Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ ഇടിത്തീ പോലെവന്നു, പക്ഷേ കീമോ ആയി അമ്മയുടെ മുഖം

sijith സിജിത്ത് ഊട്ടുമഠത്തിൽ

ജീവിതപ്രാരാബ്ധങ്ങളോടു പടവെട്ടി വിജയകിരീടം സ്വന്തമാക്കിയ ഞാൻ കാൻസറിനു മുന്നിൽ തോറ്റുകൊടുക്കാനോ? ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ സിജിത്ത് ഊട്ടുമഠത്തിൽ. അങ്ങ് ഖത്തറിലെ ആശുപത്രിക്കിടക്കയിൽ കിടന്ന് സിജിത് പറഞ്ഞ വാക്കുകളാണിത്. ഉറ്റവരാരും കൂടെയില്ലാതെ, മാസങ്ങളായി ആശുപത്രിവാസം നടത്തുന്ന ഒരാൾക്ക് എവിടുന്നു കിട്ടി ഇത്ര ആത്മവിശ്വാസം എന്നൊന്നും ചിന്തിക്കേണ്ട. ആ പോരാട്ടത്തെക്കുറിച്ച് സിജിത്ത് തന്നെ പറയും.

ഖത്തറിൽ ട്രൈലർ ഡ്രൈവറാണ് കുന്നംകുളം പഴുന്നാന സ്വദേശിയായ സിജിത്ത്. വെറും നടുവേദനയിൽ തുടങ്ങി അവസാനം കാൻസർ സ്ഥിരീകരിച്ച കഥയാണ് എന്റേത്. വേദന കലശലായപ്പോൾ ഇവിടെ ഒരു ചെറിയ ആശുപത്രിയിൽ കാണിച്ചു. അവർ വേദനയ്ക്കുള്ള ഇൻജക്‌ഷൻ തന്നു. ആ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അസഹനീയമായ വേദന തുടങ്ങി. ഈ വേദനയും കൊണ്ട് ഒരു മാസം നടന്നു. പതിയെ കാലുകൾ രണ്ടും തളർന്നു. നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഖത്തറിലെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റായി. ബയോപ്സി, ബോൺ മാരോ, എംആർഐ, പെറ്റ് സ്കാൻ, സിടി സ്കാൻ എന്നീ പരിശോധനകൾക്കു ശേഷം ഒരു മാസമായപ്പോഴേക്കും സ്പൈനൽ കോഡിൽ കാൻസർ കണ്ടെത്തി. അപ്പോൾതന്നെ കീമോയും തുടങ്ങി. Hodgkin lymphoma എന്ന കാൻസറായിരുന്നു എനിക്ക്.

sijith1 ട്രോളുകളിൽ സിജിത്ത്

എന്റെ ചെറുപ്പത്തിൽ അച്ഛൻ മരിക്കുന്നത് കാൻസർബാധിതനായാണ്. അപ്പോൾ മുതലേ ഈ രോഗത്തെക്കുറിച്ച് ഞാൻ കേൾക്കുന്നുണ്ട്. അച്ഛന്റെ ജീവൻ എടുത്ത ആ രോഗം എന്നിലേക്ക് എത്തിയപ്പോൾ എന്തായാലും ഞാൻ ഇതിനെ അതിജീവിക്കും എന്ന തീരുമാനം ആദ്യമേ എടുത്തിരുന്നു. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു വളർന്നുവന്ന ഒരാളാണ് ഞാൻ. പച്ചക്കറി കച്ചവടം, ഓട്ടോ ഡ്രൈവർ തുടങ്ങി വളരെയധികം ജോലിചെയ്തു ജീവിച്ചയാളാണ്. ഇതോടൊപ്പം നാട്ടിലുള്ള അമ്മയുടെയും അനിയന്റെയും മുഖവും ഞാൻ വളർന്ന ചുറ്റുപാടുമൊക്കെ ആലോചിച്ചപ്പോൾ രോഗത്തോടുതന്നെ വാശിയായി. ഈ വാശി തന്നെയാണ് അതിജീവിക്കാനുള്ള പ്രേരണ എന്നിൽ ഉണ്ടാക്കിയത്. അങ്ങനെ കറക്ട് സമയത്തിനു ഭക്ഷണവും മരുന്നുമൊക്കെ കഴിച്ച് രോഗത്തോടു പൊരുതിത്തുടങ്ങി. 

ഞാൻ ചെരിയൊരു പാട്ടുകാരനുമാണ്. ആശുപത്രിയിലുള്ള മറ്റു രോഗികളോടൊപ്പം പാട്ടുകൾ പാടിയും അടിച്ചുപൊളിച്ചുമൊക്കെ ഈ ചിന്തകളെ മനസ്സിൽ നിന്നു മാറ്റി. ഞാൻതന്നെ എന്നെക്കുറിച്ച് ട്രോളുകളുണ്ടാക്കി സമൂഹമാധ്യമങ്ങളിലിട്ടു. എല്ലാം ഒരു തമാശയായി കാണാനായിരുന്നു എനിക്കിഷ്ടം.

sijith2 ട്രോളുകളിൽ സിജിത്ത്

ചികിൽസകൾ എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസമായി. മരുന്നുകള്‍ നിർത്തിയതിനു ശേഷമുള്ള നിരീക്ഷണ ഘട്ടമായിരുന്നു. പെറ്റ്സാക്ൻ കഴിഞ്ഞതിന്റെ റിപ്പോർട്ട് ഇന്നലെ കിട്ടി. രോഗം പൂർണമായി മാറിയെന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നെ വേണമെങ്കിൽ റേഡിയേഷൻ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. ഇനി അതു ചെയ്യാതിരുന്നിട്ട് വീണ്ടും വരാനുള്ള സാഹചര്യം സൃഷ്ടിക്കണ്ടല്ലോന്നു കരുതി അതിനുള്ള കാര്യങ്ങളും റെഡിയാക്കി. മൂന്നാഴ്ച റേഡിയേഷനുണ്ട്. അതുകൂടിക്കഴിഞ്ഞ് വിജയശ്രീലാളിതനായി നാട്ടിലേക്കു വരണം. 

ഇവിടെവച്ചു പരിയചപ്പെട്ട കുന്നംകുളം ഒതളൂർ ഉള്ള സുകുമാരൻ അച്ഛനും  മല്ലിക അമ്മയും അവരുടെ രണ്ടു മക്കളുമാണ് എനിക്കുവേണ്ട ഭക്ഷണം ഉൾപ്പടെയുള്ള എല്ലാ സപ്പോർട്ടും തരുന്നത്. അവർ ഉണ്ടാക്കുന്ന ഭക്ഷണം ദിവസവും എനിക്കുകൊണ്ടുതരുന്ന രാജേഷ് ചേട്ടൻ. കൂടാതെ ഇവിടെ വർക്ക് ചെയ്യുന്ന എന്റെ നാട്ടിലുള്ള സുഹൃത്തുക്കൾ അവർ ഒരുപാട് സഹായം ചെയ്യുന്നുണ്ട്. എന്റെ രണ്ടു മാമൻമാർ ഇവിടുണ്ട്. അതുകൊണ്ടുതന്നെ ഉറ്റവരാരും കൂടെയില്ല എന്ന തോന്നൽ ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ല. ഖത്തർ ഗവൺമെന്റിന്റെ ഭഗത്തുനിന്നും എല്ലാവിധ സപ്പോർട്ടും രോഗികൾക്കു നൽകുന്നുണ്ട്. പ്രവാസികൾക്ക് ചികിൽസ സൗജന്യമാണ്. 

മാനസികമായ ശക്തി നമുക്കുണ്ടെങ്കിൽ ഏതു രോഗത്തിൽ നിന്നും ആർക്കും കരകയറാമെന്നതിന്റെ ഒരു തെളിവാണ് താനെന്ന് സിജിത് പറയുന്നു. മാനസികമായി തളരാതെ എല്ലാം ഒരു വാശിയായിക്കണ്ട് ഇതിൽ നിന്നു രക്ഷ നേടുമെന്ന തീരുമാനമെടുത്താൽ ആർക്കും ആരെയും തളർത്താനാകില്ല. നടക്കാൻ കഴിയാതിരുന്ന എനിക്ക് രണ്ടാമത്തെ കീമോ കഴിഞ്ഞപ്പോൾ അതിശക്തിയായി ശ്രമിച്ചപ്പോഴാണ് ഒന്നു നടക്കാൻ കഴിഞ്ഞത്. ഇതുപോലെ തളരാൻ തയാറാകാതിരുന്നാൽ ആർക്കും നിങ്ങളെ തോൽപ്പിക്കാനാകില്ല.