Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാന്‍സര്‍ വളര്‍ച്ച ഡോക്ടർക്കു മുന്നേ തിരിച്ചറിഞ്ഞത് വളര്‍ത്തുനായ

stephani

സ്റ്റെഫാനിയ ഹെര്‍പ്പല്‍ ജീവിതത്തില്‍ ഇന്നേറ്റവും കടപ്പെട്ടിരിക്കുന്നത് തന്റെ ഓമനവളര്‍ത്തുനായയോടാണ്. കാരണം സൈറ എന്ന സ്റ്റെഫാനിയുടെ വളര്‍ത്തുനായാണ്‌ ഡോക്ടർമാര്‍ക്കു പോലും കണ്ടെത്താന്‍ സാധിക്കാത്ത അവരുടെ മാരകരോഗം കണ്ടെത്തിയത്. കേള്‍ക്കുമ്പോള്‍ ഒരല്‍പം അവിശ്വസനീയത തോന്നുമെങ്കിലും മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ നായ്ക്കളുടെ കഴിവുകള്‍ ഇപ്പോഴും നാം വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ല എന്നു വേണം കരുതാന്‍. 

വിസ്കോസിന്‍ സ്വദേശിനിയായ സ്റ്റെഫാനി എന്ന 52 കാരിക്ക് ഏറെ നാളായി വയറ്റില്‍ അസ്വാഭാവികമായി വേദന അനുഭവപ്പെടാറുണ്ടായിരുന്നു. പലവട്ടം ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും അവര്‍ വേദനസംഹാരികൾ നല്‍കി അവരെ മടക്കി അയയ്ക്കുകയായിരുന്നു. നാളുകള്‍ കഴിഞ്ഞിട്ടും വേദന കുറയാതെ സ്റ്റെഫാനി നന്നേ ബുദ്ധിമുട്ടി. എന്നാല്‍ ഉടമയുടെ ഈ ദുരവസ്ഥ കണ്ട സൈറ സ്റ്റെഫാനിയുടെ വയറ്റില്‍ മൂക്ക് ചേര്‍ത്തു മണം പിടിക്കുകയും അസ്വാഭാവികമായി എന്തോ സംഭവിച്ച പോലെ വീട് മുഴുവന്‍ വെപ്രാളപെട്ട് ഓടി നടക്കുകയും ചെയ്തു. വളരെ ശാന്തയായ സൈറയുടെ ഈ പെരുമാറ്റത്തില്‍ സ്റ്റെഫാനിക്ക് വല്ലാത്ത ആശങ്ക തോന്നി.

അത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ട് ആയിരുന്നു ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു ഡോക്ടര്‍ നല്‍കിയത്. നവംബര്‍ 11, 2013 ലായിരുന്നു ഈ സംഭവം. ഗര്‍ഭാശയ കാന്‍സറായിരുന്നു സ്റ്റെഫാനിയുടെ രോഗം. തുടര്‍ന്ന് ചികിത്സയുടെ നാളുകളായിരുന്നു. ചികിത്സയ്ക്കു ശേഷം താന്‍ രോഗമുക്തയായെന്നു കരുതിയിരിക്കുമ്പോഴാണ് 2015 ല്‍ പഴയതു പോലെ തന്നെ സൈറ വിചിത്രമായി പെരുമാറാന്‍ തുടങ്ങിയത്. കൂടുതല്‍ പരിശോധനകളില്‍ രോഗം പിന്നെയും സ്റ്റെഫാനിയെ കീഴ്പ്പെടുത്താന്‍ എത്തിയെന്ന് കണ്ടെത്തി. പിന്നെയും നീണ്ട നാളത്തെ ചികിൽസാകാലം. ഇപ്പോള്‍ രോഗത്തില്‍ നിന്നും സ്റ്റെഫാനി മുക്തയാണ്. ജീവിതം തനിക്കു തിരിച്ചു നല്‍കിയത് പ്രിയപ്പെട്ട സൈറയാണെന്നാണ് സ്റ്റെഫാനി പറയുന്നത്. 

2011 ലാണ് എയര്‍ഫോര്‍സില്‍ ജോലി നോക്കുന്ന മകന്‍ വിദേശത്തേക്കു പോയപ്പോഴാണ് സ്റ്റെഫാനി സൈറയെ കൂടെ കൂട്ടിയത്. ചില പ്രത്യേകയിനം നായ്ക്കള്‍ക്ക് 98 ശതമനത്തോളം കൃത്യമായി കാന്‍സര്‍  വളര്‍ച്ച പ്രവചിക്കാന്‍ സാധിക്കുമെന്നാണ് സ്റ്റെഫനിയെ ആദ്യം ചികിത്സിച്ച ഡോക്ടര്‍ ഡേവിഡ്‌ കുഷ്നര്‍ പറയുന്നത്. മുന്നൂറില്‍പ്പരം വിവിധ ഗന്ധങ്ങള്‍ നിര്‍ണയിക്കാന്‍ നായ്ക്കള്‍ക്ക് കഴിവുണ്ട് എന്നാണു നിഗമനം. യുകെയിലെ 

Medical Detection Dogs (MDD) എന്ന സംഘടന ഇത്തരത്തില്‍ പരിശീലനം ചെയ്ത നായ്ക്കളുടെ സേവനം കാന്‍സര്‍ നിര്‍ണയത്തിന് ഉപയോഗിച്ച് വരുന്നുണ്ട്. മനുഷ്യന്റെ മൂത്രം, ചര്‍മം എന്നിവയില്‍ നിന്നുതന്നെ രോഗസാന്നിധ്യം ഇവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പറയുന്നത്.