സ്പോർട്സ് പരുക്കുകൾ നിസ്സാരമല്ല; അടുക്കളപ്പണി ചെയ്യുന്നവർക്കും ഉണ്ടാകാം

sports-medicine
SHARE

ചരിത്രം കുറിച്ചാണ് കേരള ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ഗുജറാത്തിനെ തകർത്തെറി‍ഞ്ഞത് ബേസിൽ തമ്പിയുടെ തീ പാറുന്ന പന്തുകളായിരുന്നു. ഈ സീസണിന്റെ തുടക്കത്തിൽ വലതു കൈവരലിന് കടുത്ത വേദന അനുഭവപ്പെട്ടിരുന്ന ബേസിൽ തമ്പിയുടെ ജൈത്രയാത്ര അത്ര സുഖകരമായിരുന്നില്ല. എങ്ങനെയാണ് വേദന വരുന്നതെന്നു പോലും തനിക്ക് നിശ്ചയമുണ്ടായിരുന്നില്ലെന്ന് ബേസിൽ തമ്പി പറഞ്ഞു. പല ഡോക്ടർമാരും പരിശോധിച്ചിട്ടും കാരണം കണ്ടെത്താൻ കഴിഞ്ഞില്ല, പരിഹാരവും ഉണ്ടായിരുന്നില്ല. സ്പോർട്സ് മെഡിസിൻ വിദഗ്ധൻ ഡോ.സിദ്ധാർഥ് ഉണ്ണിത്താനാണ് തന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയതെന്ന് ബേസിൽ തമ്പി വ്യക്തമാക്കി. 

സ്‌പോർട്‌സിന്റെ കൂടപ്പിറപ്പാണ് പരുക്ക്. എല്ലാ കായിക താരങ്ങൾക്കും തങ്ങളുടെ കരിയറിൽ എപ്പോഴെങ്കിലും പരുക്ക് പറ്റുമെന്നത് അലിഖിത നിയമമാണെന്ന് പറയാം. എന്നാൽ പരുക്ക് പറ്റുമ്പോൾ എങ്ങനെ, എവിടെ നിന്നും ചികിത്സ തേടണമെന്നത് പലർക്കും അറിയില്ല. ഇത്തരം പരുക്കുകൾ ഏതെങ്കിലും ഡോക്ടർമാർ ചികിത്സിക്കുകയാണ് പതിവ്. എന്നാൽ പലർക്കും പഴയതുപോലെ കളിക്കളത്തിലേക്ക് മടങ്ങാൻ സാധിച്ചേക്കില്ല. 

സ്‌പോർട്‌സ് മെഡിസിനെ നിർവചിക്കുകയാണെങ്കിൽ 'കായികാധ്വാനം കൊണ്ടുണ്ടാകുന്ന എല്ലാത്തരം പരുക്കുകളേയും ചികിത്സിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ആരോഗ്യ രംഗം' എന്ന് വിളിക്കാം. സ്‌പോർട്‌സ് രംഗത്ത് ഉള്ളവർക്ക് വേണ്ടി മാത്രമുള്ളതല്ല സ്‌പോർട്‌സ് മെഡിസിൻ. മറിച്ച് കായികാധ്വാനം മൂലമുണ്ടാകുന്ന എല്ലാത്തരം പരുക്കുകളേയും ചികിത്സിച്ച് ഭേദമാക്കുകയാണ് സ്‌പോർട്‌സ് മെഡിസിനിലൂടെ ചെയ്യുന്നത്. 

എങ്ങനെയാണ് പരിക്കുകൾ ഉണ്ടാകുന്നത്?
പരസ്പരം കൂട്ടിയിടിക്കുമ്പോഴോ വീഴുമ്പോഴോ മാത്രമല്ല പരുക്കുകൾ സംഭവിക്കുന്നത്. അതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ഉദാഹരണത്തിന് സച്ചിൻ തെൻഡുൽക്കറെ ബാധിച്ച ടെന്നിസ് എൽബോ എന്ന അസുഖം. കൈമുട്ടിന്റെ പിൻഭാഗത്ത് ഉണ്ടാകുന്ന വേദനയാണ് ടെന്നിസ് എൽബോ. ബാഡ്മിന്റൺ കളിക്കുന്നവർക്ക് മുതൽ അടുക്കളപ്പണി ചെയ്യുന്നവർക്ക് വരെ ഇത് വരാം. അടുക്കളപ്പണി ചെയ്യുന്നവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കൈത്തണ്ടയിലെ ദുർബലമായ പേശികളാണ് ഈ രോഗം ബാധിക്കുന്നതിന് പ്രധാന കാരണം. കളിക്കളത്തിൽ ചുമൽ, കൈമുട്ട് എന്നിവ ശരിയായ രീതിയിലല്ലാതെ ഉപയോഗിക്കുന്നതും ഇതിന് കാരണമാകാറുണ്ട്. ഔഷധങ്ങളിലൂടെയും ചെറിയ ചില വ്യായാമ മുറകളിലൂടെയും ടെന്നീസ് എൽബോ നിസാരമായി ഭേദമാക്കാവുന്നതാണ്. എന്നാൽ ഈ രോഗം ഭാവിയിൽ വീണ്ടും വന്നേക്കും. ഇവിടെയാണ് സ്‌പോർട്‌സ് മെഡിസിൻ ഡോക്ടർമാരുടെ പ്രാധാന്യം. സ്‌പോർട്‌സ് മെഡിസിൻ ഡോക്ടർമാർ ടെന്നിസ് എൽബോയുടെ മൂലകാരണങ്ങൾ വരെ കണ്ടെത്തി രോഗം തിരിച്ചുവരാതിരിക്കാൻ പാകത്തിലുള്ള ചികിത്സയാണ് നൽകുന്നത്. ആരോഗ്യരംഗത്തുള്ളവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് പരുക്കുകൾ ചികിത്സിച്ച് ഭേദമാക്കുന്നത്. 

കായികതാരങ്ങൾക്ക് സ്‌ക്രീനിങ് 
കൊൽക്കത്ത സ്വദേശിയായ യുവ ക്രിക്കറ്റർ വാം അപ്പിനിടെ കളിക്കളത്തിൽ വീണു മരിച്ച സംഭവം ഈയിടെ വാർത്തകളിലുണ്ടായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം.  മത്സരങ്ങൾക്ക് മുമ്പ് താരങ്ങളെ ആവശ്യമായ പരിശോധനകൾക്ക് വിധേയരാക്കാത്തതാണ് ഇത്തരം മരണങ്ങളുടെ പ്രധാന കാരണം. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും കളിക്കളത്തിലിറങ്ങും മുമ്പ് താരങ്ങളെ സ്‌ക്രീനിംഗിന് വിധേയമാക്കണമെന്ന് നിയമമുണ്ട്. സ്‌പോർട്‌സ് മെഡിസിൻ സ്‌പെഷ്യലിസ്റ്റ് പരിശോധിച്ച് സർട്ടിഫിക്കറ്റ് കൊടുക്കാത്ത താരങ്ങളെ അവിടങ്ങളിൽ കളിക്കളത്തിൽ ഇറക്കാറില്ല. കളിക്കളത്തിലുണ്ടാകുന്ന ഹൃദയാഘാതം പലപ്പോഴും മരണകാരണമാണ്. എന്നാൽ മത്സരത്തിന് മുമ്പ് സ്‌ക്രീനിങ് നടത്തിയാൽ ഇത്തരം മരണങ്ങൾ തടായാനാകും.

മയക്കുമരുന്നും സ്‌പോർട്‌സും
മയക്കുമരുന്ന് ഉപയോഗം കായികമേഖലയുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ വിഷയമാണ്. നിരവധി മയക്കുമരുന്നുകൾ വേൾഡ് ആന്റി ഡോപ്പിങ് ഏജൻസി നിരോധിച്ചിട്ടുണ്ട്. ചില മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിന് ഏജൻസി അനുവാദം നൽകിയിട്ടുമുണ്ട്. നിരോധിക്കപ്പെട്ട മരുന്നുകളെക്കുറിച്ചും ഉപയോഗിക്കാവുന്ന മരുന്നുകളെക്കുറിച്ചും സ്‌പോർട്‌സ് മെഡിസിൻ സ്‌പെഷ്യലിസ്റ്റുകൾക്ക് വ്യക്തമായ ധാരണയുണ്ടാകും. ചില മരുന്നുകൾ മത്സരത്തിനിടെ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെങ്കിലും അല്ലാത്തപ്പോൾ ഉപയോഗിക്കാൻ അനുമതി ഉള്ളതാവാം. ഇക്കാര്യങ്ങളും സ്‌പോർട്‌സ് മെഡിസിൻ സ്‌പെഷ്യലിസ്റ്റുകൾ അറിഞ്ഞിരിക്കണം. ഉപയോഗിക്കുന്ന മരുന്നുകളുടെ ഉത്തരവാദിത്തം കായികതാരത്തിനാണെങ്കിലും ഏത് മരുന്നുകൾ ഉപയോഗിക്കണം എന്ന കാര്യത്തിൽ താരത്തിന് നിർദ്ദേശം ലഭിക്കേണ്ടതുണ്ട്. 

സ്‌പോർട്‌സ് മെഡിസിൻ -ചുരുക്കത്തിൽ
കായികാധ്വാനത്തിലൂടെ ഉണ്ടാകാനിടയുള്ള പരുക്കുകളെ തടയുകയും ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുന്ന പരിശീലനം സിദ്ധിച്ച ആരോഗ്യവിദഗ്ധരെ ഉൾക്കൊള്ളുന്ന മേഖലയാണ് സ്‌പോർട്‌സ് മെഡിസിൻ. 

ഇത് അസ്ഥിരോഗ വിഭാഗമാണെന്ന് തെറ്റിദ്ധാരണയുണ്ടെങ്കിലും അങ്ങനെയല്ല. പരുക്കുകൾക്ക് സാധാരണ ചികിത്സ നൽകുന്നത് അത് വീണ്ടും ഉണ്ടാകാൻ കാരണമാകുന്നു.

അതിന് പകരമായി പരുക്കിന്റെ മൂലകാരണങ്ങൾ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കി ഭാവിയിൽ വീണ്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കി താരത്തെ കരുത്തനാക്കി കളക്കളത്തിലേക്ക് തിരിച്ചയയ്ക്കുകയാണ് സ്‌പോർട്‌സ് മെഡിസിൻ ചെയ്യുന്നത്.

പരുക്കിന് ഇരകളായി അകാലത്തിൽ കരിയർ അവസാനിപ്പിക്കേണ്ടി വന്ന നിരവധി കായികതാരങ്ങൾ ഇന്ത്യയിലുണ്ട്. കായികമേഖല കൂടുതൽ സജീവമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ സ്‌പോർട്‌സ് മെഡിസിൻ കായികമേഖലയുടെ ഭാഗമാക്കേണ്ടത് അനിവാര്യമാണ്.

ഡോ.സിദ്ധാർഥ് ഉണ്ണിത്താൻ
എംഡി - സ്‌പോർട്ട്‌സ് മെഡിസിൻ
സ്‌പോർട്ട്‌സ് & മസ്‌കുലോ-സ്‌കെലിട്ടൽ കൺസൽറ്റന്റ്  
കെയർ സെന്റർ, നെട്ടൂർ, കൊച്ചി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA