Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹം ആദ്യഘട്ടത്തിൽ തിരിച്ചറിയുന്നതെങ്ങനെ?

രക്തത്തിലെ പഞ്ചസാര ക്രമാതീതമായി വർധിക്കുന്ന അവസ്ഥയെയാണ് പ്രമേഹം എന്നു പറയുന്നത്. ഇതിന്റെ ഭാഗമായി പിന്നീട് രക്തസമ്മർദം, വൃക്കയിലെ രോഗം, അധികമായ കൊഴുപ്പ്, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി നൂറുകൂട്ടം രോഗങ്ങൾ കൂടി വരുമ്പോഴാണ് ഇത് ഗുരുതരമാകുന്നത്. കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന ഡയബറ്റിസ്, പ്രമേഹരോഗികളിൽ ഏറ്റവുമധികം കാണപ്പെടുന്ന ടൈപ്പ് 2 ഡയബറ്റിസ്, മുതിർന്നവരിൽ കാണപ്പെടുന്ന പാൻക്രിയാറ്റിക് ഡയബറ്റിസ്, ഗർഭിണികളിലെ പ്രമേഹം, മരുന്നു കഴിച്ചതിന്റെ പാർശ്വഫലമായുള്ള പ്രമേഹം എന്നിങ്ങനെയുണ്ട് പ്രമേഹത്തിനു വകഭേദങ്ങൾ.

ആദ്യഘട്ടത്തിൽ തിരിച്ചറിയാം

പ്രമേഹ പ്രാരംഭാവസ്ഥ അഥവാ പ്രീഡയബറ്റിസ് ആറു മാസത്തിൽ ഒരിക്കൽ നടത്തുന്ന എക്സിക്യൂട്ടീവ് ചെക്കപ്പിലൂടെ തിരിച്ചറിയാം. രോഗലക്ഷണങ്ങള്‍ ഒന്നും പ്രത്യക്ഷത്തിൽ പ്രകടമാകാത്തതിനാൽത്തന്നെ ചെക്കപ്പ് നടത്തി മാത്രമേ തിരിച്ചറിയാൻ സാധിക്കൂ. വെറും വയറ്റിൽ രാവിലെ ഷുഗർ നോക്കുമ്പോൾ 100 മില്ലിഗ്രാമിൽ കൂടുകയോ ആഹാരത്തിനു രണ്ടു മണിക്കൂറിനു ശേഷം നോക്കുമ്പോൾ140 മില്ലിഗ്രാമിൽ കൂടുകയോ ചെയ്താൽ അത് പ്രീഡയബറ്റിസ് ആണ്. മൂന്നു മാസത്തിലെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി (എച്ച്ബിഎവൺസി) നോക്കുമ്പോൾ അത് 6.5% നു ശേഷം ഡയബറ്റിസ് ആയി കണക്കാക്കാം. 5.7– 6.5 വരെ പ്രിഡയബറ്റിസും. രക്തത്തിലെ പഞ്ചസാര നോക്കുമ്പോൾ 200–ൽ കൂടുതൽ ആയാൽ ഡയബറ്റിസ് ആയിക്കഴിഞ്ഞുവെന്നു സാരം.

പ്രാരംഭാവസ്ഥയിൽത്തന്നെ പ്രമേഹം കണ്ടെത്താൻ സാധിച്ചാൽ മിക്കവാറും ചികിത്സയ്ക്ക് മരുന്നുകൾ ആവശ്യമായി വരില്ല. ജീവിതചര്യാ മാർഗങ്ങളിലൂടെ പ്രമേഹത്തെ പ്രതിരോധിച്ചു നിർത്താൻ സാധിക്കും.