Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിശ്വസനീയം ഈ തിരിച്ചുവരവ്; അർബുദത്തെ തോൽപ്പിച്ച് പന്ത്രണ്ടുകാരൻ

joshua

ജോഷ്വ ജോണ്‍സ് എന്ന ബാലന്‍ തന്റെ ജീവന്‍ കവര്‍ന്നെടുക്കാനെത്തിയ കാന്‍സര്‍ രോഗത്തോടു പൊരുതിയത്‌ അഞ്ചു വര്‍ഷമാണ്. മാരകമായ ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയാണ് ഏഴാം വയസ്സില്‍ ജോഷ്വയ്ക്കു പിടിപെട്ടത്. 

വര്‍ഷങ്ങള്‍ നീണ്ട ചികിത്സയുടെ ഭാഗമായി ജോഷ്വയുടെ ചലനശേഷി ഏകദേശം നഷ്ടമായിരുന്നു. വീല്‍ചെയറിലായിരുന്നു മിക്കപ്പോഴും. തീര്‍ത്തും ക്ഷീണിതനായി മുടിയെല്ലാം കൊഴിഞ്ഞ് എപ്പോഴും കട്ടിലില്‍ കിടന്നിരുന്ന ജോഷ്വയുടെ ജിവിതം ഇന്നേറെ മാറി. കഴിഞ്ഞ ജൂലൈയിൽ നടന്ന പരിശോധനകളില്‍, ജോഷ്വ പൂര്‍ണമായും കാന്‍സറിന്റെ പിടിയില്‍നിന്നു പുറത്തുവന്നെന്നു ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. പഴയ ക്ഷീണിതനായ ജോഷ്വയല്ല, ചുറുചുറുക്കുള്ള മിടുക്കന്‍ ജോഷ്വയാണ് ഇന്ന് സ്റ്റാന്‍ഫഡിലെ വീട്ടില്‍ അഥിതികളെ വരവേല്‍ക്കുന്നത്.

ഒരാഴ്ചയിലേറെ നീണ്ടുനിന്ന ഒരു പനിയിലായിരുന്നു ജോഷ്വയുടെ രോഗത്തിന്റെ ആരംഭമെന്നു അമ്മ നിക്കി ഓര്‍മിക്കുന്നു. പിന്നെ പെട്ടെന്ന് ജോഷ്വയുടെ കാലുകള്‍ക്ക് ശക്തി ക്ഷയിച്ചു. നടക്കാനോ പടി കയറാനോ സാധിക്കാതെ വന്നു. കുടുംബത്തില്‍ അമ്മ ഉള്‍പ്പടെ നിരവധിപേര്‍ക്ക് ലുക്കീമിയ ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞ ഡോക്ടര്‍ ജോഷ്വയ്ക്ക് ചില രക്തപരിശോധനകള്‍ നടത്താന്‍ നിര്‍ദേശിച്ചു. അതിന്റെ ഫലങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.

ആ റിസൽറ്റ് തന്റെയും മകന്റെയും ജീവിതം മാറ്റി മറിച്ചുവെന്ന് നിക്കി പറയുന്നു. പിന്നെയങ്ങോട്ട് ചികിത്സയുടെ നാളുകളായിരുന്നു. അതീവശക്തിയുള്ള കീമോ മരുന്നുകള്‍ നല്‍കിയതിന്റെ ഫലമായി ജോഷ്വ തീര്‍ത്തും അവശനായി. ഭാരം വല്ലാതെ കുറഞ്ഞു, മുഖം ഒരുവശത്തേക്കു കോടിപ്പോയി, അവന്‍ ആഹാരം കഴിക്കുന്നതുതന്നെ വിരളമായി. എന്നാല്‍ നിക്കിയും ഭര്‍ത്താവ് ജേസന്‍ ജോണ്‍സും സദാസമയം മകനൊപ്പം നിന്നു. ആയിടയ്ക്കാണ് കുട്ടികളിലെ ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനായി തുടക്കമിട്ട ഒരു പുതിയ ചികിത്സാപരിപാടിയിൽ ജോഷ്വയെയും ഉള്‍പ്പെടുത്തിയത്‌. അങ്ങനെ 2014 മാര്‍ച്ചില്‍ ജോഷ്വ ആ പുതിയ ട്രയലില്‍ പങ്കാളിയായി. 

UKALL 2011 എന്നായിരുന്നു ആ ട്രയലിന്റെ പേര്. അത് ജോഷ്വയുടെ ജീവിതത്തിൽ മറ്റൊരു നാഴികകല്ലായി മാറുകയായിരുന്നു.

ഇപ്പോൾ പന്ത്രണ്ടുവയസ്സുണ്ട് ജോഷ്വയ്ക്ക്. പഴയ ജോഷ്വയെ പ്രതീക്ഷിച്ചു കാണാന്‍ വരുന്നവര്‍ക്ക് ഇന്ന് മിടുക്കനായ ജോഷ്വയെ കാണാം. വീണ്ടും പഠനം ആരംഭിച്ചു. ചുറുചുറുക്കോടെ ജോഷ്വ ഓടി നടക്കുന്നുണ്ട്. രോഗത്തിന്റെ സാനിധ്യം ഇനി ഉണ്ടാകാതിരിക്കാനും അങ്ങനെ എന്തെങ്കിലും ഉണ്ടോയെന്നു തിരിച്ചറിയാനും ജോഷ്വ അടിക്കടി പരിശോധനകള്‍ക്ക് വിധേയനാകണം. എങ്കിലും ഇന്ന് ജോഷ്വയും അച്ഛനും അമ്മയും മൂന്നു സഹോദരങ്ങളും അതീവസന്തോഷത്തിലാണ്.