Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈനസൈറ്റിസിൽ നിന്നു രക്ഷ; ശസ്ത്രക്രിയ ആവശ്യമോ?

480452096

തുടർച്ചയായി വെയിൽ കൊള്ളുന്നതും കാലാവസ്ഥ അടിക്കടി മാറുന്നതും ചിലർക്കെങ്കിലും പേടിസ്വപ്നമാണ്. കാരണമെന്തന്നല്ലേ ? 

നിയന്ത്രിക്കാനാവാത്ത തലവേദനയാവും പിന്നീടുള്ള ദിവസങ്ങളിൽ അവർക്ക്. വെളിച്ചത്തേക്കു നോക്കാൻ പോലും സാധിക്കാതെ, തലയിണയിൽ മുഖം പൂഴ്ത്തി കണ്ണടച്ചു കിടക്കാൻ തോന്നും. കിടന്നാലോ എഴുന്നേറ്റ് ഓടാൻ തോന്നും. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പോലും എന്തെന്നില്ലാത്ത ദേഷ്യം തോന്നും. 

അലർജി മൂലമുണ്ടാകുന്ന തുമ്മൽ, ജലദോഷം, തലവേദന, മൂക്കടപ്പ് എന്നിവ വലിയൊരു ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. 

മുഖത്തെയും തലയോട്ടിയിലെയും എല്ലുകളിൽ ഉള്ള വായുസഞ്ചാരമുള്ള അറകളാണ് സൈനസ്. മൂക്കടപ്പ് മൂലം ഇവയിൽ കഫം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. മരുന്നുകൊണ്ട് വിട്ടുമാറാത്ത സൈനസൈറ്റിസിന് കാരണം മൂക്കിനകത്ത് ഉണ്ടാകുന്ന ദശകൾ ആണ്. സാധാരണയായി കണ്ടുവരുന്നത് അലർജി മൂലമുള്ള ദശകളും (അലർജിക് പോളിപ്പോസിസ്) പൂപ്പലുമാണ് (ഫംഗൽ സൈനസൈറ്റിസ്). 

ഫെസ്സ് ശസ്ത്രക്രിയ

ദീർഘകാലം മരുന്ന് കഴിച്ചിട്ടും വിട്ടുമാറാത്ത സൈനസൈറ്റിസ് ശസ്ത്രക്രിയ അനിവാര്യമാണ്. ഇതിനുള്ള ഫെസ്സ് (ഫംങ്ഷനൽ എൻഡോസ്കോപ്പിക് സൈനസ് സർജറി) ശസ്ത്രക്രിയ രീതി വളരെയധികം പ്രചാരം നേടിയിട്ടുള്ളതാണ്. ഈ രീതിയിൽ മൂക്കിലെ ദശ എടുത്തുകളയുകയും ഭൂരിഭാഗം വായുസഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നു. എന്നാൽ നെറ്റിയുടെ പിറകിലുള്ള ഫ്രോണ്ടൽ സൈനസിന്റെ പ്രശ്നങ്ങളെ ഇത് പൂർണമായി അഭിമുഖീകരിക്കുന്നില്ല. തലവേദന പൂർണമായി മാറാതെ നിലനിൽക്കുകയും ചെയ്യുന്നു. 

ഡ്രാഫ്–3 ശസ്ത്രക്രിയ

മൂക്കിലെ ദശയ്ക്കുള്ള ശസ്ത്രക്രിയക്ക് വിധേയരായവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് രണ്ടോ അതിലധികമോ തവണ ഈ ശസ്ത്രക്രിയ വേണ്ടിവരുന്നു എന്നുള്ളതാണ്. ഇവിടെയാണ് ഡ്രാഫ്–3 ശസ്ത്രക്രിയയുടെ പ്രാധാന്യം. ശസ്ത്രക്രിയക്ക് ശേഷം വീണ്ടും അസുഖം വരുന്നതിനുള്ള കാരണം നെറ്റിക്കു പിറകിലുള്ള ഫ്രോണ്ടൽ സൈനസി‍ൽ തുടങ്ങുന്ന ദശകളാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  എന്നാൽ സാധാരണയായി ചെയ്തു വരുന്ന ഫെസ്സ് ശസ്ത്രക്രിയയിൽ ഫ്രോണ്ടൽ സൈനസുകൾ പൂർണമായി ഉൾപ്പെടുന്നില്ല. ഡ്രാഫ് –3 ശസ്ത്രക്രിയയിൽ ഈ രണ്ട് ഫ്രോണ്ടൽ സൈനസുകളെയും ഒന്നിപ്പിച്ച് മൂക്കിനകത്ത് തുറന്നുവയ്ക്കും. ഇതിലൂടെ ഫ്രോണ്ടൽ സൈനസിലേക്കുള്ള വായുസഞ്ചാരം സുഗമമാക്കുകയും  കഫം കെട്ടിക്കിടക്കാതെ മൂക്കിനകത്തേക്ക് ഒഴുകിപ്പോവുകയും ചെയ്യുന്നു. മാത്രമല്ല രണ്ടാമത് ദശ ഉണ്ടാകാൻ തുടങ്ങിയാൽ പോലും അവയെ ഒപിയിൽ വച്ച് തന്നെ നീക്കം ചെയ്യാനും സാധിക്കും. 

ഈ ശസ്ത്രക്രിയ രീതി 1991 ജർമ്മൻ സർജനാവോൾഫ് ഗാങ് ഡ്രാഫാണ് വികസിപ്പിച്ചത്. കേരളത്തിൽ ഈ സർജറി 2012 മുതൽ വിജയകരമായി നടത്തിവരുന്നു. പ്രാരംഭഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ‘ഡ്രിൽ’  പോലുള്ള ഉപകരണങ്ങൾ മൂലം ഫ്രോണ്ടൽ സൈനസിന്റെ കവാടം അഥവാ ഓസ്ട്രിയ ചുരുങ്ങി പോകുന്നതായി കണ്ടു വന്നിരുന്നു. ഇതിനുള്ള പരിഹാരം എന്ന രീതിയിൽ ഇപ്പോൾ ഡ്രിൽ പൂർണമായി ഒഴിവാക്കി അതിനുപകരം പഞ്ചസ്, ഗൂജസ് തുടങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. 

മരുന്ന് എത്ര നാൾ? 

ശസ്ത്രക്രിയയ്ക്കു ശേഷവും അലർജിക്കുള്ള മരുന്ന് ആവശ്യമായി വരാം. സർജറിക്കുശേഷം ആഴ്ചയിലൊരിക്കൽ മരുന്ന് കലർന്ന ഉപ്പു ലായിനി ഉപയോഗിച്ചുള്ള കഴുകൽ അഥവാ നേസൽ ഡൂഷിങ് ആണ് ചെയ്യേണ്ടത്. മരുന്ന് സൈനസിൽ മാത്രമാണ് എത്തുന്നത് എന്നതിനാൽ മറ്റു പാർശ്വഫലങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല

കാലങ്ങളായി പിന്തുടർന്നിരുന്ന ഫെസ്സ് ശസ്ത്രക്രിയാ രീതി സൈനസൈറ്റസിന് പൂർണ പരിഹാരം കണ്ടിരുന്നില്ല. ജർമൻ സർജൻ ആവിഷ്കരിച്ച ഡ്രാഫ്–3 ശസ്ത്രക്രിയാ രീതിയിലൂടെ ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. 

ഡോ. ജോർജ് വർഗീസ്
ജിവി ഇഎൻടി ക്ളിനിക്, 
ചിറ്റേത്തുകര, കാക്കനാട്