Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷിക്കാനെത്തിയ കാൻസറിനെ പ്രണയംകൊണ്ട് തോൽപ്പിച്ച ശ്രുതി

sruthy-badusha ഇബ്രാഹിം ബാദുഷയും ശ്രുതിയും

മനോഹരമായ ഒരു പ്രണയകഥയിലെ നായകനും നായികയുമാണ് ഇബ്രാഹിം ബാദുഷയും ശ്രുതിയും. വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് ആർമി ഉദ്യോഗസ്ഥനായ ബാദുഷ ശ്രുതിയെ സ്വന്തമാക്കുമ്പോൾ ഇരുവരും കരുതിയിരുന്നില്ല വിധി എന്തൊക്കെയോ പരീക്ഷണങ്ങൾ ഇരുവർക്കുമായി വച്ചിട്ടുണ്ടെന്ന്. ബികോം പഠനകാലത്ത് പരിചയപ്പെട്ട സുഹൃത്ത് ശ്രുതി, ചെമ്പരത്തിയായി, ചെമ്പൂവായി തന്റെ പ്രാണന്റെ പകുതിയായി. അവസാനം 22–ാം വയസ്സിൽ കാൻസർ അവളെ കീഴ്പ്പെടുത്താൻ നോക്കിയപ്പോഴും പ്രാണസഖിയെ ചേർത്തുപിടിച്ച് രോഗത്തെ ആട്ടിപ്പായിച്ചതും ഇരുവരുടെയും ആ പ്രണയം തന്നെ. കാൻസറിനെ കീഴ്പ്പെടുത്തിയ കഥ ബാദുഷയും ബാദുഷയുടെ ചെമ്പൂവും മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു.

വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് നവംബർ ഒന്നിനാണ് എന്റെ ചെമ്പൂവിനെ ഞാൻ കൂടെക്കൂട്ടിയത്. അധികം താമസിയാതെ ഞങ്ങൾ ജോലിസ്ഥലമായ ഹൈദരാബാദിലേക്കു പോയി. അവിടെ ചെന്നശേഷമാണ് അവളുടെ കഴുത്തിൽ ചെറിയൊരു മുഴ കാണുന്നത്. അവിടെ നല്ല തണുത്ത കാലാവസ്ഥയായിരുന്നു. അതിനാൽത്തന്നെ നീരിയറങ്ങിയതാണെന്നു കരുതി ഒരാഴ്ച കൊണ്ടുനടന്നു. കുറയുന്നില്ലെന്നു കണ്ടപ്പോൾ ഡോക്ടറെ കാണിച്ചു. സംശയം തോന്നി FNAC ടെസ്റ്റ് എടുത്തു. അപ്പോൾ മനസ്സിൽ ചെറിയ ടെൻഷനുണ്ടായിരുന്നു, കാൻസറാകുമോ എന്ന്. ടെസ്റ്റ് റിസൽറ്റിൽ ടിബി എന്നായിരുന്നു. അത് കണ്ടപ്പോൾ കുറച്ച് സമാധാനമായി. അങ്ങനെ ടിബിയുടെ ആറുമാസത്തെ ചികിൽസ തുടങ്ങി.

മരുന്നു തുടങ്ങി ആദ്യ അഴ്ചയിൽതന്നെ കലശലായ നെഞ്ചുവേദന തുടങ്ങി. ഡോക്ടറെ കണ്ടെങ്കിലും ടിബി മരുന്ന് കഴിക്കുമ്പോൾ ഇതുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടാമത്തെ ആഴ്ച ആയപ്പോഴേക്കും ഛർദ്ദി, ക്ഷീണം, ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയൊക്കെയായി മൂന്നു മാസം വലിയ ബുദ്ധിമുട്ട് ആയിരുന്നു. ഇടയ്ക്ക് ടെസ്റ്റ് നടത്തിയപ്പോൾ ടിബിയുടേതാണ്, വയറിലേക്കു പടർന്നിട്ടുണ്ട് എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. കഴുത്തിന്റെ ഇടതുവശത്തുണ്ടായിരുന്ന മുഴ പിന്നീട് പിറകിലോട്ടെക്ക വന്നു തുടങ്ങി. സംശയം തോന്നിയാണ് മൂന്നു മാസം ആയപ്പോൾ നാട്ടിലേക്കു പോന്നത്. 

നാട്ടിലെത്തിയപ്പോഴേക്കും കഴുത്തിലെ മുഴയ്ക്ക് പഴുപ്പുണ്ടായിരുന്നു. അതിനാൽ ബയോപ്സി ചെയ്യാൻ പറ്റില്ല, ടിബിയുടെതന്നെ 45 ദിവസത്തെ ഇൻജക്‌ഷൻ നോക്കാമെന്നു ഡോക്ടർ പറഞ്ഞു. ഈ സമയത്ത് ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. 45 ദിവസം കഴി‍ഞ്ഞ് ആ പ്രതീക്ഷയിൽ തിരിച്ചു വീണ്ടും ഹൈദരാബാദിലേക്കു പോയി.

badusha-sruthy1

അവിടെ ചെന്നതും വീണ്ടും രക്തം ഛർദ്ദിക്കുക തുടങ്ങിയ പ്രശ്നങ്ങൾ തുടങ്ങി. തിരിച്ചു വീണ്ടും നാട്ടിൽവന്ന് ബയോപ്സി ചെയ്തു. അപ്പോഴാണ് ഫോർത്ത് സ്റ്റേജ് ലിംഫോമ കാൻസർ ആണെന്നു മനസ്സിലായത്. 

രോഗം സ്ഥിരീകരിച്ചതോടെ ഞാനും നാട്ടിലേക്കു പോന്നു. കൊച്ചി അമൃത ആശുപത്രിയിൽ പവിത്രൻ ഡോക്ടറെയായിരുന്നു കണ്ടത്. എമർജൻസി സിറ്റുവേഷൻ മാറാനുള്ള ചികിൽസകൾ തുടങ്ങി. ഒന്നു സ്റ്റേബിൾ ആയതോടെ കീമോ തുടങ്ങി. 12 കീമോയാണ് ഡോക്ടർ നിർദ്ദേശിച്ചത്.

തെറ്റായ ചികിൽസ ആദ്യം എടുത്തതുകൊണ്ടുതന്നെ കാൻസറിന്റെ ചികിൽസ തുടങ്ങിയപ്പോൾ യാതൊരു ടെൻഷനും വേദനയും തോന്നിയില്ലെന്ന് ശ്രുതി പറയുന്നു. കാരണം ടിബിയുടെ ചികിൽസ ചെയ്ത കാലത്ത് ഞാനൊരുപാട് വേദന അനുഭവിച്ചിരുന്നു. 

രോഗം സ്ഥിരീകരിച്ചതോടെ രണ്ടുപേരുടെയും കുടുംബം എല്ലാ സപ്പോർട്ടുംതന്നു ഞങ്ങളുടെ കൂടെനിന്നു. അതുതന്നെ വലിയൊരു സന്തോഷമായി. അതിനാൽ രോഗ്തതെ അതിജീവിക്കുക ഒരു ബുദ്ധിമുട്ടായി തോന്നിയതേ ഇല്ല. നല്ല ഡോക്ടറും ചികിൽസയും വീട്ടുകാരുമെല്ലാം ആയപ്പോൾ രോഗത്തെക്കുറിച്ച് ചിന്തിക്കാനേ സമയം കിട്ടിയില്ല.

രണ്ട് പെറ്റ് സ്കാനടക്കം 12 കീമോകളും കഴിഞ്ഞു. ഒൻപതാമത്തെ കീമോ കഴിഞ്ഞുള്ള ആദ്യ പെറ്റ്സ്കാനിൽ അർബുദ കോശങ്ങൾ 90 ശതമാനവും നശിച്ചതായി ഡോക്ടർ പറഞ്ഞു. പിന്നെ ശ്വാസകോശത്തിൽ ചെറിയൊരു ഇൻഫെക്‌ഷൻ ഉണ്ടായിരുന്നു. അതും പൂർണമായി മാറിയിട്ടുണ്ട്. ഇപ്പോൾ ടെസ്റ്റുകൾ മാത്രമാണു നടക്കുന്നത്. ഇക്കഴിഞ്ഞ ഒന്നാം തീയിതി നടത്തിയ ടെസ്റ്റിൽ കുഴപ്പങ്ങളൊന്നുമില്ല. സാധാരണ ജീവിതമായിക്കഴിഞ്ഞു. മൂന്നു മാസം കൂടുമ്പോഴുള്ള ടെസ്റ്റുകൾ തുടരണം. 

പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നെക്കെ പറയുന്നതു പോലെയുള്ള ഒന്നു മാത്രമാണ് കാൻസർ. അത്രയും പോലും ടെൻഷനടിക്കേണ്ട കാര്യമില്ലെന്നാണ് തന്റെ ചെമ്പൂവിന്റെ അനുഭവം വച്ച് ബാദുഷ പറയുന്നത്. ശരിയായ സമയത്ത് തിരിച്ചറിഞ്ഞ ചികിൽ ചെയ്താൽ മാറ്റിയെടുക്കാവുന്നതേയുള്ളു. പ്രമേഹവും രക്തസമ്മർദവും പോലെ ആജീവനാന്തം മരുന്നു കഴിക്കേണ്ട പല രോഗങ്ങളുമുണ്ട്. കാൻസർ പൂർണമായും ഭേദപ്പെടുത്താം. 

എങ്ങനെ ഇങ്ങനെ പോസിറ്റീവായി നേരിട്ടു എന്നു ചോദിച്ചാൽ ഞങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രണയവുമാണ് സീക്രട്ടെന്നു പറഞ്ഞ് ചെമ്പൂവിനെ ഒന്നുകൂടി ചേർത്തുപിടിക്കുന്നു ബാദുഷ.