Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങളും ബൈപോളാർ ഡിസോഡറും

bipolar-disorder

പതിനഞ്ചു വയസ്സുള്ള എന്റെ മകന്റെ സ്വഭാവം ഇപ്പോൾ പലതരത്തിലാണ്. ഒരു വർഷമായിട്ടാണ് ഈ മാറ്റം. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന പ്രകൃതമായിരുന്നു അവന്. ഇപ്പോൾ ചില ആഴ്ചകളിൽ ഭയങ്കര ഉൽസാഹമാണ്. പെൺകുട്ടികളോടു വർത്തമാനം പറയാൻ സ്വതവേ മടിയുള്ളവൻ അവരോടു മിണ്ടുവാൻ കൂടുതൽ താൽപര്യം കാട്ടും. അനാവശ്യ സംസാരങ്ങൾ നടത്തും. സന്തോഷവും ദേഷ്യവുമൊക്കെ ഒത്തുചേരുന്ന പ്രതികരണങ്ങളാണ്. ഒത്തിരി കാര്യങ്ങളിൽ എടുത്തുചാടും. ഒന്നും പൂർത്തിയാക്കില്ല. മറ്റു ചിലപ്പോൾ ഭയങ്കര മൂഡ് ഓഫായിരിക്കും. ആരോടും മിണ്ടില്ല. ഒന്നും ചെയ്യില്ല. പള്ളിക്കൂടത്തിൽ പോകാനും മടിയാണ്. പതിവു പ്രകൃതമുള്ള കാലവുമുണ്ട്. ഇതെന്താണ്?

മനസ്സിന്റെ രോഗമായ ബൈപോളാർ ഡിസോഡറാണിതെന്ന് (Bipolar Disorder) പറഞ്ഞാൽ അവിശ്വസിക്കുന്നവർ ഏറെയുണ്ടാകും. കൗമാരപ്രായത്തിൽ ഇങ്ങനെയൊരു അസുഖമുണ്ടാകുമോയെന്ന സംശയവും പ്രകടിപ്പിക്കാം. വൈകാരികതയെ പ്രധാനമായും ബാധിക്കുന്ന ഈ രോഗം ബാല്യത്തിലും കൗമാരത്തിലും ഉണ്ടാകുന്നത് അപൂർവമല്ല.

അനാരോഗ്യകരവും അമിതവുമായ ആഹ്ലാദത്തിലേക്കും വിഷാദത്തിലേക്കും വ്യത്യസ്ത കാലഘട്ടങ്ങളിൽ വഴുതിവീഴുന്നതാണ് ഈ അസുഖത്തിലെ കാതലായ പ്രശ്നം. ചില വേളകളിൽ ഇതു രണ്ടുംകൂടി ചേർന്നും വരാം. വൈകാരികതയുടെ ഇരു ധ്രുവങ്ങളിലേക്കുള്ള ചാഞ്ചാട്ടമായതുകൊണ്ടാണ് ഈ അവസ്ഥയെ ബൈപോളാർ ഡിസോഡറെന്നു വിശേഷിപ്പിക്കുന്നത്. വൈകാരിക ഭാവങ്ങളോടു ചേർന്നുപോകുന്ന മറ്റു ലക്ഷണങ്ങളുമുണ്ടാകാം. ഈ കുട്ടിക്ക് അമിതമായ വർത്തമാനമുണ്ട്. ഉൽസാഹവുമുണ്ട്. ആശയങ്ങൾ മനസ്സിലേക്കു തള്ളിക്കയറി വരുന്നതുകൊണ്ട് ഒത്തിരി കാര്യങ്ങളിലേക്ക് എടുത്തു ചാടുന്നു. ഒന്നും പൂർത്തിയാക്കുകയുമില്ല. അപ്പോഴേക്കു ശ്രദ്ധ മറ്റൊരു വഴിയേ പോകും. ഈ അവസ്ഥയിൽ ലൈംഗികതയുടെ തിരതല്ലൽ കൂടാം. അതുമൂലമുള്ള ആകർഷണം കൊണ്ടാകാം ഇവൻ പെൺകുട്ടികളോടു കൂടുതൽ വർത്തമാനം പറയുന്നത്. രോഗാവസ്ഥയിൽ ലഭിക്കുന്ന വർധിച്ച ആത്മവിശ്വാസം തുണയാവുകയും ചെയ്യും. ഇതൊക്കെ ഹൈപ്പോമാനിയയുടെ (Hypomania) ലക്ഷണങ്ങളാണ്.

നേരെ വിപരീതമായ വൈകാരികാവസ്ഥയിലേക്കും, മൗനത്തിലേക്കും നിഷ്ക്രിയത്വത്തിലേക്കും ഇവൻ വഴുതിവീഴുന്നുവെന്നതു ബൈപോളാർ ഡിസോഡർ സാധ്യതയെ ശരിവയ്ക്കുന്നു. രോഗം ക്രമേണ നിയന്ത്രണത്തിലാവുകയും രോഗമുള്ളയാൾ സ്വതസിദ്ധമായ സ്വഭാവം വീണ്ടെടുക്കുകയും ചെയ്യാറുണ്ട്. ഇവന്റെ കാര്യത്തിലും ഇതാണു ചിത്രം. പക്ഷേ, അതുകൊണ്ടു ചികിൽസ വേണ്ടെന്നു കരുതേണ്ട. വൈകാരിക ഭാവങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ ഈ കുട്ടിയുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നുണ്ടെന്നു വ്യക്തം. അതുകൊണ്ടു ശാസ്ത്രീയമായ ഇടപെടലുകൾ ചെയ്തേ പറ്റൂ. വിഷാദഘട്ടങ്ങളിൽ ആത്മഹത്യാ വാസനയും ഉണ്ടാകാറുണ്ട്. ചികിൽസ തേടിയില്ലെങ്കിൽ അപകടമാണ്.

ഇങ്ങനെയുള്ളവരുടെ കുടുംബത്തിൽ മറ്റാർക്കെങ്കിലുമൊക്കെ സമാനമായ അവസ്ഥകൾ ഉള്ളതായി കാണാറുണ്ട്. ബൈപോളാർ ഡിസോഡറിൽ ജനിതക സ്വാധീനങ്ങളും തലച്ചോറിലെ രാസവ്യതിയാനങ്ങളുമൊക്കെ നിർണായക ഘടകങ്ങളാണ്. അതുകൊണ്ടു രോഗത്തെ നിയന്ത്രിക്കുവാനും ആവർത്തനം തടയുവാനുമൊക്കെയുള്ള ചികിൽസകളിൽ ഔഷധങ്ങൾക്കാണു പ്രഥമ പരിഗണന. കുറച്ചു കൂടുതൽ സ്മാർട്ടാകുന്നുവെന്നും മറ്റു ചിലപ്പോൾ മടിയുടെ പിടിയിലാകുന്നുവെന്നുമൊക്കെയാവും ഈ കുട്ടികളെക്കുറിച്ചു മുതിർന്നവർ നടത്തുന്ന വിലയിരുത്തൽ. ഈ പെരുമാറ്റങ്ങൾക്കു പിന്നിൽ ഇങ്ങനെയും ഒരു മാനസികാരോഗ്യപ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന് ഓർക്കുക. അതുകൊണ്ട് ഈ കുട്ടിക്കു വിദഗ്ധരുടെ സഹായം നൽകണം.