ADVERTISEMENT

ജീവിതം പൊരുതി നേടാനുള്ളതാണെങ്കിൽ അത് പൊരുതിത്തന്നെ നേടണമെന്നു വിശ്വസിക്കുന്ന ആളാണ് തൃശൂർ പുള്ള് സ്വദേശി ലാൽസൻ. നമ്മുടെ വിജയം കാണാൻ ചുറ്റും ആളുകളുള്ളപ്പോൾ, സപ്പോർട്ട് തരാൻ ഒരു സമൂഹംതന്നെ ഉള്ളപ്പോൾ കാൻസറിനോടെന്നല്ല, ഒരു രോഗത്തോടും തോറ്റുകൊടുക്കേണ്ട സാഹചര്യം നമുക്കില്ല– തൊണ്ടയിലെ കാൻസറിനു ഇപ്പോൾ ചികിൽസ നടത്തിക്കൊണ്ടിരിക്കുന്ന ലാൽസൻ പറയുന്നു. അതേ, ചിരിച്ചുകൊണ്ടുതന്നെ ഏതു രോഗത്തെയും നമ്മൾ നേരിടണം. അവസാനം രോഗം തോൽവി സമ്മതിച്ച് ഇറങ്ങിപ്പോകുംവരെ

ബഹ്റൈനിൽ ഉദ്യോഗസ്ഥനായിരുന്ന ലാൽസൻ പത്തു ദിവസത്തെ അവധിക്കു നാട്ടിൽ വന്നപ്പോഴാണ് താടിയിൽ അസ്വാഭാവികമായി ഒരു ചെറിയ തടിപ്പ് കാണുന്നത്. ആ സമയത്ത് ഭാര്യ സ്റ്റെഫി എട്ടുമാസം ഗർഭിണി. പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചു. തൊണ്ടയിലായതിനാൽത്തന്നെ ഉമിനീരു പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയായി. പക്ഷേ ഇതിനൊന്നും ലാൽസനെ തോൽപ്പിക്കാൻ സാധിച്ചില്ല. 

ഒന്നര മാസം കൂടി കഴിഞ്ഞതോടെ കാത്തിരുന്ന കൺമണി ഇവാൻ ലാൽസൻ ഇങ്ങെത്തി. ഇതോടെ പൊരുതാനുള്ള ശക്തി ഇരട്ടിയായി. ആദ്യമൊക്കെ കുഞ്ഞിനെ ഒന്ന് എടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. അപ്പോഴും അറിയാമായിരുന്നു എന്നായാലും ഞാൻ അവനോടൊപ്പംതന്നെ അല്ലേ. അൽപ്പം കാത്തിരിക്കേണ്ടി വന്നാലും ഓമനിക്കാൻ സമയം ധാരാളമല്ലേ. ഇപ്പോൾ ഒരു വയസ്സുള്ള ഇവാൻ എനിക്കു ചുറ്റുമാണ്.

തുടർന്ന് തൊണ്ടയിൽ ശസ്ത്രക്രിയ നടത്തി. 30 റേഡിയേഷൻ, രണ്ട് അയഡിൻ തെറാപ്പി എന്നിവയും ചെയ്തു. ഇപ്പോൾ ഉമിനീരോ വെള്ളമോ ഇറക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. വയറിൽ ട്യൂബ്  ഇട്ടിരിക്കുന്നു. അന്നനാളം വികസിപ്പിക്കുന്നതിനുള്ള ചികിൽസയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ആറു മാസം കൊണ്ട് വെള്ളം ഇറക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസവുമുണ്ട്. ആറുമാസം കഴിഞ്ഞ് സ്കാനിങ് ഉണ്ട്. അതിൽ ശരിക്കുമുള്ള അവസ്ഥ  അറിയാം. രോഗം പൂർണമായും മാറി എന്നുതന്നെയാകും ആ റിപ്പോർട്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചികിൽസയിലൂടെ ആറുമാസം കൊണ്ട് വെള്ളവും ഭക്ഷണവുമൊക്കെ ഇറക്കാനും സാധിക്കും. കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ഡോ. ഗംഗാധരന്‍ സാറാണ് എന്നെ ചികിൽസിക്കുന്നത്.

ഒരുപാട് മാരകരോഗങ്ങളുണ്ടെങ്കിലും പൂർണമായി എടുത്തുമാറ്റാൻ പറ്റുന്ന ഒന്നാണ് കാൻസർ എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. എവിടെയാണെങ്കിലും തോറ്റുകൊടുക്കാൻ തീരുമാനിച്ചാൽ തോറ്റുകൊണ്ടേ ഇരിക്കും. തളർന്നിരിക്കാൻ പോയാൽ തളർന്നു പോകേയുള്ളു. മനസ്സ് തളര്‍ത്തിയിട്ട് ഒരു മരുന്നുകൊണ്ടും ഒരു രോഗത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല. ഞാൻ എപ്പോഴും സ്ട്രോങ് ആയിരിക്കുന്ന ആളാണ്. 

എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്ന് സമൂഹം തന്ന സപ്പോർട്ട് ആണ്. പണ്ടത്തെപ്പോലുള്ള അവഗണനയൊന്നും ഇപ്പോഴില്ല. സമൂഹം നമ്മളെ ചേർത്തു പിടിക്കുന്നുണ്ട്. നമ്മളെ തിരിച്ചുകൊണ്ടുവരണമെന്നും മറ്റുള്ളവർക്ക് ഇത് പ്രചോദനമാകണമെന്നും ചിന്തിക്കുന്ന ഒരു സമൂഹമാണ് ഇപ്പോഴുള്ളത്. നമ്മൾ അതിനനുസരിച്ച് വളർന്നാൽ മതി. 

ബഹ്റൈൻ മലയാളി സമാജവും എനിക്കേറെ സപ്പോർട്ടു തന്നു. ലാൽസനോടൊപ്പം എന്ന പേരിൽ സ്റ്റേജ് പ്രോഗ്രാമുകൾ വരെ അവർ നടത്തി. എനിക്കറിയാത്ത ഒരുപാടുപേർ പ്രാർഥനകളും സഹായവും നൽകി. 

സമൂഹവും സുഹൃത്തുക്കളും കുടുംബവും തന്ന സപ്പോർട്ടാണ് ഇതിനെ നേരിട്ട് ഇവിടെ വരെ എത്താൻ എനിക്കു ധൈര്യം തന്നത്. തിരിച്ചു വന്നിരിക്കും എന്ന വിശ്വാസ,ം എനിക്കുണ്ട്. ചികിൽസ നടക്കുന്ന കാലഘട്ടം നമുക്ക് സഹനങ്ങളുടെ അങ്ങേയറ്റമാണ്. വേദനകളുണ്ട്. ചികിൽസ കഴിഞ്ഞാൽ പഴയപോലെ സാധാരണ ഒരു മനുഷ്യനായി നമുക്ക് ജീവിക്കാൻ സാധിക്കും. കാൻസറിനെ സംബന്ധിച്ച് രോഗം എപ്പോൾ കണ്ടെത്തുന്നു എന്നതാണു നിർണായകം. ലാൽസൻ പറഞ്ഞു നിർത്തി. ഇപ്പോഴും ആയിരങ്ങളുടെ പ്രാർഥന ലാൽസനുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com