Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ ബാഗിന്റെ ഭാരം; കുട്ടികളെ ബാധിക്കാം ഈ രോഗങ്ങൾ

school-bag-children

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ എന്തു ചെയ്യാമെന്നു പഠിച്ച് കേന്ദ്രസർക്കാർ നാലാഴ്ചയ്ക്കകം അഭിപ്രായം അറിയിക്കണമെന്നു ഹൈക്കോടതി. കുട്ടികളുടെ ശരീരഭാരത്തെക്കാൾ 10 ശതമാനത്തിൽ കൂടിയ ഭാരം ചുമക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി കൊച്ചിയിലെ ഡോ. ജോണി സിറിയക് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്. 

സ്കൂൾബാഗിന്റെ അമിതഭാരം കുട്ടികളിൽ ക്ഷണിച്ചുവരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ലോകാരോഗ്യ സംഘടന രാജ്യാന്തരതലത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ശരീരഭാരത്തിന്റെ പത്തു ശതമാനം മാത്രമായിരിക്കണം സ്കൂൾ ബാഗിന്റെ ഭാരമെന്നു വ്യക്തമായി നിർദേശിച്ചിട്ടുണ്ട്. അതായത്, മുപ്പതു കിലോ തൂക്കമുള്ള കുട്ടി മൂന്നു കിലോ ഭാരമുള്ള ബാഗ് മാത്രമേ ധരിക്കാവൂ. എന്നാൽ, ഇന്നു ശരാശരി 40 കിലോ ഭാരമുള്ള പത്താം ക്ലാസ് വിദ്യാർഥി ചുമക്കുന്നതു ശരീരഭാരത്തിന്റെ പകുതിയിലേറെ വരെയുള്ള വലിയ ബാഗാണ്. 

പത്തു വയസ്സിനു താഴെയുള്ള പ്രൈമറി വിദ്യാർഥികളുടെ തൂക്കം 20–30 കിലോ കണക്കാക്കിയാൽ ബാഗിന്റെ തൂക്കം രണ്ട് – മൂന്ന് കിലോ മാത്രമേ പാടുള്ളൂ. എന്നാൽ, ഇന്ന് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ ബാഗ് തൂക്കിയാൽ പല സ്ഥാപനങ്ങളിലും അഞ്ചു കിലോയോളം വരും. 

ഭാരം കൂടിയാൽ രോഗവും കൂടും 

എല്ലുകളുടെ വളർച്ച പൂർണമാവാത്ത പ്രായമാണു വിദ്യാർഥികളുടേത്. അതുകൊണ്ടുതന്നെ ചുമലിലിടുന്ന ബാഗിന്റെ ഭാരം കൂടുന്നതു ജീവിതാവസാനംവരെ തുടരുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കു തള്ളിവിടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  അമിതഭാരം വിദ്യാർഥികളുടെ പേശികൾക്കും എല്ലുകൾക്കും കാര്യമായ ക്ഷതമേൽപിക്കുന്നു. പലപ്പോഴും കനമുള്ള ബാഗുകൾ ഒരു തോളിൽ മാത്രമിട്ടാണു കുട്ടികൾ നടക്കുക. 

ഏറെക്കാലം ഇതുപോലെ തുടരുമ്പോൾ നട്ടെല്ലിലെ കശേരുക്കൾക്കു സ്ഥാനചലനവും തേയ്മാനവും വരാനിടയുണ്ട്. രണ്ടു വശത്തുമായാണു ബാഗ് ഇടുന്നതെങ്കിൽ, ഭാരം ക്രമീകരിക്കാനായി നടക്കുമ്പോൾ മുന്നോട്ട് അൽപം വളയേണ്ടിവരുന്നു. ഇതു നട്ടെല്ലിലെ ഡിസ്കുകൾക്കും അവയോടു ചേർന്നുള്ള ലിഗ്മെന്റുകൾക്കും പേശികൾക്കും കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. 

കഴുത്തിനും പേശികൾക്കും വേദന 

കഴുത്തിനും പേശികൾക്കും നട്ടെല്ലിനുമുണ്ടാവുന്ന മാറാത്ത വേദനയാണ് ആദ്യം വരിക. മുന്നോട്ടു വളഞ്ഞു നടക്കുന്നതു മുതുകിൽ കൂനുണ്ടാകാനും സാധ്യത കൂട്ടുന്നു. പിന്നീട് ഇതു മാറാത്ത കഴുത്തുവേദനയും തലവേദനയുമായി വളരും. കെയ്ഫോസിസ് (നട്ടെല്ലു മുന്നോട്ടു വളഞ്ഞുപോവുന്ന അവസ്ഥ), സ്കോളിയോസിസ് (നട്ടെല്ല് വശങ്ങളിലേക്കു ചരിയുക) തുടങ്ങിയവയാണു പിൽക്കാലത്തു കാത്തിരിക്കുന്ന മറ്റു ഗുരുതര പ്രശ്നങ്ങൾ. അമിതഭാരവും നട്ടെല്ലിന്റെ വളവും ആവശ്യത്തിനു ശ്വാസം ഉള്ളിലേക്കെടുക്കാനുള്ള ശ്വാസകോശത്തിന്റെ കഴിവിനെയും ബാധിക്കും. 

 മാനസിക ‘ഭാരം’ 

ബാഗിലെ ഭാരം കൂടുന്നതു വിദ്യാർഥികളെ മാനസികമായി തളർത്തുന്നു എന്നതാണു മറ്റൊരു പ്രശ്നം. ഇതു പഠനത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്നു ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നു. 

മഴക്കാലത്തു നനഞ്ഞ ഷൂസും സോക്സുമിടുന്നതു കാലിൽ അണുബാധയ്ക്കും ത്വക്‌രോഗങ്ങൾക്കും കാരണമാവുന്നു. പകൽ മുഴുവൻ വായുസഞ്ചാരമില്ലാതെ മൂടിക്കെട്ടിയിരിക്കുന്നതു കാൽപാദത്തിലെ രക്തചംക്രമണത്തെ സാരമായി ബാധിക്കും. ഇതിനു പുറമേ ചെളിവെള്ളവും നനവുംകൂടിയായാൽ ത്വക്‌രോഗവും പഴുപ്പും ഉറപ്പ്. കാൽപാദങ്ങളിലെ പ്രശ്നങ്ങൾ നാഡികളെ ബാധിക്കുകയും അതു കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനത്തെത്തന്നെ മന്ദീഭവിപ്പിക്കുകയും ചെയ്യുമെന്നു ഡോക്ടർമാർ പറയുന്നു.