Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴവർഗങ്ങളിലെ സ്റ്റിക്കർ ആരോഗ്യത്തിനു ഹാനികരം

apple-sticker

പച്ചക്കറികളിലും പഴവർഗങ്ങളിലും പരസ്യത്തിനും ഇനം തിരിച്ചറിയാനും മറ്റുമായി ഉപയോഗിക്കുന്ന സ്റ്റിക്കറുകൾ ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിർദേശം. സ്റ്റിക്കറുകൾ പതിപ്പിക്കാൻ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണു നിർദേശം. 

സ്റ്റിക്കറുകൾ ചില സമയങ്ങൾ പഴം, പച്ചക്കറി വർഗങ്ങളുടെ കേട് മറയ്ക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന് എഫ്എസ്എസ്എഐ കണ്ടെത്തി.  ബ്രാൻഡ് നിലവാരം ലഭിക്കാനായി പതിപ്പിക്കുന്ന സ്റ്റിക്കറുകളിൽ നിന്നു ഗുണകരമായ വിവരങ്ങളൊന്നും ഉപഭോക്താക്കൾക്കു ലഭിക്കുന്നില്ലെങ്കിൽ അവ നീക്കണം.

സ്റ്റിക്കറുകളിലെ പശ പച്ചക്കറികളുടെയും പഴങ്ങളുടെ ഉള്ളിലേക്കു പടരാൻ സാധ്യതയേറെയുണ്ട്. സ്റ്റിക്കറുകൾ പതിപ്പിച്ചാൽ അതിനായി ഉപയോഗിക്കുന്ന പശ മനുഷ്യ ശരീരത്തിന് ഹാനികരമല്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശത്തിലുണ്ട്. ഇത്തരത്തിൽ സ്റ്റിക്കറുകൾ പതിപ്പിച്ചതായി  കണ്ടെത്തിയാൽ ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പു നൽകാനാണു തീരുമാനം.

പഴങ്ങളും ജ്യൂസുകളും
വിൽപനയ്ക്കുള്ള ജ്യൂസുകൾ സംബന്ധിച്ചും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കരട് ചട്ടങ്ങൾ വ്യവസ്‌ഥ ചെയ്യുന്നുണ്ട്. എന്നാൽ ഇതൊക്കെ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ടത്. തക്കാളി ജ്യൂസിനു തക്കാളിയുടെ നിറവും മണവും വേണമെന്നും അരിയും തൊലിയും പാടില്ലെന്നും വ്യവസ്ഥയുണ്ട്. പഴുത്തു പാകമായ തക്കാളി ഉപയോഗിച്ചു നിർമിച്ചതാവണം ജ്യൂസ്. അരി, തൊലി, കാമ്പ്, കടുപ്പമുള്ള ഭാഗങ്ങൾ തുടങ്ങിവയുണ്ടെങ്കിൽ ജ്യൂസ് കേടായതെന്നു കണക്കാക്കും. ഏതെങ്കിലും തരത്തിലുള്ള ധാതുക്കളുടെ സാന്നിധ്യം അനുവദനീയമല്ല. നിറത്തിനും മണത്തിനും കൃത്രിമവസ്‌തുക്കൾ ചേർക്കരുത്. – എന്നാൽ ഇതൊന്നും പാലിക്കപ്പെടാതെയാണ് വിൽപ്പന നടക്കുന്നത്. 

പഴങ്ങളുടെ ജാം, ജെല്ലി എന്നിവയ്ക്ക് ഉപയോഗിക്കുന്നത് ഏതു പഴമാണോ, ജാമിന് ആ പഴത്തിന്റെ നിറവും മണവുമുണ്ടാകണം. കരിഞ്ഞ മണവും ഒലിക്കുന്നതോ കട്ടപിടിച്ചതോ ആയ സ്‌ഥിതിയും പാടില്ല. പൂപ്പൽ സാന്നിധ്യവും പുളിക്കുന്നതിന്റെ ലക്ഷണങ്ങളും ഉണ്ടാകരുത്. പാത്രത്തിന്റെ 90% അളവിൽ ജാം ഉണ്ടായിരിക്കണം. ജെല്ലിക്കു തിളക്കവും സുതാര്യതയും ആകർഷകമായ നിറവുമുണ്ടാവണം. ദ്രവരൂപമാകരുത്. പശയുണ്ടാകരുത്, ഒട്ടിപ്പിടിക്കരുത്. ഉപയോഗിക്കുന്ന പഴത്തിന്റെ മണമുണ്ടാകണം. തൊലിയും കഷണങ്ങളുമുണ്ടെങ്കിൽ പോരായ്‌മയുള്ളതെന്നു കണക്കാക്കും. ജാമിലും ജെല്ലിയിലും പഴത്തിന്റെ സാന്നിധ്യം 45 ശതമാനമെങ്കിലും വേണം. എന്നാൽ, സ്‌ട്രോബറി, ഇഞ്ചി തുടങ്ങിയവയ്‌ക്ക് ഇത് 25% മതി,

പാഷൻ ഫ്രൂട്ടിന് എട്ടു ശതമാനവും. പായ്‌ക്കറ്റിലാക്കിയ പയറുവർഗങ്ങൾ, ചീര, കോളി ഫ്‌ളവർ തുടങ്ങിയവയ്‌ക്കു ബാധമാകുന്ന നിലവാര–പായ്‌ക്കിങ് വ്യവസ്‌ഥകളുമെല്ലാം  കരടു ചട്ടത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.