Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്യൂമര്‍ ആണെന്നു തെറ്റിദ്ധരിച്ചു ഡോക്ടര്‍ യുവതിയുടെ കിഡ്നി നീക്കം ചെയ്തു

surgery Representational Image

ട്യൂമര്‍ ആണെന്നു തെറ്റിദ്ധരിച്ചു ഡോക്ടര്‍ യുവതിയുടെ കിഡ്നി നീക്കം ചെയ്തു. മൗറീന്‍ പാചിയോ എന്ന യുവതിക്കാണ് ഡോക്ടറുടെ അനാസ്ഥ കാരണം പൂര്‍ണാരോഗ്യത്തിലിരുന്ന കിഡ്നി നഷ്ടമായത്. ഒരു കാറപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന പുറംവേദനയ്ക്ക് ചികിത്സ തേടിയാണ് യുവതി ഫ്ളോറിഡയിലെ ആശുപത്രിയിൽ എത്തിയത്. യുവതിയെ ചികിത്സിച്ച ഡോക്ടര്‍ അവര്‍ക്ക് ഓര്‍ത്തോപീഡിക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഈ ശസ്ത്രക്രിയയ്ക്കിടയിലാണ് യുവതിയുടെ വസ്തിപ്രദേശത്തു  ട്യൂമറിന് സമാനമായ വളര്‍ച്ച ഡോക്ടര്‍ കണ്ടെത്തിയത്. 

ഉടനടി ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സി എന്ന നിലയില്‍ ഡോക്ടര്‍ യുവതിയുടെ ട്യൂമര്‍ നീക്കം ചെയ്തു. എന്നാല്‍ പിന്നീടാണ് ഇത് അവരുടെ കിഡ്നി ആണെന്നു തിരിച്ചറിഞ്ഞത്. ജന്മനാ പെല്‍വിക് കിഡ്നി ആണ് യുവതിക്ക്. അതായത് മറ്റുള്ളവരുടെതു പോലെ വയറിനു സമീപമല്ലാതെ പെല്‍വിക് ഏരിയയില്‍  കിഡ്നി ജന്മനാ ഉണ്ടാകും. യുവതിയുടെ ശരീരത്തിന്റെ സ്കാന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാതെയാണ് ഡോക്ടര്‍ അവരുടെ ശസ്ത്രക്രിയ നടത്തിയതെന്നും അതിനാലാണ് ഇങ്ങനെയൊരു അനാസ്ഥ ഉണ്ടായതെന്നുമാണ് യുവതിയും ബന്ധുക്കളും ആരോപിക്കുന്നത്. 

ഇതിനെതിരെ യുവതി 500000 അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരു കിഡ്നി കൊണ്ട് താനിനി ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടണമെന്നും തനിക്ക് ക്രോണിക് കിഡ്നി രോഗങ്ങളും മറ്റുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നുമാണ് യുവതി കോടതിയെ ബോധിപ്പിച്ചത്.