Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഞ്ചാവിൽനിന്നു വേദന സംഹാരിയുമായി ഇന്ത്യൻ ഗവേഷകർ

medicine-tablet Representational image

അർബുദ രോഗികളിലെ അതികഠിന വേദനയ്ക്ക് ആശ്വാസം നൽകാനും ചുഴലിരോഗം ചികിത്സിക്കാനും കഞ്ചാവിൽനിന്നു വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങൾ ഉപയോഗിച്ച് മരുന്ന് വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിസിനിലെ (IIIM) ഗവേഷകർ. 120 ഘടകങ്ങൾ ഉള്ള കഞ്ചാവിലെ ടെട്രാഹൈഡ്രോ കന്നബിനോൾ (THC – Tetrahydrocannabinol) കന്നബിഡിയോൾ (CBD) എന്നിവയാണ് മരുന്നിലുള്ളത്.. 

ഈ രണ്ടു സംയുക്തങ്ങളും വേദന അകറ്റാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്രനാഡീവ്യവസ്ഥയിൽ ആരംഭിക്കുന്ന വേദനയും പെരിഫറൽ നെർവസ് സിസ്റ്റത്തിലെ വേദനയും ഒരു പരിധി വരെ ശമിപ്പിക്കാൻ കഴിയുമെന്ന് ഐഐഎം ഡയറക്ടർ ഡോ. രാം വിശ്വകർമ പറയുന്നു. മൃഗങ്ങളിലെ ഫലപ്രദമായ പരീക്ഷണത്തെ തുടർന്ന് ഗുളിക ക്ലിനിക്കൽ ട്രയലിനു തയാറായി കഴിഞ്ഞു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ല‌ഭിച്ചാൽ ടാറ്റാ മെമ്മോറിയൽ സെന്ററിൽ ട്രയൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പിയോയ്ഡ് അടങ്ങിയ മരുന്നുകളായ മോർഫിൻ, ഫെന്റാനിൽ ഇവയാണ് അർബുദരോഗികൾക്ക് ഇപ്പോൾ നൽകുന്നത്. 

പോപ്പിച്ചെടിയുടെ പാകമാകാത്ത വിത്തുകളിൽ നിന്നാണ് ഒപ്പിയോയ്ഡുകൾ എടുക്കുന്നത്. ഈ മരുന്ന് സിക്കിൾസെൽ അനീമിയ ബാധിച്ച രോഗികളിലെ വേദന അകറ്റാനും ഫലപ്രദമാണോ എന്ന് ഐഐഐഎം പരിശോധിക്കുന്നുണ്ട്. ഗവേഷണ ആവശ്യത്തിന് കഞ്ചാവ് വളർത്താൻ ആദ്യമായി ലൈസൻസ് ലഭിച്ച ഐഐഐഎം, ബോംബെ ഹെംപ് കമ്പനി എന്ന സ്റ്റാർട്ടപ്പുമായി ചേർന്ന് കഞ്ചാവിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി പഠനം നടത്തുകയാണ്.