Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്റിബയോട്ടിക് നമ്മുടെ ആന്റിയല്ല; സൂക്ഷിച്ചോ

antibiotic

വിളകളിലെ കീടാണുബാധ തടയാൻ ആന്റിബയോട്ടിക്ക് ഗുളികകൾ... ഇറച്ചിക്കോഴികൾ പെട്ടെന്ന് വളരാനും തൂക്കം വയ്ക്കാനും ആന്റിബയോട്ടിക്ക്... നിലവാരമുള്ള പാൽ ചുരത്താൻ ആന്റിബയോട്ടിക്ക്... പശുക്കളുടെ രോഗങ്ങൾ മാറാൻ ആന്റിബയോട്ടിക്ക്...

ഇങ്ങനെ എന്തിനും ഏതിനും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ മനുഷ്യർ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. വിവേചനമില്ലാത്ത ഇത്തരം ഉപയോഗത്തിലൂടെ സ്വന്തം ആരോഗ്യം അപകടത്തിലാവുന്നു എന്നത്. ഭക്ഷണത്തിലൂടെയും വായുവിലൂടെയും ആന്റിബയോട്ടിക്കുകൾ ശരീരത്തിൽ ചെന്നുചെന്ന്, അവസാനം ചികി‍ൽസയുടെ ഘട്ടം വരുമ്പോൾ ശരീരം മരുന്നുകളോടു പ്രതികരിക്കാത്ത അവസ്ഥ വരുന്നു. ഇതു മുൻകൂട്ടി കണ്ടാണ് ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഒഴിവാക്കുന്നതിനുള്ള കർമ പരിപാടികൾ കഴിഞ്ഞ സെപ്റ്റംബർ മുതൽ ഒരു വർഷത്തേക്ക് ആസൂത്രണം ചെയ്യാൻ ലോക രാഷ്ട്രങ്ങളോട് ഐക്യരാഷ്ട്ര സഭ അഭ്യർഥിച്ചിട്ടുള്ളത്.

ജനങ്ങളുടെ ആരോഗ്യം പരിസ്ഥിതിയുടെയും മൃഗങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മൃഗങ്ങളിലും വിളകളിലും ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളിൽ സൂക്ഷ്മ ശ്രദ്ധ വേണമെന്ന് യുഎൻ ആവശ്യപ്പെടുന്നു. ചെടികളിലും കോഴി ഉൾപ്പെടെ ഇറച്ചിക്കാവശ്യമായി വളർത്തുന്ന ജീവികളിലും രോഗപ്രതിരോധത്തിനും ക്രമാനുഗതമായ വളർച്ചയ്ക്കും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് പ്രകൃതിയെ വൻ ദുരന്തത്തിലേക്ക് എത്തിക്കുന്നുണ്ട്.

ശസ്ത്രക്രിയകളുടെ വിജയത്തിന് ആന്റിബയോട്ടിക് മരുന്നുകൾ ഒഴിച്ചു കൂടാനാവാത്തതാണ്. മുറിവ് ഉണക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് ആന്റിബയോട്ടിക്കുകൾ ആണ്. എന്നാൽ ചുമ, മൂത്രനാളിയിലെ അണുബാധ തുടങ്ങി താരതമ്യേന ചെറിയ രോഗങ്ങൾക്കു പോലും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് രോഗശമനം എളുപ്പമാക്കുമെങ്കിലും ഇതൂ മൂലം ഉണ്ടാകുന്ന പ്രതിസന്ധി ഡോക്ടർമാരെയും ഗവേഷകരെയും വലയ്ക്കുന്നുണ്ട്.

ചികിൽസകരുടെ ഭാഗത്തു നിന്ന് ക്രിയാത്മകമായ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട് എന്നത് ആശ്വാസകരം. പക്ഷേ, നിസാര രോഗങ്ങൾക്കു പോലും മെഡിക്കൽസ്റ്റോറിൽ പോയി ആന്റിബയോട്ടിക് സംയുക്തങ്ങൾ കലർന്ന മരുന്ന് വാങ്ങി കഴിക്കുന്ന മലയാളിയുടെ ശൈലി വൻ വെല്ലുവിളി ഉയർത്തുന്നു. മരുന്ന് കുറിപ്പടി എഴുതുമ്പോൾ ഇക്കാര്യത്തിൽ ജാഗ്രത വേണമെന്ന് പ്രമുഖ ആശുപത്രി മാനേജ്മെന്റുകൾ ഡോക്ടർമാർക്ക് നിർദേശം കൊടുത്തു കഴിഞ്ഞു. സംസ്ഥാന സർക്കാരും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളുമായ യോജിച്ച് നടപ്പാക്കുന്ന കർമ പദ്ധതിയിലും ഗവേഷണത്തിലും കോർപ്പറേറ്റ് ആശുപത്രികളും പങ്കാളികളാകുന്നുണ്ട്. മൂന്നു മാസം കൂടുമ്പോൾ ആശുപത്രിയിൽ ലഭ്യമായ ഡേറ്റ അവലോകനം ചെയ്യുന്ന വിധത്തിലുള്ള കർശന നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ സാംക്രമിക രോഗങ്ങൾ മൂലം മരണമടയുന്നവരുടെ എണ്ണം അമേരിക്കയിലേതിനേക്കാൾ രണ്ടിരട്ടി കൂടുതലാണെന്നാണ് പഠനം. ഇന്ത്യയിൽ ഒരു ലക്ഷം പേരിൽ ഏകദേശം 416.75 പേർ സാംക്രമിക രോഗങ്ങൾ മൂലം മരണമടയുന്നുണ്ട്. ശരിയായ മരുന്ന് ശരിയായ അളവിൽ കൃത്യ സമയത്തു കഴിക്കുകയാണ് രോഗശമനത്തിനുള്ള പ്രധാന മാർഗം. ഇത് ഉപേക്ഷിച്ച്, ഡോക്ടറുടെ കുറിപ്പടിയില്ലാതെ തോന്നുംപോലെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോഴാണു പ്രശ്നം തുടങ്ങുന്നത്. പകർച്ച വ്യാധികളുടെ ഭീഷണി തടയണമെങ്കിൽ ആന്റിബയോട്ടിക്കുകൾ ചിട്ടയായി ഉപയോഗിക്കണം.

ഇന്ത്യയിൽ 89% ഡോക്ടർമാരും നിത്യവും ആന്റിബയോട്ടിക്കുകൾ കുറിക്കുന്നവരാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശ്വാസംമുട്ടൽ, വയറിളക്കം, ഛർദി തുടങ്ങി വൈറൽ അസുഖത്തിന്റെ ലക്ഷണവുമായി എത്തുന്ന രോഗികൾക്കു പോലും ആന്റിബയോട്ടിക്കുകളാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയാലും അദ്ഭുതപ്പെടാനില്ലെന്നും വിദഗ്ധർ വിലയിരുത്തുന്നുണ്ട്. ശരിയായ ആരോഗ്യ സംരക്ഷണത്തിലേക്ക് മലയാളികൾ മാറണമെങ്കിൽ, ചിട്ടയായ ആന്റിബയോട്ടിക് ഉപയോഗം ആദ്യം ശീലിക്കേണ്ടിയിരിക്കുന്നു.

"ആന്റിബയോട്ടിക്കിന്റെ വ്യാപകമായ ഉപയോഗം മൂലം മുൻകാലങ്ങളിൽ ഗുളികകളിലൂടെ നിയന്ത്രിക്കപ്പെട്ടിരുന്ന അണുബാധകൾ ഇപ്പോൾ ആശുപത്രിയിൽ കിടത്തിയുള്ള കുത്തിവയ്പിലൂടെ ചികിൽസിക്കേണ്ട അവസ്ഥയാണ്. ആന്റിബയോട്ടിക് മരുന്നുകൾ വിഫലമാകുന്നതു മൂലം അവയദാന ശസ്ത്രക്രിയകൾ ഉൾപ്പെടെ ഒട്ടേറെ ശസ്ത്രക്രിയകൾ ഫലം കാണാതെ പോകുന്ന സാഹചര്യവുമുണ്ട്"

ഡോ.ടി.ആർ.ജോൺ
ചീഫ് ഓഫ് മെഡിക്കൽ സർവീസസ്
ആസ്റ്റർ മെഡ്സിറ്റി, കൊച്ചി.