ADVERTISEMENT

സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന ഞാൻ എനിക്കും കുടുംബിനിയായ ഭാര്യയ്ക്കും 12, 14 വീതം വയസ്സുള്ള കുട്ടികൾക്കുമൊപ്പം, 65 വയസ്സായ അമ്മയുടെയും കൂടി പേരുചേർത്താണ് മെഡിക്കൽ പോളിസി എടുത്തിരുന്നത്. കഴിഞ്ഞ വർഷം പോളിസി പുതുക്കുമ്പോൾ അമ്മയുടെ പേരിൽ ഒരു പ്രത്യേക പോളിസിയും ബാക്കി കുടുംബാംഗങ്ങൾ എല്ലാവർക്കും കൂടി 3 ലക്ഷം രൂപയുടെ ഫാമിലി ഫ്‌ളോട്ടർ പോളിസിയുമായാണ് എടുത്തത്. ഭാര്യയ്ക്ക് സൂപ്പർ സ്‌പെഷൽറ്റി ഹോസ്പിറ്റലിൽ അടിയന്തരമായി ഒരു ഓപ്പറേഷൻ വേണ്ടി വന്നപ്പോൾ പരിരക്ഷത്തുക ഏതാണ്ട് പൂർണമായും ക്‌ളെയിം ചെയ്യേണ്ടി വന്നു. എനിക്കും കുട്ടികൾക്കും ഈ വർഷം ബാക്കിയുള്ള പത്ത് മാസവും മെഡിക്കൽ ഇൻഷുറൻസ് കവർ ഫലത്തിൽ ഇല്ലാത്ത അവസ്ഥയാണ്. മെഡിക്കൽ പോളിസികളിലെ പരിരക്ഷത്തുക സംബന്ധിച്ച് നിലവിലുള്ള നിബന്ധനകൾ വ്യക്തമാക്കാമോ?

മെഡിക്കൽ പോളിസി എടുത്തിട്ടുള്ളവർക്ക് ചികിത്സാ സംബന്ധമായി വരുന്ന ചെലവുകൾ പരിരക്ഷത്തുകയുടെ പരിധിവരെ തിരികെ ലഭിക്കുന്നു. സാധാരണ കുടുംബ പോളിസികളിൽ ഓരോ അംഗത്തിനും ലഭിക്കുന്ന പരിരക്ഷത്തുക പ്രത്യേകം പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ആകെ പരിരക്ഷ എത്രയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അനുവദിക്കപ്പെട്ടിട്ടുള്ള ചെലവിനങ്ങളും അവയ്ക്ക് ഓരോന്നിനും ഉപപരിധിയും പോളിസികളിൽ വ്യക്തമാക്കിയിട്ടുണ്ടാകും. എന്നാൽ ഫാമിലി ഫ്‌ളോട്ടർ പോളിസികളിൽ ആകെ കുടുംബത്തിനുള്ള പരിരക്ഷ ഒറ്റ ത്തുകയായിട്ടായിരിക്കും രേഖപ്പെടുത്തുക. ഒരംഗത്തിനെ മാത്രമായോ ഒന്നിലധികം അംഗങ്ങൾക്ക് കൂട്ടായോ അനുവദിക്കപ്പെട്ട പരിധി വരെ ക്ലെയിം വാങ്ങിയെടുക്കാം. ഫ്‌ളോട്ടർ പോളിസികളിൽ 65 വയസ്സിനു മുകളിലുള്ള കുടുംബാംഗങ്ങളെ ഉൾപ്പെടുത്തുന്നില്ല. ഒരംഗത്തിനു മാത്രമായി കുടുംബത്തിന്റെ പരിരക്ഷാ പരിധിത്തുക ക്ലെയിം ചെയ്‌തെടുത്തുകഴിഞ്ഞാൽ പോളിസി പുതുക്കുന്നതുവരെ മറ്റ് അംഗങ്ങൾക്ക് പരിരക്ഷ ലഭ്യമാകുന്നില്ല. 

റിസ്റ്റൊറേഷൻ സൗകര്യം

ഫാമിലി ഫ്‌ളോട്ടർ പോളിസികളിൽ, അംഗങ്ങളിൽ ആർക്കെങ്കിലും ക്‌ളെയിം ഉണ്ടായാലും നിശ്ചിത പരിരക്ഷത്തുക പുനഃസ്ഥാപിച്ചുനൽകുന്ന സേവനമാണ് റിസ്റ്റൊറേഷൻ. ചോദ്യകർത്താവ് ഫ്‌ളോട്ടർ പോളിസി എടുക്കുമ്പോൾ, റിസ്റ്റൊറേഷൻ സൗകര്യം കൂടി അധിക പ്രീമിയം നൽകി വാങ്ങിയിരുന്നെങ്കിൽ ഭാര്യയുടെ ക്ലെയിം ഉണ്ടായശേഷവും പോളിസിയുടെ പരിരക്ഷാപരിധി വീണ്ടും 3 ലക്ഷമായി പുനഃസ്ഥാപിച്ച് എല്ലാ അംഗങ്ങൾക്കും പരിരക്ഷ തുടർന്നും ലഭിക്കുമായിരുന്നു. ഭാര്യ ഉൾപ്പെടെ പോളിസിയിലെ അംഗങ്ങൾ ആർക്കെങ്കിലും വീണ്ടും അസുഖം ഉണ്ടായി ചികിത്സ തേടേണ്ട സാഹചര്യം വന്നാൽ ക്‌ളെയിം ലഭിക്കാൻ തടസ്സമുണ്ടാകുമായിരുന്നില്ല. റിസ്റ്റൊറേഷൻ, റീഇൻസ്റ്റേറ്റ്‌മെന്റ്, റീഗെയിൻ എന്നിങ്ങനെ പല പേരുകളിൽ വിവിധ ഇൻഷുറൻസ് കമ്പനികൾ ഇതേ സേവനം ലഭ്യമാക്കുന്നു.

നിബന്ധനകൾ ഇല്ലാതില്ല

സംഅഷ്വേഡ് തുകയുടെ ഒരു മടങ്ങ് കൂടി മാത്രമാണ് മിക്ക പോളിസികളിലും റിസ്റ്റൊറേഷൻ ആനുകൂല്യമായി ലഭിക്കുക. നിലവിലുള്ള സംഅഷ്വേഡ് തുക പൂർണമായും ക്ലെയിം ചെയ്താൽ മാത്രമേ ചില പോളിസികളിൽ റിസ്റ്റൊറേഷൻ സൗകര്യം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഭാഗികമായി ക്ലെയിം ഉണ്ടാകുമ്പോൾ അതിനനുസൃതമായി പരിരക്ഷത്തുകയും പുനഃസ്ഥാപിച്ചു നൽകുന്ന പോളിസികളും ലഭ്യമാണ്. 

ഏതു രീതിയിലുള്ള റിസ്റ്റൊറേഷൻ സൗകര്യമാണ് തെരഞ്ഞെടുക്കുന്നതെന്ന് മുൻകൂട്ടി മനസ്സിലാക്കണം. പുനഃസ്ഥാപിച്ചു കിട്ടിയ സംഅഷ്വേഡ് തുകയിൽ, ഒരു വർഷം ക്ലെയിം ലഭിച്ച അസുഖത്തിന് അതേ വർഷം തന്നെ വീണ്ടും ക്ലെയിം ലഭിക്കുന്നില്ല എന്ന പോരായ്മയുണ്ട്. 

ടോപ്അപ് ചെയ്യാം

ഒരു നിശ്ചിത പരിരക്ഷത്തുകയ്ക്കുള്ള അടിസ്ഥാന ഫ്‌ളോട്ടർ പോളിസി എടുക്കുന്നു. ലഭ്യമായ പരിരക്ഷത്തുക ഒരു ത്രെഷോൾഡ് പരിധി എന്ന് കണക്കാക്കി അതിനു മുകളിൽ ക്ലെയിം വന്നാൽ ആനുകൂല്യം ലഭിക്കത്തക്ക രീതിയിൽ എടുക്കുന്ന അഡീഷണൽ പോളിസിയാണ് ടോപ്അപ് പോളിസികൾ. അടിസ്ഥാന പോളിസിയിൽ ലഭ്യമായ പരിരക്ഷത്തുക ഡിഡക്റ്റിബിൾ എന്നു കണക്കാക്കി, അതിനു മുകളിൽ വരുന്ന മെഡിക്കൽ ബില്ലുകളാണ് ടോപ്അപ് പോളിസികളിൽ ക്ലെയിമിനായി പരിഗണിക്കുക. സാധാരണ ടോപ്അപ് പ്ലാനിൽ ഡിഡക്റ്റിബിൾ തുകയിൽനിന്നു കൂടുതലായി വരുന്ന ഒറ്റ ക്ലെയിം മാത്രമേ ഒരു പോളിസി വർഷത്തിൽ ലഭിക്കൂ. ഒരേ പോളിസി വർഷം തന്നെ ടോപ്അപ് പരിധിക്കുള്ളിൽനിന്നുകൊണ്ട് ഒന്നിലധികം ക്ലെയിമുകൾ അനുവദിച്ച് നൽകുന്ന സൂപ്പർ ടോപ്അപ് പോളിസികളും ഉണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com