Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് ലോക പ്രമേഹദിനം; കരുതിയിരിക്കാം ഇൗ അനുബന്ധ രോഗങ്ങളെ

ഇന്ന് ലോക പ്രമേഹദിനം. കുടുംബവും പ്രമേഹവും എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. 

പ്രമേഹം എന്ന അവസ്ഥയെ രൂക്ഷമാക്കുന്നത് തുടർന്നെത്തുന്ന അനുബന്ധ രോഗങ്ങളാണ്. പ്രമേഹത്താൽ വന്നെത്തുന്ന മറ്റു രോഗങ്ങളാണ് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്നത്. ഏറ്റവും പ്രാധാനപ്പെട്ടത് ഹൃദ്രോഗമാണ്. ഹൃദ്രോഗസാധ്യത പ്രമേഹരോഗികളിൽ രണ്ടു മുതൽ നാലു മടങ്ങുവരെ കൂടുതലാണ്. പ്രമേഹം വളരെ തീവ്രാവസ്ഥയിലാണെങ്കിൽ ഹൃദയാഘാതത്തിന്റെ വേദന പോലും തിരിച്ചറിയാൻ കഴിയില്ല. അതുകൊണ്ട് പ്രമേഹരോഗികൾ ഹൃദയത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.

ഹൃദയാഘാതം വന്നോ അല്ലെങ്കിൽ പ്രമേഹത്തിന്റെ  കാലിലെ നീറ്റലോ മറ്റോ വന്ന് അതിനു വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാൽ പിന്നീട് വന്നെത്തുന്ന ഒന്നാണ്  വൃക്കയിലെ രോഗങ്ങൾ. വൃക്കരോഗം വന്നെത്തുന്നതിനു പത്തു വർഷം മുന്നേ തിരിച്ചറിയാൻ സാധിക്കും. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ പല ആളുകളും തിരിച്ചറിയുന്നത് ക്രിയാറ്റിന്റെ അളവ് കൂടി കാലിൽ നീരൊക്കെ വന്നതിനു ശേഷമാണ്. ഈ അവസ്ഥയിലെത്തുന്നതിനു വർഷങ്ങൾക്കു മുന്നേതന്നെ മൂത്രത്തിലെ മൈക്രോ ആൽബുമിൻ യൂറിയയും രക്തത്തിലെ പഞ്ചസാരയുടെ ശരാശരിയുമൊക്കെ കൂടി നിൽക്കുമ്പോൾ രോഗം തിരിച്ചറിയാൻ സാധിക്കും. 

കണ്ണിലെ കാഴ്ച നഷ്ടപ്പെടുന്ന റെറ്റിനോപ്പതിയാണ് മറ്റൊരു രോഗം. എല്ലാ വർഷവും റെറ്റിനയുടെ ചിത്രം എടുക്കുന്നതിലൂടെ ഇതും മുൻകൂട്ടി അറിയാവുന്നതാണ്. കാൽപ്പാദങ്ങളിൽ വരുന്ന മുറിവുകൾ (ഡയബറ്റിക് ഫൂട്ട് അൾസർ) പ്രമേഹ അനുബന്ധ രോഗമാണ്. കാൽപ്പാദ സംരക്ഷണം പ്രമേഹരോഗ ചികിത്സയിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. 

സ്ത്രീക്കും പുരുഷനും ഉണ്ടാകുന്ന ലൈംഗികശേഷിക്കുറവാണ് മാനസികമായി വരെ ബാധിക്കാവുന്ന മറ്റൊരവസ്ഥ. ഉദ്ധാരണശേഷി നഷ്ടപ്പെടുക, സ്ത്രീകൾക്കു ബന്ധപ്പെടുമ്പോൾ വേദന ഉണ്ടാകുക എന്നിവ ഇതിന്റെ ഫലമായി ഉണ്ടാകാം. പ്രമേഹത്തിനു നല്ല ചികിത്സ ലഭിച്ചില്ലെങ്കിൽ സംഭവിക്കാവുന്ന മറ്റൊരു പ്രധാനപ്പെട്ടതാണ് അർബുദ രോഗങ്ങൾ. രണ്ടു മുതൽ മൂന്നു മടങ്ങുവരെ കൂടുതലായി ഇതു കണ്ടുവരുന്നുണ്ട്. പാൻക്രിയാസ്, കുടൽ, സ്റ്റൊമക്, പ്രോസ്റ്റേറ്റ് തുടങ്ങിയ ഭാഗങ്ങളിൽ ഈ അർബുദം വരാം. 

അതിനാൽത്തന്നെ ആധുനിക പ്രമേഹരോഗ ചികിത്സയിൽ സാമ്പത്തികമായി താങ്ങാൻ കഴിയുന്ന രോഗികൾക്ക് കഴിയുമെങ്കിൽ ആറു മാസത്തിൽ ഒരിക്കലോ ഒരു വർഷത്തിൽ ഒരിക്കലോ കാൻസർ മാർക്കേഴ്സ് ചെയ്തുനോക്കുന്നത് നല്ലതാണ്.  വർഷത്തിൽ ഒരിക്കലെങ്കിലും കരൾ, പാൻക്രിയാസ്, വൃക്ക എന്നിവ അൾട്രാസൗണ്ട് ചെയ്യേണ്ടതുമാണ്. 

ഫാറ്റി ലിവറും പ്രമേഹരോഗികൾക്കു വരാവുന്ന ഒരു രോഗമാണ്. ഫാറ്റി ലിവർ തക്കസമയത്ത് തിരിച്ചറിയാതെയും ചികിത്സിക്കാതെയുമിരുന്നാൽ അപൂർവം ചില രോഗികൾക്ക് ഭാവിയിൽ സിറോസിസ് ആയി മാറാം. പ്രമേഹം മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവയവങ്ങളെയും ബാധിക്കും. അൽഷിമേഴ്സ് രോഗത്തിനുവരെ ഒരു കാരണമായി പ്രമേഹം പറയുന്നുണ്ട്. 

പ്രമേഹത്തിനു പിന്നാലെ ഹൃദ്രോഗം, വൃക്ക രോഗങ്ങൾ എന്നിവ വന്നെന്നിരിക്കട്ടെ, അപ്പോൾ രോഗികൾ പലപ്പോഴും പ്രമേഹത്തെ പൂർണമായി മറന്ന് ഇതിന്റെ ഭാഗമായി വന്ന അനുബന്ധ രോഗങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ചികിത്സിക്കും. ഇതൊരു വലിയ അബദ്ധമാണ്. കാരണം ഇതെല്ലാം വന്നത് പ്രമേഹം കാരണമാണ്. അടിസ്ഥാന രോഗമായ പ്രമേഹത്തിനു ഫലപ്രദമായ ആധുനിക ചികിത്സ സ്വീകരിച്ചില്ലെങ്കിൽ ഈ വന്ന രോഗങ്ങൾ കൂടുതൽ ഗുരുതരമാകും, അവ ഒന്നുകൂടി വന്നെത്തും, ഒപ്പം പുതിയ രോഗങ്ങളും.