Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ മരണത്തിന്റെ നീതിക്കായി അച്ഛൻ നടത്തിയ പോരാട്ട കഥ

shamna

‘‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മകൾക്ക് ആരാണു നീതി വാങ്ങിക്കൊടുക്കുക?’’ കടുത്ത ഹൃദ്രോഗം വലിഞ്ഞുമുറുക്കിയപ്പോഴും അബൂട്ടിയുടെ അവസാന വേദന അതായിരുന്നു. മരിച്ചു പോയ മകൾക്ക് ഒരു ദിവസം പോലും നീതി വൈകരുതെന്നു കരുതിയാണ് ഉരുവച്ചാൽ ശിവപുരം വെള്ളിലോട് ചാപ്പയിലെ ആയിഷാസിൽ കെ.എ.അബൂട്ടി (52)സ്വന്തം ഹൃദ്രോഗ ചികിൽസ നീട്ടിവച്ചത്. അവൾക്കു വേണ്ടി ആരോഗ്യവും അവസാനത്തെ സമ്പാദ്യവും ചെലവാക്കി. ഒടുവിൽ രണ്ടു വർഷം പിന്നിട്ടിട്ടും നീതി കിട്ടിയില്ലല്ലോ എന്ന വേദനയോടെ മരണത്തിനു കീഴടങ്ങി.

പക്ഷേ, ഒരു ജീവൻ നിസ്സാരമായി മരണത്തിനു വിട്ടുകൊടുത്ത് മരുന്ന് അലർജിയെന്നു കൈകഴുകി രക്ഷപ്പെടാൻ ഒരുങ്ങുന്നവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള നിയോഗവുമായി ശിവപുരം ഗ്രാമം ഒന്നിച്ചിറങ്ങുകയാണ്. ഷംനയുടെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിലെത്തിക്കാൻ ഷംന ആക്‌ഷൻ കൗൺസിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തും. അബൂട്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നാട്ടുകാർ ചേർന്നെടുത്ത തീരുമാനമാണത്. 

സാധാരണക്കാരനായ പിതാവിന്റെ വലിയ സ്വപ്നം

പ്രാരാബ്ധങ്ങൾ മൂലം വളരെ ചെറുപ്പത്തിൽ പ്രവാസ ജീവിതം ആരംഭിച്ചയാളാണ് അബൂട്ടി. മക്കൾ വലുതായപ്പോൾ നല്ല വിദ്യാഭ്യാസം നൽകാൻ ആഗ്രഹിച്ചു. അതിനേക്കാളൊക്കെ വലിയ ആഗ്രഹമായിരുന്നു മക്കളിലൊരാളെ ഡോക്ടറാക്കുക എന്നത്. ദരിദ്ര പശ്ചാത്തലമുള്ള മട്ടന്നൂർ ശിവപുരം ഗ്രാമത്തിലെ കുഞ്ഞുങ്ങളെ സൗജന്യമായി ചികിൽസിക്കുന്ന ഒരു കുട്ടികളുടെ സ്പെഷലിസ്റ്റായ ഡോക്ടർ വേണമെന്ന് അബൂട്ടി ആഗ്രഹിച്ചതു സ്വന്തം കുട്ടിക്കാലത്തിന്റെ വേദനിപ്പിക്കുന്ന ഓർമകളിൽ നിന്നാണ്. പിതാവിന്റെ ആഗ്രഹം സഫലമാക്കാൻ നന്നായി പഠിച്ച ഷംന തസ്നിം എറണാകുളം ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസിനു പ്രവേശനം നേടി. നാട്ടിലേക്കൊരു ഡോക്ടർ വരുന്നതു നാളുകളെണ്ണി കാത്തിരുന്ന ശിവപുരം ഗ്രാമത്തിനു തീരാവേദന നൽകിയാണു രണ്ടാംവർഷം ഷംനയുടെ മരണമെത്തുന്നത്. പനിയെത്തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുത്തിവയ്പെടുത്ത ഷംന 2016 ജൂലൈ 18ന് ആണു കുഴഞ്ഞുവീണു മരിച്ചത്. അന്നു മുതൽ അബൂട്ടിയുടെ ദിനരാത്രങ്ങൾ മകളുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനു മാത്രമായി മാറ്റിവയ്ക്കപ്പെട്ടു.

Read More : ഷംനയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ പറയുന്നു ആ അനുഭവങ്ങൾ

അവർ കുറ്റക്കാരായി, ഒരിക്കലല്ല പലവട്ടം

ഷംനയുടെ മരണത്തിൽ മെഡിക്കൽ കോളജിലെ ഡോ. ജിൽസ് ജോർജ്, ഡോ. കൃഷ്ണമോഹൻ എന്നിവരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായതായി ആരോഗ്യവകുപ്പ് ഡയറക്ടർ കൺവീനറായ സംസ്ഥാനതല സമിതി കണ്ടെത്തി. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണ റിപ്പോർട്ടുകളും മനുഷ്യാവകാശ കമ്മിഷനും ഡോക്ടർമാർ കുറ്റക്കാരാണെന്നു ചൂണ്ടിക്കാട്ടി. കുത്തിവയ്പെടുത്ത നഴ്സ് മുതൽ കോളജ് പ്രിൻസിപ്പൽ വരെയുള്ള പതിനഞ്ചോളം പേർ ചികിത്സാ പിഴവിൽ പങ്കാളികളാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. ഡോ. ജിൽസ് ജോർജിനെ രണ്ടു വട്ടം സസ്പെൻഡ് ചെയ്തതു മാത്രമാണ് ഉണ്ടായ ഏക നടപടി. ഒടുവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ഡോക്ടർമാരുടെ ഹർജിയെ തുടർന്നു തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കാനുള്ള നടപടി പോലും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

ഓടി നടന്ന് ഒടുവിൽ രോഗക്കിടക്കയിൽ

മകളുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നായിരുന്നു അബൂട്ടിയുടെ പ്രധാന ആവശ്യം. ഇതിനായി മുഖ്യമന്ത്രി മുതലുള്ള മന്ത്രിമാർ, എംഎൽഎമാർ, പൊതുപ്രവർത്തകർ, സംഘടനകൾ, കമ്മിഷനുകൾ തുടങ്ങി സകല അധികാര സ്ഥാപനങ്ങളുടെയും വാതിലിൽ മുട്ടി. അന്വേഷണ റിപ്പോർട്ടുകൾ അധികൃതർ പൂഴ്ത്തിവയ്ക്കുന്നെന്നു തോന്നിയപ്പോഴൊക്കെ വിവരാവകാശത്തിലൂടെ സത്യങ്ങൾ പുറത്തു കൊണ്ടു വന്നു. ഒരു യാത്രയ്ക്കിടെ നെഞ്ചുവേദനയെ ത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഹൃദ്രോഗം ഏറ്റവും മാരകമായ രൂപത്തിൽ കീഴ്പ്പെടുത്തിയത് അബൂട്ടി അറിഞ്ഞത്. ഒട്ടും വൈകാതെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ചികിൽസയും വിശ്രമവും മകൾക്കുള്ള നീതി വൈകിപ്പിക്കുമെന്നു പറഞ്ഞ് അബൂട്ടി ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്നു.കേസ് നടത്തിപ്പിനും യാത്രകൾക്കുമായി വലിയ തുക ചെലവാക്കേണ്ടി വന്നു. സാമ്പത്തിക പ്രതിസന്ധി മൂലം മകൾക്കു നീതി നിഷേധിക്കപ്പെടരുതെന്ന ആഗ്രഹം കൊണ്ടാണ് കടുത്ത ഹൃദ്രോഗ ബാധയുണ്ടായിട്ടു കൂടി ഒരിക്കൽ കൂടി അദ്ദേഹം ഗൾഫിലേക്കു മടങ്ങിയത്. ഗൾഫിൽ വച്ചു കഴിഞ്ഞ 28നു ഹൃദയാഘാതത്തെത്തുടർന്ന് അബൂട്ടി മരിച്ചു..‌

ശിവപുരം പറയുന്നു, ഈ തീ അണയുന്നില്ല

അബൂട്ടി മരിച്ചെങ്കിലും ഷംനയ്ക്കു നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ‘ഷംന ആക്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഷൻ കമ്മിറ്റി’ പ്രഖ്യാപിച്ചിട്ടുണ്ട്.

‘‘മകളുടെ വിദ്യാഭ്യാസത്തിനും പിന്നീടു നീതിക്കും വേണ്ടി സമ്പത്തു മുഴുവൻ മാറ്റിവച്ച ഒരു പിതാവാണ് അബൂട്ടിക്ക. അദ്ദേഹത്തിന്റെ കുടുംബത്തിൽ ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഷംനയുടെ മരണത്തിനുത്തരവാദികളെ ശിക്ഷിക്കുന്നതിനൊപ്പം ഈ കുടുംബത്തിനു ജീവിക്കാനുള്ള നഷ്ടപരിഹാരം കൂടി സർക്കാർ നൽകുന്നതു വരെ ആക്‌‌‌‌‌‌‌‌‌ഷൻ കമ്മിറ്റിക്കു വിശ്രമമില്ല’’.–ആക്‌‌‌‌‌‌‌‌‌‌‌‌‌‌ഷൻ കമ്മിറ്റി വൈസ് ചെയർമാൻ കെ.എ.സഫീർ വ്യക്തമാക്കി.

‘‘മകളേതായാലും മരിച്ചു, ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കണോ?’’ എന്ന് അബൂട്ടിയോടു ചോദിച്ച ഒരു ഉന്നതന്റെ ചോദ്യം ഇപ്പോഴും ശിവപുരത്തുകാരുടെ ചെവിയിൽ മുഴങ്ങുന്നുണ്ട്. അതൊരു തീയായി ആളിപ്പടരാൻ ഒരുങ്ങുകയാണ്.