്ങനെ, ഉയർത്തെണീറ്റ ആ സ്‌കൂൾ കായിക മൽസരങ്ങിൽ ജില്ലാ ചാംപ്യൻമാർ വരെയായി.