ഉപ്പുപ്പാന്റെ ക്രൂരതയ്ക്ക് ഇരയായ ആ ഏഴു വയസ്സുകാരി

Child-Abuse
SHARE

(മഞ്ചേരി മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന കാലത്ത് ഞാൻ കണ്ടുമുട്ടിയ ഒരുമ്മയെയും മകളെയും പറ്റി ഒരു നഴ്‌സ് പറഞ്ഞറിഞ്ഞ അനുഭവം. പേരുകൾ യാഥാർഥ്യമല്ല. വ്യക്തികളും സംഭവങ്ങളും കഴിയുന്നതും സത്യമായി വിവരിച്ചിട്ടുണ്ട്. യഥാർഥത്തിൽ ആ ഉമ്മ ഇന്നും അവരുടെ സ്വന്തം വീട്ടിൽ സ്വന്തമായി വരുമാനം പോലും ഇല്ലാതെ ഒറ്റപ്പെട്ടു ജീവിക്കുന്നുണ്ട്)

ചില അനുഭവങ്ങൾ പിന്നീട് ഓർത്തെടുക്കുമ്പോൾ ‘ഇത് സത്യമായിരുന്നോ’ എന്നുവരെ ഞാൻ ആലോചിച്ചിട്ടുണ്ട്. പിന്നീട്, അവർക്കെന്തായി എന്നറിയാനുള്ള ആകാംക്ഷയും. പത്രവാർത്തകൾ നമ്മൾ വിശ്വസിച്ചാലും നേരിട്ട് അനുഭവിക്കുന്ന ചില സത്യങ്ങൾ നമുക്കുതന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ടുതോന്നും. കാലം മായ്ക്കാത്ത മുറിവുകൾ ഉണ്ടോ എന്ന് ആശ്ചര്യപ്പെട്ട് എല്ലാം മറക്കാൻ ശ്രമിക്കും. അങ്ങനെ ചില മുഖങ്ങൾ മായാതെ മനസ്സിൽ കിടക്കുകയും ചെയ്യും.

സമീറ, 7 വയസ്സ്.

പേരു പോലെ ആർക്കും ഇഷ്ടം തോന്നിക്കുന്ന ഒരു കൊച്ചു സുന്ദരി. ഉമ്മയുടെ പേര് ബുഷ്റ. 25 വയസ്സുണ്ടെങ്കിലും വെളുത്തു മെലിഞ്ഞു വലിയ പൊക്കം ഇല്ലാതെ, ഒരു  ചുരിദാറും ഇട്ടു ഷാളു കൊണ്ടു തല മറച്ച്, മുഖത്തെ കുട്ടിത്തം മാറാത്ത അവരെ കണ്ടാൽ ഏകദേശം 14 വയസ്സു തോന്നിക്കും. സമീറയുടെ ചേച്ചി എന്നേ തോന്നുള്ളു. ആ അമ്മയുടെയും മകളുടെയും കളികൾ കാണാൻ അതിലും രസമാണ്. ഒപിയുടെ പുറത്ത് എത്ര തിരക്കുണ്ടെങ്കിലും ആ ഉമ്മയും മകളും കൂടി അവരുടേതായ ഒരു ലോകം ഉണ്ടാക്കിയിരിക്കും. ഒരിക്കലും തിരക്ക് കാണിച്ചു ഞങ്ങളെ ബുദ്ധിമുട്ടിക്കാറില്ല. കുട്ടികൾക്കു വരുന്ന ചെറിയ ചുമ, പനി, ജലദോഷം അങ്ങനെ ചെറിയ അസുഖങ്ങളുമായാണ് എപ്പോഴും വരവ്. അവൾ ഒന്നു തുമ്മിയാൽ ഉമ്മയ്ക്കു ഭയമാണ്. അപ്പോൾ അവിടെ ഓടിയെത്തും. ഒരു നൂറു തവണ ചോദിക്കും "എന്റെ കുട്ടിക്ക് ഒന്നുമില്ലല്ലോ ല്ലേ ഡോക്ടറേ" എന്ന്.

ഒന്നുരണ്ടു കൊല്ലമായി സ്ഥിരം കാണുന്ന ആൾക്കാർ ആയതു കൊണ്ടും അന്ന് എനിക്ക് ഏകദേശം ബുഷ്റയുടെ പ്രായമായതു കൊണ്ടും അവരുമായി അറിയാതെ ഒരു ആത്മബന്ധം ഉണ്ടായിരുന്നു. സമീറയുടെ കൊഞ്ചൽ മാറാത്ത സംസാരം കേട്ടിരിക്കാൻ നല്ല രസമായിരുന്നു. ചേച്ചി എന്ന വിളിയും ഞാൻ ഒത്തിരി ആസ്വദിച്ചിരുന്നു. ബുഷ്റ അധികം സംസാരിക്കില്ലായിരുന്നു. പക്ഷേ പതുക്കെ പതുക്കെ അവർ എന്നോട് അവരുടെ വിഷമങ്ങൾ പറഞ്ഞു തുടങ്ങി. അവരുടെ ഭർത്താവ് ഗൾഫിലാണ്. അവർ തമ്മിൽ 20 വയസ്സിനടുത്തു വ്യത്യാസമുണ്ട്. കല്യാണം കഴിഞ്ഞ ഉടനെ പോയതാണ്. ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോൾ കുറച്ചു ദിവസങ്ങൾക്കു വേണ്ടി മാത്രം വരും. ഫോൺ വിളിച്ചാൽ പോലും രണ്ടു വാക്കുകളിൽ കൂടുതൽ അവർ തമ്മിൽ സംസാരിക്കാറില്ല. അയാളുടെ ഉമ്മയുമായി മാത്രമാണ് സംസാരം. കല്യാണം കഴിഞ്ഞ് ഒരു കൊല്ലത്തിനു മുമ്പുതന്നെ സമീറ ജനിച്ചു. പക്ഷേ അവളെ കാണാൻ പോലും അയാൾ വന്നിട്ടില്ല. പ്രത്യക്ഷത്തിൽ ചോദിച്ചില്ലെങ്കിലും മാസം തികയാതെ എട്ടാം മാസത്തിൽ പിറന്ന കുഞ്ഞ് അങ്ങേരുടേതു തന്നെയായിരുന്നോ എന്നു വരെ അവർക്ക് സംശയമായിരുന്നു. 75 വയസ്സായ ഉപ്പൂപ്പയ്ക്കും ഉമ്മൂമ്മയ്ക്കും ഒപ്പമാണ് ഇവർ താമസം.

ബുഷ്‌റയുടെ വീട്ടിൽ 8 മക്കളാണ്- 5 പെണ്ണും 3 ആണും. ഇവളാണ് മൂത്തയാൾ. ഇവൾക്കു വല്യ പ്രായമായി എന്ന രീതിയിലുള്ള സംസാരം കേട്ട് ഞാൻ എപ്പോഴും കളിയാക്കി ചിരിക്കുമായിരുന്നു. അന്നു രാവിലെപോലും കല്യാണത്തിനു പ്രായമായിട്ടില്ല എന്നു പറഞ്ഞു വീട്ടിൽ ഞാൻ ശണ്ഠ കൂടിയിട്ടേ ഉണ്ടായിരുന്നുള്ളു.

അവളുടെ ഭർതൃഗൃഹത്തിലെ സങ്കടങ്ങൾ കേൾക്കാൻ അവൾക്ക് ഒരു സുഹൃത്തു പോലും ഉണ്ടായിരുന്നില്ല. വീട്ടിൽ പറഞ്ഞാൽ പറയും ‘കെട്ടിച്ച വീട്ടുകാരെ മോശാക്കി അങ്ങോട്ടു വരണ്ട’ എന്നും താഴെയുള്ള കുട്ടികളെ ഓർക്കണമെന്നും. ഭർത്താവിനോടു പറഞ്ഞിട്ട് ഒരു കാര്യവുമില്ല, എല്ലാം ഉമ്മ പറയും പോലെ മാത്രം. 

പിന്നെ സമീറയോടു പറയാൻ ഒന്നും ആയിട്ടില്ലല്ലോ. കൂട്ടുകാരികൾ വിളിക്കുന്നത് ഇഷ്ടമില്ലാത്തതു കൊണ്ട് ഇപ്പൊ ആരും വിളിക്കാറുമില്ല. വീട്ടിലെ മുഴുവൻ പണി ചെയ്താലും അവസാനം ചീത്ത മാത്രം ബാക്കി. സമീറയെ കരുതി അവൾ ഒന്നും പറയാറില്ലായിരുന്നു.

ഉപ്പൂപ്പ മാത്രം അവളെ കുറച്ചെങ്കിലും നോക്കിക്കൊള്ളും. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ പലപ്പോഴും അവൾ അവരുടെ കൂടെ മുകളിലത്തെ മുറിയിലാണ്. രാത്രി ആകുമ്പോഴേ ചിലപ്പോ കാണാൻതന്നെ കിട്ടുകയുള്ളൂ. "ഇല്ലെങ്കിലും 10ക്ലാസ് തോറ്റ എനിക്ക് ഇതൊക്കെത്തന്നെ അല്ലേ വിധിച്ചിട്ടുള്ളൂ...അല്ലാണ്ട് ഡോക്ടർ ഒന്നും  ആവൂല്ലല്ലോ, പക്ഷേ ഇവളെ എനിക്ക് ഡോക്ടർ ആക്കണം" അങ്ങനെ പറഞ്ഞു നിഷ്കളങ്കമായ ആ ചിരി ഉണ്ട്.. ഞാനും മോളും കൂടും ആ ചിരിയിൽ.

പക്ഷേ ഒരു ദിവസം വളരെ അധികം വിഷമത്തിൽ എന്നോട് ഓടി വന്ന് ഒപിയിൽ കയറി അത്യാവശ്യമായി വരാൻ പറഞ്ഞു. സമീറയെ അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. സ്കൂൾ യൂണിഫോമിൽ തന്നെയാണ്‌ കൊണ്ടുവന്നിട്ടുള്ളത്. സ്കൂളിൽ ബാത്റൂമിന്റെ അരികിൽ ബോധം കെട്ടു കിടക്കുകയായിരുന്നു. ഡ്രസ്സിലും ഷീറ്റിലും ചെറിയ ഒരു രക്തക്കറയും ഉണ്ട്. നോക്കിയപ്പോൾ യോനിയിൽനിന്നാണ് രക്തം വരുന്നത്. ഇത്ര പെട്ടെന്ന് അവൾ വലിയ കുട്ടിയായോ എന്നാണ് മനസ്സിൽ വന്ന ആദ്യ ചോദ്യം. ചോദിച്ചപ്പോൾ ബുഷ്‌റ പറഞ്ഞു, ഇടയ്ക്ക് ഒരു ലേശം രക്തം ഒക്കെ അവിടെ കാണാറുണ്ടെന്ന്. ആ ദിവസം കുറച്ചു ബുദ്ധിമുട്ട് ഉണ്ടെങ്കിലും പിന്നെ അവൾക്കു ബുദ്ധിമുട്ട് ഒന്നും ഉണ്ടാവാറില്ല എന്നും. ഹോർമോണുള്ള ചിക്കൻ കഴിച്ചു നേരത്തേ തന്നെ ആർത്തവം വരുന്ന ചെറിയ കുട്ടികളെക്കുറിച്ചുള്ള ലേഖനം അന്നു വായിച്ചതേ ഉള്ളു. എന്തായാലും കുറച്ചു ടെസ്റ്റുകളും ഉള്ളും പരിശോധിക്കണം.

ഐ വി ലൈനുകൾ സ്റ്റാർട്ട് ചെയ്ത് അകത്തേക്കു കൊണ്ടു പോയപ്പോഴേക്കും അവൾക്ക് ഓർമ വച്ചിരുന്നു. അപ്പൊ അവളുടെ തന്നെ അനുമതി വാങ്ങി ഉമ്മയുടെ സാന്നിധ്യത്തിൽ ഒരു മറയും വച്ച് ഉള്ളു പരിശോധിക്കാൻ തുടങ്ങി. അവിടെ പൊട്ടിയ ഒരു പെൻസിൽ ഇരിക്കുന്നു. വളരെ വിഷമമുണ്ടാക്കിയെങ്കിലും ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ അവൾ തന്നെ ചെയ്തതാണെന്നു പറഞ്ഞു. വെറുതേ ഒരു രസത്തിനു ചെയ്തതാണത്രേ. നല്ല ദേഷ്യം വന്നു എനിക്ക്.

ഡോക്ടർ എന്നതിലുപരി ഒരു ചേച്ചിയുടെ  അധികാരത്തോടെ നല്ല ചീത്ത പറഞ്ഞു. ബുഷ്റയും നന്നായി അവളെ വഴക്കു പറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും കരച്ചിലായി. ഇനി ബാക്കി വല്ല കഷ്ണവും ഉണ്ടോന്നു നോക്കാമെന്നു കരുതി അവൾക്ക് ഒരു സ്കാനിന് എഴുതിക്കൊടുത്ത് ഞാൻ ഒപിയിലേക്കു പോയി. അന്ന് അവരെ അവിടെ അഡ്മിറ്റും ആക്കി. 

പിറ്റേന്ന് കാലത്തു റൗണ്ട്സിന്റെ സമയത്താണ് പിന്നെ അവരെക്കണ്ടത്. സ്കാൻ റിപ്പോർട്ട് സിസ്റ്റർ വിളിച്ചു പറഞ്ഞു. ഒന്നുമില്ല എന്നുറപ്പു വരുത്തിയിരുന്നു. അപ്പോഴേക്കും പിണക്കവും കരച്ചിലുമൊക്കെ കഴിഞ്ഞ് ഉമ്മയും മകളും ഒന്നായിരുന്നു. 

"ന്നാലും ന്റെ കുറുമ്പിയേ, ഇങ്ങനെയൊക്കെ പേടിപ്പിക്കാവോ നീയ് "

ആ ചോദ്യത്തിന് അവൾ തന്ന നിഷ്കളങ്കമായ ഉത്തരം എന്റെ ഹൃദയവും തുരന്ന് എന്നെ ഇന്നും വേട്ടയാടുന്നുണ്ട്.

" ചേച്ചി, അപ്പോ ഈ പെൻസിൽ എങ്ങനെയാ ചൂ ചൂവിൽ ഇടുക. ഉപ്പൂപ്പ ചെയ്യുമ്പോ ഇത്രയ്ക്ക് ചോര ഒന്നും വരാറില്ലല്ലോ, വേദനിക്കാറും ഇല്ല.." 

സ്വപ്നത്തിൽ പോലും കേൾക്കാൻ പാടില്ലാത്ത കാര്യം കേട്ട് ആ പാവം ഉമ്മ വാവിട്ടു നിലവിളിക്കാൻ തുടങ്ങി. സമീറയാകട്ടെ, ഞാനിപ്പോ എന്താ ചെയ്തേ എന്ന ഭാവത്തിലും.

ബുഷറയെയാണ് ആദ്യം സമാധാനിപ്പിക്കാൻ ഞാൻ ശ്രമിച്ചത്. തനിക്കു സംഭവിച്ചതെന്ത് എന്നു പോലും അറിയാത്ത ആ കുഞ്ഞിനോട് എന്തു പറയാൻ. അമ്മയുടെ കരച്ചിൽ കണ്ടു സഹിക്ക വയ്യാതെ അവളെന്നെ അടുത്തു വിളിച്ചു ചോദിച്ചു ‘ഞങ്ങടെ കളി ആരോടും പറയരുത് എന്ന് ഉപ്പൂപ്പ പറഞ്ഞിരുന്നു. ഞാൻ ഇത് പറഞ്ഞോണ്ടാണോ അമ്മയും ചേച്ചിയും കരയണെ’. അപ്പോഴാണ് എന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചത്. 

വേഗം തന്നെ ഒന്നും ഇല്ല എന്ന ഭാവം മുഖത്തു വരുത്തി ഉമ്മയെ പറഞ്ഞു മനസ്സിലാക്കി. അവിടെ ഒരു നിമിഷം കൂടി നിന്നാൽ ഞാൻ തളർന്നു വീഴും എന്നെനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് മകൾക്ക്‌ വേണ്ട സംരക്ഷണം ഒരുക്കണമെന്നും പൊലീസിനെയും  ഭർത്താവിനെയും അറിയിക്കണമെന്നും പറഞ്ഞ് ഞാൻ എന്റെ പതിവുജോലിത്തിരക്കിലേക്ക് പെട്ടെന്ന് ഒളിച്ചോടി. ആ ദിവസം എത്ര രോഗികളെ കണ്ടെന്ന് എനിക്കറിയില്ല. എന്റെ ഫോണ്‍ പോലും അറ്റൻഡ് ചെയ്തില്ല. അവൾ എന്റെയാരും അല്ലാഞ്ഞിട്ടു കൂടി തകർന്ന മനസ്സുമായി ഇരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. കുറച്ചു കഴിഞ്ഞ് ഒപിക്കു പുറത്തു രണ്ടു പൊലീസുകാരെ കണ്ടപ്പോഴാണ് വീണ്ടും ഈ ലോകത്തേക്കു തിരിച്ചു വന്നത്. സമീറ എന്നോടു മാത്രേ സംസാരിക്കുകള്ളൂ എന്നു പറഞ്ഞതുകൊണ്ട് മൊഴി എടുക്കാൻ വേണ്ടി മുറിയിലേക്കു വരണം എന്നു പറയാൻ വന്നതായിരുന്നു അവർ. എന്റെ മുമ്പിലുള്ള രോഗിയെ പറഞ്ഞു വിട്ടു ഞാൻ അവരുടെ മുറിയിൽ എത്തി.

കരഞ്ഞു തളർന്ന് ഒരു മൂലയിൽ ചുമരിൽ തലയും ചായ്ച്ചു ജനലിലൂടെ ദൂരേക്ക്‌ കണ്ണു നട്ട് ബുഷ്റ. അവളുടെ മടിയിൽ തലയും വച്ചു സമീറ. കൂട്ടിന് വേറെ ആരും ഇല്ല. 

പൊലീസുകാരുടെ കൂടെ അകത്തേക്ക് കയറിയ എന്നെ കണ്ടപാടെ അവൾ എഴുന്നേറ്റു ചേച്ചീ എന്നു വിളിച്ച് ഓടി വന്നു.

"ഇവർ (പൊലീസുകാർ) എന്തൊക്കെയോ ചോദിക്കുന്നു". കുറച്ചു പേടിച്ചിട്ടുണ്ട് അവൾ. 

‘സാരല്യ ,നീ എന്നോട് പറഞ്ഞോ മോളെ’ എന്നു പറഞ്ഞു ഞാനും, എഴുതാനുള്ള പേപ്പറുമായി ഒരു വനിതാപൊലീസും ഒരു ചെയർ വലിച്ചിട്ട് അവരുടെ അരികിൽ ഇരുന്നു.

ഒറ്റയ്ക്കുള്ള ദിവസങ്ങളിൽ അവൾ മുറിയിലേക്ക് പോകാറുള്ളതും 75 വയസ്സുള്ള ആ പടുകിളവൻ അവളുടെ കൂടെ കളിക്കാറുള്ളതും അവൾക്ക് അയാളുടെ ലിംഗം കളിക്കാൻ കൊടുക്കാറുള്ളതും ഐസ്ക്രീം എന്നു പറഞ്ഞു വെളുത്ത നുരഞ്ഞ ദ്രാവകം കുടിച്ചു നോക്കാൻ പറഞ്ഞതും അവളുടെ ശരീരത്തിൽ പല വസ്തുക്കൾ കൊണ്ടു കളിക്കാറുള്ളതും അവളുടെ ചൂ ചൂവിൽ പലതും കയറ്റാറുള്ളതും അങ്ങനെയെല്ലാം അവൾ പറഞ്ഞു.

ഓരോ വാക്കും കേൾക്കുമ്പോൾ എത്ര സ്പിരിറ്റ് ഇട്ടു കഴുകിയാലും ഇതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല എന്ന ബോധ്യത്താലും നാണക്കേടിനാലും ഞാൻ ചുരുങ്ങിപ്പോകുന്നത് എനിക്കറിയാമായിരുന്നു.

‘ചേച്ചീ ശരിക്കുള്ള ഐസ്ക്രീം ഞാൻ ഒരിക്കൽ സ്കൂളീന്നു  കഴിച്ചതാണ് അതിന് നല്ല തണുപ്പും രുചിയും ഉണ്ടായിരുന്നു, ഇങ്ങനെ ഉപ്പൂപ്പയെ പോലെ ആണോ അതുണ്ടാക്കുക. ഞാൻ ഇതൊക്കെ പൊലീസാന്റിയോട് പറയണോ’

ആ കുഞ്ഞു ചോദ്യങ്ങൾക്കുള്ള ഉത്തരം പറയാൻ ആകാതെ നാവിനു വല്ലാത്ത ഒരു ഭാരം ആദ്യമായി അനുഭവപ്പെട്ടു.

എല്ലാം കേട്ട് അപ്പുറത്ത് ഒരു ഹൃദയം നൂറായി നുറുങ്ങുന്നതും എനിക്കു കേൾക്കാമായിരുന്നു.

എല്ലാരോടും പറയണം എന്നു പറഞ്ഞു വേഗം ബുഷ്‌റയുടെ അടുത്തെത്തി. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ,  ആ കണ്ണുനീരു പോലും മറന്ന് അവള്‍ ദസ്ബിയെണ്ണി ദിക്റുകള്‍ ഉരുവിടുകയായിരുന്നു. ഭക്ഷണം എത്തിച്ചു കൊടുക്കാൻ ഞാൻ ഒരാളെ ഏർപ്പാടാക്കി അവിടുന്നിറങ്ങി. 

പിറ്റേന്നു രാവിലെ വരെ എങ്ങനെ സമയം തള്ളി നീക്കിയെന്ന് എനിക്കറിയില്ല.

രാവിലെ പതിവിലും നേരത്തെ ഞാൻ മുറിയിലെത്തി. സമീറ കളിച്ചും ചിരിച്ചും ഇരിക്കുന്നു.

ബുഷ്‌റ ആ ഇരുന്ന സ്ഥലത്തുനിന്ന് അനങ്ങി എന്നു പോലും തോന്നുന്നില്ല. അവളോട്‌ സംസാരിച്ചപ്പോ അറിയാൻ കഴിഞ്ഞത് അവളുടെ ഭർത്താവ് പോലും അവളെ വിശ്വസിക്കുന്നില്ല എന്നാണ്. പിഴച്ചു പെറ്റവൾ അവനെ കൂടി വീട്ടിൽ‌നിന്ന് അകറ്റാൻ കളിക്കുന്ന നാടകം മാത്രം. 75 വയസ്സുള്ള തന്റെ പിതാവ് അങ്ങനെ ചെയ്യുമെന്ന്‌ അവൻ ഒരിക്കലും വിശ്വസിച്ചില്ല. ഭർത്താവിനെ പൊന്നു പോലെ നോക്കുന്ന ഉമ്മയ്ക്കും അത് ഒരിക്കലും ഉൾക്കൊള്ളാനാവുന്നില്ല.

നാട്ടുകാരുടെ മുന്നിൽ സമീറയും ഉമ്മയും വെറും കള്ളികൾ മാത്രമായി. ഇനി എന്ത് എന്ന് എനിക്കും ഒരു പിടിയും കിട്ടിയില്ല. ഒരു ഡോക്ടർ എന്നതിലുപരി എനിക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാൻ പറ്റുന്ന അവസ്ഥയിൽ അല്ലായിരുന്നു.

ഏതോ ഒരു മുജ്ജന്മ ഭാഗ്യത്തിന് ബുഷ്റയുടെ ഉമ്മ അവരെ കൂട്ടിക്കൊണ്ടു പോകാനെത്തി. പോകും മുമ്പ് ബുഷറയുടെ സ്ഥിരം ചോദ്യമായി "ന്റെ കുട്ടിക്ക് ഒന്നൂല്ലല്ലോ, ഡോക്ടറെ" എന്ന ചോദ്യമെങ്കിലും കേൾക്കാൻ ഞാൻ കൊതിച്ചു.

ചിരികളിയുമായി ഉമ്മച്ചിയുടെ കയ്യിൽ മുറുകെ പിടിച്ചു സമീറയും മുഖം ഉയർത്തിയാൽ താൻ ചിതറി വീഴുമോ എന്നോർത്തു മുഴുവനായി ഉൾവലിഞ്ഞു നടന്നകന്ന ബുഷ്റയും.

ഒരുപാടു രാത്രികളിൽ  എന്റെ ഉറക്കം കെടുത്തിയിരുന്നു. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ. ജീവിതത്തിന്റെ തിരക്കുകൾക്കുള്ളിൽ ഞാൻ മറന്ന രണ്ടു മുഖങ്ങൾ കൂടി.

കുറച്ചു കാലങ്ങൾക്കു ശേഷം ഒരിക്കൽ കൂടി വഴിയിൽ വച്ച് അവരെ ഞാൻ കണ്ടിരുന്നു. പർദ്ദയും മഫ്തയുമിട്ട രണ്ടു പേർ. മുഖം മറഞ്ഞതു കൊണ്ട് എനിക്ക് മനസ്സിലായില്ലെങ്കിലും അവൾ ഓടി വന്നു കൈപിടിച്ച് എന്നോടു സംസാരിച്ചു. അവൾ ഇപ്പോ ഒരു തുണിക്കടയിൽ എടുത്തു കൊടുക്കാൻ നിൽക്കുന്നു. വാടകയ്ക്ക് ഒരു ഒറ്റമുറിയിൽ താമസം. ബുഷ്റയുടെ വീട്ടുകാർക്ക് ഭർതൃവീട്ടുകാരെ ധിക്കരിച്ച അവളോട്‌ ഒരു അടുപ്പവും ഇല്ലായിരുന്നു. എല്ലാ കേസും ഒഴിവാക്കി അവരോടു ക്ഷമ ചോദിച്ചാൽ പെരുങ്കള്ളിയായ അവളെ തിരിച്ചെടുക്കണോ എന്നവർ ആലോചിക്കാം എന്നുപറഞ്ഞത്രേ. കൂടാതെ കുറച്ചു പൈസ ബുഷ്‌റയുടെ ഉപ്പയ്ക്കു കൊടുത്തു സമീറയേയും പേടിപ്പിക്കാൻ തുടങ്ങി. ഭാവിജീവിതം പോലും ഉമ്മ തുലച്ചു എന്നൊക്കെ പറഞ്ഞു മകളെ ഉമ്മയ്ക്കു നേരെ തിരിക്കാനുള്ള ശ്രമങ്ങളും. ഒരു മനുഷ്യായുസ്സിൽ അനുഭവിക്കേണ്ടതെല്ലാം അവർ ഈ ചെറിയ പ്രായത്തിൽ സഹിച്ചിരിക്കുന്നു. പൊലീസിന്റെ വക വേറെയും.

‘വല്യ തറവാട്ടുകാർ ആകുമ്പോ ഓര് പറയുന്നല്ലേ എല്ലാരും കേൾക്കൂ, പിന്നെ ഒന്നും നോക്കിയില്ല ഡോക്ടറെ, വീട്ടീന്ന് ഇറങ്ങി. പത്താം ക്ലാസ് ഇല്ലാത്തോണ്ടു സുഖായി ഒരു ജോലിയും കിട്ടി. ഇവളെന്റെ മോളാണ്. അവൾക്കു വേണ്ടി ഞാൻ ജീവിക്കും ഡോക്ടറേ. അവളെ ഇങ്ങളെ പോലെ ഒരു ഡോക്ടർ ആക്കണം നിക്ക്, ബാക്കി ല്ലാം പടച്ചോൻ നോക്കിക്കോളും’.

പർദ്ദയിട്ടു ശരീരം മുഴുവൻ മൂടി ആ എഴു വയസ്സുകാരി രണ്ടു പല്ലു പോയ വിടവിലൂടെ, തനിക്കു സംഭവിച്ചതിന്റെ പൊരുളു പോലും മനസ്സിലാക്കാതെ നിഷ്‌കളങ്കമായി ഉമ്മാന്റെ കൈ മുറുകെ പിടിച്ചു അന്നേരം ചിരിക്കുന്നുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA