Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശുപത്രിയും ചികിൽസയും ജിഎസ്ടിയും; അറിയേണ്ടതെന്തെല്ലാം

gst-hospital-t

ആശുപത്രികളുടെ ചികിൽസാ സേവനങ്ങൾക്ക് ജിഎസ്ടി ഒഴിവുണ്ട്. പക്ഷെ മരുന്നിനും മറ്റു ചികിൽസാ ഉപകരണങ്ങൾക്കും ജിഎസ്ടിയുണ്ട്. ചികിൽസയുടെ ഭാഗമായി നൽകുന്ന മരുന്നിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും ജിഎസ്ടി ബാധകമാണോ? ആശുപത്രി ഈടാക്കുന്ന മുറിവാടകയ്ക്ക് ജിഎസ്ടി ബാധകമാണോ?

ഈ വിഷയത്തിൽ ജിഎസ്ടി അഡ്വാൻസ് റൂളിങ് അതോറിറ്റിയുടെ 3 റൂളിങ്ങുകൾ ഉണ്ട് (2018 സെപ്റ്റംബർ 19ന് എറണാകുളം മെഡിക്കൽ സെന്ററിന്റെ കേസ്–AAR No. KER/16/2018. 2018 ഒക്ടോബർ 6ന് രാജഗിരി ഹെൽത്കെയർ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ് കേസ് AAR No. KER/24/2018, 2018 ഒക്ടോബർ 20ന് കിംസ് ഹെൽത്കെയർ മാനേജ്മെന്റ് ലിമിറ്റഡിന്റെ കേസ്–AAR No. KER/17/2018).

പ്രസ്തുത റൂളിങ്ങുകൾ പ്രകാരം

(1) ഇൻപേഷ്യന്റുകൾക്ക് ചികിൽസയുടെ ഭാഗമായി ഫാർമസിയിൽനിന്നു നൽകുന്ന മരുന്നുകൾക്ക് ജിഎസ്ടി ബാധകമല്ല. എന്തെന്നാൽ അത് നികുതി ഒഴിവുള്ള ചികിൽസാ സേവനത്തിന്റെ അഭേദ്യമായ ഭാഗമാണ്. അത് ഒരു കോംപസിറ്റ് സപ്ലൈ ആണ്.

(2) ഔട്ട്പേഷ്യന്റുകൾക്കു നൽകുന്ന മരുന്നിന് ജിഎസ്ടി ബാധകമാണ്. എന്തെന്നാൽ പ്രിസ്ക്രിപ്ഷൻ നിർദേശ സ്വഭാവമുള്ളതാണ്. രോഗിക്ക് ആശുപത്രിയിൽ നിന്നോ പുറത്തുളള മെഡിക്കൽ സ്റ്റോറിൽനിന്നോ മരുന്നു വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്.

(3) ഇൻപേഷ്യന്റിന് ഡോക്ടറുടെ/ന്യൂട്രിഷനിസ്റ്റിന്റെ നിർദേശപ്രകാരം നൽകുന്ന ഭക്ഷണവും ചികിൽസയുടെ ഭാഗമാണ്. ജിഎസ്ടി ബാധകമല്ല. പക്ഷെ അഡ്മിറ്റ് ചെയ്യാത്ത രോഗികൾക്ക് സപ്ലൈ ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ബാധകമാണ്.

(4) കേന്ദ്ര സർക്കാർ 4–1–2018ന് ഇറക്കിയ സർക്കുലർ നമ്പർ 27/01/2018 പ്രകാരം, ആശുപത്രിയിലെ മുറി വാടകയ്ക്ക് ജിഎസ്ടി ബാധകമല്ല.

അഡ്വാൻസ് റൂളിങ്ങിൽ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യംകൂടി: ജിഎസ്ടി ഒഴിവുണ്ടെങ്കിൽ മരുന്നിന് എടുത്തിട്ടുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിവേഴ്സ് ചെയ്യേണ്ടതുണ്ട്.