റെറ്റിനോബ്ലാസ്റ്റോമയുമായി എത്തിയ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ; ഡോക്ടറുടെ അനുഭവക്കുറിപ്പ്

retinoblastoma
SHARE

"ഈശ്വരാ ഇപ്രാവശ്യമെങ്കിലും പോസിറ്റീവ് ആകണേ"- മനമുരുകിയാണ് ശ്രീജ പ്രാർഥിച്ചത്. കല്യാണം കഴിഞ്ഞു 2 വർഷമായിട്ടേ ഉള്ളൂ പക്ഷേ നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യം കേട്ട്‌ മടുത്തു. എന്നോട് മുഷിഞ്ഞു ഒരു വാക്ക് പോലും ഇതു വരെ ശശിയേട്ടൻ പറഞ്ഞിട്ടില്ല. പക്ഷേ ഓരോ പ്രാവശ്യം ആർത്തവം വൈകുമ്പോഴേക്കും ഓടിപ്പോയി സ്ട്രിപ്പ് വാങ്ങിക്കൊണ്ടു വരുന്നത് കണ്ടാലറിയാം ഒരു കുഞ്ഞിനുള്ള ആഗ്രഹം. ഓരോ പ്രാവശ്യം ഇല്ല എന്നറിയുമ്പോ എന്നെ കെട്ടിപ്പിടിച്ച് ‘പോടീ പെണ്ണേ, 2 കൊല്ലമൊക്കെ ഒരു സമയമാണോ’ എന്നു ചോദിച്ച് എന്നെ സമാധാനിപ്പിക്കുകയും ചെയ്യും.

വരകൾ വരാനുള്ള ആ രണ്ടു സെക്കൻഡ് ഒരാണ്ടായാണ് എനിക്ക് തോന്നിയത്. ഒളികണ്ണിട്ടാണ് സ്ട്രിപ്പിലേക്കു നോക്കിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അത്രയ്ക്കും സന്തോഷം മനസ്സിൽ നിറഞ്ഞു. അങ്ങനെ ഞാനൊരു അമ്മയാകാൻ പോകുന്നു. ലോകം മുഴുവൻ കാൽക്കീഴിലായതുപോലെ. പലർക്കുമുള്ള ഒരു മറുപടിയായാണ് എനിക്കതു തോന്നിയത്. ശശിയേട്ടന്റെ സന്തോഷം അതിലും എത്രയോ വലുതായിരുന്നു. അങ്ങനെ സംസാരിക്കാത്ത ആൾ സംസാരവും ഫോൺ വിളികളും രണ്ടു ദിവസം കഴിഞ്ഞാണ് നിർത്തിയത്. ആ രണ്ടു വരകൾക്കു ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കിയത് അപ്പോഴാണ്.

അമ്മയാവാനുള്ള എല്ലാ സന്തോഷവും ഉണ്ടെങ്കിലും നിത്യവും ഛർദ്ദിയും ക്ഷീണവും കൊണ്ടു ഞാൻ വല്ലാതെ വലഞ്ഞു. വീട്ടിലെ കാര്യങ്ങളൊക്കെ ഏട്ടൻ തന്നെ നോക്കാൻ തുടങ്ങി. ചില നേരങ്ങളിൽ ഭക്ഷണം ഉണ്ടാക്കലും പാത്രം കഴുകലും മുറ്റമടിക്കലും വരെ ചെയ്യാൻ തുടങ്ങി. പ്രേമിച്ചു വിവാഹം കഴിച്ച്, ആരോടും ഒരു സഹായവും ചോദിക്കാതെ, സ്വന്തം സർക്കാർ ഉദ്യോഗവും കൊണ്ടുള്ള, ഞങ്ങളുടേതു മാത്രമായ ഈ ജീവിതം കുടുംബത്തിലെ ചിലർക്ക് അസൂയ ഉണ്ടാക്കാൻ ധാരാളമായിരുന്നു. ഞങ്ങൾക്കും കുട്ടികളുണ്ട്, ഇതൊക്കെ ചെയ്തിട്ടു തന്നെയാണ് ഞങ്ങളും പ്രസവിച്ചത്, എന്നാലും ഭർത്താവിനെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കാമോ, അവളുടെ ഒരു ഭാഗ്യമേ തുടങ്ങി പല കുശുകുശുക്കലും ഉണ്ടായിരുന്നു. ഞങ്ങളുടെ സന്തോഷകരമായ ജീവിതത്തിൽ ഇനിയും ഒരുപാടു സന്തോഷം ഉണ്ടാകാൻ പോകുന്ന നാളുകളായതുകൊണ്ട് എല്ലാം ഒരു പുഞ്ചിരിയിൽ ഞങ്ങൾ ഒതുക്കി. 

സുഖപ്രസവം ആയിരുന്നു. ഒരു കൊച്ചു സുന്ദരൻ, ജനിച്ച അന്നുതന്നെ എന്നെ നോക്കി ചിരിച്ചു. എന്റെ ഹൃദയത്തിന്റെ മുക്കാൽ പങ്കും കവർന്നെടുത്ത, ഭംഗിയുള്ള നീലക്കണ്ണുകളുള്ള ഒരു കുറുമ്പൻ, മനു. അവന്റെ ഓരോ ചിരിയിലും ഒരു ഹൃദയമിടിപ്പ് എനിക്ക് കൂടുതൽ കിട്ടിയിരുന്നു. ലോകത്തിലെ ഏറ്റവും മിടുക്കൻ കുട്ടിയായിരുന്നു അവൻ. എല്ലാ അമ്മമാർക്കും തൻ കുഞ്ഞു പൊൻ കുഞ്ഞ് എന്നാണല്ലോ. എന്നെ നോക്കിയുള്ള അവന്റെ തേനൊഴുകുന്ന ചിരി.

ഒരു ചെറിയ ചുമ വന്നാൽപോലും, കുത്തിവയ്പ്പെടുത്തു പനി വന്നാൽ പോലും എന്നെക്കാൾ സങ്കടം ശശിയേട്ടനായിരുന്നു. അപ്പൊ അവനെയും കൊണ്ടു ഡോക്ടറുടെ അടുത്തേക്കോടും. വില കൂടിയ ഫോൺ ആർഭാടമാണെന്നു പറഞ്ഞിരുന്ന ആൾ അവന്റെ ഓരോ നിമിഷവും ഒപ്പിയെടുത്തു സൂക്ഷിക്കാനായി പുതിയ ഫോണും ലാപ്ടോപ്പും ഹാർഡ് ഡിസ്‌കുമെല്ലാം സംഘടിപ്പിച്ചു. അവന്റെ കമിഴലും ഇരിക്കലും മുട്ടുകുത്തലും പിടിച്ചു നിൽക്കലും മറിഞ്ഞു വീഴലുമെല്ലാം ഞങ്ങൾ രണ്ടുപേരും കൂടി ആവോളം ആസ്വദിച്ചു. അവനെ ചിരിപ്പിക്കാൻ ഞങ്ങൾക്കിടയിൽ തന്നെ മത്സരമായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത മനോഹരമായ നാളുകൾ. അത് ഒരിക്കലും വരാനിരിക്കുന്ന വിപത്തിന്റെ കാവൽക്കാരനായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. 

അവന് ഏകദേശം 10 മാസം കഴിഞ്ഞപ്പോഴേക്കും ചെറിയ ഒരു കോങ്കണ്ണുണ്ടോ എന്ന് ഒരു സംശയം. കണ്ണിൽ ഒരു വെള്ളനിറം കണ്ടോ എന്നും. പക്ഷേ ചെറിയ കോങ്കണ്ണു ഭാഗ്യത്തിന്റെ ലക്ഷണമാണെന്ന് എന്നെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു . ഞാനും ആ വാക്കുകളിൽ ആശ്വാസം കണ്ടു. പുതിയ അമ്മയുടെ ആധികൾ ആണെന്ന് കരുതി ഞാനും എന്നെ സമാധാനിപ്പിച്ചു. 

 മനുവിന്റെ 1-ാം പിറന്നാളിന്റെ അന്ന് കേക്ക് ഒക്കെ മുറിച്ചു ഞങ്ങൾ ഗംഭീരമായി ആഘോഷിച്ചു. അവനു കൊടുക്കുന്ന സമ്മാനങ്ങൾ ഒന്നും അവൻ വാങ്ങാതെ, അങ്ങനെ ആരുടെയും മുഖം നോക്കാതെ അവൻ നല്ല കുറുമ്പ് കാണിച്ചെങ്കിലും  ആ നീലക്കണ്ണുകൾ എല്ലാവരെയും വശീകരിക്കുന്നതായതുകൊണ്ടു എല്ലാവരും സ്നേഹപൂർവം അവന്റെ വാശിയിൽ ചിരിച്ചു പങ്കെടുക്കുക ആയിരുന്നു. കുറച്ചു നാൾ കൂടി കഴിഞ്ഞതോടെ അവന്റെ വീഴ്ചകൾ കൂടി വന്നു. വീഴാതെ ആരെങ്കിലും നടക്കാൻ പഠിക്കുമോ എന്നായിരുന്നു അപ്പോ എന്റെ ചിന്ത. പിന്നീട് അവനു കുറച്ചു കാണാൻ ബുദ്ധിമുട്ടെണ്ട് എന്ന് എനിക്ക് തോന്നാൻ തുടങ്ങി. എന്റെ ആധിയാണെന്നു പറഞ്ഞ് അതും വിശ്വസിച്ചില്ല. അവസാനം എന്റെ ശല്യം സഹിക്ക വയ്യാതെയാണ് ഞങ്ങൾ കുട്ടികളുടെ ഡോക്ടറെ കാണിച്ചത്. അദ്ദേഹം അപ്പൊത്തന്നെ അടുത്തുള്ള ഒരു കണ്ണ് ഡോക്ടറെ കാണിക്കാനും പറഞ്ഞു.

വേറൊരു ഡോക്ടറെ കാണിക്കാൻ പറഞ്ഞപ്പോ തന്നെ എന്തോ ഒരു പ്രശ്നം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. കരച്ചിലിന്റെ വക്കിലായ എന്നെയും മകനെയും കൂട്ടിപ്പിടിച്ച് ഒരു ടെൻഷനും പുറത്തു കാട്ടാതെ ശശിയേട്ടൻ സമാധാനിപ്പിച്ചു. "നമ്മൾ കണ്ണ് കാണിക്കാൻ ആദ്യമേ വരേണ്ടത് കണ്ണു ഡോക്ടറുടെ അടുത്തല്ലേ. അതുകൊണ്ടു മാത്രമാണ് വേറെ കാണിക്കാൻ പറഞ്ഞത്, അല്ലാതെ നമ്മുടെ മോന് ഒരു പ്രശ്നവും ഇല്ല". എന്റെ ടെൻഷനെ കളിയാക്കാനും അദ്ദേഹം മറന്നില്ല. കണ്ണു ഡോക്ടർ നോക്കിയിട്ട് പറഞ്ഞ അസുഖം എന്തെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും  ഒരിക്കലും നിറയാത്ത ആ കണ്ണു നിറഞ്ഞു കണ്ടപ്പോൾ മനസ്സിലായി കാര്യമായ പ്രശ്നമാണെന്ന്. എന്റെ മകന്റെ ജീവൻ വരെ അപഹരിക്കാൻ കഴിയുന്ന റെറ്റിനോ ബ്ലാസ്റ്റോമ എന്ന കാൻസർ അവന്റെ രണ്ടു കണ്ണിനെയും ബാധിച്ചിരിക്കുന്നു. ഒരു കണ്ണിന്റെ കാഴ്ച ഏകദേശം മുഴുവനായും മറ്റേ കണ്ണിന്റേതു ഭാഗികമായും നഷ്ടപ്പെട്ടിരിക്കുന്നു. അവന്റെ കോങ്കണ്ണും കൃഷ്ണമണിക്കുള്ളിലെ വെള്ള വെളിച്ചവും അതിന്റെ ആരംഭ ലക്ഷണങ്ങൾ മാത്രം. ഇതു കൂടുതൽ പടർന്നിട്ടുണ്ടോ എന്നു പരിശോധിക്കണം. കുറച്ചു നേരത്തെ ആയിരുന്നെങ്കിൽ  ചിലപ്പോ അവന്റെ കണ്ണുകളെങ്കിലും രക്ഷിക്കമായിരുന്നു. ഇപ്പോൾ അവന്റെ ജീവൻ രക്ഷിക്കണമെങ്കിൽ രണ്ടു കുഞ്ഞിക്കണ്ണുകളും ചൂഴ്ന്നെടുക്കണം. ജീവിതം മുഴുവൻ അന്ധനായ അവനെ വേണോ അതോ അവന്റെ കുസൃതിനിറഞ്ഞ നീലക്കണ്ണുകൾ വേണോ എന്ന് വേഗം തീരുമാനിക്കണം. 

സമയം വളരെ കുറച്ചേ ഉള്ളു. അസുഖം പകർന്നിട്ടുണ്ടെങ്കിൽ ചിലപ്പോ കൃത്രിമക്കണ്ണു പോലും വെക്കാൻ പറ്റില്ല. എന്റെ പൊന്നു മോനെ വരെ നഷ്ടപ്പെടും. കഷ്ടപ്പെട്ടു കരച്ചിൽ ഒതുക്കാൻ ഞാൻ ശ്രമിച്ചെങ്കിലും  പ്രതീക്ഷിക്കാതെ പൊട്ടിക്കരഞ്ഞത് ശശിയേട്ടൻ ആണ്. അതുകണ്ട് എനിക്കും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ഒരു ഡോക്ടർ എന്നതിലുപരി ഒരു സുഹൃത്തായി അദ്ദേഹം ഞങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു. വേറെ വലിയൊരു ഹോസ്പിറ്റലിലേക്ക് കത്തും തന്നു പറഞ്ഞു വിട്ടു. വീട്ടിൽ വന്നു തകർന്നു പോകും എന്ന് എനിക്ക് തോന്നിയെങ്കിലും അവന്റെ കളിചിരികൾ എനിക്ക് കുറച്ച് ആശ്വാസം തന്നു. പക്ഷേ ശശിയേട്ടന് അതു വലിയ ഭാരമായിരുന്നു. മുറിയിൽ കയറി വാതിലടച്ച് ഒന്നുരണ്ടു ദിവസം പൊട്ടിക്കരഞ്ഞു .എന്തു ചോദിച്ചാലും ദേഷ്യപ്പെടുക, എന്നെ ഒരുപാട് ശകാരിക്കുക... അങ്ങനെ എനിക്ക് അദ്ദേഹത്തെ കൂടി നഷ്ടപ്പെടുമോ എന്നു തോന്നിയ ദിനങ്ങൾ. കുറച്ചു നാൾ മുമ്പ് ഞാൻ അവന്റെ കാഴ്ചയെക്കുറിച്ചു സംശയിച്ചപ്പോൾ എന്നെ വിശ്വസിക്കാതിരുന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദുഃഖം. അന്ന് ആയിരുന്നെങ്കിൽ അവന്റെ കണ്ണുകളെങ്കിലും രക്ഷിക്കമായിരുന്നു, ചിലപ്പോ കാഴ്ചയും.

വളരെ പ്രതീക്ഷയോടെ പുതിയ ഹോസ്പിറ്റലിൽ ഞങ്ങൾ വളരെ വേഗം എത്തി. കുഞ്ഞിക്കണ്ണുകൾ മുഴുവനായി മാറ്റി കൃത്രിമക്കണ്ണുകൾ വയ്ക്കാം. പക്ഷേ കുഞ്ഞു വളർന്നു വരുമ്പോൾ വീണ്ടും അവ ഇടയ്ക്കിടക്ക് മാറ്റി പുതിയത് വയ്ക്കണം. ഏറ്റവും വേഗം ഓപ്പറേറ്റ് ചെയ്യണം, അതിനു ശേഷം റേഡിയേഷനും കീമോതെറാപ്പിയും. ഒന്നും ആരോടും പറയാൻ നിന്നില്ല. മറ്റുള്ളവരുടെ, മനസ്സിൽ സന്തോഷിച്ചുള്ള, സഹതാപമുള്ള നോട്ടങ്ങൾ സഹിക്കാൻ പറ്റുന്നവ അല്ലായിരുന്നു. ഞങ്ങൾ മതി ഞങ്ങളുടെ മനുവിന്. ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകുമ്പോൾ അവസാനമായി അവന്റെ കണ്ണുകൾ എന്നെ നോക്കി ഒരു കുസൃതിച്ചിരി ചിരിച്ചു. കലങ്ങിത്തെളിഞ്ഞ എന്റെ കണ്ണുകളിലേക്കു നോക്കി എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ എന്റെ കണ്ണീർ അവന്റെ കുഞ്ഞിക്കൈ നീട്ടി തൊട്ട് അവൻ സ്‌ട്രെച്ചെറിൽ മെല്ലെ അകത്തേക്ക്. പിടിച്ചു നിൽക്കാൻ പണിപ്പെട്ട് ഞാൻ ശശിയേട്ടന്റെ മടിയിലേക്കും... അവൻ തിരിച്ചു വരുമായിരിക്കും അല്ലേ? വന്നാലും അവനെ ജീവനുതുല്യം സ്നേഹിച്ച ഞങ്ങളുടെ മുഖമെങ്കിലും അവൻ എന്നെങ്കിലും ഓർക്കുമോ? ഈ ലോകത്തിലെ നിറങ്ങളും അവന്റെ ഇഷ്ടപ്പെട്ട പൂമ്പാറ്റകളും എന്നും നിറം മങ്ങാതെ അവന്റെ മനസ്സിൽ ഉണ്ടാകുമായിരിക്കും അല്ലേ.

മനുഷ്യനെ എന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ആ ഘടകം, പ്രത്യാശ- അതുമാത്രമേ എനിക്ക് ഇപ്പോ ഉള്ളൂ. ശശിയേട്ടന്റെ തോളും ദൈവത്തിന്റെ വികൃതിയും.

(കഥാപാത്രങ്ങൾ സത്യമാണ്. പേരും സന്ദർഭവും വേറെ. കണ്ണു ഡോക്ടറായ എന്റെ ഭർത്താവ് അത്യാവശ്യം ഡിപ്രഷൻ വന്നു ഫീസ്‌ വാങ്ങാതെ സമാധാനിപ്പിച്ചു വിട്ട രണ്ടു വ്യക്തികളുടെ അനുഭവങ്ങൾ പറയുകയും ഉടൻ തന്നെ സ്വന്തം മക്കളുടെ കണ്ണുകൾ ടെസ്റ്റ് ചെയ്തു കണ്ണട കൊടുക്കുകയും ചെയ്യ്തു. ബാക്കി എന്റെ സങ്കൽപ്പങ്ങൾ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA