ശരീരം മുറിച്ചുള്ള ശസ്ത്രക്രിയയ്ക്കു പകരം പുതിയ സാധ്യതകളുമായി റേഡിയോളജി

radiology
SHARE

കരളിൽ കാൻസർ ബാധിതനായിട്ടാണ് 48കാരൻ ചികിൽസയ്ക്കെത്തിയത്. പ്രമേഹവും മറ്റ് അസുഖങ്ങളും കൂട്ടിനുണ്ടായിരുന്നതിനാൽ ശരീരം മുറിച്ചുള്ള ശസ്ത്രക്രിയ ആശാസ്യമല്ലെന്ന് ഡോക്ടർമാർ കരുതി. മൈക്രോവേവ് അബ്ളേഷൻ എന്ന ആധുനിക ചികി‍ൽസാരീതിയാണ് ഇവിടെ രോഗിക്ക് തുണയായത്. ചെറിയ സൂചിയുടെ വലിപ്പത്തിലുള്ള ഉപകരണം അകത്തേക്ക് കയറ്റി, അർബുദത്തിലേക്ക് 100 ഡിഗ്രി ചൂട് കടത്തിവിടുന്നു. ട്യൂമറും ചുറ്റുമുള്ള കലകളും വെന്തുരുകും. സ്ക്രീനിൽ ഇത് കൃത്യമായി കാണാം. ഒരു ദിവസത്തെ നിരീക്ഷണത്തിനു ശേഷം രോഗം പൂർണമായും ഭേദപ്പെട്ട് രോഗി ആശുപത്രി വിട്ടു.

റേഡിയോളജിയിൽ സമീപകാലത്തുണ്ടായ ഇത്തരം വളർച്ച രോഗനിർണയത്തിലും ചികിത്സാ മേഖലയിലും വൻ പുരോഗതിക്ക് കാരണമായിട്ടുണ്ട്. 

തുടർച്ചയായി മരുന്ന് കഴിക്കുന്നതിലൂടെ മാത്രം നിയന്ത്രിച്ചിരുന്ന അപസ്മാരം പോലുള്ള അസുഖങ്ങളുടെ പ്രഭവസ്ഥാനം കണ്ടെത്തി ശാശ്വതപരിഹാരം സാധ്യമാക്കുന്ന നിലയിലേക്ക് റേഡിയോളജി വളർന്നു. എംആർഐ മെഷീനുകളുടെ കാന്തികശേഷി വർധിച്ചതോടെ ഇമേജിങിന്റെ കൃത്യതയും കൂടി.

ഫങ്ഷനൽ എംആർഐ
അനങ്ങാതെ കിടന്ന് എംആർഐ പരിശോധനയ്ക്ക് വിധേയമാകുന്നതിന് വിപരീതമായി സ്വാഭാവിക ചലനങ്ങൾ നടക്കുമ്പോൾതന്നെ മസ്തിഷ്കത്തിന്റെ വിവിധഭാഗങ്ങളിലെ ഓക്സിജൻ ഉപഭോഗം വിലയിരുത്താൻ സാധിക്കും. ഭാവിയിൽ മസ്തിഷ്കത്തിൽ സംഭവിച്ചേക്കാവുന്ന മാറ്റങ്ങൾപോലും മുൻകൂർ കണ്ടെത്താൻ കഴിയും. മസ്തിഷ്ക ശസ്ത്രക്രിയയെ തുടർന്ന് ഉണ്ടായേക്കാവുന്ന ന്യൂനതകൾ പ്രവചിക്കാൻ വരെ ഫങ്ഷണൽ എംആർഐയ്ക്ക് കഴിയും.

കാർഡിയാക് എംആർഐ
ഹൃദയാഘാതത്തെ തുടർന്ന് ഹൃദയപേശികളുടെ ചിലഭാഗങ്ങൾ പ്രവർത്തനരഹിതമാകാറുണ്ട്. കാർഡിയാക് എംആർഐയിലൂടെ ഇത് കൃത്യമായി കണ്ടെത്താം. ബൈപ്പാസ് സർജറി ഏതു വിധേന നിർവഹിക്കണമെന്ന് വ്യക്തമായ ധാരണ ഡോക്ടർമാർക്ക് ലഭ്യമാക്കുന്നു. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞവരിൽ ഹൃദയപേശികളുടെ പ്രവർത്തനം വിലയിരുത്തി ചികിത്സയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും സഹായിക്കും.

ലിവർ ഇലാസ്റ്റോഗ്രാഫി
അമിതമായ കൊഴുപ്പ്, കരൾവീക്കം, മദ്യപാനം തുടങ്ങിയ കാരണങ്ങളാൽ കരളിലെ കോശങ്ങൾക്ക് സംഭവിക്കുന്ന നാശം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്നു. ചികിത്സയോട് കോശങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വിലയിരുത്താനും ഈ നൂതന അൾട്രാസൗണ്ട് സ്കാനിംഗ് ഉപകാരപ്രദമാണ്. കരളിന്റെ ബയോപ്സി പരിശോധന ഒരു പരിധിവരെ ഒഴിവാക്കാനും ലിവർ ഇലാസ്റ്റോഗ്രാഫി സഹായകമാണ്.

മുതിർന്നവരിൽ കാണപ്പെടുന്ന അനിയന്ത്രിതമായ മൂത്രംപോക്ക് ഗർഭാശയം, മലാശയം എന്നിവ താഴേക്ക് ഇറങ്ങുന്ന അവസ്ഥ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പെൽവിക് ഫ്ലോറിന്റെ ബലക്ഷയം മൂലം സംഭവിക്കുന്നതാണ്. ഈ രോഗാവസ്ഥകളും കൃത്യമായി കണ്ടെത്തി വിലയിരുത്താൻ നൂതന അൾട്രാസൗണ്ട് പരിശോധന സഹായിക്കുന്നു.

മൈക്രോവേവ് അബ്ലേഷൻ
മൈക്രോ തരംഗങ്ങൾ ഉപയോഗിച്ച് ട്യൂമറുകൾ ശസ്ത്രക്രിയ കൂടാതെ സുരക്ഷിതമായി നിവാരണം ചെയ്യുന്ന രീതിയാണിത്. കരളിലെ കാൻസറിന് ശസ്ത്രക്രിയ ഒഴിവാക്കി പരിഹാരം കാണുന്നതിന് ഈ രീതി ഫലപ്രദമാണ്.

പെറ്റ് എംആർഐ
അർബുദ ചികിത്സയിലെ വൻ ചുവടുവയ്പാണ് പെറ്റ് എംആർഐ. അർബുദത്തിന്റെ തീവ്രത, വ്യാപനം കീമോതെറപ്പിയുടെ ഫലപ്രാപ്തി എന്നിവ വിലയിരുത്താൻ കഴിയും.

ഗർഭകാല 4ഡി സ്കാനിംഗ്
ഗർഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതി മുൻകാലങ്ങളിൽ വിലയിരുത്താൻ കഴിഞ്ഞിരുന്നത് 16–18 ആഴ്ചകളിലായിരുന്നു. നിലവിൽ 12 ആഴ്ച വളർച്ചയുള്ള ഭ്രൂണത്തിന് ജനിതക പരിശോധന നടത്തി ഗർഭസ്ഥശിശുവിന്റെ രക്തയോട്ടം, ഗർഭാശയമുഖം എന്നിവയുടെ വിശദമായ പരിശോധനകൾ ഇപ്പോൾ സാധ്യമാണ്.

ഡിയോളജിയിൽ സമീപകാലത്തുണ്ടായ വളർച്ച രോഗനിർണയത്തിലും ചികിത്സാ മേഖലയിലും വൻ പുരോഗതിക്ക് കാരണമായിട്ടുണ്ട്. അപസ്മാരം പോലുള്ള അസുഖങ്ങളുടെ പ്രഭവസ്ഥാനം കണ്ടെത്താൻ ഇന്ന് സാധിക്കുന്നു.

ഡോ.അമൽ ആന്റണി
സീനിയർ കൺസൽറ്റന്റ് റേഡിയോളജിസ്റ്റ്, 
ലിസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോളജി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA