Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹം; വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

diabetes-food

വീട്ടിൽ പ്രമേഹം പിടിപെട്ട ഒരു രോഗിയുണ്ടെങ്കിൽ, അത് ആ കുടുംബത്തിനെ എങ്ങനെ ബാധിക്കും? കുടുംബാംഗങ്ങൾക്കു മൊത്തമായി ജീവിത ശൈലിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടി വരും ? കഴിഞ്ഞ 14ന് ഈ വർഷത്തെ ലോക പ്രമേഹ ദിനം ആചരിച്ചപ്പോൾ ചിന്താവിഷയം ഇതൊക്കെയായിരുന്നു. പ്രമേഹത്തിനു കുടുംബത്തിന്മേലുള്ള സ്വാധീനം, രോഗ നിയന്ത്രണത്തിലും പ്രതിരോധത്തിലും കുടുംബത്തിനുള്ള പങ്ക് എന്നീ വിഷയങ്ങളാണ് ഇത്തവണ പ്രധാനമായും ചർച്ച ചെയ്തത്.

ജീവിതശൈലീരോഗമാണ് പ്രമേഹം. അതോടൊപ്പം ഒരു പാരമ്പര്യ രോഗവും ആണ്. കുടുംബത്തിലെ ഒരംഗത്തിനു രോഗം വന്നാൽ മറ്റുള്ളവർക്കും വരാനുള്ള സാധ്യത ഏറെയാണ്. മാതാപിതാക്കളിൽ ഒരാൾക്കു പ്രമേഹരോഗമുണ്ടെങ്കിൽ മക്കൾക്കു പ്രമേഹം പിടിപെടാൻ 50% സാധ്യതയുണ്ട്. മാതാപിതാക്കൾ രണ്ടു പേരും പ്രമേഹരോഗ ബാധിതരാണെങ്കിൽ ഇത് 70% ആയി വർധിക്കുന്നു. അതുകൊണ്ടു തന്നെ പ്രമേഹരോഗത്തെ ചെറുക്കുവാനുള്ള ജീവിതശൈലി കുടുംബമൊന്നാകെ ശീലിക്കണം. കുട്ടികൾക്കു ചെറുപ്പത്തിലെതന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും വ്യായാമ കാര്യത്തിലും ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കണം. 18 വയസ്സിനുള്ളിൽ ടൈപ്–2 പ്രമേഹരോഗം ആരംഭിക്കുന്ന ഭീതിദമായ അവസ്ഥയുണ്ട് നമ്മുടെ നാട്ടിൽ.

എന്തിന് കുടുംബം
പ്രമേഹരോഗിയുടെ പ്രധാന ചികിത്സാലയം വീടാണ്. കാരണം ഭക്ഷണ നിയന്ത്രണവും വ്യായാമവും രോഗസങ്കീർണതകളെ നേരിടാനുള്ള തയാറെടുപ്പുമെല്ലാം വീട്ടിൽ നിന്നാണു തുടങ്ങേണ്ടത്. പ്രമേഹ രോഗമുണ്ടെന്നു കണ്ടെത്തിയാൽ‍ അതു കുടുംബത്തിലെ മറ്റ് അംഗങ്ങളെ അറിയിക്കണം. വീട്ടിലെ ഭക്ഷണം മുതൽ ബജറ്റ് വരെ ഈ അറിവ് അനുസരിച്ചു മാറ്റങ്ങൾ വരുത്തണം. ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്കു കുടുംബാംഗങ്ങൾക്കെല്ലാവർക്കും മാറാനും, മരുന്നിനും മറ്റു പരിശോധനാ ചെലവുകൾക്കും അനുസരിച്ചു കുടുംബ ബജറ്റിൽ മാറ്റങ്ങൾ വരുത്താനും ഈ അറിവ് ഉപകരിക്കും.

ഭക്ഷണരീതി
പ്രമേഹരോഗിക്കു വേറെ ഭക്ഷണം എന്ന തരംതിരിവു വേണ്ട. കുടുംബത്തിലെ എല്ലാവർക്കും പ്രമേഹരോഗിക്കു ചേരുന്ന ഭക്ഷണം കഴിക്കാം. പ്രമേഹരോഗി തീർത്തും ഒഴിവാക്കേണ്ട ഭക്ഷണ പദാർഥങ്ങൾ വീട്ടിൽ വാങ്ങി സൂക്ഷിക്കരുത്. ഭക്ഷണശീലത്തിലെ അനാരോഗ്യകരമായ പ്രവണതകളെ തിരുത്തി മറ്റു കുടുംബാംഗങ്ങൾക്കുള്ള പ്രമേഹരോഗ സാധ്യത കുറയ്ക്കാൻ ഇതു സഹായിക്കും.  ആഘോഷവേളകളിൽ പ്രമേഹരോഗിയെ കൂടി ഉൾപ്പെടുത്താനുള്ള ഭക്ഷണവിഭവങ്ങൾ ആയിരിക്കണം ഒരുക്കേണ്ടത്. 

വീടൊരുക്കാം പ്രമേഹരോഗിക്കു വേണ്ടി
പ്രായമായ പ്രമേഹരോഗികളിൽ പലർക്കും രോഗസങ്കീർണതയായ ന്യൂറോപതി (നാഡീകോശങ്ങളെ പ്രമേഹം ബാധിക്കുന്ന അവസ്ഥ) യും കാഴ്ചക്കുറവും ഉണ്ടായിരിക്കും. തന്മൂലം നിലതെറ്റി വീഴ്ചകൾക്കും അതുമൂലമുള്ള പരുക്കുകൾക്കും സാധ്യത വളരെയേറെയാണ്. വീഴ്ച തടയാനുള്ള സംവിധാനങ്ങളും പ്രകാശക്രമീകരണവും വീട്ടിൽ വേണം.

കുടുംബത്തോടൊരുമിച്ചുള്ള വ്യായാമം ഒരു പ്രമേഹരോഗിക്കു കൂടുതൽ ഫലപ്രദമാണ്. നടത്തം, സൈക്ലിങ്, ഷട്ടിൽ പോലുള്ള കളികൾ, യോഗാഭ്യാസം എന്നിവ കൂട്ടായി ചെയ്യാം. ഒറ്റയ്ക്കുള്ള വ്യായാമത്തിന്റെ വിരസത അകറ്റാൻ ഇത് ഉപകരിക്കും. പ്രമേഹരോഗിയുടെ മരുന്നും പരിശോധനകളും സമയക്രമമനുസരിച്ച് ചെയ്യാൻ കുടുംബാംഗങ്ങളുടെ സഹായം ആവശ്യമാണ്. ഗുളികകളുടെ എണ്ണവും, ക്രമവും താരതമ്യേന കൂടുതലായിരിക്കും. ചില മരുന്നുകൾ ഭക്ഷണത്തിനു മുൻപ് കഴിക്കേണ്ടതാണെങ്കിൽ മറ്റുചിലതു ഭക്ഷണത്തിനു ശേഷമാണ്. ഇൻസുലിനും പലതരമുണ്ട്. ഇവയെല്ലാം കൃത്യമായി ക്രമാനുഗതമായി ചെയ്യാൻ കുടുംബാംഗങ്ങളുടെ സഹായം നിർബന്ധമാണ്. രോഗപരിശോധനകൾ ചെയ്തു കൃത്യസമയത്ത് ഡോക്ടറെ കാണുകയും റിപ്പോർട്ടുകൾ ഫയൽ ചെയ്തു സൂക്ഷിക്കുകയും വേണം.

ഗ്ലൂക്കോമീറ്ററിന്റെ ഉപയോഗം, ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ ഗ്ലൂക്കോസ് കുറഞ്ഞുപോകുന്ന അവസ്ഥ) ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ എന്നിവ രോഗിയോടൊപ്പം തന്നെ കുടുംബാംഗങ്ങളും അറിഞ്ഞിരിക്കണം.  പ്രമേഹരോഗികളുടെ പാദസംരക്ഷണത്തിൽ കുടുംബാംഗങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. രോഗിയുടെ കാഴ്ചക്കുറവുകൊണ്ട് കാണാതെപോകുന്ന ചെറിയ മുറിവുകളാണ് ഭാവിയിൽ വലിയ മുറിവായി പാദങ്ങളെ അപകടാവസ്ഥയിൽ എത്തിക്കുക.  ഇത് തടയാൻ കുടുംബാംഗങ്ങളുടെ ശ്രദ്ധയോടെയുള്ള നോട്ടം സഹായിക്കും.

അസന്തുഷ്ടമായ കുടുംബാന്തരീക്ഷം വരുത്തിവയ്ക്കുന്ന മാനസികസമ്മർദം, ഉറക്കക്കുറവ് എന്നിവ പ്രമേഹരോഗം വർധിപ്പിക്കുന്നതിനോടൊപ്പം രോഗസങ്കീർണതകളായ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കും കാരണമാകാം. അതിനാൽ സന്തോഷകരമായ കുടുംബാന്തരീക്ഷം ഒരു പ്രമേഹരോഗിക്ക് അത്യന്താപേക്ഷിതമാണ്.