ഇരുകാലുകളുമില്ലാത്ത കുഞ്ഞിനെ അച്ഛൻ ഉപേക്ഷിച്ചു; ഒടുവിൽ സംഭവിച്ചത്

jenifer
SHARE

1987 ഒക്ടോബർ 1. യുഎസ്, ഇലിയൻസിലെ പ്രശസ്ത ആശുപത്രിയിൽ ഒരു പെൺകുഞ്ഞു പിറന്നു. പുറത്തു കാത്തുനിന്ന പിതാവിന്റെ കൈകളിലേക്കു ഡോക്ടർ കുഞ്ഞിനെ ഏൽപ്പിച്ചു. അദ്ദേഹം  ആ കുഞ്ഞിനെ തുറിച്ചുനോക്കി. ഇരുകാലുകളുമില്ലാത്ത മനുഷ്യരൂപം. ‘ഡോക്ടർ, ഈ കുഞ്ഞിനെ എനിക്കു വേണ്ട...’ 

രണ്ടുകാലുമില്ലാതെ പിറന്ന സ്വന്തം കുഞ്ഞിനെ ഡോക്ടറുടെ കൈകളിൽ ആ പിതാവു തിരിച്ചേൽപിച്ചു. ഡിമിട്രു മൊഷിയാനൊ- കമേലിയ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിരുന്നു അവൾ. ഭാര്യയെയൊ 6 വയസുകാരിയായ മൂത്ത മകളെയൊ കുഞ്ഞിന്റെ മുഖം ഒന്നു കാണാൻ പോലും ആ മനുഷ്യൻ അനുവദിച്ചില്ല. 

ഡോക്ടർ തന്റെ സുഹൃത്തായ ജറാൾഡ് ബ്രിക്കറെയും ഭാര്യ ഷാരോൺ ബ്രിക്കറെയും ആശുപത്രിയിലേക്കു വിളിച്ചു വരുത്തി. അവർക്ക് 3 ആൺ മക്കൾ ഉണ്ടായിരുന്നു. ഒരു പെൺ കുഞ്ഞിനെ അവർ ആഗ്രഹിച്ചിരുന്നു. ആ കുഞ്ഞിനെ അവർ ദത്തെടുത്തു.  ജന്നിഫർ എന്നു പേരിട്ടു. 3 ആൺകുട്ടികളുടെ കുഞ്ഞനുജത്തിയായി അവൾ വളർന്നു. ലോകത്തിലെ ഏറ്റവും നിർഭാഗ്യവതിയെന്നു കാലം കരുതിയ ആ പെൺകുഞ്ഞിന്റെ ജീവിതം ചരിത്രത്തിലെ നിറമുള്ള അധ്യായമായി മാറാനുള്ളതായിരുന്നു. 

4 വയസായപ്പോഴേക്കും സ്വന്തം കാര്യങ്ങൾ പരസഹായമില്ലാതെ ചെയ്യാൻ ജന്നിഫർ പഠിച്ചു. ‘ എനിക്കു പറ്റില്ല’ എന്ന് ഒരിക്കലും പറയരുതെന്നു വളർത്തച്ഛൻ എപ്പോഴും അവളോടു പറയുമായിരുന്നു. ജന്നിഫറിന് 6 വയസ്സായപ്പോഴേക്കും ചേട്ടന്മാരുടെ കൂടെ മരത്തിൽ കയറാനും ബാസ്ക്കറ്റ് ബോൾ കളിക്കാനും ബേസ് ബോൾ കളിക്കാനും പഠിച്ചു. 

ഒരു ദിവസം ടിവി കണ്ടുകൊണ്ടിരിക്കെ, 13 വയസു തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ജിംനാസ്റ്റിക് പ്രകടനം  ജന്നിഫർ കാണാനിടയായി. യുഎസ് ജിംനാസ്റ്റിക് ടീമിൽ വളരെ ചെറുപ്പത്തിൽ ഇടം നേടിയ 'ഡോമിനിക്യു' എന്ന ജിംനാസ്റ്റായിരുന്നു അത്. 

‘എനിക്കും ജിംനാസ്റ്റിക്സ് പഠിക്കണം’,  ആഗ്രഹം അവൾ മാതാപിതാക്കളെ അറിയിച്ചു. 

അവർ അവളെ ഒരു ജിംനാസ്റ്റിക്സ് സ്കൂളിൽ ചേർത്തു. ടെലിവിഷനിൽ താൻ കണ്ട പെൺകുട്ടിയെ  റോൾമോഡൽ ആയി കണ്ടായിരുന്നു അവളുടെ പരിശീലനം.  15 വയസ് ആയപ്പോഴേക്കും ജന്നിഫർ അമേരിക്കയിലെ അറിയപ്പെടുന്ന ഒരു ജിംനാസ്റ്റ് ആയി മാറി. റോൾ മോഡൽ ആയിക്കണ്ട ഡോമിനിക്യു 1996- ലെ അറ്റ്‌ലാന്റ ഒളിമ്പിക്സിൽ സ്വർണം നേടിയ യുഎസ് ടീമിൽ അംഗമായപ്പോൾ 2 വർഷങ്ങൾക്കു ശേഷം നടന്ന ജൂനിയർ ഒളിപിക്സിൽ ജന്നിഫറും സമ്മാനം നേടി. 

ജന്നിഫറിന് 16 വയസായപ്പോൾ അവൾ തന്റെ യഥാർഥ മാതാപിതാക്കളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ബ്രിക്കർ കുടുംബം അവളെയും കൂട്ടി അവൾ ജനിച്ച ആശുപത്രിയിലെത്തി. രേഖകൾ പരിശോധിച്ചപ്പോൾ അവളുടെ പിതാവിന്റെ പേര് ഡിമിട്രു മൊഷിയാനൊ എന്നാണെന്നു കണ്ടെത്തി.  ജന്നിഫർ ഒരു കാര്യം ശ്രദ്ധിച്ചു. ഡോമിനിക്യുവിന്റെ പിതാവിന്റെ പേരും ഡിമിട്രു മൊഷിയാനൊ എന്നാണ്. തുടർന്നു നടത്തിയ അന്വേഷണം അതിശയകരമായ ഒരു സത്യത്തിലേക്കാണ് അവളെ നയിച്ചത്.

1987 ഒക്ടോബർ 1നു സ്വന്തം അനിയത്തിയുടെ മുഖം കാണാൻ പോലും സാധിക്കാതെ ആശുപത്രി വിട്ടുപോകേണ്ടി വന്ന അന്നത്തെ ആ ആറുവയസുകാരിയാണ് 'ഡോമിനിക്യു മൊഷിയാനൊ'. ജന്നിഫറിന്റെ കൂടപ്പിറപ്പ്.  അവൾക്കിപ്പോൾ ഒരു അനുജത്തി കൂടിയുണ്ട്. ക്രിസ്റ്റീന മൊഷിയാനൊ. 

അവൾ ഡോമിനിക്യുവിന് ഒരു കത്തെഴുതി. തെളിവായി ഹോസ്പിറ്റലിൽ നിന്നു കോപ്പിയെടുത്ത തന്റെ ജനന രേഖകളും ഫോട്ടോയും ഒപ്പം ചേർത്തു. ജന്നിഫറിന്റെ ഫോട്ടോ കണ്ട ‍ഡോമിനിക്യുവിനു മറ്റു തെളിവുകളൊന്നും വേണ്ടി വന്നില്ല, അവൾ‌ തന്റെ സഹോദരിയാണെന്നു തിരിച്ചറിയാൻ. കാരണം ഇളയ സഹോദരി ക്രിസ്റ്റീനയും ജന്നിഫറും ഒരുപോലെയാണു കാഴ്ചയിൽ..

അവർ കണ്ടുമുട്ടി. ഡോമിനിക്യു  ജന്നിഫറിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അപ്പോഴേക്കും കാൻസർ ബാധിച്ച് ഡിമിട്രു മൊഷിയാനൊ മരിച്ചിരുന്നു. അമ്മ സന്തോഷവും കുറ്റബോധവും നിറഞ്ഞ് അവളെ കെട്ടിപ്പിടിച്ചു.

അമ്മ എന്നെയോർത്തു കരയുന്നതെന്തിന്, ഇതായിരുന്നു എന്റെ വിധി. ഇങ്ങനെയൊക്കെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്നും ഇഴഞ്ഞു നടക്കുന്ന ഒരു പാഴ്ജന്മമാകുമായിരുന്നുവെന്ന് അവൾ പറഞ്ഞു. കാലം കരുതിവയ്ക്കുന്ന വേദനകൾക്കു ചിലപ്പോൾ വരുംകാല ചരിത്രത്തിൽ മധുരമായിരുക്കും രുചിയെന്നു ജന്നിഫർ വിധിയോടു വിളിച്ചു പറയുന്ന നിമിഷമായിരുന്നു അത്. ജന്നിഫറിന് ഇപ്പോൾ 31 വയസ്. അമ്മയ്ക്കും ചേച്ചിക്കും അനുജത്തിക്കുമൊപ്പം അവൾ സന്തോഷമായി ജീവിക്കുന്നു. ജിംനാസ്റ്റിക്സിനു പുറമേ മോഡലിങ്, ടെലിവിഷൻ അവതാരക, മോട്ടിവേഷനൽ സ്പീക്കർ എന്നീ നിലകളിലും അവൾ പ്രശസ്ത.  ഒന്നും അസാധ്യമല്ല എന്ന പേരിൽ ജന്നിഫർ എഴുതിയ ആത്മകഥ അമേരിക്കയിലെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA