sections
MORE

ആറാം വയസ്സിൽ പോളിയോ, 18–ാം വയസിൽ അപകടം; ഫ്രിഡയുടെ അതിജീവനത്തിന്റെ കഥ

inspiring-life-artist-fida-kahlo
SHARE

‘പറക്കാൻ ചിറകുള്ളപ്പോൾ എനിക്കെന്തിനാണു കാലുകൾ....’ ജീവിതത്തിൽ ഉണ്ടായ കടുത്ത വെല്ലുവിളികളെ അതിജീവിച്ചു ലോകമറിയുന്ന ചിത്രകാരിയായി മാറിയ ഫ്രിഡ കഹ്‍ലോയുടെ വാക്കുകളാണിത്. 1907 ജൂലൈ 6 നു മെക്സിക്കോയിലെ കോയകാനിലാണു ഫ്രിഡ ജനിച്ചത്. 2 സഹോദരിമാരോടും മാതാപിതാക്കളോടുമൊപ്പം ജീവിതം പിച്ചവച്ചു തുടങ്ങിയതേയുള്ളൂ. 

ആറാം വയസിൽ പോളിയോ അവളെ കീഴടക്കി. വലതു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. കൊച്ചു ഫ്രിഡ നിലത്ത് ഇഴഞ്ഞു തുടങ്ങി. കൂട്ടുകാരിൽ നിന്നകന്ന് ഏകാകിയായി. എന്നാൽ ഫൊട്ടോഗ്രാഫറായ പിതാവു മകളെ പരാജയത്തിന്റെ ആഴത്തിലേക്കു തള്ളിവിടാൻ ഒരുക്കമായിരുന്നില്ല. സാഹിത്യവും തത്വശാസ്ത്രവും ഫൊട്ടോഗ്രാഫിയുമൊക്കെ പഠിപ്പിച്ച അദ്ദേഹം കലാകായിക രംഗങ്ങളിൽ സജീവമാകാനും അവളെ പ്രേരിപ്പിച്ചു. വിധിയുടെ ക്രൂരതകൾ ജീവിതത്തിലുണ്ടാകുമ്പോൾ തളർന്നു പോകരുതെന്നു പിതാവു നിരന്തരം അവളെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. തന്റെ ചെറുപ്പം സുന്ദരമാക്കി തീർത്തതു പിതാവാണെന്ന് അവൾ എപ്പോഴും പറയുമായിരുന്നു. 

മെക്സിക്കോയിലേക്കു കുടിയേറിയ ജൂത വംശജനായ കാൾ വിൽഹം കഹ്‍ലോ ആണ് അവളുടെ പിതാവ്. അമ്മ മെറ്റില്‍ ഡാ കാൽഡരോൺ വൈ ഗോൺസാലസ്. പരമ്പരാഗത രീതികളിൽ ജീവിക്കാൻ ഫ്രിഡയെയും സഹോദരിമാരെയും അമ്മ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ പിതാവിനോടൊപ്പം തെരുവുകളിൽ കറങ്ങി നടക്കാനും ഫോട്ടോ എടുക്കാനുമൊ ക്കെയായിരുന്നു ഫ്രിഡയുടെ താൽപര്യം.

സഹോദരിമാർ കോൺവന്റ് സ്കൂളിൽ പഠിച്ചപ്പോൾ ഫ്രിഡ ജർമൻ സ്കൂളിലാണു പഠിച്ചത്. 1922 ൽ നാഷനൽ പ്രിപറേറ്ററി സ്കൂളിൽ ചേർന്നു. 2000 വിദ്യാർഥികളിൽ 35 പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ വച്ചാണ് അവളുടെ ചിന്തകൾ മാറിമറിയുന്നത്. പതുക്കെ സാമൂഹിക തിന്മകൾക്കെതിരെ അവൾ ശബ്ദം ഉയർത്തിത്തുടങ്ങി. ഡോക്ടറായി സമൂഹത്തെ സേവിക്കണം എന്നതായിരുന്നു അവളുടെ സ്വപ്നം. എന്നാൽ ആ സ്വപ്നത്തിനുമേൽ 1925 സെപ്റ്റംബർ 17 നു വിധി ഒരു കഴുകനെപ്പോലെ പറന്നിറങ്ങി. അവൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. ഒട്ടേറെപ്പേരുടെ ജീവൻ തട്ടിയെടുത്ത ആ അപകടം സാരമായ പരുക്കുകൾ അവളുടെ ശരീരത്തിലും ഉണ്ടാക്കി. നട്ടെല്ലിനും വാരിയെല്ലിനും തോളെല്ലിനും കാലിനും പരുക്കേറ്റ അവൾ 30 ശസ്ത്രക്രിയകൾക്കു വിധേയയായി. മാസങ്ങളോളം മെക്സിക്കൻ റെഡ്ക്രോസ് ആശുപത്രിയിൽ അനങ്ങാനാകാതെ കിടന്നു. തുടർന്നു 2 വർഷത്തോളം വീട്ടിലും. 

കിടക്കപ്പായയിൽ വേദനയെ മറക്കാനാണ് അവൾ പെയ്ന്റിങ് ആരംഭിച്ചത്. സ്വന്തം ഛായാചിത്രം വരച്ചാണു കലാജീവിതം തുടങ്ങിയത്. 150 പെയ്ന്റിങ്ങുകളിൽ അൻപതിൽ അധികവും സ്വന്തം ചിത്രമാണു വരച്ചത്. തനിക്കു തന്നെ കൂടുതൽ അറിയാമെന്ന ആശയത്തിൽ നിന്നാണു സ്വന്തം ചിത്രങ്ങൾ വരയ്ക്കുന്നതെന്നാണ് അവൾ പറഞ്ഞിരുന്നത്. 

കഹ്‍ലാ 1927 ൽ മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. അവിടെ വച്ചാണു ചിത്രകാരനായ ഡിയേഗോ റിവേരയെ പരിചയപ്പെടുന്നത്. 1928 ൽ വിവാഹിതരായി. അവർ തമ്മിൽ 20 വയസ് വ്യത്യാസമുണ്ടായിരുന്നു. രണ്ടു വീടുകളിലായി അവരുടെ കലാപ്രവർത്തനവുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവു നിർമിച്ചു നൽകിയ നീലച്ചായത്തിലുള്ള വീട്ടിൽ താമസിച്ചാണു ഫ്രിഡ കലാപ്രവർത്തനങ്ങൾ നടത്തിയത്. 

1941 ല്‍ പിതാവിന്റെ മരണത്തോടെ അവൾ വീണ്ടും ഒറ്റപ്പെടലിന്റെ ലോകത്തേക്കു വീണു. ആരോഗ്യം ക്ഷയിച്ചു കൂടുതൽ അവശതയിലായി. 1950 ൽ വലതുകാലിൽ പഴുപ്പു കയറി. 9 മാസത്തോളം എഴുന്നേൽക്കാനാകാതെ ആശുപത്രിയിൽ കഴിച്ചു കൂടി. ആശുപത്രിയിൽ കിടന്നു ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു. 1953 ൽ ആംബുലൻസിൽ അവളുടെ ചിത്രപ്രദർശനം നടത്തി. 1954 ൽ 47–ാം വയസിൽ ഫ്രിഡ വിധിയോടുള്ള കലഹം അവസാനിപ്പിച്ചു ലോകത്തോടു വിട പറഞ്ഞു. 1958 ൽ അവളുടെ പ്രിയപ്പെട്ട നീലച്ചായങ്ങളോടെയുള്ള വീടു മ്യൂസിയമായി സർക്കാർ പ്രഖ്യാപിച്ചു. 1970 കളിൽ ചരിത്രകാരൻമാർ അവളുടെ ചിത്രങ്ങൾ കണ്ടെടുത്തു. തുടർന്നു ലോകം മുഴുവൻ ആരാധിക്കുന്ന ചിത്രകാരി എന്ന നിലയിലേക്ക് അവളുടെ പ്രശസ്തി ഉയർന്നു. സ്ത്രീകളുടെ ക്രിയാത്മക പ്രവർത്തനങ്ങളുടെ പ്രതീകമായാണു ലോകം ഇന്നവളെ കാണുന്നത്. 1983 ഹെയ്ഡൻ ഹെരേര ഫ്രിഡ കഹ്‍ലോയുടെ ജീവിത കഥ പുസ്തകത്തിലാക്കി. അവളുടെ ജീവിതത്തെ ആസ്പദമാക്കി 2002–ൽ ഫ്രിഡ എന്ന ചലച്ചിത്രം വെള്ളിത്തിരയിലെത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA