Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഖത്തിൽ ബ്രൗൺ നിറമുണ്ടോ; കരുതിയിരിക്കാം വൃക്കരോഗത്തെ

nail

നമ്മുടെ ശരീരത്തിനുള്ളിലും ചർമത്തിലും വരുന്ന മാറ്റങ്ങളും രോഗങ്ങളും പ്രതിഫലിക്കുന്ന ഒരു ഭാഗമാണ് നഖം. കൈവിരലുകളിലെ നഖങ്ങളിലാണ് രോഗസൂചനകൾ കൂടുതലും പ്രത്യക്ഷമാകുന്നത്. നഖത്തിന്റെ നിറം നോക്കിയാൽ വൃക്കരോഗം ഉൾപ്പടെയുള്ള പല രോഗങ്ങളും തിരിച്ചറിയാനാകും.

നഖത്തിന്റെ വിരലറ്റത്തോടു ചേരുന്നിടത്ത് ബ്രൗൺ നിറവും മറുഭാഗത്തു വെള്ളനിറവും കാണുന്നത് വൃക്കരോഗത്തിന്റെ സൂചനയാണ്. നഖത്തിലെ ചന്ദ്രക്കല പോലുള്ള ഭാഗത്തിന് സമാന്തരമായി രണ്ടു വെളുത്ത വരകളും അവയ്ക്കിടയിൽ സ്വാഭാവിക നിറത്തിലുള്ള നഖവുമുള്ളത് രക്തത്തിലെ ആൽബുമിന്റെ കുറവിനെ സൂചിപ്പിക്കുന്നു.

ലിവർ സിറോസിസ് രോഗമുള്ളവരിൽ വിരലറ്റത്തുള്ള നഖം സ്വാഭാവികമായ നിറത്തോടു കൂടിയും മറുഭാഗം വെളുപ്പു നിറത്തോടു കൂടിയും കാണപ്പെടും. നഖത്തിനു ലംബമായി ബ്രൗൺ നിറത്തിലുള്ള വരകൾ പല കാരണങ്ങൾ കൊണ്ടുണ്ടാകാം. ചർമത്തിനു നിറം കുറവുള്ളവരിൽ സ്വാഭാവികമായി ഇങ്ങനെ കാണാം. ചില മരുന്നുകളുടെ ഉപയോഗം മൂലവും അഡ്രീനൽ ഗ്രന്ഥി, പിറ്റ്യൂട്ടറി ഗ്രനഥി, തൈറോയ്ഡ് ഗ്രന്ഥി എന്നിവയുടെ പ്രവർത്തന വൈകല്യം കൊണ്ടും വൈറ്റമിൻ B12-ന്റെ കുറവു കൊണ്ടും ഇങ്ങനെ വരാം. വളരെ അപൂർവമായി മെലനോമ എന്ന കാൻസറിന്റെ ലക്ഷണവുമാകാം. 

വിരലിന്റെ അഗ്രങ്ങളിൽ ഉണ്ടാകുന്ന നീർവീക്കം കാരണം നഖം ചർമോപരിതലത്തിൽ നിന്ന് ഉയർന്നു കാണപ്പെടുന്ന ക്ലബ്ബിങ് അവസ്ഥ ചില രോഗങ്ങളുടെ സൂചനയാണ്. ഇങ്ങനെയുള്ള 80 ശതമാനം പേരിലും ശ്വാസകോശ രോഗങ്ങൾ കാണപ്പെടുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരിലും കരൾ, ആമാശയം, വൃക്ക എന്നിവയുടെ പ്രവർത്തന വൈകല്യമുള്ളവരിലും ക്ലബ്ബിങ് ഉണ്ടാകാം.

സ്പൂണിന്റെ രൂപത്തിലുള്ള നഖങ്ങൾ ക്ഷതങ്ങളുടെ ഫലമായും സോറിയാസിസ്, പൂപ്പൽബാധ എന്നിവ കൊണ്ടുണ്ടാകാമെങ്കിലും ഇരുമ്പിന്റെ അഭാവം കൊണ്ടുള്ള വിളർച്ചയാണ് ഇതു കാണിക്കുന്നത്. വേഗം പൊട്ടുന്നതും വിള്ളലുകളുള്ളതും വളർച്ചാനിരക്കു കുറവുള്ളതുമായ നഖം തൈറോയ്ഡിന്റെ പ്രവർത്തനക്കുറവാണു കാണിക്കുന്നത്. ചർമത്തിൽ നിന്നു നഖം ഇളകുന്നതും ക്ലബ്ബിങ്ങും തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനമുള്ളവരിൽ കാണുന്നു.

നഖത്തിൽ വരയുടെ രൂപത്തിൽ കാണുന്ന ചെറിയ രക്തസ്രാവം അത്ര സാധാരണമല്ലെങ്കിലും ഹൃദയകോശങ്ങൾക്കുണ്ടാകുന്ന അണുബാധയാണു കാണിക്കുന്നത്. നഖത്തിലെ ചന്ദ്രക്കല പോലുള്ള ഭാഗത്തു നീലനിറം ഉണ്ടാകുന്നത് വിൽസൺസ് ഡിസീസ് എന്ന അപൂർവ കരൾ രോഗത്തിന്റെ ലക്ഷണമാണ്. മഞ്ഞപ്പിത്തം ഉണ്ടെങ്കിലും ശരീരത്തിലെ ഓക്സിജന്റെ അളവു കുറഞ്ഞാലും യഥാക്രമം മഞ്ഞ, നീല എന്നീ നിറവ്യത്യാസങ്ങൾ ആദ്യം ദൃശ്യമാകുന്നത് നഖത്തിലാണ്.  

നഖത്തിൽ ചെറിയ വെള്ള വരകളും വെളുത്ത കുത്തുകളും പ്രത്യേകിച്ചു രോഗങ്ങളൊന്നുമില്ലെങ്കിലും കാണാറുണ്ട്. ദീർഘനാൾ ഇവ കാണപ്പെടുകയാണെങ്കിൽ ആർസെനിക്, ലെഡ് തുടങ്ങിയവ അമിത അളവിൽ ശരീരത്തിലുണ്ടോ എന്നു പരിശോധിക്കണം. 

related stories