Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടക്കത്തിന്റെ പുക ആരോഗ്യം കവരുമോ?

ഓരോ ആഘോഷക്കാലം വരുമ്പോഴും പ്രകൃതിക്കു പേടിയാണ്. എന്തൊക്കെ വിഷങ്ങൾ കുടിച്ചുതീർക്കണം ? എവിടെയൊക്കെ മുറിവും ചതവും പൊള്ളലും ഏൽക്കണം ? പടക്കമാണല്ലോ ദീപാവലിക്കു പൊലിമ കൂട്ടുന്നത്. പല നിറങ്ങളിൽ പല വലുപ്പത്തിൽ പല ആകൃതിയിൽ കത്തിക്കയറുന്ന പൂത്തിരി, കമ്പിത്തിരി, മത്താപ്പ് അങ്ങനെ വെളിച്ചത്തിന്റെ നൂറായിരം രൂപങ്ങൾ. ഇവയൊക്കെ പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ള ആഘോഷം സങ്കൽപങ്ങൾക്കും അപ്പുറത്തായതുകൊണ്ടു നമുക്കു സ്വയം നിയന്ത്രണങ്ങളെക്കുറിച്ചും തീ കൊണ്ടുള്ള കളികളിലെ മിതത്വത്തെക്കുറിച്ചും പറഞ്ഞു തുടങ്ങാം. 

ശരിക്കും രാസായുധം 

പടക്കവും വെടിക്കെട്ടും ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചു ശരിയായ ബോധ്യമുണ്ടെങ്കിൽ നമ്മൾ ഇത്ര ആവേശം കാട്ടില്ലെന്നു തോന്നുന്നു. ഒരു നിമിഷത്തെ ശബ്‌ദത്തിനും വെളിച്ചത്തിനും വേണ്ടി കത്തിച്ചുതള്ളുന്ന രാസഗോളങ്ങളിൽ ഒട്ടേറെ അപകടകാരികൾ അടയിരിക്കുന്നുണ്ട്. നിലവാരം കുറഞ്ഞ വെടിമരുന്നിനു പുറമെ സോഡിയം, പൊട്ടാസ്യം, കാഡ്‌മിയം, കോപ്പർ, ലെഡ്, മഗ്നീഷ്യം, സിങ്ക്- പട്ടിക നീളുന്നു. 

നിറപ്പൊലിമയ്‌ക്കു വിവിധ ലോഹങ്ങളാണു ചേർക്കുക. നിറങ്ങൾ കൂടുമ്പോൾ അപകടവും കൂടുകയാണ്. പൊട്ടിച്ചു കഴിഞ്ഞാൽ മാസങ്ങളോളം ഈ ലോഹത്തരികളും ഓർഗാനിക് സംയുക്‌തങ്ങളും മറ്റു മാലിന്യങ്ങളും അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. അടുത്ത മഴയ്‌ക്ക് ഇവ വെള്ളത്തിലൂടെ മണ്ണിലെത്തും. പിന്നെ നമ്മുടെ ഉള്ളിലെത്താൻ താമസം വേണ്ട. 

തണുപ്പും വില്ലൻ 

തണുപ്പുകാലത്തിന്റെ തുടക്കത്തിലാണല്ലോ ദീപാവലി. പടക്കത്തിന്റെ പുകയും ലോഹത്തരികളും തണുത്ത അന്തരീക്ഷത്തിൽ ഏറെ മുകളിലേക്കു പോകാതെ ചുറ്റുപാടും പരന്നു വ്യാപിക്കുന്നതു മൂലം അപകടസാധ്യതയേറും. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ദുരന്തം ഡിസംബറിലായത് അപകട തീവ്രത നൂറുമടങ്ങ് കൂട്ടിയെന്നു ശാസ്‌ത്രജ്‌ഞർ കണ്ടെത്തിയിരുന്നു. സന്ധ്യകളിൽ അന്തരീക്ഷത്തിൽ ജലാംശം കുറവാണ്. അതുകൊണ്ടുതന്നെ പടക്ക അവശിഷ്‌ടങ്ങൾ വീണടിയാതെ അന്തരീക്ഷത്തിൽ തുടരാനുള്ള സാധ്യത പിന്നെയുമേറുന്നു. 

അസ്‌തമയ ശേഷവും പുലർച്ചെയും പടക്കം പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ഓസോണും മറ്റ് അപകടകരമായ കാർബൺ രാസമാലിന്യങ്ങളും മണിക്കൂറുകളോളം ചുറ്റുപാടും തങ്ങിനിൽക്കും. വീടിന്റെ വരാന്തയിലും മുറ്റത്തും പടക്കം പൊട്ടിക്കുമ്പോൾ ഈ ഓസോൺ തന്മാത്രകൾ വീടിനുള്ളിലെത്തി അവിടെ അടിഞ്ഞുകൂടും. പടക്കങ്ങളിലെ രാസമാലിന്യങ്ങളെക്കുറിച്ചു പഠനം നടത്തിയ തലശേരി ബ്രണ്ണൻ കോളജിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. എം.കെ. സതീഷ്‌കുമാറും സംഘവും നൂറ്റൻപതോളം രാസപദാർഥങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവയിൽ കൊടുംവിഷങ്ങളും കാൻസറിനു കാരണമാകുന്ന ഓർഗാനിക് പദാർഥങ്ങളുമുണ്ട്. മദ്രാസ് ഐഐടിയിൽ കെമിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ആയ ആർ. രവികൃഷ്‌ണയുടെ സഹായത്തോടെയായിരുന്നു പരിശോധന. 

പണം കൊടുത്ത് അപകടം ക്ഷണിച്ചുവരുത്തുന്ന ഈ പ്രവണതയ്‌ക്ക് എതിരെ വ്യാപക ബോധവൽക്കരണം ആവശ്യമാണെന്ന് പഠനഫലങ്ങൾ വ്യക്‌തമാക്കുന്നു. 

കേൾക്കാൻ വയ്യേ..

എട്ടുദിക്കും പൊട്ടുന്ന ശബ്‌ദമുണ്ടാക്കുന്ന പടക്കങ്ങൾ ഉണ്ടാക്കുന്ന ശബ്‌ദമലിനീകരണവും ഭീകരം. റോഡുകളിൽ അലഞ്ഞു തിരിയുന്ന നായ്‌ക്കളുടെയും കന്നുകാലികളുടെയും എണ്ണം ദീപാവലി സീസൺ കഴിയുമ്പോൾ ഏറെ കൂടുന്നതായി ഒരു പഠനത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ശബ്‌ദശല്യത്തിൽ പൊറുതിമുട്ടി വീടുവിട്ടിറങ്ങുന്നതാണ് ഇതിൽ നല്ലൊരു പങ്കുമെന്ന് അനുമാനിക്കാം. തുടർച്ചയായ പടക്കപ്രയോഗത്തിൽ തല മരവിക്കുന്ന അവസ്‌ഥയുണ്ടെന്ന് ഫ്ലാറ്റുകളിൽ ജീവിക്കുന്ന നഗരത്തിന്റെ പരിച്‌ഛേദം പറയുന്നു. എങ്ങോട്ടു പോകും, ആരോടു പറയും എന്നാണ് അവരുടെ ചോദ്യം.