Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലൻസ് കളയുന്ന തലചുറ്റൽ രോഗങ്ങൾ

vertigo

വളരെയേറെ അസ്വസ്ഥതകളുണ്ടാക്കുന്ന രോഗ ലക്ഷണങ്ങളിലൊന്നാണ് തലചുറ്റൽ. ഒരു കൂട്ടം സമതുലന പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ചുറ്റുപാടും കറങ്ങുന്നതു പോലെ തോന്നിപ്പിക്കുന്ന വെർട്ടിഗോ, നേരെ നിൽക്കാൻ സാധിക്കാതെ വരിക, സമതുലനമില്ലെന്ന് തോന്നുക, കണ്ണിൽ ഇരുട്ടുകയറുക, ബോധം കെടുന്നതുപോലെ തോന്നുക എന്നിവയെല്ലാം ഇവയിൽ പെടാം. 

പ്രമേഹം, അർബുദം, വൃക്കരോഗങ്ങൾ തുടങ്ങിയവയാൽ ആകണമെന്നില്ല സമതുലനപ്രശ്‌നങ്ങൾ എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സാധാരണ രോഗങ്ങളിലൊന്നായി മാറിയിരിക്കുന്ന ഈ പ്രശ്‌നം 15 മുതൽ 30 ശതമാനം പേരിലും ജീവിതത്തിൽ എപ്പോഴെങ്കിലുമായി കണ്ടുവരുന്നു. 65 വയസ്സിനു മുകളിൽ പ്രായമായ 50% പേരിലും സമതുലന പ്രശ്‌നങ്ങൾ വരുന്നു. തലചുറ്റൽ വർധിച്ചാൽ അത് രോഗിക്ക് വലിയ പ്രയാസമായി മാറാം. 

ചെവിക്കുള്ളിലെ കാൽസിയം കാർബണേറ്റ് ക്രിസ്റ്റലുകൾ (ഓട്ടോകോണിയ) മാറുന്നതുകൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥയ്ക്ക് ബിനൈൻ പാരോക്‌സിസ്മൽ പൊസിഷണൽ വെർട്ടിഗോ എന്നാണ് പറയുന്നത്. തല പ്രത്യേക രീതിയിൽ ചെരിച്ച് ക്രിസ്റ്റലുകൾ പഴയ സ്ഥാനത്തേക്ക് തിരികെ കൊണ്ടു വരുന്നതാണ് ചികിത്സാരീതി. 

സാധാരണയായി സ്ത്രീകളിൽ കാണപ്പെടുന്ന സമതുലനപ്രശ്‌നമാണ് വെസ്റ്റിബുലാർ മൈഗ്രേയ്ൻ. മൈഗ്രേയ്‌നിനുള്ള മരുന്നുകൾ തന്നെയായിരിക്കും കഴിക്കേണ്ടി വരിക. 

മധ്യവയസ്സുള്ളവരിൽ സാധാരണയായി കാണുന്ന സമതുലന പ്രശ്‌നങ്ങളിലൊന്നാണ് പെർസിസ്റ്റന്റ് പോസ്ചുറൽ പെർസെപ്ച്വൽ ഡിസ്സിനസ് (പിപിപിഡി). വെർട്ടിഗോ അല്ലെങ്കിൽ സമതുലന പ്രശ്‌നങ്ങൾ ദീർഘനാൾ ശരിയായ ചികിത്സയില്ലാതിരിക്കുകയാണെങ്കിൽ പിപിപിഡിയിലേയ്ക്ക് നയിക്കാം. 

ശരീരനിലയിലെ വ്യത്യാസത്തിനനുസരിച്ച് രക്തസമ്മർദ്ദത്തിൽ വ്യത്യാസം വരുന്ന അവസ്ഥയാണ് ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ. കിടക്കുമ്പോഴുള്ളതിനേക്കാൾ നിൽക്കുമ്പോൾ രക്തസമ്മർദം കുറവായിരിക്കും. ഇരുന്നിട്ട് അല്ലെങ്കിൽ കിടന്നിട്ട് എഴുന്നേൽക്കുമ്പോഴോ ദീർഘനേരം നിൽക്കേണ്ടി വരുമ്പോഴോ ബോധം കെടുന്നതുപോലെ തോന്നുക, കണ്ണിൽ ഇരുട്ടുകയറുക എന്നിവയാണ് ലക്ഷണങ്ങൾ. 

ചെവിക്കുള്ളിലെ ദ്രാവകങ്ങളുടെ മർദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് മെനിയേഴ്‌സ് രോഗത്തിനു കാരണം. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന തലച്ചുറ്റലുണ്ടാക്കുന്ന വെർട്ടിഗോ ആണിത്. കൃത്യമായ മരുന്നുകൾ നൽകിയാണ് ചികിത്സ. ഉൾച്ചെവിയിലോ വെസ്റ്റിബ്യുലാർ നാഡിയിലോ ഉള്ള തകരാർ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് വെസ്റ്റിബ്യുലോപതി. യൂണിലാറ്ററൽ, ബൈലാറ്ററൽ എന്നിങ്ങനെ രണ്ട് തരമുണ്ട്. 

വൈറസ് രോഗങ്ങൾ, രക്തപ്രവാഹത്തിലെ തടസ്സങ്ങൾ, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ മൂലവും ഇതു സംഭവിക്കാം. മുഴകൾ മൂലമോ പക്ഷാഘാതം മൂലമോ തലചുറ്റലുണ്ടാകാം. സംസാരത്തിൽ വൈകല്യം, കടുത്ത തലവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും ഇതോടൊപ്പം കണ്ടേക്കാം. എംആർഐ പരിശോധനയിലൂടെയേ ഈ രോഗാവസ്ഥ നിർണയിക്കാനാവൂ. 

ശസ്ത്രക്രിയയും മരുന്നും വേണ്ടിവരും. ന്യൂറോളജിസ്റ്റിന്റെ നേതൃത്വത്തിൽ പ്രോട്ടോകോൾ അനുസരിച്ച് വിദഗ്ധരുടെ സമയോചിതമായ ചികിത്സ വേണ്ടിവരും ഈ അസുഖങ്ങൾ പരിഹരിക്കാൻ. 

തലചുറ്റൽ പലവിധ കാരണങ്ങളാൽ ഉണ്ടാകാം എന്നതിനാൽ കൃത്യമായ  രോഗനിർണയം പ്രാധാന്യമർഹിക്കുന്നു. സമതുലനം സംബന്ധിച്ചുള്ള  എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി മനസ്സിലാക്കി വേണം രോഗചികിത്സ നടത്താൻ

ഡോ. പി. ശ്രീറാം
സീനിയർ ഇഎൻടി സ്‌പെഷലിസ്റ്റ്, 
ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി