Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷംനയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ പറയുന്നു ആ അനുഭവങ്ങൾ

shamna ഷംനയും അബൂട്ടിയും (ഫയൽ ചിത്രം)

ഷംനയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ, ആലപ്പുഴ മെഡിക്കൽ കോളജ് അസോഷ്യേറ്റ് പ്രഫസറും ഡെപ്യൂട്ടി പൊലീസ് സർജനുമായ ഡോ.കൃഷ്ണൻ ബാലേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ

2016 ജുലൈ 18ന്, വൈകിട്ടാണ് കൊച്ചി മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായ ഷംനയുടെ (ഷംന തസ്നിം) ശരീരം പോസ്റ്റുമോർട്ടം പരിശോധനയ്ക്കായി ആലപ്പുഴയിൽ കൊണ്ടുവരുന്നത്. ഡോ.ലിസ ജോണിനൊപ്പം അവസാനം വരെ പോസ്റ്റ്മോർട്ടം നടത്താൻ ഞാനുമുണ്ടായിരുന്നു. അന്ന് ലഭ്യമായ അറിവ് പ്രകാരം 2016 ജൂലൈ 17ന് വൈകിട്ടും രാത്രിയിലും (ജൂലൈ 18ന് അതിരാവിലെ) കടുത്ത പനിയുമായി ഷംന അവൾ പഠിക്കുന്ന കൊച്ചി ഗവ: മെഡിക്കൽ കോളേജിന്റെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തി. രണ്ടു തവണയും അവളെ പരിശോധിച്ചു. പാരസെറ്റമോൾ മരുന്നു നൽകിയതു ഹൗസ് സർജനായിരുന്നു. രണ്ടു തവണയും മരുന്ന് എടുത്തിട്ട് അവൾ അവളുടെ ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയിരുന്നു.ജൂലൈ 18 ന് ഉച്ചയ്ക്ക് മുമ്പായി അവൾ മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെ ഒപി വിഭാഗത്തിലെത്തി മുതിർന്ന ഡോക്ടറെ കണ്ടു. അദ്ദേഹം അവളെ പരിശോധിച്ചിട്ട് അഡ്മിറ്റാവാൻ നിർദേശിച്ചു. തുടർന്ന് ceftriaxone ഇൻജക്‌ഷനെടുക്കാൻ നിർദേശം നൽകി. ടെസ്റ്റ് ഡോസ് കൊടുത്തിട്ട് കുഴപ്പമൊന്നും കാണാഞ്ഞ് മരുന്ന് കുത്തിവച്ചു. നിമിഷങ്ങൾക്കുള്ളിൽ ഷംനയ്ക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയുണ്ടായി.

രണ്ടുമൂന്ന് കാര്യങ്ങൾ എടുത്തു പറയേണ്ടതായിട്ടുണ്ട്

∙ മരുന്നിനോടുള്ള അലർജിയുണ്ടോ എന്നറിയാൻ മരുന്നിന്റെ വളരെ ചെറിയ ഒരളവ്- test dose- കുത്തിവച്ച് അലർജിയുടെ ലക്ഷണങ്ങൾ ഉണ്ടാവുന്നില്ലെന്ന് അറിഞ്ഞതിനു ശേഷമേ മരുന്നിന്റെ ഫുൾ ഡോസ് കൊടുക്കൂ. എന്നാലും, ചിലപ്പോഴൊക്കെ പരീക്ഷണസമയത്തു കുഴപ്പമൊന്നും കാണിക്കാത്തവരിലും മരുന്ന് അലർജി കണ്ടുവരാറുണ്ട്.

∙ മരുന്ന് അലർജി എന്നത് രോഗിയുടെ ശരീരവും മരുന്നും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു പരിപാടിയാണ്. ശരിയായ അളവിൽ, ശരിയായ മാർഗത്തിൽ, എത്ര നിപുണതയോടെയും ശ്രദ്ധയോടെയും കൂടി കൊടുത്താലും അലർജി സംഭവിക്കാം.

∙ അനഫൈലാക്റ്റിക് റിയാക്ഷൻ: അലർജിയുടെ ഏറ്റവും ഭീകരവും, ജീവന് അപകടം വരുത്താവുന്ന തരമൊരു അവസ്ഥയാണ്. അതിന് ഉടനടി ചികിത്സ ലഭിക്കണം. ചികിൽസ ലഭിക്കാനുള്ള കാലതാമസത്തിനു വലിയ വില കൊടുക്കേണ്ടി വരും

Read More : ഹൃദ്രോഗത്തെ അവഗണിച്ച് ഷംനയുടെ നീതിക്കായി പൊരുതിയ അബൂട്ടിക്ക

അനഫൈലാക്റ്റിക് റിയാക്ഷൻ വന്ന നേരം ‌‌ഷംനയ്ക്ക് ലഭിക്കേണ്ട ശുശ്രൂഷ തക്കസമയത്തു ലഭിച്ചില്ലെന്നും, മറുമരുന്നായ അഡ്രിനാലിൻ ഇൻജക്ഷൻ ഉടൻ തന്നെ കുത്തിവച്ചില്ലെന്നും, അവളുടെ ശ്വാസനാളത്തിലടിഞ്ഞു കൂടിയ സ്രവങ്ങളും നുരയും പതയുമൊന്നും പുറത്തേക്കു വലിച്ചെടുത്തു നീക്കം ചെയ്യാനുള്ള ഉപകരണം അന്നേരം ഉപയോഗിക്കാൻ തക്കവണ്ണം ലഭ്യമായിരുന്നില്ല, ഈ സൗകര്യങ്ങളൊക്കെയുള്ള മറ്റേതെങ്കിലും ഐസിയുവിലേക്ക് പെട്ടെന്നു മാറ്റാൻ സ്ട്രെച്ചറും അവിടില്ലായിരുന്നു, കെട്ടിടത്തിന്റെ മറ്റൊരു നിലയിലായിരുന്ന ഐസിയുവിലേക്കു മാറ്റാൻ വൈകിയെന്നുമൊക്കെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ മേൽപ്പറഞ്ഞ ആരോപണങ്ങളെ ശരിവയ്ക്കാനോ അല്ലെങ്കിൽ തെറ്റാണെന്നു സ്ഥാപിക്കാനോ ഒരു പോസ്റ്റുമോർട്ടം പരിശോധനയ്ക്കു സാധിക്കില്ല. അവ മരണത്തിലേക്കു നയിച്ചിരിക്കാം. പക്ഷേ ഈ ആരോപണങ്ങൾ ആ മരണത്തിന്റെ കാരണത്തെക്കാളും അതിന്റെ സാഹചര്യത്തോടാണ് ചേർന്നു നിൽക്കുന്നത്. എന്തായാലും പോസ്റ്റ്മോർട്ടം പരിശോധന കഴിഞ്ഞു കടലാസ് ജോലികളെല്ലാം തീർത്തു പൊലീസിനു മൊഴി നൽകി ഞാനും ഡോക്ടർ ലിസ ജോണും മടങ്ങി. പിന്നീടു ലബോറട്ടറി പരിശോധനാ ഫലങ്ങളെല്ലാം കിട്ടിക്കഴിഞ്ഞ് മരുന്ന് കുത്തിവച്ചപ്പോളുണ്ടായ അലർജി റിയാക്ഷനാണ് മരണ കാരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടും കൊടുത്തു. ഷംനയുടെ മരണത്തെക്കുറിച്ച് ആരോപണമുയർന്നതോടെ മെഡിക്കൽ ബോർഡിന്റെ അന്വേഷണമുണ്ടായി. ഷംനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുമായി ലിസ എറണാകുളത്തുള്ള മെഡിക്കൽ ബോർഡ് മീറ്റിങ്ങിന് പോയി. 

മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കേണ്ടതുണ്ടെന്നും, അലർജിയല്ല, അലർജിയെത്തുടർന്ന് അവൾക്കു തക്കസമയത്ത് ചികിത്സ ലഭിച്ചിരുന്നോ ഇല്ലയോ എന്നതാണ് ഈ കേസിൽ പ്രധാനമെന്നും, അങ്ങനെയൊരു പരിശോധന മാത്രമാണ്, കേസിനെ സത്യത്തിലേക്കും നീതിയിലേക്കും എത്തിക്കുകയുള്ളൂവെന്നും വ്യക്തമായി തന്നെ പറഞ്ഞു. ലിസയുടെ ഈ ഒരു നിലപാട് കേസിനു ജീവൻ വയ്പ്പിച്ചു. 

മറക്കാനാകില്ല ആ ഫോൺ വിളി

ഷംനയുടെ വാപ്പ അബൂട്ടി രണ്ടു തവണ ഫോണിൽ സംസാരിച്ചിരുന്നു. 97 മുതൽ 2010വരെ 13 വർഷം കണ്ണൂരും കോഴിക്കോട്ടും മലപ്പുറത്തുമൊക്കെ ജീവിച്ച എനിക്ക് തോന്നിയിട്ടുള്ള മലബാറിന്റെ ഊഷ്മളതയുണ്ട്. അത് ആ മനുഷ്യനിൽ നിന്നു ഫോണിൽ വളരെ കുറച്ചു സമയം സംസാരിച്ചപ്പോൾത്തന്നെ എനിക്കു കിട്ടിയിരുന്നു. അബൂട്ടിക്കാ എന്നു രണ്ടുമൂന്നു തവണ ഞാനദ്ദേഹത്തേ വിളിച്ചിരുന്നതായി ഓർക്കുന്നു. ഇനിയിപ്പോ ഷംനയുടെ മരണത്തിൽ, ചികിത്സാപ്പിഴവുണ്ടെന്നു തെളിയിച്ചാലും അത് സിവിൽ അനാസ്ഥ മാത്രമേ ആകുവാൻ സാധ്യതയുള്ളുവെന്നും ഞാൻ സൂചിപ്പിച്ചു. സംശയത്തിനതീതമായി കോടതിയിൽ തെളിയിക്കപ്പെടുവാൻ സാധ്യത തീരെയില്ലെന്നും അദ്ദേഹത്തോടു പറഞ്ഞു. ക്രിമിനൽ അനാസ്ഥ ഇല്ലെങ്കിൽ പിന്നെ സിവിൽ കോടതികളിലോ കൺസ്യൂമർ കോടതികളിലോ കേസ് പറഞ്ഞ് ഒരിക്കലും തിരിച്ചു വരാത്ത മകളുടെ ജീവനുപകരം ഒരു തുകയ്ക്ക് വേണ്ടി കേസുപറയുന്ന ഒരു പരിപാടിക്കു പോവുക എന്നത് ആ പിതാവിനെക്കൊണ്ട് പറ്റില്ലായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഇതായിരുന്നു ഞങ്ങൾ തമ്മിലുള്ള ആദ്യത്തെ സംഭാഷണം. രണ്ടാമതൊരിക്കൽക്കൂടി അബൂട്ടിക്ക എന്നെ വിളിച്ചു. വളരെ പതുക്കെ നിരങ്ങി നീങ്ങുന്ന ഒരു നീതിന്യായ വ്യവസ്ഥ അതിന്റെ ക്രൂരത കൊണ്ട് ഇക്കയേ തോൽപ്പിച്ചു തുടങ്ങിയിരുന്നു എന്നാണ് രണ്ടാംവട്ടം സംസാരിച്ചപ്പോൾ എനിക്കു തോന്നിയത്. അബൂട്ടിക്കയ്ക്ക് ക്ഷീണം വന്നു തുടങ്ങിയിരുന്നു. ശബ്ദത്തിൽ പരാജിതന്റെ വ്രണപ്പെട്ട വിങ്ങലുണ്ടായിരുന്നു. കേസ് എങ്ങും എത്തിയിരുന്നില്ല. അന്വേഷണത്തിലോ, ഇനി വിചാരണ (അങ്ങനെയൊന്ന് നടന്നാൽത്തന്നെയോ) സമയത്തോ “പ്രായോഗികത” യുടെ ഗുണഫലങ്ങൾ മനസിലാക്കിയ സാക്ഷികൾ സത്യം പറയുമോ എന്നൊക്കെ അദ്ദേഹത്തിന് സംശയമായി തുടങ്ങിയിരുന്നു. അങ്ങനെ ദുർബലനായി തുടങ്ങിയ അബൂട്ടിക്ക പക്ഷെ എന്റെ ചങ്കിലേക്ക് ആഴത്തിൽ ഒരു കത്തി കുത്തിയിറക്കിയിട്ടാണ് അന്നു ഫോൺ വച്ചത്. ആ ചോദ്യത്തിന്റെ വേദന കൊണ്ട് എന്റെ ചങ്ക് ആഴ്ന്നു പിടഞ്ഞു.‘‘ എനിക്ക് ഒന്നും വേണ്ട ഡോക്ടറേ. എന്റെ മോള് പോയി. ഞാനത് സഹിക്കും. മകളുടെ മരണത്തിന്റെ ഉത്തരവാദിത്തം എനിക്ക് ആരിലും കെട്ടിവയ്ക്കേണ്ട. പക്ഷെ അവളന്നേരം മരിക്കേണ്ടവളല്ല. അത് എല്ലാവരും ഓർത്ത് വയ്ക്കണം. എന്റെ മോള് മരിക്കുന്നതിന് മുൻപ് അവസാനമായി എന്താ പറഞ്ഞതെന്ന് അറിയ്വോ “ആരെങ്കിലും എന്തെങ്കിലും ചെയ്യ് ഇല്ലെങ്കിൽ ഞാനിപ്പോ മരിച്ചു പോവും ’’ എന്നായിരുന്നു. ചികിത്സ കിട്ടാതെ പിടഞ്ഞാണ് എന്റെ മോള് മരിച്ചത് ന്നിട്ട് ശ്വാസം കിട്ടാതെ പിടഞ്ഞെന്റെ മോള് പോയിട്ട്, മരിച്ച അവളെ അവരെല്ലാംകൂടി ICUവിലേക്ക് കയറ്റി. പിന്നെ വേറേ ആശുപത്രിയിലേക്കു മാറ്റി ഒരു നാടകം കളിച്ചു. സത്യവും എത്തിക്സുമൊക്കെ പഠിപ്പിച്ചു മാതൃകയാവേണ്ടവരെല്ലാം കൂടി നാടകം കളിച്ച് എന്റെ മോൾടെ മരണം, ഇവരെല്ലാങ്കൂടി ഒരു നുണയാക്കി ഡോക്ടറേ. അതെനിക്ക് സഹിക്കാൻ പറ്റുന്നില്ല. ’’എനിക്കുറപ്പുണ്ട് ഷംന മരിച്ചുപോയ അതേ രീതിയിൽ മരിക്കാൻ ഇനിയും എത്രയോ പേർ വരിയിൽ നിൽപ്പുണ്ട്. അപകടകരമായ സാഹചര്യങ്ങളിൽ ഇഞ്ചക്ഷനുകൾ കിട്ടി അനാഫൈലാക്ടിക്ക് റിയാക്ഷന് ശേഷം ശ്വാസം കിട്ടാതെ , വേണ്ടുന്ന ചികിത്സ കിട്ടാതെ പിടഞ്ഞ് മരിക്കാനിനിയുമെത്രയോ ആളുകളുണ്ട് ക്യൂവിൽ.

രണ്ടു വർഷമെടുത്ത് പതുക്കെ പതുക്കെയാണ്, ഞാനിത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത, രണ്ടേ രണ്ടു തവണമാത്രം ഫോണിലൂടെ സംസാരിച്ച് മാത്രം എനിക്കു പരിചയമുള്ള അബൂട്ടിക്ക മരിച്ചത്, ഹൃദയത്തിൽ മാരകമായി മുറിവേറ്റാണ്. ഷംന. അബൂട്ടിക്ക, ങ്ങള് പോയ്ക്കോളീ. അതായിപ്പോ നല്ലത്. ന്നാലും എന്റെ ചങ്ക് നീറുന്നണ്ട് ക്കാ. ചോര പൊടിയുന്നുമുണ്ട്. ങ്ങടെ നെഞ്ചിനേറ്റ ആ കുത്ത്. എനിക്കും കൊണ്ട്ട്ടാ.