sections
MORE

കാൻസറിനെ തുടച്ചു നീക്കാൻ നമുക്ക് ഓരോരുത്തർക്കും ചെയ്യാം ഈ കാര്യങ്ങൾ

cancer
SHARE

ലോക കാൻസർ ദിനാചരണത്തിലേക്ക് ഇനി ഒരാഴ്ച കൂടി. അർബുദത്തിനെതിരെയുള്ള പോരാട്ടങ്ങൾ ഓർമിപ്പിച്ചുകൊണ്ട് മഹാരോഗത്തെ ചെറുക്കാനുള്ള നടപടികൾക്കായി ലോകം അടുത്ത തിങ്കളാഴ്ചയാണ് കാൻസർ ദിനം ആചരിക്കുന്നത്. 

ഒരു വ്യക്തി എന്ന നിലയിൽ കാൻസറിനെതിരെ എന്തെല്ലാം ചെയ്യാനാകുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി ഇത്തവണ ‘ഐ ആം ആൻഡ് ഐ വിൽ’ എന്നതാണ് ദിനാചരണത്തിന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. മുൻവർഷങ്ങളിൽ ‘ഐ ക്യാൻ.. വീ ക്യാൻ’ എന്ന വാക്യത്തിലൂടെ സമൂഹത്തിന് ഒറ്റക്കെട്ടായി കാൻസറിനെതിരെ എന്തു ചെയ്യാനാകും എന്ന ചർച്ച ചെയ്തിരുന്നു. 

ഈവർഷം ശ്രദ്ധ തിരിയുന്നത് വ്യക്തികളിലേക്ക് ആണ് – ഐ ആം... ആൻഡ് ഐ വിൽ– അഥവാ കാൻസറിനെതിരെ ഞാൻ. 

കാൻസറിനെപ്പറ്റി ഒരു കുട്ടി ആദ്യമായി അറിയുന്നത് ചെറുക്ളാസിൽ പഠിക്കുമ്പോഴാകും. സിനിമ കാണുമ്പോൾ തിയേറ്ററിലെ ഇരുട്ടിൽ ആരെയും ഭയപ്പെടുത്തുന്ന വായിലെ വ്രണമായി.  കാൻസർ എന്നാൽ പേടിയോടെ മാറ്റിനിർത്തേണ്ട ഒന്നാണെന്ന  ചിന്ത അന്ന് കുട്ടിക്ക് ഉണ്ടാവുന്നു. പിന്നെ അവൻ ശ്രദ്ധിക്കും– അച്ഛനോ ബന്ധുക്കളോ വലിക്കുന്ന സിഗരറ്റ് പായ്ക്കറ്റിന്റെ ചട്ടയിൽ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു– പുകവലി അർബുദത്തിന് കാരണമാകുമെന്ന്. അച്ഛനോട് അവൻ ചോദിക്കും സിഗരറ്റ് വലി നിർത്തിക്കൂടേ എന്ന്. ആദ്യം ചിരിച്ചു തള്ളും എങ്കിലും  നിരന്തരമായി ശല്യം ചെയ്തു തുടങ്ങിയപ്പോൾ അച്ഛൻ സിഗരറ്റിന്റെ എണ്ണം ക്രമേണ കുറച്ചു തുടങ്ങും. സ്കൂളിൽ ചെല്ലുന്ന ഡോക്ടർ ‘പാസീവ് സ്മോക്കിങ്ങി’ലൂടെ പുകവലി കുടുംബത്തിലെ എല്ലാവരെയും ബാധിക്കുമെന്ന് പറഞ്ഞുകൊടുക്കുമ്പോൾ അവൻ അച്ഛനോട് പുറത്തിറങ്ങി വലിക്കാൻ ആവശ്യപ്പെടും. നീ എന്താ എന്നെ വീട്ടിൽ നിന്ന് പുറത്താക്കുകയാണോ എന്ന് അച്ഛൻ ദേഷ്യപ്പെടുമെങ്കിലും  പിന്നീട് പുകവലി കുറയ്ക്കുമ്പോൾ അവൻ സന്തോഷിക്കും. കുട്ടിയാണെങ്കിലും ഒരു വ്യക്തി എന്ന നിലയിൽ കാൻസറിനെതിരെയുള്ള അവന്റെ പോരാട്ടം അവിടെ തുടങ്ങും. 

പത്താംക്ലാസിൽ പഠിക്കുമ്പോൾ  കൂട്ടുകാർ ബീഡി വലിക്കുന്നത് കാണും. അങ്ങനെയുള്ള സ്നേഹിതർ തനിക്ക് വേണ്ട എന്നത് അവൻ ഉറച്ച് തീരുമാനിക്കുന്നു. അവരറിയാതെ പല രക്ഷിതാക്കളെയും അധ്യാപകരെയും ഈ രഹസ്യം അറിയിച്ച് ചിലരെയെങ്കിലും ഈ ആപത്തിൽ നിന്ന് രക്ഷിക്കുവാൻ നോക്കുന്നു.  മൂന്നിലൊന്ന് കാൻസറുകളുടെയും മൂലകാരണമായ പുകയില ഉപയോഗം തുടങ്ങുന്നത് പതിനഞ്ചാം വയസ്സിൽ ആണെങ്കിലും പ്രശ്നങ്ങൾ വരുന്നത് അറുപതുകളിലാണ് എന്ന് അവൻ തിരിച്ചറിയുന്നു.  

യുവാവാകുമ്പോഴാണ് കാൻസറിന്റെ മറ്റു സുഹൃത്തുക്കളുമായി അവൻ പരിചയപ്പെടുക. മദ്യപാനവും വ്യായാമമില്ലായ്മയും. കൊഴുപ്പുകൂടിയ അനാരോഗ്യകരമായ ഭക്ഷണ രീതികളും.  കരൾ, അന്നനാളം, കുടൽ, മൂത്രസഞ്ചി എന്നിങ്ങനെ തൊട്ടതെല്ലാം തന്റേതാക്കുന്ന കാൻസറിന്റെ കരുത്തുകണ്ട് അവൻ ഞെട്ടും. സുഹൃത്തുക്കളെ വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിച്ചും കൃത്യസമയത്ത് വൃത്തിയുള്ള പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചും അവൻ കാൻസറിനെ പ്രതിരോധിക്കാൻ ശ്രമിക്കും. 

മുപ്പതാം വയസിലായിരിക്കും അവൻ കാൻസറിനെ ആദ്യം നേരിൽ കാണുന്നത്. സുഹൃത്തിന്റെ അമ്മയ്ക്ക് മാറിടത്തിൽ 2 സെൻറീമീറ്റർ വലിപ്പത്തിൽ ഒരു മുഴയുടെ രൂപത്തിൽ.  മാനസികമായി തകർന്നു പോകുന്ന കുടുംബം. ശരിയായ ചികിത്സയിലൂടെ പൂർണമായും മാറാവുന്ന ഒന്നുമാത്രമാണ് ആ മുഴ എന്ന് തിരിച്ചറിയുന്നതോടെ അവർ ധൈര്യമായി മുന്നോട്ടു പോകുന്നതും അവൻ കാണും. ഏറ്റവും ഉചിതമായ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സയ്ക്കായി അവൻ ആ കുടുംബത്തിനൊപ്പം നിൽക്കും.  മുറി വൈദ്യവും പരമ്പരാഗത നാടൻ ചികിൽസയും എല്ലാം താൽക്കാലിക ശമനം നൽകാമെങ്കിലും രോഗ മുക്തി ലഭിക്കുവാൻ ശാസ്ത്രീയ ചികിൽസകൾ അനിവാര്യമാണെന്ന് അവൻ ബോധ്യപ്പെടുത്തും.  

സ്വയം കണ്ടെത്തലുകളാണ് കാൻസർ ചികിൽസയി‍ൽ പ്രധാനം എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കും.  ശരീരത്തിൽ ഉണ്ടാകുന്ന മുഴകൾ, ഉണങ്ങാത്ത വ്രണങ്ങൾ, രക്തസ്രാവം, ഭക്ഷണം കഴിക്കുവാനും വയറ്റിൽനിന്ന് പോകാനുമുള്ള ബുദ്ധിമുട്ട്, പനി തൂക്കം കുറയൽ  എന്നിങ്ങനെ പലവിധ ലക്ഷണങ്ങളുമായി കാൻസർ പ്രത്യക്ഷപ്പെടുമെന്ന്  അവൻ മനസിലാക്കിയിരിക്കും. പ്രായമായവരിലാണ് കാൻസർ കൂടുതലും കണ്ടുവരുന്നത് എങ്കിലും ഏതു പ്രായക്കാരെയും ഈ അസുഖം ബാധിക്കും. അതിനാൽ സ്വന്തം ശരീരത്തിൽ സംശയാസ്പദമായി എന്തെങ്കിലും അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതും അവന്റെ കടമയാണ്. 

ആരംഭദശയിൽ കാൻസർ കണ്ടെത്താനുള്ള ഉപാധികളെ കുറിച്ചാണ് പിന്നീട് അവൻ മനസ്സിലാക്കുന്നത്.  മാമോഗ്രാഫി, കൊളോണോസ്കോപ്പി എന്നീ ടെസ്റ്റുകൾ കൃത്യമായ കാലയളവിൽ ചെയ്താൽ ആദ്യഘട്ടത്തിൽതന്നെ കാൻസർ കണ്ടെത്തി ചികിത്സിക്കാവുന്നതാണ്.  ജനിതക ഘടന മൂലം  പാരമ്പര്യമായി വന്നേക്കാവുന്ന കാൻസറുകളെയും തടയുവാനുള്ള ചികിത്സകൾ ഇപ്പോഴുണ്ടെന്ന് അവൻ സമൂഹത്തെ അറിയിക്കും.  അങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ വ്യക്തിയും അറിഞ്ഞോ, അറിയാതെയോ കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാവുന്നു.

സമൂഹത്തിൽ കാൻസർ വർധിക്കുന്നു എന്നത് യാഥാർഥ്യമാണ്. ആയുർദൈർഘ്യം വർധിക്കുന്നതു മുതൽ ജീവിതശൈലിയിലെ മാറ്റങ്ങൾ വരെ അതിനു കാരണമാണ്. ‘എന്തുകൊണ്ട്?’ എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതിനെക്കാൾ കാൻസറിനെതിരെ ‘എനിക്ക് എന്തു ചെയ്യാൻ കഴിയും?’ എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതാണ് അഭികാമ്യം. 

ഡോ.അരുൺ ആർ. വാര്യർ
കൺസൽറ്റന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ്, 
ആസ്റ്റർ മെഡ്സിറ്റി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA