നേത്രദാനം; അറിയാം ഈ കാര്യങ്ങൾ

eye-donation
SHARE

നേത്രപടലം മാറ്റിവച്ച് വെളിച്ചത്തിന്റെ ലോകത്ത് എത്താൻ രാജ്യത്ത് 11 ലക്ഷത്തോളം പേർ കാത്തിരിക്കുമ്പോഴും കേരളവും പ്രത്യേകിച്ച് എറണാകുളം ജില്ലയും നേത്രപടലം ദാനം ചെയ്യുന്നതി‍ൽ മുൻപന്തിയിൽ നിൽക്കുന്നു. ഇന്ത്യയിൽ പ്രതിവർഷം 25,000 കാഴ്ചയില്ലാത്തവർ നേത്രപടലം ലഭിക്കാൻ ആശുപത്രികളിൽ റജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ബോധവൽക്കരണത്തിന്റെ കുറവും കാഴ്ചപരിമിതരുടെ കൃത്യമായ കണക്കു പോലും ഇല്ലാത്ത സർക്കാർ സംവിധാനങ്ങളുടെ പരാജയവും നേത്രദാനം വർധിക്കുന്നതിനു തടസമാവുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കേരളത്തിൽ ഏറ്റവും കൂടുതൽ നേത്രങ്ങൾ സ്വീകരിക്കുന്നതും കാഴ്ചയില്ലാത്തവർക്കു നൽകുന്നതും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലാണ്. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുകൾ പ്രകാരം നേത്രദാനത്തിന്റെ എണ്ണം ക്രമമായി വർധിക്കുന്നുണ്ട്. പക്ഷേ, സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ പകുതി പോലും തികയുന്നില്ല. കേരളത്തിലെ 11 നേത്രബാങ്കുകളിലെയും സ്ഥിതി ഇതു തന്നെയാണെന്ന് അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്തു നേത്രപടലം മാറ്റിവയ്ക്കേണ്ടതായി എത്ര പേരുണ്ടെന്നതിനു സർക്കാരിന്റെ പക്കൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. അവയവദാനത്തിനു ‘മൃതസഞ്ജീവനി’ പോലുള്ള പദ്ധതികൾ ഉണ്ടെങ്കിലും കാഴ്ചയില്ലാത്തവരുടെ വിവരങ്ങൾ ഇവിടെ രേഖപ്പെടുത്തുന്നില്ല. നാഷനൽ പ്രോഗ്രാം ഫോർ കൺട്രോൾ ഓഫ് ബ്ളൈൻഡ്നെസിലും ഈ വിവരങ്ങൾ ഇല്ല. ഓരോ ആശുപത്രികളിലും ഇതു റജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും ഏകോപിപ്പിക്കപ്പെട്ടിട്ടില്ലെന്ന് എൻപിസിബി അധികൃതർ വ്യക്തമാക്കി.

എൻപിസിബി വെബ്സൈറ്റ് പ്രകാരം കേരളത്തിൽ നിന്ന് വർഷം 1700 നേത്രപടലങ്ങൾ ശേഖരിക്കാനാണു ലക്ഷ്യമിട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം 1800 ലേറെ നേത്രപടലങ്ങൾ ശേഖരിച്ചതിനാൽ ലക്ഷ്യം പൂർത്തീകരിച്ചതായാണു വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ മാത്രം നേത്രപടലങ്ങൾ ആവശ്യമുള്ളളവരുടെ എണ്ണം ഇതിലും എത്രയോ മടങ്ങാണെന്ന് ഈ രംഗത്തു പ്രവർ‍ത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

 നേത്രപടലദാനം
∙ ആർക്കും നേത്രപടലം ദാനം ചെയ്യാം
∙ ശസ്ത്രക്രിയ നടത്തിയവർക്കും കണ്ണട ഉപയോഗിക്കുന്നവർക്കും ദാനം ചെയ്യാം
∙ മരണാനന്തരം ആറു മണിക്കുറിനുള്ളിൽ നേത്രപടലം ദാനം ചെയ്യണം
∙ തികച്ചും സൗജന്യം.
∙ കണ്ണിന്റെ കറുത്ത ചെറിയ ഭാഗം (കോർണിയ) മാത്രം ആണ് എടുക്കുന്നത്. മുഖത്ത് ഒരു വൈകൃതവും ഉണ്ടാകുന്നില്ല.
∙ ഇന്ത്യയിൽ ഏതു നേത്രബാങ്കിലും നേത്രപടലദാനം നടത്താം. ഏറ്റവും അടുത്തുള്ള നേത്ര ബാങ്കിൽ നടത്തിയാൽ സമയ പരിധി പാലിക്കാം.
∙ ഒരു വ്യക്തിയുടെ നേത്രദാനം കൊണ്ടു രണ്ടു വ്യക്തികൾക്കു കാഴ്ച കിട്ടും.

 ശ്രദ്ധിക്കേണ്ടത്
∙ സമ്മതപത്രം നൽകിയ ആളുടെ മരണാനന്തരം ബന്ധുക്കൾ ഉടൻ അടുത്തുള്ള നേത്രബാങ്കിലോ സന്നദ്ധ സേവകരെയോ വിവരം അറിയിക്കുക.
∙ 6– 8 മണിക്കൂറിനുള്ളിൽ നേത്രപടലം എടുക്കണം.
∙ മൃതദേഹം എവിടെയാണോ, ആരോഗ്യ പ്രവർത്തകർ അവിടെ നിന്നു നേത്രപടലം എടുക്കും. ഏറിയാൽ 20 മിനിറ്റിനുള്ളിൽ നേത്രപടലം എടുക്കാം.
∙ ഫാനിന്റെ സമീപം മൃതദേഹം വയ്ക്കരുത്. എസി ഉണ്ടെങ്കിൽ പ്രവർത്തിപ്പിക്കാം.
∙ കൺപോളകൾ മൃദുവായി അടയ്ക്കുക. മൃദുവായ തുണികൊണ്ടു മൂടാം. തുണി ഇടയ്ക്കു നനയ്ക്കുന്നതും നന്നാവും.
∙ തലയിണ ഉപയോഗിച്ചു തല പൊക്കിവയ്ക്കുക.

നേത്രപടലാന്ധത
നേത്രപടലത്തിന്റെ സുതാര്യത നഷ്‌ടപ്പെട്ടു പ്രകാശരശ്‌മികൾ കടന്നുപോകാൻ കഴിയാതെ കാഴ്‌ച നഷ്‌ടപ്പെടുന്നതാണു നേത്രപടലാന്ധത. ജൻമനാ ഉള്ള അസുഖങ്ങൾ, രാസവസ്‌തുക്കൾ മൂലമുണ്ടാകുന്ന പരുക്കുകൾ, മുറിവുകൾ, പൊള്ളൽ, വൈറ്റമിൻ എയുടെ കുറവ് എന്നിവയാണു നേത്രപടലാന്ധതയ്‌ക്കു കാരണം. കേടായ നേത്രപടലം ശസ്‌ത്രക്രിയയിലൂടെ മാറ്റി കേടുപാടില്ലാത്ത മറ്റൊന്ന് അതേ അളവിൽ തുന്നിപ്പിടിപ്പിക്കുന്ന കണ്ണുമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയാണു പരിഹാരം. നേത്രദാനത്തിലൂടെ ലഭിക്കുന്ന കണ്ണുകളാണ് ഇതിനുപയോഗിക്കുന്നത്.

ഓർക്കേണ്ടതു ബന്ധുക്കൾ
അപകടം മൂലമോ അസ്വാഭാവിക കാരണത്താലോ മരിക്കുന്നവരുടെ ശരീരത്തിൽനിന്നുപോലും നേത്രപടലം എടുത്തു ചികിൽസാപരമായ ആവശ്യത്തിന് ഉപയോഗിക്കാമെന്ന നിയമമുണ്ടായിട്ടും മാറ്റിവയ്ക്കാൻ വേണ്ടത്ര കണ്ണുകൾ കിട്ടുന്നില്ല എന്നതാണു പ്രശ്നം. മറ്റ് അവയവങ്ങൾ ദാനം ചെയ്യുമ്പോഴത്തേതു പോലുള്ള സാങ്കേതിക പ്രശ്നങ്ങളോ, രക്തഗ്രൂപ്പ് ചേർച്ചയോ നേത്രപടലത്തിന്റെ കാര്യത്തിൽ ഇല്ല. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ലൈംഗിക രോഗങ്ങൾ എന്നിവ ഉണ്ടെങ്കിൽ അയാളുടെ നേത്രപടലങ്ങൾ സാധാരണ ഉപയോഗിക്കാറില്ലെന്നു മാത്രം.

സമ്മതപത്രം
പ്രായപൂർത്തിയായ ആർക്കും നേത്രദാനത്തിന് റജിസ്റ്റർ ചെയ്യാം. മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, പ്രശസ്ത സ്വകാര്യ കണ്ണാശുപത്രികൾ എന്നിവിടങ്ങളിലെല്ലാം സൗകര്യമുണ്ട്. റജിസ്റ്റർ ചെയ്തതിനുശേഷം ലഭിക്കുന്ന സമ്മതപത്രത്തിന്റെ പകർപ്പു വീട്ടിൽ ഫ്രെയിം ചെയ്തു തൂക്കിയാൽ അതൊരു ഓർമപ്പെടുത്തലാകും. സമ്മതപത്രം നൽകാത്തവർ മരിച്ചാലും കണ്ണുകൾ ദാനം ചെയ്യാം. ബന്ധുക്കൾ സമ്മതിച്ചാൽ മതി.

20 മിനിറ്റ് മതി
മരിച്ചവരുടെ കണ്ണുകൾ ആറുമണിക്കൂറിനകം നീക്കം ചെയ്യണം. ബന്ധപ്പെട്ടവർ വിവരം അറിയിച്ചാൽ നേത്രബാങ്കിന്റെ ചുമതലയുള്ളവർ മരണം സംഭവിച്ച സ്ഥലത്തുവന്നു കണ്ണുകൾ നീക്കം ചെയ്യും. ഇതിനായി ഒരു തുകയും നൽകേണ്ടതില്ല. 20 മിനിറ്റിനകം ചെയ്യാവുന്ന ശസ്ത്രക്രിയ ആയതിനാൽ മരണാനന്തര ചടങ്ങുകൾക്കു കാലതാമസം വരില്ല. നീക്കം ചെയ്ത കണ്ണുകൾ നേത്രബാങ്കിലെത്തിച്ച് സ്ളിറ്റ് ലാംപ് എന്ന ഉപകരണത്തിലൂടെ പരിശോധിച്ച്, പ്രത്യേക ലായനിയിൽ സൂക്ഷിച്ച്, ആവശ്യാനുസരണം വിവിധ കേന്ദ്രങ്ങളിൽ എത്തിക്കും.

കേരളത്തിലെ പ്രധാന നേത്ര ബാങ്കുകൾ

റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, തിരുവനന്തപുരം

ചൈതന്യ ഐ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

ടിഡി മെഡിക്കൽ കോളജ്, ആലപ്പുഴ.

ലിറ്റിൽ ഫ്ളവർ ആശുപത്രി, അങ്കമാലി.

ദർശന ഹോസ്പിറ്റൽ, ആലുവ.

മെഡിക്കൽ കോളജ്, തൃശൂർ.

ജൂബിലി മിഷൻ, തൃശൂർ.

അഹല്യ ഐ ഫൗണ്ടേഷൻ, പാലക്കാട്.

അൽ സലാമ ഐ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

മെഡിക്കൽ കോളജ്, കോഴിക്കോട്.

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നേത്രപടലം സ്വീകരിച്ചതിന്റെയും കാഴ്ചയില്ലാത്തവർക്ക് നൽകിയതിന്റെയും കണക്കുകൾ

2015: 1130, 937
2016: 1321, 1104
2017: 1649, 1261
2018: 1620, 1314.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA