Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കാൽ നൽകി കാൻസറിനെ അതിജീവിച്ച നന്ദു പറയുന്നു; അങ്ങനെ ആരും തോറ്റു കൊടുക്കരുത്

nandu-mahadeva നന്ദു മഹാദേവ

നന്ദു മഹാദേവ – ഈ പേരു പരിചയമില്ലാത്തവർ വളരെ ചുരുക്കം. തന്നെ തോൽപ്പിക്കാനെത്തിയ അർബുദത്തെ ചിരിച്ചുകൊണ്ടു നേരിട്ട്, ഒരു കാൽ നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും പൊരുതി തോൽപ്പിച്ച് ആയിരങ്ങൾക്ക് പ്രചോദനം നൽകിയ, നൽകിക്കൊണ്ടിരിക്കുന്ന നന്ദു. നന്ദുവിന്റെതന്നെ ഭാഷയിൽ പറഞ്ഞാൽ 24–ാം വയസ്സിൽ തന്നെ പ്രണയിക്കാൻ അനുവാദമില്ലാതെ വന്ന കാമുകി. വിടാതെ പിടികൂടിയ ആ കാമുകിയെ എങ്ങനെ ഇറക്കിവിട്ടെന്നും മറ്റുള്ളവരിൽ പോസിറ്റിവിറ്റി നിറയ്ക്കുന്നതെങ്ങനെയെന്നും നന്ദു മനോരമ ഓൺലൈനോടു പറയുന്നു.

തിരുവനന്തപുരം ഭരതന്നൂരിൽ അച്ഛനും അമ്മയും അനിയനും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബമായിരുന്നു എന്റേത്. 24–ാം വയസ്സിൽ ഡിസ്റ്റന്റായി ബിബിഎയും സ്വന്തമായി ഒരു കാറ്ററിങ് യൂണിറ്റും തുടങ്ങിയ സമയത്താണ് ഒരു വിളിക്കാത്ത അതിഥി രംഗപ്രവേശം ചെയ്യുന്നത്. പക്ഷേ ഒരുപാട് നാൾ എനിക്ക് മനസ്സിലായില്ല..എന്നെ പ്രണയിക്കുന്നത് കാൻസർ എന്ന വിഐപി കാമുകി ആണെന്ന്.

തുടക്കം കാലിന്റെ മുട്ടിനുള്ളിൽ ഒരു ചെറിയ വേദനയിൽ ആയിരുന്നു. വളരെ ചെറിയ വേദന. പക്ഷേ പിന്നീട് വേദനയുടെ തോത് വളരെ വേഗം കൂടി. ഒടുവിൽ സഹിക്കാൻ പറ്റാത്ത അവസ്ഥയായി. ആദ്യം ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ പറഞ്ഞത് ഇത് നിസ്സാരപ്രശ്നമാണ്, നീര് കെട്ടിയതാണെന്ന്. അങ്ങനെ വീണ്ടും ഒത്തിരി നാൾ മുന്നോട്ട് പോയി ഒടുവിൽ വേദന സഹിക്കാൻ പറ്റാതെ ആയപ്പോൾ വീണ്ടും ആശുപത്രിയിൽ പോയി. സ്കാൻ ചെയ്തപ്പോൾ ആണ് അറിഞ്ഞത് തുടയെല്ലിൽ ട്യൂമർ ആണെന്ന്.

ട്യൂമർ ആണെന്ന് കണ്ടെത്തിയത് മെഡിക്കൽ കോളജിലെ പ്രൊഫസർ ആയിരുന്ന സുന്ദർരാജ് സർ ആണ്. എംആർഐ എടുത്ത ശേഷം ബയോപ്സി ചെയ്യാനായി പട്ടം എസ്‌യുടി ആശുപത്രിയിലെ സുബിൻ സാറിന്റെ അടുത്തേക്ക് വിട്ടു. സർ അവിടെ നിന്നും ആർസിസിയിലെ യിലെ ശ്രീജിത്ത് സാറിന്റെ അടുത്തേക്കും. അതിനു ശേഷം പിന്നെ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു. നൂറുകണക്കിന് ടെസ്റ്റുകൾ, സ്കാനിങ്ങുകൾ ഒക്കെ നടത്തി. ഒടുവിൽ ഓസ്റ്റിയോ സർക്കോമ ഹൈ ഗ്രേഡ് ആണെന്ന് കണ്ടെത്തി. 

ആറ് കീമോയും സർജറിയും വേണമെന്നു പറഞ്ഞു. നാലു കീമോ കഴിഞ്ഞ ശേഷം കാലിലെ ട്യൂമർ എടുത്തുകളഞ്ഞ് അവിടെ ടൈറ്റാനിയം റോഡ് വച്ചു സർജറി ചെയ്യുമെന്നാണ് പറഞ്ഞത്. പക്ഷേ നിർഭാഗ്യവശാൽ ആദ്യത്തെ കീമോ കഴിഞ്ഞപ്പോൾ തന്നെ ട്യൂമർ വല്ലാതെ വലുതാകുകയും വേദന ക്രമാതീതമായി ഉയരുകയും ഒപ്പം അസ്ഥികൾ തനിയെ പൊട്ടി പൊട്ടി പോകുകയും ചെയ്തു. പച്ചയായ എല്ലുകൾ നുറുങ്ങുന്ന അവസ്ഥ ആലോചിച്ചു നോക്കൂ.

കാൻസർ പല തരത്തിലുള്ളവയുണ്ട്, വേദനയുള്ളതും വേദന തീരെയില്ലാത്തതും. ഇതിൽ ഏറ്റവും വേദനകൂടിയ ഒന്നാണ് ഓസ്റ്റിയോ സർക്കോമ. പ്രസവവേദനയാണ് ലോകത്തിലെ ഏറ്റവും വലിയ വേദന എന്നാണ് പറയാറ്. പക്ഷേ ഞങ്ങളെപ്പോലെയുള്ളവരോടു ചോദിച്ചാൽ അവർ പറയും പ്രസവവേദനയുടെ പത്തിരട്ടി വേദനയാണ് നമ്മൾ അനുഭവിക്കുന്നതെന്ന്.

മാസങ്ങളോളം ഞാൻ ഒന്ന് തിരിയാനോ മറിയാനോ കഴിയാതെ ഒറ്റക്കിടപ്പിൽ ആയിരുന്നു. കിടന്നു കിടന്ന് ശരീരത്തിന്റെ പിൻ ഭാഗത്തെ തൊലി മുഴുവൻ ഇളകിപ്പോയി. ഒന്നുറങ്ങാൻ വേണ്ടി ഞാൻ കൊതിച്ചു. മാസങ്ങളോളം ഉറക്കം എന്റെ മിഴകൾക്ക് അന്യമായിരുന്നു. ഒപ്പം അമ്മയുടെയും അച്ഛന്റെയും. കൂടാതെ എത്രയോ ദിവസം അനിയന്റെ തോളിൽ പിടിച്ചുകൊണ്ട് നിന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്.

ഫാൻ ഇടാൻ പോലും പറ്റാത്ത അവസ്ഥ. ആ കുഞ്ഞു കാറ്റടിക്കുമ്പോൾ വേദന ഇരച്ചു കയറും. ശരിക്കും ആ അവസ്ഥയെ വേദന എന്നു വിളിക്കാൻ പറ്റില്ല. ചൂടായി ചുവന്ന നിറത്തിലായ ലോഹം ശരീരത്തിനുള്ളിൽ വയ്ക്കുമ്പോൾ എന്തു തോന്നും. അതായിരുന്നു അവസ്ഥ. അങ്ങനെ അവൾ എന്നെ വല്ലാതെ വേദനിപ്പിച്ചു.ഒരുപാട്.

അസ്ഥികൾ തകർന്നുപോയതിനാൽ കാൽ മുറിച്ചു മാറ്റുക എന്ന തീരുമാനത്തിലേക്ക് പെട്ടെന്നൊരു ദിവസം എത്തുകയായിരുന്നു. അങ്ങനെ 6 മാസം മുമ്പ് കാൽ മുറിച്ചു മാറ്റി. അതിനുശേഷം അഞ്ച് കീമോ കൂടി പൂർത്തിയാക്കി. ഇതിനിടയ്ക്ക് ശ്വാസകോശത്തിലേക്ക് ചെറിയ ഒന്നു രണ്ടു കുത്തുകൾ ഇടാൻ അവൾ ശ്രമിച്ചു.

ചുവന്ന രാക്ഷസി (RED DEVIL)എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഏറ്റവും ശക്തി കൂടിയ കീമോ മരുന്നാണ് എന്റെ ശരീരത്തിൽ പ്രയോഗിച്ചത്. ശരീരം മുഴുവൻ വേദന സഹിക്കാൻ പറ്റില്ലായിരുന്നു. പലപ്പോഴും ശ്വാസം കിട്ടില്ലായിരുന്നു. ചുണ്ടും വായയും വയറിന്റെ ഉൾഭാഗവും ഒക്കെ അടർന്നു തെറിച്ചു പോയി, ചിലസമയത്ത് പച്ചവെള്ളം പോലും ഇറക്കാൻ കഴിഞ്ഞില്ല. ഛർദി വരുമ്പോൾ കുടലു പോലും പുറത്തു വരും എന്ന് ചിലപ്പോൾ തോന്നി. ആ വയറുവേദന മാസങ്ങളോളം ഉണ്ടായിരുന്നു. കൺപോളകൾ കൊഴിഞ്ഞുപോയ കാരണം കണ്ണടയ്ക്കാനും തുറക്കാനും പറ്റാതായി.

പക്ഷേ അതിന്റെ അഹങ്കാരം ഒന്നും എനിക്കില്ലായിരുന്നു ട്ടോ, ഞാൻ എപ്പോഴും ഭയങ്കര കൂൾ ആയിരുന്നു. പാട്ടു പാടിയും ഡാൻസ് ചെയ്തും റ്റിക്റ്റോക്കിൽ തകർത്തഭിനയിച്ചും യാത്രകൾ നടത്തിയും ഒക്കെ ഞാനെന്റെ കീമോ സമയം സന്തുഷ്ടമാക്കി.

എനിക്കുള്ളത് ഒരു തരത്തിൽ പറഞ്ഞാൽ ആത്മവിശ്വാസം ആയിരുന്നില്ല മറിച്ച് ഒരു വിശ്വാസം ആയിരുന്നു. അത് മഹാദേവനോടുള്ള അടങ്ങാത്ത ഭക്തിയിൽ നിന്നു ലഭിച്ചതാണെന്നു ഞാൻ വിശ്വസിക്കുന്നു. ആത്മ വിശ്വാസം ആയിരുന്നുവെങ്കിൽ അത് എപ്പോ വേണേലും ചോർന്നു പോകാം.

പക്ഷേ കാൻസർ ആണെന്നറിഞ്ഞപ്പോഴും കാൽ മുറിക്കണം എന്നു പറഞ്ഞപ്പോഴും ശ്വാസകോശത്തിലേക്ക് പടർന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോഴും ലവലേശം പോലും വിഷമമോ സങ്കടമോ നിരാശയോ എനിക്ക് തോന്നിയിട്ടില്ല. കൂടാതെ ഒരു വാശി കൂടി എന്റെ മനസ്സിൽ ഉണ്ടായി.

nandu2

കിടപ്പിലായ സമയത്ത് ഞാൻ കാൻസറിനെ പറ്റി അന്വേഷിക്കുമ്പോൾ അറിയുന്നതെല്ലാം നിരാശപ്പെടുത്തുന്ന വാർത്തകൾ മാത്രമായിരുന്നു. എവിടെ നോക്കിയാലും നിരാശപ്പെടുത്തുന്ന ഭയപ്പെടുത്തുന്ന നെഗറ്റീവ് വാർത്തകൾ മാത്രം. ഗൂഗിളിൽ ഒന്ന് എത്തിനോക്കിയപ്പോൾ കണ്ടത് മരിച്ചുപോയവരുടെ മാത്രം ലിസ്റ്റുകളും പേടിപ്പെടുത്തുന്ന വിവരണങ്ങളും മാത്രം. സമൂഹത്തിൽ വലിയൊരു മാറ്റം വരുത്തണമെന്ന ചിന്ത എന്നിൽ ഒരു വാശിയായി മാറി.

ആ മരണകിടക്കയിൽ കിടന്നുകൊണ്ട് ഞാൻ തീരുമാനം എടുത്തു. ഈ ഒരു അവസ്ഥയ്ക്കു മാറ്റം വരണം വലിയൊരു സമൂഹത്തിന് പ്രചോദനം കൊടുക്കാൻ എനിക്ക് കഴിയണം. കാൻസർ എന്നല്ല ജീവിതത്തിലെ ഏത് പ്രതിസന്ധി വന്നാലും തളരാത്ത ഒരു യുവതലമുറയെ ഞാൻ സ്വപ്നം കണ്ടു. ഏതവസ്ഥയിലും സന്തോഷിക്കാൻ കഴിയുമെന്ന് ഞാൻ അവർക്ക് കാണിച്ചു കൊടുത്തു.

പൂർണമായും കാൻസറിൽ നിന്ന് ഭേദമായി എന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ഒരു കാര്യം ഞാൻ ഉറപ്പ് പറയാം. ഏത് അവസ്ഥയിലും ഞാൻ സന്തോഷവാൻ ആയിരിക്കും. മരണം മുന്നിൽ വന്നു നിന്നാലും എന്റെ പുഞ്ചിരി മാറില്ല. ഈ മനാസികവസ്ഥ എവിടെ നിന്നു കിട്ടി എന്നെനിക്കറിയില്ല. ഞാൻ ഇങ്ങനെയാണ്.

എനിക്കു രോഗമാണെന്നു സമൂഹത്തിനോട് വിളിച്ചു പറയുന്നതിനു മുമ്പു വരെ കാൻസർ എന്നു കേൾക്കുമ്പോൾ കരയുന്ന,  ജീവിതം അസ്തമിച്ചെന്നു വിശ്വസിക്കുന്ന ഒരു രീതിയാണ് പിന്തുടർന്നു വന്നിരുന്നത്. എന്നാൽ ഇന്ന് എനിക്ക് അഭിമാനമാണ്. സമൂഹത്തിൽ ഒരായിരം നന്ദു മഹാദേവമാരെ സൃഷ്ടിക്കാൻ എനിക്കു കഴിഞ്ഞു. ചങ്കൂറ്റത്തോടെ ചികിത്സയെ നേരിടുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ എനിക്ക് കഴിഞ്ഞു.

ഇന്ന് ആർസിസിയിൽ ക്ലാസ്സുകൾ എടുക്കുമ്പോൾ, എന്നെ ചൂണ്ടിക്കാട്ടി അവർക്ക് ധൈര്യം കൊടുക്കുന്നത് കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്..ഞാൻ എന്റെ നിയോഗമായി ഇതിനെ കാണുന്നു. പരീക്ഷകളിൽ നിങ്ങളെ സ്വാധീനിച്ച വ്യക്തികളെപ്പറ്റി എഴുതാൻ പറയുമ്പോൾ കുരുന്നുകൾ പലരും എന്നെപ്പറ്റി എഴുതുന്നത് ഒരുപാട് അധ്യാപകർ എനിക്ക് അയച്ചു തരാറുണ്ട്. അത് കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ്. അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്

ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്നുപോകുന്നവർക്ക് പ്രധാനമായും ലഭിക്കേണ്ട അല്ലെങ്കിൽ ഉണ്ടായിരിക്കേണ്ട ഒന്ന് രണ്ട് കാര്യങ്ങൾ ഉണ്ട്..
അതിൽ പ്രധാനമാണ് നമ്മുടെ മനസ്സ്, മനസ്സിൽ ശുഭ ചിന്തകൾ മാത്രം വച്ചു പുലർത്തുക.രണ്ടാമത് വേണ്ടത് കുടുംബത്തിന്റെ സപ്പോർട്ട്.അത് വളരെ പ്രധാനമാണ്.ഈ സമയത്തു മാനസികമായും ശാരീരികമായും ഒരുപാട് തളർന്നു പോകുമ്പോൾ കുടുംബമാണ് ചികിത്സ നേരിടുന്ന ആളിന്റെ ഏറ്റവും വലിയ ബലം. എന്റെ ട്രീറ്റ്മെന്റ് സമയത്ത് എനിക്ക് എന്റെ കുടുംബം തന്ന സപ്പോർട്ട് പറയാൻ വാക്കുകൾ ഇല്ല.ഉറങ്ങാതെ ഭക്ഷണം പോലും സമയത്തു കഴിക്കാതെ എനിക്ക് ചുറ്റും അവരുണ്ടായിരുന്നു. എന്നെ ഒരു കുഞ്ഞിനെയെന്നപോലെ പരിപാലിച്ചു. എന്നെ ചേർത്തുനിർത്തി സ്നേഹിച്ചു. എന്റെ സന്തോഷത്തിന് വേണ്ടി എന്ത് ചെയ്യാനും അവരുണ്ടായിരുന്നു. ഞാൻ ഇത്ര സന്തോഷവാനായി ഇരിക്കാൻ കാരണവും അവരാണ്. എന്റെ ഈ പോസിറ്റിവ് മനോഭാവത്തിൽ അടിസ്ഥാനവും അവർ നൽകുന്ന സ്നേഹവും കരുതലുമാണ്.

അതുപോലെ തന്നെ എന്റെ കൂട്ടുകാരും സ്നേഹിതരും എനിക്ക് തന്ന സപ്പോർട്ട് വളരെ വലുതാണ്. എനിക്ക് വേണ്ടി തല മൊട്ടയടിച്ച് അമ്പലങ്ങളിൽ പോയവർ നേർച്ചകൾ നേർന്നവർ. എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞവർ. പതിനായിരക്കണക്കിന് ചങ്കുകൾ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. അതിൽ അമ്മമാർ ഉണ്ട് ചേട്ടന്മാർ ഉണ്ട് പെങ്ങന്മാർ ഉണ്ട്. അനിയന്മാർ ഉണ്ട്.  എന്നോട് ഒരു പ്രാവശ്യമെങ്കിലും സംസാരിച്ചവരെ വരെ പോലും എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. സ്നേഹിതർ നൽകുന്ന ആ സപ്പോർട്ടാണ് ഏറ്റവും വലുത്. നല്ല സൗഹൃദം ആണ് ഏറ്റവും നല്ല ആയുധം.

അതുകൊണ്ടു തന്നെ എന്റെ ഇനിയുള്ള ജീവിതം ഞാൻ എന്നെ സ്നേഹിച്ചവർക്കും ഈ സമൂഹത്തിനും വേണ്ടി മാറ്റിവയ്ക്കുകയാണ്. ഇനി മുന്നോട്ടുള്ള ലക്ഷ്യം സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുക എന്നുള്ളതാണ്. ഇന്ന് ഓരോ ദിവസവും പത്തും പതിനഞ്ചും പേർ എന്നെ വിളിക്കാറുണ്ട്..അവർക്ക് ഞാനും എന്റെ വാക്കുകളും വല്ലാത്ത ഊർജ്ജമാണ് എന്ന് പറയും..അവർക്കൊക്കെ പ്രചോദനം കൊടുക്കാൻ കഴിയുന്നുണ്ട്. അതുപോലെ ഞങ്ങൾ ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുണ്ട്, കാൻസർ അതിജീവിച്ചവരുടെ ഒരു കൂട്ടായ്മ. അതിജീവനം We Can എന്നാണ് അതിന്റെ പേര്.

സമൂഹത്തിലെ കാൻസർ പേടി മാറ്റുക, അവർക്ക് ആത്മവിശ്വാസം നൽകുക, ബോധവൽക്കരണങ്ങൾ നടത്തുക, കാൻസർ ബാധിതർക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾക്ക് വേണ്ടി ശ്രമിക്കുക തുടങ്ങി ഒരുപാട് നല്ല ഉദ്ദേശങ്ങളോട് കൂടി തുടങ്ങിയ ഒരു കൂട്ടായ്മയാണ്. ഇന്ന് അതിൽ 60 ഓളം അംഗങ്ങൾ ഉണ്ട്. 90 ശതമാനം ആൾക്കാരും അതിജീവിച്ചവരാണ്. സാധാരണ ജീവിതം നയിക്കുന്നവരാണ്. അവരെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവന്ന് മറ്റുള്ളവർക്ക് ആത്മവിശ്വാസവും സന്തോഷവും ആയ ഒരു ജീവിതം ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം.