Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക എയ്ഡ്സ് ദിനം : ‘അറിയാം നിങ്ങളുടെ സ്ഥിതി’

470340344

എല്ലാ വർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എച്ച്ഐവി / എയ്ഡ്സിനെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാ ചരണം. ‘അറിയാം നിങ്ങളുടെ സ്ഥിതി (Know Your Status) എന്നതാണ് ഈ വർഷത്തെ തീം. എച്ച്ഐവി ഉണ്ടോ എന്നു പരിശോധിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും ഒരാളുടെ അവസ്ഥ എന്ത് എന്നറിയാനും എച്ച്ഐവി പരിശോധനയ്ക്കുള്ള തടസ്സങ്ങൾ നീക്കുക എന്നതുമാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ലക്ഷ്യം. 

എയ്ഡ്സ് രോഗവുമായി ജീവിക്കുന്ന 75 ശതമാനം പേർ മാത്രമാണ് തങ്ങളുടെ രോഗാവസ്ഥയെപ്പറ്റി അറിവുള്ളവർ. ബാക്കി 9.4 ദശലക്ഷം പേർക്ക് തങ്ങൾ എച്ച്ഐവി പോസിറ്റീവ് ആണ് എന്ന കാര്യം അറിയില്ല. കാരണം അവർ പരിശോധന നടത്തിയിട്ടേയില്ല. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ രോഗം വ്യാപിക്കാൻ അറിയാതെയെങ്കിലും ഇതു കാരണമാകും. 

1981 മുതൽ 2017 വരെയുള്ള കണക്കെടുത്താൽ എച്ച്ഐവി അണുബാധയും എയ്ഡ്സ് മൂലമുള്ള മരണവും ഇന്ത്യയിൽ കുറഞ്ഞു. 2017 ൽ 87,590 പേർക്ക് പുതിയതായി എച്ച്ഐവി അണുബാധ ഉണ്ടായതായും 69,110 പേർ എയ്ഡ്സുമായി ബന്ധപ്പെട്ട് മരണമടഞ്ഞതായും റിപ്പോർട്ട് പറയുന്നു. 

ഇന്ത്യയിൽ പുതിയ അണുബാധകൾ കുറയുകയാണെങ്കിലും സംസ്ഥാനങ്ങൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ  (അരുണാചൽ പ്രദേശ് (65%), ആസ്സാം(37%), മിസോറം (18%), മേഘാലയ (10%), ഉത്തരാഖണ്ഡ് (4%)– 2010 മായി താരതമ്യപ്പെടുത്തുമ്പോൾ 2017 ൽ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടി. 

ലോകമെമ്പാടുമുള്ള ജനങ്ങൾ എച്ച്ഐവി അവബോധ പരിപാടികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അന്നേദിവസം ഒരു ചുവന്ന റിബൺ ധരിക്കാറുണ്ട്. എച്ച്ഐവി പോസിറ്റീവ് ആയ ആളുകളോട് തികഞ്ഞ വേർതിരിവ് കാണിച്ചിരുന്ന കാലത്ത് 1991 ൽ ന്യൂയോർക്കിലാണ് ‘റെഡ് റിബണ്‍ ’ എയ്ഡ്സ് ബോധവൽക്കരണത്തിന്റെ അടയാളമായി മാറിയത്.  പന്ത്രണ്ടോളം കലാകാരൻമാരുടെ ആശയമായിരുന്നു ഇത്. ഇവരെല്ലാവരും എച്ച്ഐവി അവബോധം വളർത്തുന്ന ഒരു സംഘടനയിൽ പ്രവർത്തിക്കുന്നവരായിരുന്നു. 

1984 ലാണ് എയ്ഡ്സ് ഒരു രോഗമാണെന്ന് ആദ്യം തിരിച്ചറി ഞ്ഞത്. വളരെ പെട്ടെന്നു തന്നെ ഈ വൈറസ് ഒരു പകർച്ച വ്യാധിയായി, 35 ദശലക്ഷത്തിലധികം പേരെ കൊന്നൊടുക്കി. ലോകത്ത് 36.7 ദശലക്ഷം പേരാണ് എയ്ഡ്സ് രോഗവുമായി ജീവിക്കുന്നത്.