Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈഹീൽ ചെരുപ്പുകൾ ധരിച്ചോളൂ; പക്ഷേ പിന്നാലെ വരാം ഈ രോഗം

high-heels

ഫാഷനബിൾ ആകണമെങ്കിൽ ഹൈഹീൽ ചപ്പൽ ധരിക്കണമെന്നു കരുതുന്നവർ അറിയാൻ. ഉപ്പൂറ്റി പൊങ്ങിയ ചെരുപ്പുകൾ അണിയുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.

ഹൈഹീല്‍ ചെരുപ്പുകൾ പതിവായി ഉപയോഗിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ ഡീജനറേറ്റീവ്  ആർത്രൈറ്റിസിനു കാരണമാകാമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി (AIIMS) ലെ റൂമാറ്റോളജി വിഭാഗം മേധാവി ഉമാകുമാർ പറയുന്നു. 

ദിവസവും മണിക്കൂറുകളോളം ഹൈഹീല്‍‍ഡ് ധരിക്കുന്നത് എല്ലുകൾക്ക് ക്ഷതമുണ്ടാകാനും ഇതു വഴി സന്ധിവാതത്തിനും കാരണമാകും. സന്ധികൾക്കുണ്ടാകുന്ന ഗുരുതരവും നീണ്ടു നിൽക്കുന്നതുമായ അവസ്ഥയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. കാർട്ടിലേജ് വിഘടിക്കുക വഴി സന്ധികൾക്കുണ്ടാകുന്ന തകരാറു മൂലമാണ് ഇതുണ്ടാകുന്നത്. സന്ധികള്‍ക്കുള്ളിലെ എല്ലുകൾ തമ്മിൽ ഉരസാനും വേദനയ്ക്കും ഇതു കാരണമാകും. 

നാൽപതു വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ ഹൈഹീൽസ് ധരിക്കുന്നതു മൂലമുള്ള സന്ധിവേദനയും അനുബന്ധ പ്രശ്നങ്ങളുമായി എയിംസിൽ വരാറുണ്ടെന്നും ഇത് അവഗണിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും ഒടുവിൽ ശസ്ത്രക്രിയയിലേക്കും നയിക്കുമെന്നും ഉമാ കുമാർ പറയുന്നു. 

ഹൈഹീൽ ചെരുപ്പ് കാൽപ്പാദങ്ങളുടെ എല്ലുകളിൽ ഭാരം വരുത്തുകയും ഇത് ഫോർ–ഫുട് പെയ്നിനു കാരണമാകുകയും ചെയ്യും. ഹീൽസ് ധരിക്കുന്നത് മുട്ടുകളിലും കാൽവിരലുകളിലും അമിത മർദ്ദം ഏൽപ്പിക്കുകയും അവയ്ക്ക്  വേദനവരികയും ചെയ്യും. കൂടാതെ സന്ധിവാതം, നടുവേദന, അരക്കെട്ടിനു വേദന, മുട്ടുവേദന ഇവയ്ക്കും കാരണമാകും.

സന്ധികൾക്കു വേദന, കാലിനു വീക്കം ഇവയെല്ലാം ഓസ്റ്റി യോ ആർത്രൈറ്റിസിന്റെ ലക്ഷണമാകാം. കഴിയുന്നതും ഹൈ ഹീൽസ് ചെരുപ്പുകൾ ഒഴിവാക്കി പ്ലെയിൻ ഹീലുകളുള്ള ചെരുപ്പുകൾ ഉപയോഗിക്കുന്നതായിരിക്കും ആരോഗ്യത്തിനു നല്ലത്. 

ഹീലുകളുടെ ഉയരമാണ് ഒരു പ്രശ്നം. ഒന്നര ഇഞ്ച് ആയിരിക്കണം ഇവയുടെ ഉയരം. കൗമാരക്കാരായ പെൺകുട്ടികൾ ഹീലുള്ള ചെരുപ്പ് ഉപയോഗിക്കരുത്. ഇത് അവരുടെ ശരീരഘടനെയെ ബാധിക്കുകയും പിന്നീട് കഠിനമായ വേദനയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും എയിംസിലെ വിദഗ്ധ പറയുന്നു.