Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ചരിത്ര മുന്നേറ്റം; മരണമടഞ്ഞ ദാതാവിൽ നിന്ന് ഗർഭപാത്രം സ്വീകരിച്ച യുവതിക്ക് കുഞ്ഞു പിറന്നു

179222508 പ്രതീകാത്മക ചിത്രം

വൈദ്യശാസ്ത്ര ചരിത്രത്തിൽ ആദ്യമായി മരണമടഞ്ഞ ദാതാവിന്റെ ഗർഭപാത്രം സ്വീകരിച്ച സ്ത്രീ ആരോഗ്യവതിയായ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ബ്രസീലിലെ സാവോപോളോയിൽ 2016 സെപ്റ്റംബറിലാണ് വഴിത്തിരിവായ ശസ്ത്രക്രിയ നടന്നത്. ഇത്തരത്തിലുള്ള അവയവമാറ്റം ഗർഭാശയസംബന്ധമായ പ്രശ്നങ്ങൾ മൂലം കുട്ടികളില്ലാത്ത ആയിരക്കണക്കിനു സ്ത്രീകൾക്ക് അനുഗ്രഹമാകും. ഡിസംബർ 2017 ൽ ആണ് പെൺകുഞ്ഞ് ജനിച്ചതെന്ന് ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. 

ഗർഭാശയ പ്രശ്നങ്ങൾ മൂലം വന്ധ്യത ബാധിച്ച സ്ത്രീകൾക്ക് ദത്തെടുക്കലോ വാടകഗർഭപാത്രമോ മാത്രമായിരുന്നു ഇതു വരെ മുന്നിലുള്ള പരിഹാരം. ഗർഭപാത്രം മാറ്റിവയ്ക്കലിലൂടെ സ്വീഡനിൽ 2014 ലാണ് ആദ്യമായി കുഞ്ഞ് ജനിച്ചത്. അന്നു മുതൽ ഇത്തരത്തിൽ പത്തോളം കുഞ്ഞുങ്ങൾ ജനിച്ചു. അപൂർവരോഗം ബാധിച്ച് ഗർഭപാത്രം ജന്മനാ തന്നെ ഇല്ലാത്ത 32 കാരിയാണ് മരണമടഞ്ഞ സ്ത്രീയുടെ ഗർഭപാത്രം സ്വീകരിച്ചത്. ട്രാൻസ്പ്ലാന്റിന് നാലുമാസം മുൻപ് ഇൻവിട്രോഫെർട്ടി ലൈസേഷൻ നടത്തുകയും ഫെർട്ടിലൈസ് ചെയ്ത എട്ട് അണ്ഡങ്ങൾ ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയുമായിരുന്നു. 

പക്ഷാഘാതം മൂലം മരണമടഞ്ഞ 45 കാരിയായിരുന്നു ദാതാവ്. പത്തുമണിക്കൂറിലധികം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ഇവരുടെ ഗർഭപാത്രം നീക്കം ചെയ്ത് സ്വീകർത്താവില്‍ ട്രാൻസ്പ്ലാന്റ് ചെയ്തത്. 

HEALTH-WOMB/TRANSPLANT

പുതിയ അവയവം അവരുടെ ശരീരം തിരസ്കരിക്കാതിരിക്കാൻ ആന്റി മൈക്രോബിയൽസ്, ആന്റി ബ്ലഡ് ക്ലോട്ടിങ്ങ് ട്രീറ്റ്മെന്റ്സ്, ആസ്പിരിൻ ഇവയോടൊപ്പം അഞ്ച് വ്യത്യസ്തയിനം മരുന്നുകളും നൽകി.

അഞ്ചുമാസങ്ങൾക്കു ശേഷം ഗർഭപാത്രം തിരസ്കാരത്തിന്റെ ലക്ഷണങ്ങൾ ഒന്നും കാണിച്ചില്ല. അൾട്രാസൗണ്ട് സ്കാനുകൾ എല്ലാം നോർമൽ ആയിരുന്നു. കൂടാതെ യുവതിക്ക് ആർത്തവവും ക്രമമായി വന്നിരുന്നു. ഏഴുമാസങ്ങൾക്കു ശേഷം ഫെർട്ടിലൈസ് ചെയ്ത അണ്ഡം ഇംപ്ലാന്റ് ചെയ്തു 10 ദിവസങ്ങൾക്കു ശേഷം അവർ ഗർഭിണിയാണ് എന്ന ശുഭവാർത്തയെത്തി.

വൃക്കയ്ക്കുണ്ടായ ചെറിയ അണുബാധയൊഴിച്ചാൽ ഗർഭകാലം നോർമൽ ആയിരുന്നു. 36 ആഴ്ചയായപ്പോൾ സിസേറിയനിലൂടെ രണ്ടര കിലോ തൂക്കം ഉള്ള ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. മൂന്നു ദിവസത്തിനു ശേഷം അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. സിസേറിയൻ സമയത്ത് മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രവും നീക്കം ചെയ്തു. ഇമ്മ്യുണോ സപ്രസീവ് മരുന്നുകള്‍ കഴിക്കുന്നത് നിർത്താൻ ഇതു മൂലം കഴിഞ്ഞു. ഈ റിപ്പോർട്ട് പ്രസിദ്ധീകരണത്തിനു നൽകുമ്പോൾ ഏഴുമാസ വും 12 ദിവസവും പ്രായമുള്ള, മുലപ്പാൽ കുടിക്കുന്ന, കുഞ്ഞിന് 7.2 കിലോഗ്രാം തൂക്കമുണ്ട്. ഇംപീരിയൽ കോളജ് ലണ്ടനിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ലക്ചറർ ആയ ഡോ. സർദ്ജാൻ സാസോ, ‘അങ്ങേയറ്റം അതിശയകരം’ എന്നാണ് ഈ കണ്ടെത്തലിനെ വിശേഷിപ്പിച്ചത്. 

ഗർഭപാത്രം നൽകാൻ തയാറുള്ളവരുടെ എണ്ണത്തെക്കാളധികം സ്ത്രീകൾ അവയവമാറ്റം കാത്ത് ഇപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ മരണമടഞ്ഞ സ്ത്രീയുടെ ഗർഭപാത്രം ഉപയോഗിക്കാൻ സാധിക്കും എന്നത് ഡോക്ടർമാർക്ക് ശുഭപ്രതീക്ഷയേകുന്നു. ഇപ്പോൾ വിജയമായെങ്കിലും മുൻപ് യു എസ്, ചെക്ക് റിപ്പബ്ലിക്, തുർക്കി എന്നീ രാജ്യങ്ങളിൽ പത്തോളം ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നതായി റിപ്പോർട്ട് പറയുന്നു. 

10 മുതൽ 15 ശതമാനം ദമ്പതികളെയാണ് വന്ധ്യത ബാധിക്കു ന്നത്. ഇതിൽ അഞ്ഞൂറിൽ ഒരു സ്ത്രീക്ക് എന്ന തോതിൽ, നിരവധി കാരണങ്ങൾ മൂലം ഗർഭിണിയാകാനോ ഗർഭകാലം പൂർത്തിയാക്കാനോ സാധിക്കില്ല. 

ഗർഭാശയ പ്രശ്നങ്ങൾ മൂലം വന്ധ്യത അനുഭവിക്കുന്ന സ്ത്രീ കൾക്ക് പുതിയ ഒരു മാർഗം തുറന്നിരിക്കുകയാണെന്ന് സാവോ പോളോ സർവകലാശാലയിലെ ടീച്ചിങ് ഹോസ്പി റ്റലിലെ ഡോക്ടർ ആയ ഡീനി എസൻബർഗ് പറയുന്നു. വൈദ്യശാസ്ത്രരംഗത്തെ ഒരു നാഴികക്കല്ല് എന്നാണ് ഈ സംഭവത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.