ഈ ലക്ഷണങ്ങളെ അവഗണിക്കരുത്; കാൻസർ സൂചനയാകാം

cough
SHARE

പലപ്പോഴും ശരീരം നല്‍കുന്ന ചില ലക്ഷണങ്ങളെ നമ്മള്‍ അവഗണിക്കാറുണ്ട്. പിന്നീട് നാളുകള്‍ക്കു ശേഷം രോഗം കണ്ടെത്തുമ്പോഴാകും അന്നത്തെ ലക്ഷണം ഈ രോഗത്തിന്റെ തുടക്കമായിരുന്നല്ലോ എന്നോര്‍ത്തു പരിതപിക്കുന്നത്‌. എത്രയൊക്കെ റുട്ടീന്‍ ചെക്കപ്പുകള്‍ നടത്തുന്നവരായാലും ചില ലക്ഷണങ്ങളെ നിസ്സാരമായി കാണാന്‍ പാടില്ല. അവ രോഗലക്ഷണമാണോ അല്ലയോ എന്ന് ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചുതരുന്ന രോഗമാണ് കാന്‍സര്‍. ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ത്തന്നെ ശരീരം നമുക്കു ചില മുന്നറിയിപ്പുകൾ തരും.  സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട അത്തരം ചില ലക്ഷണങ്ങൾ അറിയാം.

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്  -  ശ്വാസകോശാര്‍ബുദം കണ്ടെത്തിയ പല രോഗികളും പിന്നീടു പറയാറുണ്ട്‌ പലപ്പോഴും അവര്‍ക്കു ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്ന്‌. ശ്വാസമെടുക്കുമ്പോള്‍ അസ്വാഭാവികമായ ശബ്ദം കൂടി ഉണ്ടെങ്കില്‍ ഉറപ്പായും ഒരു ഡോക്ടറെ കാണണം.

ചുമ - ഇടയ്ക്കിടെ ഉണ്ടാകുന്ന അസ്വാഭാവികമായ ചുമയെ അവഗണിക്കരുത്. അതുപോലെ ബ്രോങ്കൈറ്റിസ് തുടര്‍ച്ചയായുണ്ടാകുന്നതും സൂക്ഷിക്കണം. ലുക്കീമിയ മുതല്‍ ശ്വാസകോശരോഗങ്ങള്‍ വരെ ഇതിനു പിന്നിലുണ്ടാകാം. നെഞ്ചുവേദനയോടെയുള്ള ചുമ ആണെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധിക്കണം.

കഴിക്കാന്‍ ബുദ്ധിമുട്ട് - ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ടുകള്‍ എപ്പോഴും ശ്രദ്ധിക്കണം. കഴുത്ത്, അന്നനാളം, ആമാശയം എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന രോഗങ്ങളുമായി ഇതിന് ബന്ധമുണ്ടാകാം.

മുഖം തടിച്ചു വീര്‍ക്കുക - ശ്വാസകോശാര്‍ബുദം ഉള്ള രോഗികളുടെ മുഖം പെട്ടെന്നു തടിച്ചു വീര്‍ക്കാറുണ്ട്. ട്യൂമര്‍ വളര്‍ച്ച രക്തക്കുഴലുകളെ ബ്ലോക്ക്‌ ചെയ്യുന്നതാണ് കാരണം. 

തുടര്‍ച്ചയായ പനി- എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് തുടര്‍ച്ചയായ പനി. ലുക്കീമിയ പോലെയുള്ള കാന്‍സര്‍ രോഗങ്ങളുടെ ലക്ഷണം പലപ്പോഴും ഇത്തരം പനിയാകാം. 

തലകറക്കം - കാരണമില്ലാതെ അടിക്കടി തലകറങ്ങി വീഴുന്നുണ്ടോ? എങ്കില്‍ അതു നിസ്സാരമാക്കരുത്. ചിലയിനം കാന്‍സറുളുടെ ലക്ഷണമാകാം അത്.

വയറ്റിലും ഇടുപ്പിലുമുള്ള വേദന - ഇത്തരം വേദനകളെല്ലാം കാന്‍സറാണെന്നു കരുതേണ്ട. എങ്കിലും അടിക്കടി ഉണ്ടാകുന്ന ഈ വേദനയെ സൂക്ഷിക്കുക. ഓവറിയന്‍ കാന്‍സര്‍ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. ലക്ഷണം കണ്ടാല്‍ പരിശോധന നടത്തി രോഗമുണ്ടോ എന്ന് ഉറപ്പുവരുത്തുക.

ഭാരം ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്‌താല്‍ - പെട്ടെന്ന് ഒരാളുടെ ഭാരം ക്രമാതീതമായി കുറയുകയോ കൂടുകയോ ചെയ്‌താല്‍ സൂക്ഷിക്കണം. 

മലത്തില്‍ രക്തം - മലാശയഅര്‍ബുദത്തിന്റെ ഒരു ലക്ഷണമാകാം ഇത്. ഇങ്ങനെ എപ്പോഴെങ്കിലും കണ്ടാല്‍ ഉടനടി ഡോക്ടറെ കണ്ടു പരിശോധന നടത്തുക. 

പുറംവേദന - ബ്രെസ്റ്റ്, ലിവര്‍ കാന്‍സര്‍ ലക്ഷണമാകാം ഇത്. പുറംവേദന സ്വഭാവികമാകാം എങ്കിലും രോഗമില്ല എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ  ഉത്തരവാദിത്തമാണ്.

സ്തനത്തിലെ മാറ്റങ്ങള്‍, രക്തസ്രാവം - സ്തനത്തിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍, അമിതമായ രക്തസ്രാവം, ആര്‍ത്തവമല്ലാത്ത സമയത്തെ രക്തസ്രാവം എന്നിവ സൂക്ഷിക്കുക.

നഖത്തിലെ മാറ്റങ്ങള്‍ - നഖങ്ങള്‍ പലപ്പോഴും രോഗത്തെ കാട്ടിത്തരും. നഖത്തിലെ കറുത്ത പാടുകള്‍, പെട്ടെന്നുള്ള മാറ്റങ്ങള്‍ എന്നിവ കാന്‍സര്‍ ലക്ഷണമാകാം.

ചര്‍മത്തിലെ ചില വളര്‍ച്ചകള്‍ - ചര്‍മത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുറിവുകള്‍, പാടുകള്‍ എന്നിവ ശ്രദ്ധിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA