sections
MORE

പ്രമേഹരോഗികളേ, ഈ ദന്താരോഗ്യ പ്രശ്നങ്ങളെ സൂക്ഷിക്കണേ...

dental problem
SHARE

ദിവസം ചെല്ലുന്തോറും നമ്മുടെ നാട്ടിൽ പ്രമേഹരോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾതന്നെയാണ് ഇതിനൊരു പ്രധാന കാരണം. പാരമ്പര്യവും ഒരു ഘടകമായി വർത്തിക്കുന്നു. പ്രമേഹവും മോണരോഗവും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. അതു മാത്രമല്ല പ്രമേഹ രോഗികളിൽ വായിലും പല്ലുകളിലും ചില വ്യതിയാനങ്ങൾ സംഭവിക്കാറുമുണ്ട്. മറ്റെല്ലാ അവയവങ്ങളുടെയും സംരക്ഷണം പോലെതന്നെ പ്രമേഹരോഗികൾ അതീവ ശ്രദ്ധ പുലർത്തേണ്ട ഒന്നാണ് അവരുടെ ദന്തസംരക്ഷണം.

പ്രമേഹം കാരണമുണ്ടാവുന്ന പ്രധാന ദന്താരോഗ്യ പ്രശ്നങ്ങൾ

1. മോണരോഗം

മോണരോഗവും പ്രമേഹവും തമ്മിൽ ഒരു ദ്വിദിശ ബന്ധം(two way relationship)ആണുള്ളത്. മോണരോഗമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ നന്നേ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. അതുപോലെതന്നെ അനിയന്ത്രിതമായ പ്രമേഹമുള്ളവരിൽ മോണരോഗത്തിന്റെ സാധ്യതയും മൂന്നു മുതൽ നാലു മടങ്ങ് വർധിക്കുന്നു. 

പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങളിൽ ആറാമത്തേതായി മോണ രോഗത്തിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2018–ലെ അന്താരാഷ്ട്ര പ്രമേഹ ചികിത്സാ മാർഗനിർദേശങ്ങളിൽ പ്രമേഹ രോഗിയുടെ പല്ലിന്റെയും മോണയുടെയും പരിശോധനകൂടി പ്രാരംഭ പരിശോധനകളിൽ നടത്തണമെന്ന് അനുശാസിക്കുന്നുണ്ട്. 

2. ദന്തക്ഷയവും മറ്റു പ്രശ്നങ്ങളും

പ്രമേഹരോഗികളിൽ വായിലെ ഉമിനീരിന്റെ അളവു കുറഞ്ഞ് ചെറിയ വരൾച്ച അനുഭവപ്പെടാറുണ്ട്. സാധാരണയായി ഉമിനീരിന്റെ പ്രവർത്തനമാണ് ദന്തക്ഷയം തടയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. അതുകൊണ്ടുതന്നെ പ്രമേഹരോഗി കളിൽ ഉമിനീർ കുറയുന്നതു കാരണം ഭക്ഷണാവശിഷ്ടങ്ങൾ യഥാസമയം പൂർണമായും നീക്കപ്പെടാതെ അണുക്കളുടെ രാസപ്രവർത്തനം ത്വരിതപ്പെട്ട് അമ്ലസ്വഭാവം കൈവരുകയും ഒടുവിൽ തീവ്രമായ തോതിൽ ദന്തക്ഷയം ഉണ്ടാകാനും കാരണമാവുന്നു. ഇതുകൂടാതെ നാവിനും കവിളിനും എരിച്ചിലും പുകച്ചിലും ഇടയ്ക്കിടെ അനുഭവപ്പെടുന്നു. നാവിലെ രസമുകുളങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നതിന്റെ ഫലമായി രുചിയക്ക് വ്യത്യാസം അനുഭവപ്പെടുകയും ചെയ്യും. 

3. അസ്ഥിയുടെ തേയ്മാനം

പല്ലുകള്‍ നഷ്ടപ്പെടുന്ന പ്രമേഹരോഗി കൃത്രിമ ദന്തങ്ങൾ വയ്ക്കുമ്പോഴും അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായ അതീവ ത്വരിത വേഗത്തിൽ അസ്ഥി തേഞ്ഞു പോകുകയും അതിന്റെ ഫലമായി വായിലെ അണയുടെ നീളവും വീതിയും ഇടയ്ക്കിടെ മാറാനും കാരണമാവുന്നു. അതു കാരണം ഒരു വർഷം മുമ്പ് ഉണ്ടായിരുന്ന അളവിൽ നിർമ്മിച്ച വയ്പുപല്ലുകൾ ഉറപ്പില്ലാതാവുകയും ചവയ്ക്കുന്ന സമയത്തോ അല്ലാതെയോ ഊരി വരികയും ചെയ്യും. അതിനാൽ പ്രമേഹ രോഗികൾക്ക് വയ്പുപല്ലുകൾ ഇടയ്ക്കിടെ മാറ്റേണ്ടി വരാറുണ്ട്. 

4. വായ്നാറ്റം

പ്രമേഹരോഗികളിൽ രാസപ്രവർത്തനം മൂലം സാധാരണയിൽ നിന്നും ഉയർന്ന തോതിൽ കീറ്റോൺ സംയുക്തങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവയുടെ ഗന്ധം രോഗിയുടെ ശ്വാസത്തിലും കലരാറുണ്ട്. വായ്നാറ്റത്തിനു കാരണമാവുന്ന അസ്ഥിര നൈസർഗിക സംയുക്തങ്ങൾ ഇവിടെ അളവിൽ കൂടുതൽ ഉണ്ടാവുന്നു. പല്ലിൽ അടിഞ്ഞിരിക്കുന്ന അഴുക്ക് അഥവാ കക്ക കൂടിയാവുമ്പോൾ ഈ പ്രവർത്തനം ത്വരിതപ്പെടുന്നു. 

5. അടിക്കടി ഉണ്ടാവുന്ന പഴുപ്പ്

സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹരോഗികളിൽ മോണ യിലെ പഴുപ്പ് അടിക്കടി കാണപ്പെടാറുണ്ട്. മോണരോഗത്തിന്റെ പ്രാരംഭചികിത്സയായ പല്ല് വൃത്തിയാക്കുക എന്നതിനോ ടൊപ്പം പ്രമേഹം കൂടി നിയന്ത്രിച്ച് നിർത്തി ആവശ്യമായ ആന്റി ബയോട്ടിക് മരുന്നുകളും കഴിക്കേണ്ടത് അത്യാവശ്യമാണ്.

6. മറ്റു പ്രശ്നങ്ങൾ

ശരീരത്തിലെ മറ്റേത് ഭാഗങ്ങളിലെയും പോലെ തന്നെ വായി ലെയും ശസ്ത്രക്രിയയ്ക്ക് ശേഷമോ, അല്ലെങ്കിൽ പല്ല് എടുത്തതിനു ശേഷമോ മുറിവുണങ്ങാൻ കാലതാമസം നേരിടേണ്ടി വരുന്നതും പ്രമേഹരോഗികളിൽ കാണുന്ന മറ്റൊരു പ്രശ്നമാണ്. ചില രോഗികളിൽ വായിൽ കാണ പ്പെടുന്ന ത്വക്ക് രോഗങ്ങളിലൊന്നായ ഓറൽ ലൈക്കൻ പ്ലാനസ് എന്ന അസുഖവും വർദ്ധിച്ച തോതിൽ കണ്ടുവരാ റുണ്ട്. 

പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാവിലെയും വൈകിട്ടും മൂന്നു മുതൽ അഞ്ച് മിനിട്ട് നന്നായി ഒരു മീഡിയം അഥവാ സോഫ്റ്റ് ടൂത്ത് ബ്രഷ് കൊണ്ട് പല്ല് വൃത്തിയാക്കുക. പല്ലിനിടയിൽ കയറുന്ന ഭക്ഷണാവശിഷ്ടങ്ങൾ എടുത്തു കളയാനായി ദന്തൽ ഫ്ലോസ് എന്ന നൂല് അല്ലെങ്കിൽ ഇന്റർ ദന്തൽ ബ്രഷ് ഉപയോഗിക്കുക. പല്ലുകൾക്കിടയിലെ അകലം നിർണയിച്ചതിനു ശേഷം ഇതിൽ ഏതാണ് അഭികാമ്യമെന്ന് ഡോക്ടർ നിർദേശിക്കും. 

∙പല്ലിൽ പറ്റിപ്പിടിക്കുന്ന കക്ക അഥവാ കാൽക്കുലസ് യഥാസമയം നീക്കം ചെയ്യുക. ആറുമാസത്തിലൊരിക്കൽ ദന്തവിദ ഗ്ധനെ കണ്ട് അൾട്രാസോണിക് ഉപകരണം കൊണ്ടുള്ള ക്ലീനിംഗ് അഥവാ സ്കെയിലിംഗ് ചെയ്യുക.  

∙മധുരപദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക. പല്ലിൽ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള മിഠായികൾ, ക്രീം ബിസ്കറ്റുകൾ, വറ്റലുകൾ, കേക്കുകൾ തുടങ്ങിയവ കഴിച്ചതിന് ശേഷം ഉടൻ തന്നെ വായ നന്നായി കഴുകി വൃത്തിയാക്കുക.

∙മോണയിൽ അമിതമായി ചുവപ്പു നിറം കാണുക, രക്തസ്രാവം മോണയിൽ നിന്നുമുണ്ടാവുക, ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാതെ തുടക്കത്തിലേ ചികിത്സ തേടുക. 

∙മോണയിലെ രക്തചംക്രമണം കൂട്ടാൻ മോണ തിരുമ്മുന്നത് നല്ലതാണ്. വൃത്തിയുള്ള വിരലുകളോ ഇതിനായുള്ള ആയുർ വേദ മരുന്നുകളോ ഉപയോഗിക്കാവുന്നതാണ്. 

∙കൂർത്ത പല്ലുകളോ വയ്പു പല്ലുകളോ വായിൽ മുറിവുണ്ടാക്കുന്നുണ്ടെങ്കിൽ യഥാസമയം ചികിത്സ തേടുക.

∙വയ്പു പല്ലുകൾക്ക് ചലനം സംഭവിച്ച് അവയുടെ പിടുത്തം നഷ്ടപ്പെടുമ്പോൾ തന്നെ ഡോക്ടറെ കണ്ട് അതിനുള്ള പരിഹാരം തേടുക. 

∙പ്രമേഹനിയന്ത്രണത്തിനും വായിലെ മറ്റു കാരണങ്ങളും നീക്കം ചെയ്തിട്ടും വായ്നാറ്റം തുടരുന്നുവെങ്കിൽ മറ്റു കാരണ ങ്ങളായ ഗ്യാസ്ട്രബിൾ, സൈനസൈറ്റിസ്, ശ്വാസകോശസംബ ന്ധമായ രോഗങ്ങൾ, കരൾ രോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയാണോ എന്ന് നിർണയിച്ച് ചികിത്സ തേടുക.

∙പ്രമേഹത്തിന് ഡോക്ടര്‍ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളും ഇൻസുലിൻ കുത്തിവയ്പും മുടങ്ങാതെ സ്ഥിരമായി എടുക്കുക. 

∙വീട്ടിൽ ഗ്ലൂക്കോമീറ്റർ വാങ്ങി ദിവസവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കുക. വ്യതിയാനം ഉണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക. 

∙ദന്തരോഗത്തിന്റെ ഒരു ലക്ഷണവും തോന്നിയില്ലെങ്കിൽ കൂടി പ്രമേഹ രോഗികൾ മൂന്നു മാസത്തിൽ അല്ലെങ്കിൽ കുറഞ്ഞത് ആറുമാസത്തിലൊരിക്കലോ ദന്തരോഗവിദഗ്ധനെ കണ്ട് വായ പരിശോധിക്കേണ്ടതാണ്.  

∙മാസത്തിൽ ഒരിക്കലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ സുവർണ അളവുകോലായ HbA1C അഥവാ ഗ്ലൈക്കോസി ലേറ്റഡ് ഹീമോഗ്ലോബിൻ പരിശോധിക്കുക. സാധാരണ മറ്റു ദിവസങ്ങളിൽ ലഭിക്കുന്ന ഫാസ്റ്റിംഗ് അല്ലെങ്കിൽ PPBS അളവു കളേക്കാൾ ഏതാണ്ട് മൂന്നു മാസത്തെ പ്രമേഹ നിയന്ത്രണ ശരാശരിയെക്കുറിച്ച് അറിവ് നൽകാൻ ഈ പരിശോധന സഹായിക്കും.

ഇത്തരം കാര്യങ്ങൾ അതീവ ജാഗ്രതയോടെ പാലിച്ചാൽ പ്രമേഹരോഗികൾക്ക് ലളിതമായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ദന്തസംരക്ഷണം. പുഞ്ചിരിയോടെ വെറും പുഞ്ചിരിയല്ല ആരോഗ്യകരമായ പുഞ്ചിരിയോടെ പ്രമേഹത്തോടൊപ്പം ജീവിക്കാം മുന്നേറാം.      

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA