മമ്മൂട്ടി ‘ടെൻ ഇയര്‍ ചാലഞ്ച്’ സ്വീകരിച്ചാല്‍!...ഗെയിം ഓവർ

mamootty-ten-year-challenge
SHARE

ഫെയ്സ്‌ബുക്കില്‍ നിറയെ ‘ടെൻ ഇയര്‍ ചാലഞ്ച്’ ആണ്. പത്തുവര്‍ഷം മുന്‍പത്തെ നിങ്ങളുടെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഇടുക. എന്തു മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് മനസ്സിലാക്കുക. ചിലര്‍ പത്തു വര്‍ഷം കൊണ്ട് കൂടുതല്‍ സുന്ദരികളും സുന്ദരന്മാരുമായി. മറ്റു ചിലര്‍ കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്കെത്തി. വേറെ ചിലര്‍ തടിച്ചു കൊഴുത്തപ്പോള്‍ ചിലരാകട്ടെ മെലിഞ്ഞ് ചുള്ളന്മാരും ചെല്ലക്കിളികളുമായി. അങ്ങനെ വെല്ലുവിളി സ്വീകരിച്ചും വെല്ലുവിളിച്ചും ഫെയ്സ്ബുക്കില്‍ ടെൻ ഇയര്‍ ചാലഞ്ച് തിമിര്‍ക്കുകയാണ്.

ഇതിനിടയില്‍ നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഒന്നു നോക്കൂ. അദ്ദേഹം ഈ വെല്ലുവിളി സ്വീകരിച്ചാല്‍ ചെലപ്പോള്‍ ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ ഫോട്ടോയിട്ട് കളിക്കുന്നവരൊക്കെ കണ്ടംവഴി ഓടേണ്ടിവരും. പത്തു വര്‍ഷമല്ല, ഒരു മുപ്പതു വര്‍ഷം അപ്പുറത്തെ പടവും ഇപ്പോഴത്തെ പടവും മമ്മൂട്ടി എടുത്തു പോസ്റ്റു ചെയ്താല്‍ കാര്യമായ വ്യത്യാസമൊന്നും ആ ശരീരത്തിനും സൗന്ദര്യത്തിനും വന്നിട്ടുണ്ടാകില്ല. ഓര്‍ക്കുക, വയസ്സ് 67 ആണ് കക്ഷിക്ക്. പക്ഷേ, ഇപ്പോഴത്തെ ഫോട്ടോ കണ്ടാലോ, പരമാവധി ഒരു നാല്‍പത്, നാല്‍പത്തഞ്ച്. അതാണ് മമ്മൂട്ടി.

അപ്പോള്‍ അത്യാവശ്യം മനസ്സുവച്ച് ശ്രമിച്ചാല്‍ ആര്‍ക്കും ശരീരം ഇങ്ങിനെ സംരക്ഷിക്കാനാകും. ഒരു പത്തുവയസ്സെങ്കിലും കുറഞ്ഞ് തോന്നിക്കുകയെന്നത് നാല്‍പത് കഴിഞ്ഞവരുടെ ചെറിയ ആഗ്രഹത്തില്‍പെടുമല്ലോ. അതിനെ മമ്മൂട്ടിയെ കണ്ട് പഠിക്കണമെന്നര്‍ഥം. എല്ലാവര്‍ക്കും മമ്മൂട്ടിയാകാനായില്ലെങ്കിലും അതിന്റെ കുറച്ചൊക്കെ അടുത്തെത്താനായാല്‍തന്നെ നേട്ടമാണ്.

mammootty-never

എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം? കൃത്യമായ വ്യായാമം, ചിട്ടയായ ഭക്ഷണം. ഏറ്റവും പ്രധാനപ്പെട്ടത് ഇതുരണ്ടുമാണ്. മട്ടണ്‍ ബിരിയാണി ഒഴികെ ഒരു ഭക്ഷണത്തിനും മമ്മൂട്ടിയെ വീഴ്ത്താനാകില്ല. മട്ടണ്‍ ബിരിയാണി പോലും നിയന്ത്രിതമായേ അദ്ദേഹം കഴിക്കൂ. കാര്‍ബോ ഹൈഡ്രേറ്റുകള്‍ നിറഞ്ഞ ചോറ് ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളോടും മമ്മൂട്ടിക്ക് പ്രിയം തെല്ലുമില്ല. ഉച്ചയ്ക്ക് ഒരു ചപ്പാത്തിയും ഒരു പിടി ചോറും മാത്രം കഴിക്കുന്നത് ദാരിദ്ര്യം കൊണ്ടല്ല, ശരീരത്തോടുള്ള സ്നേഹം കൊണ്ടാണെന്നര്‍ഥം.

ഇന്നത്തെ തലമുറയെ പൊണ്ണത്തടിയന്മാരാക്കി മാറ്റുന്ന ജങ്ക് ഫുഡുകള്‍ മമ്മൂട്ടിയെ സംബന്ധിച്ച് പടിക്കു പുറത്താണ്. വറുത്തതും പൊരിച്ചതും മധുരം നിറഞ്ഞതുമൊന്നും അദ്ദേഹം കഴിക്കാറില്ല. മദ്യപാനവും പുകവലിയും പോലുള്ള ദുശ്ശീലങ്ങളും മമ്മൂട്ടിക്കില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. അതിന്റെയൊക്കെ ഗുണം ആ ശരീരത്തില്‍ കാണുന്നുമുണ്ട്. ‘ആഹാരം പോലെ മരുന്നു കഴിക്കാതിരിക്കാന്‍ മരുന്നുപോലെ ആഹാരം കഴിക്കണ’മെന്നാണ് മമ്മൂട്ടിയുടെ ഉപദേശം. അത്രമാത്രം നിയന്ത്രിച്ച് ആവശ്യത്തിനു മാത്രമേ ഭക്ഷണം കഴിക്കാവൂ എന്ന്.

ആഹാര കാര്യത്തില്‍ മാത്രമല്ല മമ്മൂട്ടിക്ക് ചിട്ട. വ്യായാമത്തിന്റെ കാര്യത്തിലുമുണ്ട്. എല്ലാദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും അദ്ദേഹം കൃത്യമായും വ്യായാമം ചെയ്തിരിക്കുമെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. ഇതും ആ ശരീരത്തിന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റേയും രഹസ്യത്തില്‍പെടും.

mammootty-flood

അപ്പോള്‍ നിങ്ങള്‍ക്കും ഇതൊരു ചലഞ്ചായി ഏറ്റെടുക്കാം. പത്തു വര്‍ഷം മുന്‍പും ഇപ്പോഴുമുള്ള നിങ്ങളുടെ ശരീരത്തിന്റെ ഉറപ്പും സൗന്ദര്യവും ആരോഗ്യവും ഒന്നു പരിശോധിച്ചുനോക്കുക. പത്തു വര്‍ഷം മുന്‍പ് കുടവയറില്ലാതിരുന്ന പലര്‍ക്കും ഇപ്പോള്‍ കുംഭ ചാടിയിട്ടുണ്ടാകും. ചിലര്‍ പൊണ്ണത്തടിയന്മാരും തടിച്ചികളുമായിട്ടുണ്ടാകും. മറ്റുചിലരുടെ മുഖത്ത് അകാലവാര്‍ധക്യത്തിന്റെ രേഖകള്‍ തെളിഞ്ഞു തുടങ്ങിയിട്ടുണ്ടാകും. ചിലരാകട്ടെ മമ്മൂട്ടിയെപ്പോലെ ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായമത്തിലൂടെയും ഇതിനെയെല്ലാം മറികടന്ന് പത്തുവര്‍ഷത്തിനിപ്പുറവും പത്തു വയസ്സ് കുറച്ചിട്ടുമുണ്ടാകാം. അത്തരമൊരു വെല്ലുവിളി എത്രപേര്‍ സ്വീകരിക്കും, നിങ്ങളുടെ ആരോഗ്യത്തെ ഓര്‍ത്തെങ്കിലും?

ഫെയ്സ്ബുക്കിലെ ടെണ്‍ ഇയര്‍ ചലഞ്ച് പ്രധാനമായും മുഖത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഫെയ്സ് ബുക്കില്‍ വരുന്ന ചിത്രങ്ങളില്‍ മുഖം തിരിച്ചറിയുന്ന പരിപാടിയുടെ (ഫെയ്സ് റെക്കഗ്നീഷന്‍) സൗകര്യത്തിനായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ഫെയ്സ്ബുക് തന്നെ സൃഷ്ടിച്ചെടുത്ത ഒരു ക്യാംപെയ്നാണ് അത്. നമുക്ക് ശരീരത്തെ ലക്ഷ്യം വയ്ക്കാം. ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലല്ലേ ആരോഗ്യവും സൗന്ദര്യവുമുള്ള മുഖവുമുണ്ടാകൂ!

പത്തു വര്‍ഷം മുന്‍പത്തെ ഫുള്‍ സൈസ് ഫോട്ടോയും ഇപ്പോഴത്തെ ഫുള്‍ സൈസ് ഫോട്ടോയും താരതമ്യം ചെയ്തുനോക്കുക. വണ്ണവും തടിയും കൂടിയോ കുറഞ്ഞോ എന്ന് അറിയാനാകും. അതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്കും വ്യായമത്തിലേക്കും ഇന്നുമുതല്‍ നിങ്ങള്‍ തിരിയുക. എന്നിട്ട് കുറച്ചുനാള്‍ കഴിഞ്ഞ് നമുക്കൊന്നുകൂടി ഈ വെല്ലുവിളി നടത്തിനോക്കാം. എന്തു മാറ്റമാണ് നിങ്ങളില്‍ ഉണ്ടായിട്ടുള്ളതെന്ന് മനസ്സിലാക്കാം. അങ്ങനെ ചിട്ടയായ ഭക്ഷണ ശീലങ്ങളും വ്യായാമവും നിത്യജീവിതത്തിന്റെ ഭാഗമാക്കി മുന്നോട്ടുപോകുക. ഇടയ്ക്കൊക്കെ വീണ്ടും ചിത്രങ്ങളെടുത്ത് പഴയ ചിത്രങ്ങളുമായി താരതമ്യം ചെയ്യുക. ചിലപ്പോള്‍ പത്തിരുപതു വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെ പ്രായം പത്തു മുപ്പതു വയസ്സ് കുറഞ്ഞെന്നിരിക്കും., കുഴപ്പമുണ്ടോ? എന്താ വെല്ലുവിളി സ്വീകരിക്കുകയല്ലേ?  

വിവരങ്ങൾക്ക് കടപ്പാട്- ഐ എം എ ലൈവ്  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA