Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൾ സ്ത്രീയോ റോബട്ടോ? ഇന്നും അജ്ഞാതവിസ്മയമാണ് ഈ പെൺകുട്ടി

violetta അലോയ്സിയ വാഗ്നർ

ലോകം പിടിച്ചടക്കാൻ പുറപ്പെട്ട മഹാനായ അലക്സാണ്ടർ ചക്രവർത്തിക്ക് ഓരോ വിജയത്തിനും ശേഷം ലഭിച്ച അതേ വികാരമാണു സ്വന്തമായി തലമുടി ചീകാൻ പഠിച്ചപ്പോൾ അലോയ്സിയ വാഗ്നർക്കുമുണ്ടായത്. വസ്ത്രം ധരിക്കാനും സൂചിയിൽ നൂൽ കോർക്കാനും വസ്ത്രം തുന്നാനും  എഴുതാനും വരയ്ക്കാനും പഠിച്ചപ്പോഴും അവളുടെ ഹൃദയത്തിൽ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ആയിരം തിരമാലകൾ ഒരുമിച്ച് അലയടിച്ചിട്ടുണ്ടാകാം. കാരണം, കാലുകളും കൈകളും ഇല്ലാതെയാണ് അലോയ്സിയ വാഗ്നർ എന്ന കുഞ്ഞു ജനിച്ചതും വളർന്നതും. വായ ആയിരുന്നു അവൾക്കു കൈകൾ. ശരീരത്തിന്റെ കീഴ്ഭാഗം തറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത്.

അസാമാന്യ ധൈര്യമുള്ള വനിത എന്നു പാശ്ചാത്യ മാധ്യമങ്ങൾ വശേഷിപ്പിച്ച  അലോയ്സിയ വാഗ്നർ എല്ലാ അർഥത്തിലും അത്ഭുതമായിരുന്നു. അവൾ ജീവിച്ചതും വിധിയോടു കലഹിച്ചതും മനോബലം ഒന്നുകൊണ്ടുമാത്രം. 1907 ൽ ജർമനിയിലെ ഹെമെലിങ്കനിൽ എലീസാ വാഗ്നറിന്റെ മകളായാണു അലോയ്സിയ ജനിച്ചത്. ജീനുകളിൽ തകരാറുണ്ടാകുന്ന ടെട്രോ അമേലിയ സിൻഡ്രം എന്ന രോഗത്തോടെയായിരുന്നു പിറവി.

15 വയസുള്ളപ്പോൾ മുതൽ ലോകം അവളെ അറിഞ്ഞു തുടങ്ങി. ജർമനിയുടെ തെരുവുകളിൽ അലോയ്സിയ വാഗ്നർ സ്വയം പ്രദർശന വസ്തുവായി മാറുകയും കാണികൾക്കായി പാട്ടുപാടുകയും  അവരോടു മനോഹരമായി സംസാരിക്കുകയും ചെയ്തു. റോസ വയലെറ്റ എന്ന ഓമനപ്പേരിലാണ് അവൾ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ആ പേരു ചുരുങ്ങി വയലെറ്റ എന്ന് അറിയപ്പെട്ടു തുടങ്ങി. 17–ാം വയസിൽ വയലെറ്റ ജന്മനാടിനോടു വിട പറഞ്ഞു. അർധ സഹോദരനും മാനേജരുമായ കാൾ ഗ്രോബെക്കറിനൊപ്പം1924 ഏപ്രിൽ 3ന് ന്യൂയോർക്കിലെത്തി. 

യുഎസിന്റെ തെരുവുകളിൽ കാണികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ സഞ്ചരിച്ചു. അപ്പോഴേക്കും വായിൽ പേന തിരുകി എഴുതാനും സിഗരറ്റ് കത്തിക്കാനും പെയിന്റ് ചെയ്യാനുമെല്ലാം വയലെറ്റ പഠിച്ചു. തെരുവുകളിൽ പ്രശസ്തയായ വയലറ്റയെ തേടി സർക്കസ് കമ്പനികളിൽ നിന്നു ധാരാളം അവസരങ്ങളെത്തി. ഒടുവിൽ സാമുവൽ ഡബ്ല്യു ഗോംപേർട്സിന്റെ സർക്കസ് കമ്പനിയായ ഡ്രീംലാൻഡിലെ സൈഡ് ഷോ ആർട്ടിസ്റ്റായി അവൾ മാറി. കോൺലി ഐസ്‌ലാൻഡ് ഫ്രീക് ഷോയിലെ ശ്രദ്ധാകേന്ദ്രമായി അവൾ മാറി.സാധാരണ മനുഷ്യരിൽ നിന്നു വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്നവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന പരിപാടിയാണ് ഫ്രീക് ഷോ. കൈകളും കാലുകളും ഇല്ലെങ്കിലും വയലെറ്റ അതീവ സുന്ദരിയായിരുന്നു. ആ സൗന്ദര്യം തന്നെയായിരുന്നു അവളുടെ പ്രധാന ആകർഷണീയത. 

അവളുടെ പ്രകടനം പ്രേഷകരെ പൊട്ടിച്ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. പലരും അവളെ പരിചയപ്പെടാൻ വേദിയിലേക്കു കയറിവരികയും അവളുടെ ദേഹത്തു സ്പർശിച്ചു നോക്കുകയും ചെയ്തു. ഒരു യഥാർഥ സ്ത്രീയാണോ റോബട്ടാണോ എന്നതായിരുന്നു എല്ലാവരുടെയും സംശയം. അമേരിക്കയിൽ വച്ച് അവൾ വിവാഹിതയായി  എന്നാണു പറയപ്പെടുന്നത്. അതിന്റെ തെളിവായി കല്യാണ മോതിരം മാലയിൽ കോർത്ത് അവൾ ധരിച്ചിരുന്നു. 1929 ൽ വാരിയറ്റ് എന്ന മാസിക വയലെറ്റയെക്കുറിച്ചു വാർത്തയും  ചിത്രങ്ങളും പ്രസിദ്ധീകരിച്ചു. അതോടെ വയലെറ്റയുടെ പ്രശസ്തി അമേരിക്കയ്ക്കു പുറത്തേക്കും പരന്നു. കാണികളെ പ്രകമ്പനം കൊള്ളിച്ച 1940 വരെയുള്ള അവളുടെ ജീവിതത്തെക്കുറിച്ചു മാത്രമേ ഇന്നും  അറിവുള്ളു. അവളുടെ ബാല്യകാലവും കുടുംബവും മരണവുമെല്ലാം ഇന്നും ലോകത്തിന് അജ്ഞാതം.