Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്കപ്പുഴുക്കല്ല മരുന്ന്

antibiotic

മൂക്കൊന്നു വിയര്‍ത്താലും ഉള്ളിലൊരു കുളിരു തോന്നിയാലും മരുന്നുകടയിലേക്കോടി, ആന്റിബയോട്ടിക്കുകൾ വാങ്ങി വിഴുങ്ങുന്നവർക്കു മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ആന്റിബയോട്ടിക്കുകൾ കഴിച്ചു കഴിച്ച്, രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി മലയാളിയുടെ ശരീരത്തിനു നഷ്ടപ്പെട്ടു തുടങ്ങിയതായി അവർ വ്യക്തമാക്കുന്നു. ഇന്ത്യയിൽ സാംക്രമിക രോഗം മൂലം മരണമടയുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിന് അമിതമായ ആന്റിബയോട്ടിക് ഉപയോഗവും അതുവഴി ശരീരം ആർജിക്കുന്ന ആന്റിബയോട്ടിക് റെസിസ്റ്റൻസും (എഎംആർ) കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ. സർക്കാർ സംവിധാനങ്ങളും സ്വകാര്യ ആശുപത്രികളും ഗവേഷകരും ഇതിനെ ചെറുക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. 

ഇന്ത്യയിൽ സാംക്രമിക രോഗങ്ങൾ മൂലം മരണമടയുന്നവരുടെ എണ്ണം അമേരിക്കയിലേതിനേക്കാൾ രണ്ടിരട്ടി കൂടുതലാണെന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കഴി‍ഞ്ഞ വർഷം നടത്തിയ 'സാംക്രമിക രോഗങ്ങളും ആന്റിബയോട്ടിക്കിനോടുള്ള പ്രതിരോധവും' എന്ന രാജ്യാന്തര സിംപോസിയത്തിൽ വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ഒരു ലക്ഷം പേരിൽ ഏകദേശം 416.75 പേർ സാംക്രമിക രോഗങ്ങൾ മൂലം മരണമടയുന്നുണ്ട്. 

ഒരു വ്യക്തിയിൽ സാംക്രമിക രോഗങ്ങൾ വരാനുള്ള സാധ്യത ഇംഗ്ലണ്ടിനെ അപേക്ഷിച്ചു 15 ഇരട്ടി കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിനെല്ലാം പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് അമിതമായ ആന്റിബയോട്ടിക് ഉപയോഗമാണ്. 

ശരിയായ മരുന്ന് ശരിയായ അളവിൽ കൃത്യ സമയത്തു കഴിക്കുകയാണ് രോഗശമനത്തിനുള്ള പ്രധാന മാർഗം. ഇത് ഉപേക്ഷിച്ച്, ഡോക്ടറുടെ കുറിപ്പടിയില്ലാതെ, ഫാർമസിസ്റ്റുകളുടെ ഉപദേശം കേട്ട് തോന്നുംപോലെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോഴാണു പ്രശ്നം തുടങ്ങുന്നത്. പകർച്ച വ്യാധികളുടെ ഭീഷണി തടയണമെങ്കിൽ ആന്റിബയോട്ടിക്കുകൾ ചിട്ടയായി ഉപയോഗിക്കണമെന്നു വിദഗ്ധർ പറഞ്ഞു. 

ഇന്ത്യയിൽ 89% ഡോക്ടർമാരും നിത്യവും ആന്റിബയോട്ടിക്കുകൾ കുറിക്കുന്നവരാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശ്വാസംമുട്ടൽ, വയറിളക്കം, ഛർദി തുടങ്ങി വൈറൽ അസുഖത്തിന്റെ ലക്ഷണവുമായി എത്തുന്ന രോഗികൾക്കു പോലും ആന്റിബയോട്ടിക്കുകളാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയാലും അദ്ഭുതപ്പെടാനില്ലെന്നും കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മെഡിക്കൽ സൂപ്രണ്ടായ സജീവ് കെ. സിങ് പറഞ്ഞു.

ആഗോളതലത്തിൽ ആന്റിബയോട്ടിക്കുകളുടെ ലഭ്യതയ്ക്കു നിയന്ത്രണമുണ്ട്. ഉപയോഗ നിരീക്ഷണത്തിനു മൂന്നാം പാർട്ടികളുമുണ്ട്. ഫലപ്രദമായ ആന്റിബയോട്ടിക് ചികിൽസ ഇല്ലാതായാൽ നിർമാർജനം ചെയ്ത മാരകമായ പകർച്ച വ്യാധികൾ പലതും തിരിച്ചെത്തുമെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അസോഷ്യേറ്റ് ഡയറക്ടർ ഡോ. അർജുൻ ശ്രീനിവാസൻ  വ്യക്തമാക്കി. 

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നാലു വർഷം മുൻപ് ആന്റിബയോട്ടിക് സ്റ്റൂവാർഡ്ഷിപ് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. മാരകമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടായത് ഇതേത്തുടർന്നാണ്. കൊലിസ്റ്റിൻ പ്രിസ്‌ക്രിപ്ഷൻ 74 ശതമാനവും ലൈൻസോളിഡ് 86 ശതമാനവും ഡോർപെനം,  എർറ്റപെനം എന്നിവ യഥാക്രമം 34, 38 ശതമാനമായും കുറഞ്ഞെന്നും മരണനിരക്ക് 24 ശതമാനമായി കുറഞ്ഞെന്നും ഡോ. സജീവ് സിങ് പറഞ്ഞു. 

ഗവേഷണത്തിന് അമൃത

ആന്റിബയോട്ടിക് റെസിസ്റ്റൻസ് (എഎംആർ) ചെറുക്കുന്നതിന് അമൃത വിശ്വവിദ്യാ പീഠം ഗവേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. അമൃതയുടെ കീഴിലുള്ള സ്‌കൂൾ ഓഫ് ബയോടെക്‌നോളജിയും യൂണിവേഴ്‌സിറ്റി ഓഫ് കലിഫോർണിയ സാന്റിയാഗോയുടെ (യുസിഎസ്ഡി) കീഴിലുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനിറ്റിക് ആൻഡ് സൊസൈറ്റിയും ചേർന്നാണു ഗവേഷണം നടത്തുന്നത്. രോഗാണുക്കൾക്കു നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവു ലഭിക്കുന്ന പ്രതിഭാസമാണ് എഎംആർ. 

ആഗോളതലത്തിൽ എഎംആർ വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ പൊതുവായ രോഗങ്ങൾ പോലും ചികിൽസിക്കുന്നതു ദുഷ്‌കരമായിട്ടുണ്ടെന്നു വിദഗ്ധർ വിലയിരുത്തി. മരുന്നുകൾക്കെതിരെ പ്രതിരോധ ശേഷി നൽകുന്ന ചില ജീനുകൾ രോഗാണുക്കളിൽ കണ്ടെത്തിയിട്ടുണ്ട്. അസാമാന്യമായ പ്രതിരോധശേഷിയുള്ള സ്യൂഡോമോണസ് എർഗിനോസ എന്ന രോഗാണുവിനെ ലോകാരോഗ്യ സംഘടന നിർണായകമായ ക്രിട്ടിക്കൽ പ്രയോറിറ്റി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അമൃത വിശ്വാപീഠത്തിലെ ബയോടെക്‌നോളജി പ്രഫസർ ഡോ. ബിപിൻ നായർ വ്യക്തമാക്കി. രോഗാണുക്കൾക്കു മരുന്നുകളോടുള്ള പ്രതിരോധശേഷി നഷ്ടപ്പെടുത്താനുള്ള മാർഗങ്ങൾ വികസിപ്പിച്ചെടുക്കാനാണു ഗവേഷണത്തിലൂടെ ശ്രമിക്കുന്നത്. ബാക്ടീരിയകളെ ഉപയോഗിച്ചുള്ള പ്രതിരോധ മാർഗങ്ങളും ഗവേഷണത്തിന്റെ ഭാഗമാകും.