Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പെന്റിസൈറ്റിസ് അറിയേണ്ടതെല്ലാം

Stomach Pain

ശ്രദ്ധിച്ചില്ലെങ്കിൽ വളരെ ഗുരുതരമാകുന്ന രോഗമാണ് അപ്പെന്റിസൈറ്റിസ്. കൗമാരത്തിലും യൗവനത്തിലും കൂടുതൽ കണ്ടു വരുന്ന ഈ രോഗത്തെ പ്രതിരോധിക്കാനാകില്ല. പക്ഷേ ഫലപ്രദമായ ചികിത്സാരീതികൾ ഇന്നുണ്ട്. വയറുവേദന കലശലാകുമ്പോൾ മിക്കവരും ആദ്യമൊന്നു സംശയിക്കും, അപ്പെന്റിസൈറ്റിസാണോ എന്ന്. എന്നാൽ സാധാരണയുള്ളതാണ് എന്ന മട്ടിൽ വയറുവേദനയെ പാടേ അവഗണിക്കുന്നവരുമുണ്ട്. അപ്പെന്റിസൈറ്റിസ് എന്ന രോഗത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതാണ് കാരണം. കൗമാരത്തിലും യൗവനത്തിലും കൂടുതലായി കണ്ടു വരുന്ന രോഗമാണിത്. അപ്പെന്റിസൈറ്റിസിനെക്കുറിച്ചുള്ള സംശയങ്ങളും ഉത്തരങ്ങളും. 

വെർമിഫോം അപ്പെൻഡിക്‌സ് എന്നാൽ എന്താണ്? 
വൻകുടലും ചെറുകുടലും കൂടിച്ചേരുന്ന ഭാഗമുണ്ട്. ഇവിടെ വൻകുടലിന്റെ തുടക്ക ഭാഗത്തിന് സീക്കം എന്നാണ് പേര്. സീക്കത്തിൽ നിന്ന് വലിയ ഒരു പുഴുവിന്റെ ആകൃതിയിൽ പൊന്തി നിൽക്കുന്ന അവയവമാണ് വെർമിഫോം അപ്പെൻഡിക്‌സ്.

അപ്പെൻഡിക്‌സ് എന്ന വാക്കിന്റെ അർത്ഥം. അപ്പെൻഡിക്‌സിന് പ്രത്യേകധർമമുണ്ടോ? 
അപ്പെൻഡിക്‌സിന് ഇന്നു വരെ പ്രത്യേകധർമം കണ്ടെത്തിയിട്ടില്ല. ധർമങ്ങളില്ലാത്ത അവയവം എന്ന നിലയിൽ വിസ്‌റ്റീജിയൽ ഓർഗൻ എന്നാണിതു വിളിക്കപ്പെടുന്നത്. ലിംഫോയ്‌ഡ്‌കലകൾ ധർമങ്ങളൊന്നുമില്ലാത്ത ഒരവസ്‌ഥയിൽ എത്തിയതാകാമെന്നാണ് ഇതിന്റെ രൂപപ്പെടലിനെക്കുറിച്ചുള്ള അനുമാനം. 

അപ്പെൻഡിക്‌സ് രോഗമാകുന്നത് എങ്ങനെ? 
അപ്പെൻഡിക്‌സിനുണ്ടാകുന്ന വീക്കമാണ് അപ്പെന്റിസൈറ്റിസ് എന്ന രോഗം. ബാക്‌ടീരിയൽ അണുബാധയും ഇതിന് കാരണമാകാം. ഈ സമയത്ത് അപ്പെൻഡിക്‌സ് വീർക്കുകയും അതിന് നിറം മാറ്റമുണ്ടാകുകയും ചെയ്യും. 

അപ്പെന്റിസൈറ്റിസ് കൂടുതൽ ഏത് പ്രായക്കാരിലാണ്? 5 വയസിനു താഴെയും 50 വയസിനു മുകളിലും ഈ രോഗം വിരളമാണെന്നു കേട്ടിട്ടുണ്ട്. കാരണങ്ങളെന്തെങ്കിലുമുണ്ടോ? 
കൗമാരത്തിൽ തുടങ്ങി ഏകദേശം 20 മുതൽ 30 വയസു വരെ പ്രായമുള്ളവരെയാണ് കൂടുതലായും അപ്പെന്റിസൈറ്റിസ് ബാധിക്കുന്നത്. അഞ്ചുവയസിനു താഴെയും അൻപത് വയസിനു മുകളിലും അപ്പെന്റിസൈറ്റിസ് വളരെ കുറവായാണ് കണ്ടു വരുന്നത്. അതിന്റെ കാരണം ഇതു വരെ കൃത്യമായി കണ്ടെത്തിയിട്ടില്ല. 

എന്തെങ്കിലും കട്ടിയുള്ള ആഹാരസാധനങ്ങൾ അപ്പെൻഡിക്‌സിൽ തടയുന്നതിന്റെ ഫലമായി രോഗം വരുമോ? 
സാധ്യതയുണ്ട്. ഉദാഹരണമായി കുരുനീക്കം ചെയ്യാതെ നാരങ്ങാവെള്ളം കുടിക്കുമ്പോൾ കുരു അപ്പെൻഡിക്‌സിൽ തടഞ്ഞാൽ അണുബാധ വരാവുന്നതാണ്. അതു പോലെ കടല, പയറുമണി, മറ്റു ധാന്യങ്ങൾ ഇവ തടഞ്ഞാലും തുടർന്ന് അണുബാധയുണ്ടായി അപ്പെന്റിസൈറ്റിസാകാം. 

മറ്റെന്തെങ്കിലും രോഗബാധയെത്തുടർന്ന് അപ്പെന്റിസൈറ്റിസ് വരുമോ? 
വയറിലുണ്ടാകുന്ന ചില രോഗങ്ങൾ അപ്പെന്റിസൈറ്റിസിനു കാരണമാകാറുണ്ട്. വൻകുടലിലും ചെറുകുടലിലും വ്രണങ്ങളുണ്ടാക്കുന്ന ക്രോൺസ് ഡിസീസ്, വൻകുടലിൽ വ്രണങ്ങളുണ്ടാക്കുന്ന കൊളൈറ്റിസ് എന്നിവയിലേതെങ്കിലും ബാധിച്ചാൽ തുടർന്ന് അപ്പെന്റിസൈറ്റിസ് ബാധിക്കാനുള്ള സാധ്യത കൂടുതലാകും. അതുപോലെ അമീബിയാസിസ് രോഗം സീക്കത്തെയും തുടർന്ന് അപ്പെൻഡിക്‌സിനെയും ബാധിക്കും. 

അപ്പെന്റിസൈറ്റിസിന് തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ എന്തു ഭവിഷ്യത്തുകളുണ്ടാകും? 
ചികിത്സ വൈകിയാൽ അപ്പെൻഡിക്‌സിൽ പഴുപ്പ് വരും. അത് ഒരു മുഴ പോലെ വീർത്തു വരികയും പിന്നെ പൊട്ടുകയും ചെയ്യും. പൊട്ടിക്കഴിഞ്ഞാൽ അതിലെ പഴുപ്പ് മുഴുവൻ വയറിലെ പെരിറ്റോണിയൽ കാവിറ്റി (വയറിനുള്ളിലെ കുടലും മറ്റുഭാഗങ്ങളുമുള്ള പൊതുവായ കാവിറ്റി)യിലേയ്‌ക്കു വ്യാപിക്കും. അത്യന്തം ഗുരുതരമായ ഈ അവസ്‌ഥ പെരിറ്റോണൈറ്റിസ് എന്നാണറിയപ്പെടുന്നത്. വയറിനുൾഭാഗം പൊതിഞ്ഞു സൂക്ഷിക്കുന്ന നേർത്തചർമമാണ് പെരിറ്റോണിയം. കടുത്തവേദന, രക്‌തസമ്മർദ വ്യതിയാനങ്ങൾ എന്നിവ പെരിറ്റോണൈറ്റിസിനെ തുടർന്നുണ്ടാകും. എത്രയും വേഗം ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ രോഗിയുടെ സ്‌ഥിതി വഷളാകാനിടയുണ്ട്. 

അപ്പെന്റിസൈറ്റിസ് ആണെന്നു തിരിച്ചറിയാനുള്ള പരിശോധനകൾ ഏതെല്ലാമാണ്? 
അപ്പെന്റിസൈറ്റിസ് മൂർധന്യാവസ്‌ഥയിലെത്തിയാൽ ശരീരോഷ്‌മാവ് നന്നായി വർധിക്കും. വെളുത്ത രക്‌താണുക്കളുടെ എണ്ണവും കൂടും. രക്‌തപരിശോധനയിലൂടെ പസ്‌കോശങ്ങൾ അഥവാ ന്യൂട്രോഫില്ലുകളുടെ അളവ് കൂടുതലാണോ എന്നറിയാം. വെളുത്തരക്‌താണുക്കളുടെ എണ്ണം കൂടുതലായാലും അറിയാനാകും. മൂത്രപരിശോധന നടത്തണം. മൂത്രത്തിൽ അണുബാധ അഥവാ യൂറിനറി ഇൻഫക്ഷൻ ഉണ്ടോ എന്നറിയാനാണിത്. മൂത്രത്തിൽ അണുബാധ വന്നാലും അടിവയറിൽ ശക്‌തമായ വേദന വരും. സ്‌ത്രീകൾക്ക് അണ്ഡാശയം, ഫലോപ്യൻ ട്യൂബ് വീക്കവും ഇതേ പോലെ വേദനയുണ്ടാക്കും. എക്‌റ്റോപിക് ഗർഭവും അപ്പെന്റിസൈറ്റിസാണോയെന്ന് സംശയമുണർത്താം. അപ്പെൻഡിക്‌സിന്റെ കുറച്ചു താഴെയായാണ് അണ്ഡാശയങ്ങളുടെ സ്‌ഥാനം. അൾട്രാസൗണ്ട്, സി റ്റി സ്‌കാൻ പരിശോധനകളും ഫലപ്രദമാണ്. സി റ്റി സ്‌കാൻ പ്രയോജനകരമാണ്. അപ്പെൻഡിക്‌സിൽ അണുബാധ തുടങ്ങുന്ന സമയത്തു തന്നെ ഇത് ചെയ്യുകയാണെങ്കിൽ രോഗം വളരെ പെട്ടെന്ന് നിർണയിക്കാനാകും. 

അപ്പെൻഡിക്‌സിൽ അണുബാധയ്‌ക്കു കാരണമാകുന്ന ബാക്‌ടീരിയകൾ ഏതെല്ലാമാണ്? 
കുടലിൽ അനേകം ബാക്‌ടീരിയകൾ ഉണ്ട്. എന്നാൽ ഇ. കോളി, ക്ലെബ്‌സിയെല്ല എന്നിവയാണ് അപ്പെന്റിസൈറ്റിസിനുകാരണമാകുന്ന പ്രധാന ബാക്‌ടീരിയകൾ എന്നു പറയാം. 

ശസ്‌ത്രക്രിയയല്ലാതെ മറ്റ്‌ചികിത്സാമാർഗങ്ങൾ എന്തെങ്കിലുമുണ്ടോ? 
അപ്പെന്റിസൈറ്റിസ്, തുടക്കത്തിലാണെങ്കിൽ മരുന്നുകൾ നൽകി ഭേദമാക്കാനാകും. ആന്റിബയോട്ടിക്കുകൾ, ഇൻട്രാവീനസ് ഫ്ലൂയിഡ്, വേദനയ്‌ക്കുള്ള മരുന്നുകൾ എന്നിവയാണ് സാധാരണയായി നൽകുന്നത്. വളരെ ലഘുവായ അവസ്‌ഥയിലാണെങ്കിൽ അപ്പെന്റിസൈറ്റിസ് തനിയെ മാറിപ്പോകാം. ബ്രോഡ് സ്‌പെക്‌ട്രം എന്ന ഗ്രൂപ്പിൽ പെട്ട ആന്റിബയോട്ടിക്കുകളാണ് സാധാരണ നൽകുന്നത്. വിവിധതരം ബാക്‌ടീരിയകൾക്കെതിരെ പ്രവർത്തനശേഷിയുള്ളതാണീ മരുന്നുകൾ. ഉദാ. സെഫലോസ്‌പോറിൻ, മെട്രോണിഡസോൾ, ക്വിനോലോൺസ്. രോഗത്തിന്റെ ആരംഭത്തിൽ ആശുപത്രിയിലെത്തുന്ന രോഗിയ്‌ക്ക് 2 മുതൽ 3 ദിവസം വരെ ആഹാരം നൽകാതിരിക്കും. അങ്ങനെ കുടലിന് വിശ്രമം നൽകുന്നു. ഇതോടൊപ്പം മരുന്നും നൽകുകയാണു ചെയ്യുന്നത്. ഗുരുതരമല്ലാത്ത അപ്പെന്റിസൈറ്റിസുമായി വരുന്നവരിലാണിതു ചെയ്യുന്നത്. അവരെ നിരീക്ഷിക്കുന്നതിനു കൂടിയാണ് ആശുപത്രിയിൽ അഡ്‌മിറ്റു ചെയ്യുന്നത്. 

മലബന്ധം അപ്പെന്റിസൈറ്റിസിന് കാരണമാകുന്നുണ്ടോ? 
പൊതുവേ ആളുകൾക്കുള്ള സംശയമാണിത്. എന്നാൽ മലബന്ധവും അപ്പെന്റിസൈറ്റിസുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. രോഗബാധിതമായ സമയത്ത് മലം അയഞ്ഞുപോവുക, മുറുകിപ്പോവുക എന്നിങ്ങനെ മലവിസർജ്‌ജനത്തിൽ ചില വ്യതിയാനങ്ങളുണ്ടാകാം. 

ജീവിതശൈലിയിൽ ശ്രദ്ധിച്ചാൽ അപ്പെന്റിസൈറ്റിസിനെ തടയാനാകുമോ? ആഹാരവും അപ്പെന്റിസൈറ്റിസുമായി എന്തെങ്കിലും ബന്ധമുണ്ടോ? 
ജീവിതശൈലിയും അപ്പെന്റിസൈറ്റിസുമായി അഭേദ്യമായ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ല. നാരുകൾ കുറഞ്ഞ ഭക്ഷണം അപ്പെന്റിസൈറ്റിസിനു കാരണമാകുന്നുവെന്ന് പറയുന്നുണ്ടെങ്കിലും വ്യക്‌തമായ തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പൊതുവേ നല്ലതാണ്. നാരുള്ള ഭക്ഷണം രണ്ടു വിധത്തിലുണ്ട്. റഫ് ഫൈബർ (അതായത് പച്ചക്കറികളിലും പഴങ്ങളിലുമുള്ള നാര്) ഫൈൻ ഫൈബർ (അതായത് തവിട്, കടല, പയറു വർഗങ്ങൾ, ഓട്‌സ്, കോൺഫ്ലേക്‌സ് എന്നിവയിലെ സൂക്ഷ്‌മമായ നാരിെൻറ അംശം). ഫൈൻഫൈബറുകൾ പൊതുവേ ശാരീരികാരോഗ്യത്തിന് മുതൽക്കൂട്ടാണ്. പ്രമേഹം, ഹൃദ്രോഗങ്ങൾ, ഹൈപ്പർടെൻഷൻ, ഉയർന്ന കൊളസ്‌ട്രോൾ എന്നീ രോഗങ്ങൾക്കെതിരെ നാരടങ്ങിയ ഭക്ഷണം ശരീരത്തിന് പ്രതിരോധശക്‌തിനൽകുന്നു. വിദേശങ്ങളിലെ കാൻഡ് ഫുഡ്, റെഡിമെയ്‌ഡ് ഫുഡ് എന്നിവ മേൽപ്പറഞ്ഞരോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ ആഫ്രിക്കയിലെയും ഏഷ്യയിലെയും പല അവികസിതരാജ്യങ്ങളിലും പ്രകൃതിദത്തവും ധാരാളം നാരുകൾ അടങ്ങിയതുമായ ആഹാരം ഉപയോഗിക്കുന്നുവെന്ന കാരണത്താൽ ഇത്തരം ജീവിതശൈലീരോഗങ്ങൾ കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. 

ഒരുതവണ അപ്പെന്റിസൈറ്റിസ് മരുന്നുകഴിച്ച് മാറി. വീണ്ടും വരാൻ സാധ്യതയുണ്ടോ? 
ഒരു തവണ മരുന്ന് കഴിച്ച് അപ്പെന്റിസൈറ്റിസ് മാറിയാലും അത് വീണ്ടും വരാൻ സാധ്യതയുണ്ട്. ചിലപ്പോൾ ശസ്‌ത്രക്രിയയും ആവശ്യമായി വന്നേക്കാം. 

വയറുവേദന തുടങ്ങുമ്പോൾ അപ്പെന്റിസൈറ്റിസാണെന്നു കരുതി വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ആന്റിബയോട്ടിക്കുകൾ ചിലർ കഴിക്കുകയും കുട്ടികൾക്കു നൽകുകയും ചെയ്യാറുണ്ട്. ഇത് ശരിയായ രീതിയാണോ? 
തികച്ചും തെറ്റായ ഒരു പ്രവണതയാണിത്. ഡോക്‌ടറുടെ നിർദ്ദേശത്തോടു കൂടി മാത്രമേ ആന്റിബയോട്ടിക്കുകൾ കഴിക്കാവൂ. വയറുവേദന കലശലായാൽ ഉടൻ ഏറ്റവും അടുത്തുള്ള ഡോക്‌ടറെ കാണണം സ്വയം ചികിത്സ അപകടകരമാണ് എന്നോർമിക്കുക. 

അച്ഛനോ അമ്മയ്‌ക്കോ അപ്പെന്റിസൈറ്റിസ് ഉണ്ടായിട്ടുണ്ടെങ്കിൽ മക്കൾക്കും വരുമോ? അപ്പെന്റിസൈറ്റിസിൽ പാരമ്പര്യം ഒരു ഘടകമാണോ? 
അപ്പെന്റിസൈറ്റിസിൽ പാരമ്പര്യം ഒരു പ്രധാന ഘടകമല്ല. ഇത് ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടുന്നുമില്ല. എങ്കിലും ചില കുടുംബങ്ങളിൽ ഒന്നിൽ കൂടുതൽ വ്യക്‌തികൾക്ക് ഈ രോഗം ചിലപ്പോൾ ഉണ്ടാകാറുണ്ട്. അതിന്റെ കാരണം വ്യക്‌തമല്ല. 

അപ്പെന്റിസൈറ്റിസുമായി ബന്ധപ്പെട്ട് ബ്ലോക്കേജ് ഉണ്ടാകുന്നു എന്നു കേട്ടിട്ടുണ്ട്. എന്താണത്? 
മലത്തിൽ ചെറിയ കല്ലുകൾ പോലെ ഉണ്ടാകാറുള്ള പദാർത്ഥങ്ങൾ (ഫീക്കോലിത്ത്), അപ്പെൻഡിക്‌സിലെ ലിംഫോയ്‌ഡ് കോശങ്ങളുടെ വീക്കം, ആഹാരത്തിലെ ചില അസാധാരണപദാർത്ഥങ്ങൾ, വിരകൾ, ദ്വാരം ചുരുങ്ങൽ മുതലായവ മൂലം അപ്പെൻഡിക്‌സ് എന്ന ചെറുകുഴലിന്റെ ആകൃതിയിലുള്ള അവയവത്തിന്റെ പ്രവേശനദ്വാരം അടയുന്നതാണ് ബ്ലോക്കേജ് എന്നറിയപ്പെടുന്നത്. ഇങ്ങനെ ദ്വാരം അടഞ്ഞാൽ മലം, ആഹാരത്തിൽ നിന്നുള്ള ചില പദാർത്ഥങ്ങൾ എന്നിവ ഈ കുഴലിനുള്ളിൽ കെട്ടിനിൽക്കുകയും തുടർന്ന് ബാക്‌ടീരിയ മൂലം അണുബാധ ഉണ്ടാകുകയും ചെയ്യും. 

പ്രമേഹരോഗികളിൽ അപ്പെന്റിസൈറ്റിസ് വന്നാൽ പ്രത്യേകമായി എന്തെങ്കിലും ശ്രദ്ധിക്കണോ? 
പ്രമേഹരോഗികളിൽ വേദനയും മറ്റു ലക്ഷണങ്ങളും ശക്‌തിയായി പ്രകടമാകണമെന്നില്ല. പ്രമേഹത്തിന്റെ പാർശ്വഫലമായി ഞരമ്പുകൾ മരവിക്കുന്നത് ഇതിനു കാരണമാകാം. പ്രമേഹരോഗികളിൽ ബാക്‌ടീരിയൽ അണുബാധ മൂലം പ്രതിരോധശക്‌തി കുറയാനും രോഗം പെട്ടെന്ന് മൂർഛിക്കുവാനും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്‌ക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. 

വയറുവേദന തുടങ്ങുമ്പോൾ വീട്ടിൽ വച്ച് ചെയ്യേണ്ടതെന്തെല്ലാം? 
കട്ടിയുള്ള ആഹാരം നൽകുന്നത് ഉടൻ നിർത്തുക. രോഗനിർണയത്തിനുശേഷം ശസ്‌ത്രക്രിയ വേണ്ടി വന്നാൽ നിറഞ്ഞ വയർ അനസ്‌തീഷ്യ നൽകുന്നതിന് തടസമാകും. അതായത് ശസ്‌ത്രക്രിയ കുറേമണിക്കൂറുകൾ താമസിപ്പിക്കേണ്ടി വരും. എത്രയും വേഗം രോഗനിർണയം നടത്തുക എന്നതാണ് പ്രധാനം.അങ്ങനെ ചെയ്‌താൽ പല അപകടഘട്ടങ്ങളും ഒഴിവാക്കാനാകും. നാം ഉദ്ദേശിക്കുന്ന ലക്ഷണങ്ങൾ എപ്പോഴും പ്രകടമാകണമെന്നില്ല. 

അപ്പെന്റിസൈറ്റിസിന് എത്ര തരം ശസ്‌ത്രക്രിയകളാണ് സാധാരണയായി ചെയ്യുന്നത്?
സാധാരണയായി രണ്ടു വിധത്തിൽ ശസ്‌ത്രക്രിയ ചെയ്യാറുണ്ട്. ഓപ്പൺ സർജറി അഥവാ വയറുതുറന്നുള്ള ശസ്‌ത്രക്രിയ, ലാപ്രോസ്‌കോപ്പി അഥവാ താക്കോൽദ്വാര ശസ്‌ത്രക്രിയ. ഈ ശസ്‌ത്രക്രിയകൾ പൊതുവേ അപ്പെന്റിസെക്‌റ്റമി എന്നാണ് അറിയപ്പെടുന്നത്. ലാപ്രോസ്‌കോപ്പിക് ശസ്‌ത്രക്രിയയ്‌ക്ക് ഏകദേശം 12,000 മുതൽ 15,000 വരെ ചെലവ് വരും. തുറന്നശസ്‌ത്രക്രിയയ്‌ക്ക് ഏകദേശം 9,000 മുതൽ 12,000 വരെ ചെലവാകും. 

തുറന്നശസ്‌ത്രക്രിയ അതായത് ഓപ്പൺസർജറി ചെയ്യുന്നവിധം വിശദമാക്കാമോ? 
വയറിന്റെ അടിവശത്ത് വലതുഭാഗത്തായി 5 മുതൽ 6 സെ.മീ നീളത്തിൽ മുറിവുണ്ടാക്കുകയാണ് തുറന്ന ശസ്‌ത്രക്രിയയിൽ ആദ്യം ചെയ്യുന്നത്. തൊലി മുറിച്ച് താഴെയുള്ള പേശികൾ അവയുടെ നാരുകൾക്ക് സമാന്തരമായി അകറ്റി, പെരിറ്റോണിയവും തുറന്ന് അണുബാധയുള്ള അപ്പെൻഡിക്‌സ് കണ്ടെത്തുന്നു. അതിനു ശേഷം അപ്പെൻഡിക്‌സിലേയ്‌ക്കുള്ള രക്‌തക്കുഴലുകൾ മുറിച്ച് അപ്പെൻഡിക്‌സ് സ്വതന്ത്രമാക്കുന്നു. അതിന്റെ വൻകുടലുമായി യോജിക്കുന്ന ഭാഗം (ബേസ്) കെട്ടി അപ്പെൻഡിക്‌സ് മുറിച്ചുമാറ്റുന്നു. അതിനുശേഷം പെരിറ്റോണിയവും പേശികളും തൊലിയും വീണ്ടും പഴയപടി തുന്നിവച്ച് അടയ്‌ക്കുന്നു. 

ഓപ്പൺസർജറിയ്‌ക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ? 
വണ്ണം കൂടുതലുള്ള രോഗികളിൽ തുറന്നശസ്‌ത്രക്രിയയ്‌ക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ട്. അവരിൽ സാധാരണയിലധികം വലിയ മുറിവ് ഉണ്ടാക്കേണ്ടി വരാറുണ്ട്. വണ്ണം കൂടുതലുള്ളവരിൽ ഈ മുറിവ് ഉണങ്ങുമ്പോൾ ബലക്കുറവ് ഉണ്ടായി ഹെർണിയ രൂപപ്പെടാനും സാധ്യത കൂടുതലുണ്ട്. വയറ് തുറന്ന് അപ്പെന്റിസെക്‌റ്റമി ചെയ്യുമ്പോൾ അപ്പെൻഡിക്‌സും അതിനോട് ചേർന്നു കിടക്കുന്ന വൻകുടലിന്റെ തുടക്കഭാഗവും ചെറുകുടലിന്റെ അവസാനഭാഗവും മാത്രമേ കാണാൻ കഴിയൂ. ഇതു വളരെ പരിമിതമായ രോഗനിർണയത്തിന് മാത്രമേ സഹായകമാകുന്നുള്ളൂ. അതിനാൽ അപ്പെന്റിസൈറ്റിസാണെന്ന് നൂറു ശതമാനം ഉറപ്പില്ലാത്ത അവസരങ്ങളിൽ തുറന്ന ശസ്‌ത്രക്രിയ അഭികാമ്യമല്ല. 

താക്കോൽദ്വാരശസ്‌ത്രക്രിയ (കീഹോൾ ശസ്‌ത്രക്രിയ) ചെയ്യുന്നതെങ്ങനെയാണ്? 
മൂന്നുമുറിവുകൾ ഉണ്ടാക്കിയാണ് കീഹോൾ ശസ്‌ത്രക്രിയ ചെയ്യുന്നത്. പൊക്കിളിൽ കൂടി ഒരു സെ. മീ.വലിപ്പമുള്ള മുറിവുണ്ടാക്കി അതിലൂടെ ടെലിസ്‌കോപ്പ് കടത്തി വയറിനുൾവശം പരിശോധിക്കുന്നു. അതിനുശേഷം വയറിന്റെ അടിവശത്തായി ഇരുവശങ്ങളിലും അഞ്ച് മില്ലിമീറ്റർ വീതംവലിപ്പമുള്ള രണ്ട് ദ്വാരങ്ങൾ ഉണ്ടാക്കുന്നു. ടെലിസ്‌കോപ്പിലൂടെ നേരിട്ട് വീക്ഷിച്ചുകൊണ്ടാണ് ഈ ദ്വാരങ്ങൾ ഉണ്ടാക്കുന്നത്. ഈ രണ്ട് ദ്വാരങ്ങളിലൂടെ അപ്പെൻഡിക്‌സിനെ പിടിക്കുന്നതിനും മുറിക്കുന്നതിനുമുള്ള ഉപകരണങ്ങൾ കടത്തുകയും അപ്പെൻഡിക്‌സ് മുറിച്ചുമാറ്റുകയും ചെയ്യുന്നു. തുറന്ന ശസ്‌ത്രക്രിയയിലേതു പോലെ കീഹോൾ ശസ്‌ത്രക്രിയയിലും അപ്പെൻഡിക്‌സിനെ നൂലുകൊണ്ട് കെട്ടി ഭദ്രമാക്കുന്നു. അപ്പെൻഡിക്‌സ് മാത്രമല്ല കുടൽ, ഗർഭപാത്രം, അണ്ഡാശയങ്ങൾ എന്നിങ്ങനെ വയറിന്റെ ഉൾഭാഗം മുഴുവൻ കീഹോൾ അഥവാ ലാപ്രോസ്‌കോപ്പിക് ശസ്‌ത്രക്രിയയിൽ നിരീക്ഷണവിധേയമാക്കാം. ഇത് രോഗനിർണയത്തെ വളരെയേറെ സഹായിക്കുന്നു. ചെറുമുറിവുകളായതിനാൽ വേദന കുറവായിരിക്കും. മാത്രമല്ല, വളരെ പെട്ടെന്ന് രോഗിക്ക് സുഖംപ്രാപിക്കാനാകുമെന്നതും കീഹോൾ ശസ്‌ത്രക്രിയയുടെ മെച്ചമാണ്. 

അപ്പെന്റിസെക്‌റ്റമി ചെയ്യുമ്പോൾ ഏത് അനസ്‌തീഷ്യയാണ് നൽകാറുള്ളത്? 
തുറന്നശസ്‌ത്രക്രിയയിൽ സ്‌പൈനൽ അനസ്‌തീഷ്യയാണു നൽകുന്നത്. ലാപ്രോസ്‌കോപ്പിക്‌ശസ്‌ത്രക്രിയയിൽ ജനറൽ അനസ്‌തീഷ്യയാണ് സാധാരണ നൽകുന്നത്, സ്‌പൈനൽ അനസ്‌തീഷ്യ നൽകാറില്ല. 

തുറന്നശസ്‌ത്രക്രിയകൾ അധികം ചെയ്യാറില്ല എന്നു പറയുന്നത് ശരിയാണോ? 
ശരിയല്ല. കേരളത്തിൽ അപ്പെന്റിസൈറ്റിസിന് തുറന്ന ശസ്‌ത്രക്രിയ മാത്രം ചെയ്യുന്ന ആശുപത്രികൾ ഇന്നുണ്ട്. ലാപ്രോസ്‌കോപ്പിക് ശസ്‌ത്രക്രിയകളാണ് കൂടുതൽ പേരും ആവശ്യപ്പെടുന്നത് എന്നുമാത്രം. എന്നാൽ ഇവയുടെ ചെലവ് താരതമ്യപ്പെടുത്തിയാൽ ഗണ്യമായ വ്യത്യാസമൊന്നും ഇല്ല. 

അപ്പെന്റിസൈറ്റിസ് ശസ്‌ത്രക്രിയ കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? 
സാധാരണഗതിയിൽ ശസ്‌ത്രക്രിയ കഴിഞ്ഞ് 36 മണിക്കൂറിനുശേഷം ആശുപത്രി വിടാവുന്നതാണ്. മറ്റു പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഡോക്‌ടർ കുറച്ചുസമയം കൂടി ആശുപത്രിയിൽ കഴിയാൻ നിർദ്ദേശിക്കും. ഭക്ഷണത്തിൽ പ്രത്യേകമായൊന്നും ശ്രദ്ധിക്കാനില്ല. നാലുമുതൽ അഞ്ചുദിവസത്തിനുള്ളിൽ സാധാരണമട്ടിൽ ജീവിതം നയിക്കാം. യാത്ര, ഓഫീസ് ജോലികൾ, സ്‌ത്രീകൾക്ക് അടുക്കളയിലെ ജോലികൾ എല്ലാം ചെയ്യാവുന്നതാണ്. 

ശസ്‌ത്രക്രിയകഴിഞ്ഞ് വ്യായാമം ചെയ്യുക. ഭാരം ഉയർത്തുക എന്നിവ ചെയ്യുമ്പോൾ പ്രത്യേകമായി എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? 
കടുത്ത വ്യായാമരീതികൾ ഉടൻ ചെയ്യാൻ പാടില്ല. ഡോക്‌ടറോട് ആലോചിച്ചതിനു ശേഷം രണ്ടു മൂന്ന് ആഴ്‌ചകൾക്കുള്ളിൽ വ്യായാമം തുടങ്ങാം. 10 കി.ഗ്രാം വരെ ഭാരം ഉയർത്തുന്നതിൽ കുഴപ്പമില്ല. എന്നാൽ ഡോക്‌ടറുടെ അനുവാദത്തോടെ മാത്രമേ ഭാരം ഉയർത്താവൂ. 

അപ്പെന്റിസൈറ്റിസിെൻറ യഥാർത്ഥ രോഗനിർണയം എങ്ങനെ? 
അപ്പെന്റിസൈറ്റിസിെന്റെ രോഗലക്ഷണങ്ങളുള്ള രോഗിയെ പരിശോധിക്കുമ്പോൾ അതായത് അടിവയറിൽ വലതുഭാഗത്തായി സ്‌പർശിക്കുമ്പോൾ രോഗിക്ക് കടുത്ത വേദന അനുഭവപ്പെടും. ഇതു കൂടാതെ രക്‌തത്തിൽ ശ്വേതരക്‌താണുക്കളുടെ അളവ് വളരെയധികം വർധിക്കുന്നു. ഭൂരിഭാഗം രോഗികളിലും ഡോക്‌ടറുടെ പരിശോധനയും രക്‌തപരിശോധനയിൽ ഉണ്ടാകുന്ന വ്യതിയാനവും കൊണ്ടു മാത്രം രോഗനിർണയം നടത്താവുന്നതാണ്. അപ്പെന്റിസൈറ്റിസ് ആണെന്ന് ഉറപ്പില്ലാത്ത അവസരങ്ങളിൽ വയറിന്റെ സി റ്റി സ്‌കാൻ പരിശോധന നടത്തിയാൽ മതി. 99 ശതമാനം രോഗികളിലും ഇതിലൂടെ രോഗനിർണയം സാധ്യമാകും. 

അപ്പെന്റിസൈറ്റിസിന് വയറിന്റെ വലതുവശത്തു തൊടുമ്പോൾ വേദന വരുമല്ലോ. എന്നാൽ ഈ ലക്ഷണം കൃത്യമായി ഒരാൾക്കുണ്ടാകാറുണ്ടോ? 
വയറിന്റെ വലതുവശത്തെ വേദന അപ്പെന്റിസൈറ്റിസിന്റെ പ്രധാനലക്ഷണമായി പറയാറുണ്ടെങ്കിലും എല്ലാവരിലും ഇത് വരാറില്ല എന്നതാണ് വാസ്‌തവം. അതായത് ഏകദേശം 40 ശതമാനം പേരും ഈ പ്രത്യേകവേദന കൂടാതെ തന്നെ അപ്പെന്റിസൈറ്റിസ് രോഗികളാകുകയാണ് ചെയ്യുന്നത്. 

പെരിറ്റോണൈറ്റിസ് വന്നുകഴിഞ്ഞാൽ പിന്നെ ചികിത്സ ഫലപ്രദമാകുമോ? 
രോഗനിർണയവും ചികിത്സയും വൈകിയാൽ അപ്പെൻഡിക്‌സിൽ പഴുപ്പ് വന്ന് അത് പൊട്ടും. തുടർന്ന് വയറിനുള്ളിൽ പഴുപ്പ് ബാധിക്കുന്നതാണ് പെരിറ്റോണൈറ്റിസ്. പെരിറ്റോണൈറ്റിസ് സംഭവിച്ച്, അണുബാധ വയറിനുള്ളിലായാൽ വളരെ ശ്രദ്ധയോടെയും സൂക്ഷ്‌മതയോടെയും ചികിത്സ ചെയ്യണം. പ്രശ്‌നം വഷളായതിനാൽ രോഗി സുഖം പ്രാപിക്കാനും കൂടുതൽ ദിവസം വേണ്ടി വരും. ഈ ഘട്ടത്തിൽ കീഹോൾ ശസ്‌ത്രക്രിയ ആണെങ്കിലും കൂടുതൽ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരും. വീര്യം കൂടുതലുള്ള ആന്റിബയോട്ടിക്കുകൾ നൽകുകയും വേണം. 

രോഗനിർണയം വൈകിയാൽ എന്താണു സംഭവിക്കുന്നത്? 
അപ്പെന്റിസൈറ്റിസ് രോഗനിർണയം വൈകിയാൽ പല രോഗികളിലും അപ്പെന്റിക്കുലാർ മാസ് രൂപപ്പെടാറുണ്ട്. ഇത് ശരീരത്തിന്റെ സ്വാഭാവികപ്രതിരോധശക്‌തി മൂലമാണ് രൂപപ്പെടുന്നത്. അപ്പെന്റിക്‌സിൽ പഴുപ്പ് ബാധിക്കുമ്പോൾ ആ അണുബാധ വയറിനുൾഭാഗത്ത് തന്നെ നിൽക്കുന്നതിനായി, വയറിനുള്ളിലെ ഒമെന്റം, ചെറുകുടൽ എന്നിവ അപ്പെൻഡിക്‌സിനു ചുറ്റും വന്ന് ഒട്ടിപ്പിടിക്കുന്നു. ഈ അവസ്‌ഥയിൽ രോഗിയെ പരിശോധിക്കുമ്പോൾ അടിവയറിന്റെ വലതുഭാഗത്തായി ഒരു മാസ് (കട്ടി) പോലെ തോന്നും. ഈ ഘട്ടത്തിൽ ശസ്‌ത്രക്രിയ ചെയ്യാറില്ല. ഈ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മരുന്നുകൾ നൽകി ചികിത്സിക്കേണ്ടതാണ്. പിന്നീട് നീർക്കെട്ട് കുറഞ്ഞ് 6 മുതൽ 8 ആഴ്‌ചകൾക്കുശേഷമാണ് അപ്പെന്റിസെക്‌റ്റമി ചെയ്യാറുള്ളത്. അണുബാധമൂലവും ആഹാരസാധനങ്ങൾ തടഞ്ഞും അപ്പെന്റിസൈറ്റിസ് വരാം. പൊക്കിളിനു ചുറ്റും തുടങ്ങി വയറിന്റെ വലത് കീഴ്‌ഭാഗത്ത് വേദന വരുന്നതാണ് പ്രധാനലക്ഷണം 

അപ്പെന്റിസെറ്റിസിന്റെ വേദന ഏതു വശത്താണ് തുടങ്ങുന്നത്? പ്രത്യേകതകൾ എന്തെല്ലാം? 
തുടക്കത്തിൽ പൊക്കിളിന്റെ ചുറ്റും, അല്ലെങ്കിൽ പൊക്കിളിനു മുകളിലായി അപ്പെന്റിസൈറ്റിസിന്റെ വയറു വേദന തുടങ്ങും. പിന്നീട് വയറിന്റെ കീഴ്‌ഭാഗത്ത് വലതു വശത്തേയ്‌ക്ക് വേദന മാറും. പെട്ടെന്നു തുടങ്ങുന്ന വേദനയാണെന്നതാണ് ഇതിന്റെ സവിശേഷത. ശക്‌തിയായ വേദന തുടരെ ഉണ്ടാകും. ചെറുപ്പക്കാരിൽ പെട്ടെന്ന് ശക്‌തിയായ വയറുവേദനയോടു കൂടി ഉണ്ടാകുന്നത് അക്യൂട്ട് അപ്പെന്റിസൈറ്റിസാണ്. 

ഹെർണിയയുമായി ബന്ധമുണ്ടോ? 
ഹെർണിയയും അപ്പെന്റിസൈറ്റിസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് പൊതുവേ എല്ലാവരുടെയും സംശയമാണ്. എന്നാൽ ഈ രണ്ടു രോഗങ്ങൾക്കും ബന്ധമൊന്നുമില്ല എന്നതാണ് വാസ്‌തവം. വണ്ണമുള്ള പ്രകൃതക്കാരിൽ തുറന്നശസ്‌ത്രക്രിയയ്‌ക്കായി മുറിവുണ്ടാക്കുമ്പോൾ ഹെർണിയ രൂപപ്പെടാനുള്ള സാധ്യത ഉണ്ടെന്നു പറയാം.ഉദരപേശികളിലെ ബലക്കുറവ് മൂലം വയറിനുള്ളിലെ അവയവങ്ങൾ (കുടൽ, ഒമെന്റം മുതലായവ) തള്ളി വരുന്നതിനാണ് ഹെർണിയ എന്നു പറയുന്നത്. ഒടിയിൽ (അടിവയറിനും തുടയ്‌ക്കും ഇടയിലുള്ള ഭാഗം) ആണ് ഏറ്റവും സാധാരണയായി ഹെർണിയ ഉണ്ടാകുന്നത്. ഇത്തരം ഹെർണിയ ഇൻഗ്വിനൽ അഥവാ ഗ്രോയിൻ ഹെർണിയ എന്നറിയപ്പെടുന്നു. പണ്ട് വയറിൽ ഏതെങ്കിലും ശസ്‌ത്രക്രിയ നടത്തിയിട്ടുണ്ടെങ്കിൽ ആ മുറിവിന് ബലക്കുറവ് വന്നാലും ഹെർണിയ രൂപപ്പെടാം. ഇതിന് ഇൻസിഷണൽ ഹെർണിയ എന്നു പറയുന്നു. ഈ രണ്ടു തരം ഹെർണിയകൾക്കും കീഹോൾ ശസ്‌ത്രക്രിയയിലൂടെ ശാശ്വതപരിഹാരം കാണുവാൻ സാധിക്കും. 

ആൺകുട്ടികളിൽ കൂടുതൽ 

അപ്പെന്റിസൈറ്റിസ് കൂടുതൽ ബാധിക്കുന്നത് ആൺകുട്ടികളിലാണെന്നു പറയുന്നത് ശരിയാണോ? 
ഇതുവരെയുള്ള ചികിത്സാനുഭവങ്ങൾ പരിഗണിക്കുമ്പോൾ അപ്പെന്റിസൈറ്റിസ് കേരളത്തിൽ ആൺകുട്ടികളിലാണ് കൂടുതലായി കാണുന്നത്. കാരണം കണ്ടെത്തിയിട്ടില്ല. 

നവജാതശിശുക്കളെ അപ്പെന്റിസൈറ്റിസ് ബാധിക്കുമോ? 
നവജാതശിശുക്കളെ ബാധിക്കുന്നതാണ് നിയോനേറ്റൽ അപ്പെന്റിസൈറ്റിസ്. എന്നാൽ ഇത് വളരെ അപൂർവമായേ കാണാറുള്ളൂ. രണ്ടോ, മൂന്നോ ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളിൽ വൻകുടലിന് തകരാറു സംഭവിക്കുന്നതിനാൽ നിയോനേറ്റൽ അപ്പെന്റിസൈറ്റിസ് ബാധിച്ചിട്ടുണ്ട്. മൂന്നുവയസിനു താഴെ അപ്പെന്റിസൈറ്റിസ് വിരളമാണ്. തീരെ കുഞ്ഞുങ്ങൾക്ക് തങ്ങളുടെ രോഗലക്ഷണം പറയുന്നതിന് കഴിയാത്തതും പ്രശ്‌നം വഷളാക്കും. അതിനാൽ രോഗനിർണയത്തിന് കാലതാമസം നേരിടാം. കുഞ്ഞുങ്ങളിൽ പലപ്പോഴും രോഗം മൂർഛിച്ച അവസ്‌ഥയിലാണ് കണ്ടെത്തുന്നത്. അപ്പോഴേയ്‌ക്കും പഴുപ്പ് മറ്റു ഭാഗങ്ങളിലേയ്‌ക്ക് വ്യാപിക്കാനിടയാകും. 

കുട്ടികളിലെ അപ്പെന്റിസൈറ്റിസിൽ മുതിർന്നവരുടേതിൽ നിന്ന് വ്യത്യസ്‌തമായി എന്തെങ്കിലും ലക്ഷണങ്ങളുണ്ടോ? 
നേരം പുലരുമ്പോൾ തന്നെ വയറുവേദന ആരംഭിക്കാം. ഭക്ഷണം കഴിക്കാൻ കുട്ടി മടി കാണിക്കും. ചിലപ്പോൾ ഛർദ്ദിക്കും. കുടൽ തന്നെ ആമാശയത്തിന്റെ പ്രവർത്തനം കുറയ്‌ക്കും, അതായത് കുടലിന്റെ റിഫ്ലക്‌സ് പ്രവർത്തനം മൂലമാണ് ഛർദ്ദിക്കാൻ തോന്നുന്നത്. ഛർദ്ദി, ആഹാരത്തിന് രുചിക്കുറവ് എന്നിവ കുട്ടികളിലാണ് കൂടുതൽ അനുഭവപ്പെടുന്നത്. ഉറക്കവും കുറയും. പൊക്കിളിനു ചുറ്റും തുടങ്ങുന്ന വേദന വയറിന്റെ വലതുഭാഗത്തേയ്‌ക്ക് മാറും. വലതുവശത്ത് താഴെ മക്‌ബേർണീസ് പോയിന്റ് എന്ന ഭാഗത്ത് കൈയമർത്തുമ്പോഴാണ് ഏറ്റവുമധികം വേദന അനുഭവപ്പെടുന്നത്. ശ്വാസം വലിക്കുമ്പോഴും ചുമയ്‌ക്കുമ്പോഴും നല്ല വേദന അനുഭവപ്പെടും. പനി, കൂടെക്കൂടെ കുളിരുക, മൂത്രമൊഴിക്കുമ്പോൾ വേദന, വയറിളക്കം എന്നിവയും വരാം. കൊച്ചുകുഞ്ഞുങ്ങളിൽ ആഹാരം കഴിക്കാൻ മടി, പനി, അടിവയറുവേദന എന്നിവ കണ്ടു വരുന്നു. 

ശസ്‌ത്രക്രിയ കഴിഞ്ഞാൽ കുട്ടികൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? 
മറ്റുപ്രശ്‌നങ്ങളൊന്നുമില്ലാത്ത സാധാരണ അപ്പെന്റിസൈറ്റിസാണെങ്കിൽ 3 ദിവസത്തിനു ശേഷം കുട്ടിക്ക് ആശുപത്രിവിടാവുന്നതാണ്. കീഹോൾ ശസ്‌ത്രക്രിയയാണെങ്കിൽ 2-3 ദിവസത്തിനു ശേഷം സ്‌കൂളിൽ പോകാവുന്നതാണ്. അണുബാധ വയറിനുള്ളിൽ പടർന്നിട്ടുണ്ടെങ്കിൽ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം സ്‌കൂളിൽ പോയാൽ മതിയാകും. 

ശസ്‌ത്രക്രിയയ്‌ക്കു ശേഷം 8 മുതൽ 10 മണിക്കൂർ വരെ എന്തെങ്കിലും ദ്രാവകം ആഹാരമായി നൽകിയാൽ മതിയാകും. ആഹാരത്തിന് പ്രത്യേക പഥ്യമൊന്നും നോക്കേണ്ടതില്ല. നാരുകൾ അടങ്ങിയ ഭക്ഷണം നൽകാവുന്നതാണ്. ഡോക്‌ടറുടെ അനുവാദത്തോടെ കളിക്കാനുള്ള സമയവും ചിട്ടപ്പെടുത്താവുന്നതാണ്. 

തീരെ കൊച്ചു കുഞ്ഞുങ്ങളിൽ കീഹോൾ ശസ്‌ത്രക്രിയ ചെയ്യുമോ? 
കീഹോൾ ശസ്‌ത്രക്രിയ കൊച്ചുകുഞ്ഞുങ്ങളിലും ചെയ്യാവുന്നതാണ്. അതിന് യാതൊരു തടസവുമില്ല. എന്നാൽ ഇതിന് പ്രത്യേകമായി തയാറാക്കിയ ടെലിസ്‌കോപ്പും മറ്റ് ഉപകരണങ്ങളും വേണമെന്നു മാത്രം. കുഞ്ഞുങ്ങളുടെ ശരീരത്തിന് വലുപ്പം കുറവായതിനാൽ 5 മുതൽ 7 മില്ലീമീറ്റർ വലിപ്പമുള്ള ടെലസ്‌കോപ്പും ഉപകരണങ്ങളുമാണ് കുട്ടികളിൽ ഉപയോഗിക്കാറുള്ളത്. ചില പ്രത്യേക ചികിത്സാകേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്. 

വയറുവേദന കൂടാതെ മറ്റു ലക്ഷണങ്ങൾ 
ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്‌മ എന്നിവ അനുഭവപ്പെടും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്‌തിയായ വേദന ഉണ്ടാകും. ഇങ്ങനെ അമർത്തുമ്പോൾ വേദന മൂലം വയറിലെ മസിൽ മുറുകും. ചെറിയതോതിലുള്ള പനി സാധാരണഉണ്ടാകാറുണ്ട്. ശക്‌തിയായ പനി വളരെ അപൂർവമായേ ഉണ്ടാകൂ. ഇത് സൂചിപ്പിക്കുന്നത് അപ്പെൻഡിക്‌സിൽ പഴുപ്പ് ബാധിച്ചിട്ടുണ്ടെന്നാണ്. വെളുത്ത രക്‌താണുക്കളുടെ എണ്ണം കുറയുകയും ചെയ്യും. അസുഖത്തിന്റെ ആദ്യഘട്ടത്തിൽ മലബന്ധം അനുഭവപ്പെടാം. 

തീരെ ചെറിയ കുഞ്ഞുങ്ങൾ, വൃദ്ധർ, അമിതവണ്ണമുള്ളവർ എന്നിവരിൽ ശ്രദ്ധേയമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. മാത്രമല്ല, അപ്പെൻഡിക്‌സ് പലപ്പോഴും അസാധാരണനിലകളിൽ അതായത്, സീക്കത്തിനു പിറകിൽ അല്ലെങ്കിൽ കുറേക്കൂടി താഴെ എന്നിങ്ങനെ കാണാറുണ്ട്. ഈ അവസ്‌ഥയിലും ശ്രദ്ധേയലക്ഷണങ്ങൾ ഒന്നും കണ്ടെന്നു വരില്ല.