Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്താഴസമയം ക്രമീകരിച്ച് അർബുദത്തെ പ്രതിരോധിക്കാം

breast-cancer

എപ്പോഴാണ് നിങ്ങള്‍ അത്താഴം കഴിക്കുന്നത്‌? അതിനങ്ങനെ സമയമൊന്നുമില്ല എന്നാണ് ഉത്തരമെങ്കില്‍ ഒന്ന് ശ്രദ്ധിച്ചോളൂ. നിങ്ങള്‍ നിസ്സാരമെന്നു കരുതുന്ന ഈ അത്താഴശീലം ഒന്നു ക്രമീകരിച്ചാല്‍ ഒരുപക്ഷേ നിങ്ങളുടെ ജീവനുതന്നെ ഭീഷണിയായേക്കാവുന്ന രണ്ടു മാരകരോഗങ്ങളില്‍നിന്നു രക്ഷനേടാം. 

ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് കാന്‍സറിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാത്രി ഒന്‍പതിനു മുൻപ് അത്താഴം ശീലിച്ചാൽ പ്രോസ്റ്റേറ്റ് കാന്‍സര്‍, സ്തനാര്‍ബുദം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പഠനം.  621 പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതരിലും 1,205 സ്തനാര്‍ബുദ ബാധിതരിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. 

ഒന്‍പതിനു മുൻപോ അല്ലെങ്കില്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുൻപോ അത്താഴം കഴിക്കുന്നവര്‍ക്ക് പത്തിനു ശേഷം ആഹാരം കഴിക്കുകയും ഉടനടി ഉറങ്ങാന്‍ പോകുകയും ചെയ്യുന്നവരെ അപേക്ഷിച്ച് മേൽപ്പറഞ്ഞ രോഗങ്ങള്‍ വരാനുള്ള സാധ്യത ഇരുപതു ശതമാനം കുറവാണ് എന്നാണ് കണ്ടെത്തല്‍.

നമ്മുടെ ആഹാരശീലങ്ങള്‍ കാന്‍സര്‍ സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നുണ്ട് എന്നത് മുന്‍പും തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ശരിയായ സമയത്തെ ആഹാരശീലങ്ങളും ഡയറ്റും കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ഈ പഠനത്തി‌നു മാതൃകയാക്കിയ രോഗബാധിതരിൽ നല്ലശതമാനവും വളരെ വൈകി അത്താഴം കഴിക്കുന്നവരായിരുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ജീവിതശൈലീമാറ്റങ്ങള്‍ മൂലം പിടിപെടാവുന്ന കാന്‍സര്‍ വകഭേദങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് സ്തനാര്‍ബുദവും പ്രോസ്റ്റേറ്റ് കാന്‍സറുമാണ്.