Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരൾ രോഗം: വില്ലന്മാർ ഇവർ

x-default, Belly Fat x-default

ലോകത്തിൽ 30 കോടി ജനങ്ങൾ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി ബാധിച്ചവരാണെന്നാണ് കണക്ക്. ഇന്ത്യയിൽ ഹെപ്പറ്റൈറ്റിസ് ബി ഉള്ളവർ മാത്രം നാലു കോടി ആളുകളാണ്. ഹെപ്പറ്റൈറ്റിസ് സി ഉള്ളവർ ഒരു കോടിയും. എയ്ഡ്സ് ബാധിതരായവർ 20 ലക്ഷം പേർ മാത്രമാണെനോർക്കണം. രണ്ട് വൈറസുകളും ചേർന്ന് 1.5 ലക്ഷം പേരുടെ ജീവനാണ് ഒരു വർഷം അപഹരിക്കുന്നത്. 90 ശതമാനം പേർക്കും താൻ വൈറസ് ബാധിതനാണെന്നറിയാറില്ല. ഹെപ്പറ്റൈറ്റിസ് ബി വൈറസിനുള്ള കുത്തിവയ്പ്പ് 95 ശതമാനവും ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് സി ഉള്ള 95 ശതമാനം ആളുകളെയും മൂന്നു മാസത്തിനുള്ളിൽ സുഖപ്പെടുത്താൻ കഴിയും. 

വൈറസ്:എങ്ങനെ പടരാം?
∙ വൈറസ് ബാധയുള്ള അമ്മയിൽ നിന്ന് കുഞ്ഞിനു ലഭിക്കാം
∙ കുത്തിവയ്പ്പിനുള്ള സൂചി ഒന്നിൽ കൂടുതലാളുകൾക്ക് ഉപയോഗിക്കുന്നതു വഴി
∙ വൈറസ് ബാധയുള്ള പങ്കാളിയുമായുള്ള ലൈംഗിക ബന്ധം
∙ രക്തദാനം വഴി
∙ ഗ്ലൂക്കോസ് മോണിറ്ററുകൾ, ഷേവിങ് റേസറുകൾ തുടങ്ങിയവ പങ്കുവയ്ക്കുമ്പോ‍ൾ
∙ അക്യുപങ്ചർ, ടാറ്റൂയിങ്

മദ്യപാനം: ജാഗ്രത കൂടിയേ തീരൂ
സുരക്ഷിതമായ ഒരു അളവ് എന്നൊന്ന് മദ്യപാനത്തിലില്ല. എത്ര കുറഞ്ഞ അളവിലും സ്ഥിരമായി മദ്യം ഉപയോഗിച്ചാൽ പ്രശ്നമാണ്. 25 മില്ലിലീറ്ററുള്ള 14 യൂണിറ്റുകൾ മാത്രമേ ഒരാഴ്ച പാടുള്ളു. ഇതിനു പുറമേ ആഴ്ചയിൽ രണ്ടു ദിവസം മദ്യത്തിനു പൂർണമായും ഇടവേള നൽകുകയും വേണം. കുടി ഓവർ ആയോ എന്നറിയാൻ ALCulator, AlcoDroid Alcohol tracker, Alcohol Calculator തുടങ്ങിയ ഒട്ടേറെ മൊബൈൽ ആപ്ലിക്കേഷനുകളുമുണ്ട്. ഇവയിൽ നിങ്ങളുടെ ശരീരഭാഗം, കുടിക്കുന്ന മദ്യത്തിന്റെ അളവ് തുടങ്ങിയവ നൽകിയാൽ ലിമിറ്റ് ആപ് പറഞ്ഞുതരും.

ഫാറ്റി ലിവറെന്ന വില്ലൻ!
കരളിലെ കൊഴുപ്പാണ് ഫാറ്റി ലിവറിനു കാരണം. അടിഞ്ഞുകൂടുന്ന കൊഴുപ്പ് എത്ര, ആർക്ക്, എപ്പോൾ ദോഷം ചെയ്യും എന്നത് ഓരോ വ്യക്തിയുടെയും മറ്റു ശീലങ്ങളെ ആശ്രയിച്ചിരിക്കും. നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ ആവശ്യം കഴിഞ്ഞുള്ളത് കരൾ കൊഴുപ്പായി രൂപാന്തരപ്പെടുത്തുകയും അധികമുള്ള കൊഴുപ്പ് ശരീരത്തിന്റെ എല്ലാ ഭാഗത്തും കരളിലും അടിഞ്ഞുകൂടുകയും ചെയ്യും. 

അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, അമിത രക്തസമ്മർദം, കൊളസ്ട്രോൾ, കൊഴുപ്പും മധുരവും കൂടുതലായ ഭക്ഷണം എന്നിവ ഫാറ്റി ലിവറിനു കാരണമാകാം. ലിവർ ഫങ്ഷൻ ടെസ്റ്റുകളായ എസ്ജിഒടി, എസ്ജിപിടി ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ കണ്ടെത്താനുള്ള HBsAg, HCV എന്നീ ടെസ്റ്റുകളുമുണ്ട്. കരൾ സംബന്ധമായ അസുഖങ്ങൾ കണ്ടെത്താനുള്ള ഏറ്റവും പുതിയ ഫൈബ്രോസ്കാനും ഫലപ്രദമാണ്.

ആരോഗ്യമുള്ള കരൾ: ഇവ ശ്രദ്ധിക്കാം
∙ ബോഡി മാസ് ഇൻഡക്സ്– സ്വന്തം ശരീര ഭാരത്തെ (കിലോ ഗ്രാം) ഉയരത്തിന്റെ വർഗം കൊണ്ടു ഹരിക്കുമ്പോൾ ലഭിക്കുന്ന സംഖ്യയാണു ഭാര-ഉയര അനുപാതം (ബോഡി മാസ് ഇൻഡക്സ്). ഇത് 18.5 മുതൽ 25 വരെയാണെങ്കിൽ നിങ്ങളുടെ തടി പാകമാണ്. 28 മുതൽ 29.9 വരെയാണെങ്കിൽ നിങ്ങൾക്ക് അമിത ഭാരമുണ്ട്. മുപ്പതിനു മുകളിലാണു ലഭിക്കുന്നതെങ്കിൽ നിങ്ങൾ പൊണ്ണത്തടിയനാണ്.

∙ അരവണ്ണം–അര വണ്ണത്തിന്റെ അളവ് നോക്കിയും തടി കൂടുതലുണ്ടോയെന്നു മനസിലാക്കാം. പുരുഷന്റെ അരവണ്ണം 90 സെന്റീമീറ്ററിൽ താഴെയും സ്ത്രീയുടേത് 80 സെന്റി മീറ്ററിൽ താഴെയുമായിരിക്കണം.